പൂവണിഞ്ഞ ഒരു പൂതിയുടെ കഥ
text_fieldsമൂന്ന് വർഷം മുമ്പ് 2019 ഒക്ടോബറിൽ മക്കൾക്കൊപ്പം താമസിക്കാൻ നാട്ടിൽ നിന്ന് യു.എ.ഇയിലേക്ക് വിമാനം കയറുമ്പോൾ മനസ്സിൽ ചില ആഗ്രഹങ്ങൾ കുറിച്ചിട്ടിരുന്നു. വലിയ ആഗ്രഹങ്ങളൊന്നുമല്ല. കൊച്ചുകൊച്ചു ആഗ്രഹങ്ങൾ. ഒന്ന് - ദുബൈയിൽ നിന്ന് അബൂദബിയിലേക്ക് ബസിൽ യാത്ര ചെയ്യണം. മകൾക്കൊപ്പം കാറിൽ അങ്ങോട്ട് യാത്ര ചെയ്തപ്പോൾ തോന്നിയ ഒരു ചിന്ന പൂതിയാണ്.
രണ്ട്- ഗ്ലോബൽ വില്ലേജിലെ അലങ്കാരങ്ങൾ കാണാൻ അകത്തുകയറണം. അതിന് മുന്നിലൂടെ പലപ്പോഴായി യാത്ര ചെയ്യുമ്പോൾ മനസ്സിൽ മൊട്ടിട്ട ആഗ്രഹമാണ്. മൂന്ന്- ദുബൈയിലെ ഖുർആനിക് പാർക്കിൽ പോകണം. വിശുദ്ധ ഖുർആനിൽ പരാമർശിക്കുന്ന സസ്യലതാദികളെ ഒന്നിച്ചു ചേർത്ത പാർക്കിനെ കുറച്ച് കേട്ടറിഞ്ഞപ്പോൾ തുടങ്ങിയതാണ് ഈ സ്വപ്നം.
നാല്-യു.എ.ഇയുടെ അതിർത്തി കടന്ന് ഒമാനിലേക്ക് കാറിലൊന്ന് യാത്ര ചെയ്യണം. മകന്റെ ഭാര്യയും മക്കളും ഒമാനിലായതിനാൽ പല തവണ പ്രശാന്ത സുന്ദരമായ ആ രാജ്യത്തേക്ക് വിമാനത്തിൽ പോയിട്ടുണ്ട്. മരുമകളും പേരക്കുട്ടികളുമുള്ള ഇബ്ര എന്ന ഗ്രാമീണ സൗന്ദര്യമുള്ള പട്ടണത്തെ വലിയ ഇഷ്ടവുമാണ്. പക്ഷേ, മകൻ ഇടക്ക് കാറിൽ അങ്ങോട്ട് പോകുമ്പോൾ തോന്നിയ ആഗ്രഹമാണ് അവനോടൊപ്പം ഒരിക്കൽ കാറിൽ ഒമാനിലേക്ക് പറപ്പിച്ചു പോകണം എന്നത്.
ദുബൈ നഗരം 2020 നെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുമ്പോഴാണ് 2019 ഡിസംബറിൽ ചൈനയിലെ വൂഹാനിൽ കൊറോണ എന്ന രോഗം പടരുന്നു എന്ന വാർത്തകൾ ആദ്യം കേട്ടത്. അത് ചൈനയിലാണല്ലോ എന്ന് ആശ്വസിക്കുകയായിരുന്നു ആദ്യം. പക്ഷേ, ദിവസങ്ങൾ വേണ്ടി വന്നില്ല കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പടർന്നുപിടിക്കാൻ. എങ്ങും കോവിഡിൽ കൊഴിഞ്ഞുവീണ മരണത്തിന്റെ കണക്കുകൾ. രാജ്യങ്ങൾ അതിർത്തികൾ കൊട്ടിയടക്കുന്നു, വിമാനങ്ങൾ പറക്കൽ നിർത്തി. എങ്ങും നിയന്ത്രണങ്ങൾ, ലോക്ഡൗൺ, ക്വാറന്റീൻ, മാസ്ക്... അങ്ങനെയങ്ങനെ ലോകം മുഴുവൻ കദനം നിറയുന്ന നാളുകളിൽ ഞാൻ എന്റെ കൊച്ചുമോഹങ്ങളെ ചുരുട്ടി കുട്ടയിലിട്ടു. മനസ്സ് മുഴുവൻ പ്രാർഥനയിലേക്ക് വഴി മാറി.
മക്കളൊക്കെ ഓഫിസിൽ പോക്ക് നിർത്തി വർക്ക് ഫ്രം ഹോമിലേക്ക് മാറി. സ്കൂൾ പഠനം ക്ലാസ് മുറികൾ ഉപേക്ഷിച്ച് ഓൺലൈനിലേക്ക് മാറി. കോവിഡിനെ പ്രതിരോധിക്കാൻ ദുബൈ-അബൂദബി അതിർത്തിയിൽ വൻ സന്നാഹങ്ങൾ. ഒരേ രാജ്യമാണെങ്കിലും ദുബൈയിൽ നിന്ന് അബൂദബിയിലേക്ക് പോകാൻ കോവിഡ് ബാധയില്ലെന്ന് തെളിയിക്കണം. പരിശോധന വേണം, സർട്ടിഫിക്കറ്റ് വേണം. അതിർത്തിയിൽ പരിശോധന വേണം.
ചിലപ്പോൾ അബൂദബിയിലെത്തിയാൽ ഒരാഴ്ചയിലോ അതിലധികമോ ക്വാറന്റീനിൽ കഴിയണം. ദുബൈയിൽ നിന്ന് അബൂദബിയിലേക്ക് ബസിൽ പോവുക എന്ന എന്റെ ആദ്യ ആഗ്രഹത്തെയും ഞാൻ അക്കാലത്ത് ചവറ്റുകുട്ടയിലേക്ക് ഇട്ടു. പോകണമെന്ന് ആഗ്രഹിച്ച ഗ്ലോബൽ വില്ലേജും ഖുർആനിക്ക് പാർക്കുമെല്ലാം അടച്ചിട്ടകഥകൾ പിന്നാലെ വന്നു. രാജ്യാതിർത്തികൾ അടച്ച കൂട്ടത്തിൽ യു.എ.ഇ-ഒമാൻ അതിർത്തിയും നീണ്ടകാലത്തേക്ക് അടച്ചു. ഞാനും ആഗ്രഹിച്ച കൊച്ചു സ്വപ്നങ്ങൾക്ക് താഴിട്ടു. പ്രാർഥനകളിൽ കോവിഡും അതിന്റെ ഇരകളും നഷ്ടങ്ങൾ താങ്ങേണ്ടി വന്നവരും മാത്രമായി. അതിനിടെ, പ്രിയപ്പെട്ട പലരെയും കോവിഡ് കൊണ്ടുപോയി. അവർക്ക് പടച്ചവൻ സ്വർഗം നൽകട്ടെ…
മാസ്ക് ധരിച്ചും ഇടക്കിടെ സാനിറ്റൈസറും സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ജാഗ്രതക്കിടയിൽ 2020 എന്ന വർഷവും 2021 എന്ന വർഷവും കടന്നുപോയി. ഇടക്ക് കോവിഡിനെ പ്രതിരോധിക്കാൻ വാക്സിനുമെത്തി. സന്ദർശക വിസയിലാണെങ്കിലും വാക്സിൻ വിതരണത്തിന്റെ തുടക്കത്തിൽ എനിക്കും കിട്ടി രണ്ട് ഡോസ് ചൈനയുടെ സിനോഫാം. 2022 എത്തിയതോടെ കോവിഡ് സംഹാര താണ്ഡവമൊക്കെ കുറഞ്ഞ വാർത്തകളെത്തി തുടങ്ങി.
ഡെൽറ്റയും ഒമിക്രോണുമൊക്കെയായി വകഭേദങ്ങൾ ഭീഷണി തുടർന്നെങ്കിലും ലോകം മഹാമാരിയെ നേരിടാൻ പഠിച്ചിരിക്കുന്നു. ദുബൈ നഗരം ഈ വെല്ലുവിളികൾക്കെല്ലാം ഇടയിൽ എക്സ്പോ 2020 എന്ന ആഗോള മേളയെ വരവേറ്റു. മാർച്ചിൽ റമദാന് തൊട്ടുമുമ്പ് കോവിഡ് കാലത്ത് ലോകം മുഴുവൻ സംഗമിച്ച ആഗോള മേളക്ക് മനോഹരമായ സമാപനവും കുറിച്ചു.
കോവിഡിന്റെ പിടി അയഞ്ഞപ്പോൾ ചവറ്റുകുട്ടയിലേക്കിട്ട ആ കൊച്ചുകൊച്ചു സന്തോഷങ്ങൾ ഞാൻ തിരിച്ചെടുക്കുകയാണ്. അങ്ങനെ ആദ്യം നിറവേറിയത് നാലാമത്തെ ആഗ്രഹമാണ്. ദുബൈയിൽ നിന്ന് ഒമാനിലേക്ക് കാറിലൊരു യാത്ര. റമദാനിൽ 600 കിലോമീറ്റർ റോഡ് യാത്ര. ആഗ്രഹമാണെങ്കിലും വെല്ലുവിളികൾ കുറച്ച് ആശങ്കസൃഷ്ടിച്ചിരുന്നു. എങ്കിലും 2022 ഏപ്രിൽ ഒമ്പതിന് രണ്ടും കൽപിച്ച് മകനോടൊപ്പം ഞാൻ നാലാം ആഗ്രഹസാഫല്യത്തിന് ഇറങ്ങിത്തിരിച്ചു. വൈകീട്ട് അഞ്ചോടെയാണ് അജ്മാനിൽ നിന്ന് ഒമാനിലേക്ക് പുറപ്പെട്ടത്. ഹത്തയിലെ യു.എ.ഇ- ഒമാൻ അതിർത്തി എത്തുന്നതിന് അൽപം മുമ്പേ നോമ്പ് തുറക്കാൻ സമയമായി. വാഹനം റോഡരികിലേക്ക് മാറ്റി നിർത്തി ഈത്തപ്പഴവും വെള്ളവും കൊണ്ട് നോമ്പ് തുറന്നു. കുറച്ചുകൂടി മുന്നോട്ടു യാത്രചെയ്ത് ഹത്തയിൽ എത്താറായപ്പോൾ പെട്രോൾ പമ്പിൽ കണ്ട റസ്റ്റാറന്റിൽ നിന്ന് ഭക്ഷണവും കഴിച്ചു.
യു.എ.ഇയുടെ അതിർത്തിയിൽ നിന്ന് എക്സിറ്റ് അടിച്ചു. യു.എ.ഇയിൽ നിന്ന് പുറത്തുപോകാൻ 35 ദിർഹം എക്സിറ്റ് ഫീസ് നൽകണം. അതൊരു പുതിയ അറിവായിരുന്നു. വണ്ടിയിൽ നിന്ന് പുറത്തിറങ്ങാതെ ഇതെല്ലാം സാധിക്കാം. തൊട്ടടുത്ത് ഒമാൻ എന്ന രാജ്യം. അപ്പോഴാണ് നിരന്തരം ഈ അതിർത്തിയിലൂടെ യാത്ര ചെയ്തിരുന്ന മകൻ ഒരു കാര്യം പറഞ്ഞത്.
നേരത്തേ യു.എ.ഇ അതിർത്തി കടന്ന് പത്ത് കിലോമീറ്ററോളം യാത്ര ചെയ്താണ് ഒമാന്റെ ചെക്ക്പോസ്റ്റും വിസ അടിക്കുന്ന കേന്ദ്രവുമുണ്ടായിരുന്നത്. അൽ വജാജ എന്ന സ്ഥലത്തുണ്ടായിരുന്ന ആ ചെക്ക്പോസ്റ്റ് എല്ലാം മാറ്റി ഇപ്പോൾ ഹത്തയിൽ തന്നെയാണ് ഒമാന്റെ വിസ സ്റ്റാമ്പ് ചെയ്യലും കസ്റ്റംസ് പരിശോധനയുമെല്ലാം. എനിക്ക് മാത്രമല്ല, സ്ഥിരം യാത്ര ചെയ്യുന്ന മകനും പുതിയ കേന്ദ്രം പുതിയ അനുഭവം സമ്മാനിച്ചു. കസ്റ്റംസിന്റെ പരിശോധനയും മറ്റ് നിയമ നടപടികളും പൂർത്തിയാക്കി വീണ്ടും യാത്ര. പകൽ ശോഭ പൂർണമായും അപ്പോഴേക്കും മാറിയിട്ടുണ്ട്. റോഡിന് ഇരുവശവും കരിഭൂതം കണക്കെ ചാഞ്ഞും ചരിഞ്ഞും കാണുന്ന കൂറ്റൻ മലനിരകൾ.
ബാത്തിന എക്സ്പ്രസ് വേ എന്ന ഒമാന്റെ പുതിയ ഹൈവേയിലേക്ക് ഞങ്ങൾ പ്രവേശിച്ചു. റോഡിന് ഇരുവശവും ഒന്നും കാണാനില്ല. ഇരുട്ടിൽ കാറിന്റെ വെളിച്ചം തട്ടി പ്രതിഫലിക്കുന്ന റോഡിലെ റിഫ്ലക്ടറുകളും ചിലയിടങ്ങളിൽ മാത്രം വഴി വിളക്കുകളുമുണ്ട്. ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടുകിടക്കുന്ന ഹൈപവർ വൈദ്യുതി കമ്പികൾ. അതിൽ രാത്രി ഇടക്കിടെ തെളിയുന്ന ചുവന്ന വെളിച്ചം.
പക്ഷേ, വളരെ അകലെ പഴയ ഹൈവേയിൽ നിന്നുള്ള വെളിച്ചം കാണാം. ഇടക്ക് കടന്നുവരുന്ന മറ്റു വാഹനങ്ങളല്ലാതെ മറ്റൊന്നും ഈ പാതയിൽ കാണാനില്ല. നാലുമണിക്കൂറോളം ഇത് മാത്രമെ കാണാനുള്ളൂ എന്ന് മകൻ എനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സ്ട്രീറ്റ് ലൈറ്റുകളില്ലാത്ത ഹൈവേയുടെ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ വല്ലാത്തൊരു ഭീതി. റോഡിന് അപ്പുറവുമിപ്പുറവും എന്താണ്, മുന്നിൽ വരാനിരിക്കുന്നത് എന്താണ് എന്നിങ്ങനെ ചിന്തകൾ കാടുകയറുന്നതിനിടെ വാഹനം ഏതാണ്ട് മണിക്കൂറിൽ 130 കി.മീ സ്പീഡിൽ മുന്നോട്ടു പറപറക്കുന്നു. ഒമാനിലെ മനുഷ്യരെയും ജീവിതത്തെയും കണ്ട് യാത്ര ചെയ്യണമെങ്കിൽ പഴയ ഹൈവേയാണത്രേ നല്ലത്. പക്ഷേ, ഈ വേഗത്തിൽ കാർ പറപ്പിക്കാനാവില്ല. ചിന്തകൾ കാടുകയറുന്നതിനിടെ മസ്കത്ത് നഗരത്തിന്റെ സാമീപ്യം അറിയിക്കാനെന്ന പോലെ റോഡിൽ തിരക്ക് വർധിച്ചു.
സ്ഥലങ്ങൾ പലതും രാത്രി വെളിച്ചത്തിൽ കണ്ടുതുടങ്ങി. ബാത്തിന എക്സ്പ്രസ് വേയിൽ നിന്ന് മസ്കത്ത് എക്സ്പ്രസ് വേ. പിന്നെ, റുസൈൽ-ബിദ് ബിദ് റോഡ്. ഈ വഴികളെല്ലാം പഴയ യാത്രകളിൽ കണ്ട ഓർമകളുണ്ട്. യാത്ര പിന്നീട് പുതിയ ബിദ്ബിദ് സൂർ ഹൈവേയിലേക്ക് കയറി. ആദ്യമായി ഒമാനിലേക്ക് വരുമ്പോൾ മരുമകളും പേരക്കുട്ടികളും താമസിക്കുന്ന ഇബ്രയിലേക്കുള്ള യാത്ര എതിരെ വാഹനം വരുന്ന ടു വേ റോഡിലൂടെയായിരുന്നു.
വലിയ റിസ്കുള്ള യാത്രയായിരുന്നു. ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. നല്ല സുരക്ഷിതമായി യാത്ര ചെയ്യാവുന്ന പാത. വളഞ്ഞ് പുളഞ്ഞ് ഒട്ടകത്തെയും കഴുതകളെയും വഴിയിൽ കാണുന്ന പഴയ പേടിപ്പെടുത്തുന്ന വൈൻഡിങ് റോഡിന് പകരം രണ്ട് വലിയ തുരങ്കങ്ങൾ. അതിലൂടെയെല്ലാം യാത്ര ചെയ്ത് രാത്രി പന്ത്രണ്ടരയോടെ ഞങ്ങൾ ഇബ്രയിലെ പ്രിയപ്പെട്ടവർക്ക് അരികിലെത്തി. പേരക്കുട്ടികളെയും മരുമകളെയും കണ്ട് സന്തോഷത്തിനൊപ്പം മനസ്സിൽ സൂക്ഷിച്ച ഒരാഗ്രഹം പൂവണിഞ്ഞ സന്തോഷം വേറെ…നാല് ദിവസം ഇബ്രയിൽ തങ്ങിയാണ് വീണ്ടും അജ്മാനിലെത്തിയത്. ഇനി ബാക്കിയുള്ള മൂന്ന് ആഗ്രഹങ്ങൾ… അതും പടച്ചവൻ നിറവേറ്റി തരുമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.