ഇങ്ങനെയാണ് ശസ്ത്രക്രിയക്കിടെ കത്രിക വയറിനുള്ളിലാകുന്നത്; കൂടുതൽ കാര്യങ്ങളറിയാം
text_fieldsകോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ഏറെ ഒച്ചപ്പാടുകൾക്ക് വഴിവെച്ചിരിക്കുകയാണല്ലോ. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. താമരശേരി സ്വദേശി ഹർഷിനയുടെ പരാതിയിലാണ് നടപടി. മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് റിപ്പോർട്ട് നൽകാനും അവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. 2017 നവംബറിലായിരുന്നു ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ. മൂന്നാമത്തെ സിസേറിയനും പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയും ചെയ്ത ശേഷം നിരന്തരം ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായാണ് ഹർഷിന പറയുന്നത്. നിരവധി തവണ ഡോക്ടറെ കണ്ടെങ്കിലും കാരണം വ്യക്തമാകാഞ്ഞതിനാൽ സി.ടി സ്‌കാൻ ചെയ്യുകയും വയറ്റിൽ ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു. വിശദ പരിശോധനയിലാണ് ശസ്ത്രക്രിയാ ഉപകരണം വയറ്റിൽ കുടുങ്ങിയതാണെന്ന് മനസിലായത്. ഇത് വാർത്തയാകുകയും ചെയ്തിരുന്നു. ശസ്ക്രതക്രിയക്ക് ശേഷം ഉപകരണങ്ങൾ വയറ്റിനുള്ളിൽ പെട്ടുപോകുന്ന സംഭവങ്ങൾ ഇതിനുമുമ്പും നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നത് പലർക്കും അവ്യക്തമായ കാര്യമായിരുന്നു. ഇത് സംബന്ധിച്ച് ഒരു ഡോക്ടർ പങ്കുവെച്ച കുറിപ്പാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കി നൽകുന്നത്. ഡോ. വിനോദ് ബി. നായർ ആണ് എന്താണ് സംഭവിക്കുന്നത് എന്ന് പൊതുജനങ്ങൾക്ക് മനസിലാകും വിധം വിവരിച്ചിരിക്കുന്നത്.
കുറിപ്പിൽനിന്ന്:
വയറ്റിലെ കത്രിക!
ഒരു വർഷത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും നമ്മൾ കേൾക്കുന്ന ഒന്നാണ് വയറ്റിൽ പോയ കത്രിക പിന്നീട് കണ്ടെടുത്തു എന്നൊക്കെ. സ്വാഭാവികമായും ഇത് കേൾക്കുന്നവർക്ക് വലിയ അത്ഭുതമാണ്. ഇത്ര അശ്രദ്ധ എങ്ങനെ സംഭവിക്കും? എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അങ്ങനെ വിചാരിക്കുന്നവർ എന്റെ വായനക്കാരായിട്ടുണ്ടെങ്കിൽ അവരറിയാൻ വേണ്ടിയാണ് ഇത് എഴുതുന്നത്.
പലപ്പോഴും കാണാതെ പോകുന്നത് കത്രികയല്ല. ആ രൂപത്തിലുള്ള കുറച്ചുകൂടി ചെറുതായ ആർട്ടെറി ഫോഴ്സെപ്സ് ആണ്. ഇത് ശരീരത്തെ മുറിക്കുമ്പോൾ രക്തക്കുഴലുകൾ മുറിയുമ്പോൾ ചാടുന്ന രക്തം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്. പിന്നെ രക്തസ്രാവം നിർത്താനുപയോഗിക്കുന്ന ഗോസ്സുകളും പാഡുകളും വയറ്റിൽ പെട്ടുപോകാം. അപ്രതീക്ഷിതമായി ഒരു വലിയ രക്തസ്രാവം ഉണ്ടാവുകയാണെങ്കിൽ അതിനെ അടിയന്തരമായി നിർത്തുക എന്നതാണ് ഏറ്റവും പ്രധാനം. അപ്പോൾ പെട്ടെന്ന് പെട്ടെന്ന് ഇത്തരം ധാരാളം സാധനങ്ങളുടെ ആവശ്യം വേണ്ടിവരും. കത്രികയും കത്തിയും ഉപയോഗം കഴിഞ്ഞാൽ അപ്പോൾ തന്നെ സിസ്റ്ററുടെ കയ്യിൽ തിരികേ കൊടുക്കുകയാണ് പതിവ്. അതുകൊണ്ട് അവ അകത്താകനുള്ള സാധ്യതകൾ വളരെ വിരളമാണ്.
ഇനി ഇവ ഉള്ളിലായി പോകാതിരിക്കുവാൻ എന്താണ് കരുതൽ സംവിധാനം എന്ന് നോക്കാം. എന്താണ് ഇത്തരമൊരു സംഭവം തടയാനുള്ള ഓപ്പറേഷൻ തീയറ്ററിലെ സംവിധാനം? ഓപ്പറേഷന് വേണ്ട സാധനങ്ങൾ എപ്പോഴും കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി ഒരു ലിസ്റ്റ് വച്ച് ക്രോസ് ചെക്ക് ചെയ്താണ് കൊണ്ടുവരുന്നത്. അവയ്ക്ക് ഓരോന്നിനും വ്യക്തമായ എണ്ണത്തിന് കണക്കുണ്ടാവും. കൂടുതൽ എണ്ണം ആവശ്യമായി വന്നാൽ അപ്പോൾ എടുക്കുന്നതിനും കൃത്യമായ കണക്കുണ്ടാകും. ഇതിന്റെ കൃത്യമായ കണക്ക് സൂക്ഷിക്കുന്നത് ഓപ്പറേഷൻ ചെയ്യാതെ പുറത്തു നിന്ന് സഹായിക്കുന്ന സർക്കുലേറ്റിങ് നേഴ്സ് എന്ന വ്യക്തിയാണ്.
അതുപോലെ തന്നെയാണ് രക്തസ്രാവം നിയന്ത്രിക്കാൻ ഉള്ള പാഡുകളുടേയും മോപ്പുകളുടേയും എണ്ണവും. ഓപ്പറേഷൻ എല്ലാം കഴിഞ്ഞു മുറിവ് തുന്നി കെട്ടുന്നതിനു മുൻപ് ഓപ്പറേഷൻ ചെയ്യുന്ന സർജൻ അസിസ്റ്റ് ചെയ്യുന്ന പ്രധാന നഴ്സിനോട് ചോദിക്കുന്ന ചോദ്യമാണ് ഉപയോഗിച്ച ഉപകരണങ്ങളുടെയും പാഡുകളുടേയും മോപ്പുകളുടേയും എണ്ണം കറക്റ്റ് ആണോ എന്ന്. അവയുടെ എണ്ണം ടാലി ആയിട്ടുണ്ടോ എന്നുള്ളതാണ് ചോദ്യം. ടാലിയായി എന്ന് പറയാതെ മുറിവ് തുന്നി കെട്ടാറില്ല എന്നുള്ളതാണ് സത്യം. ഇങ്ങനെ മണിക്കൂറുകൾ തപ്പിയ ചരിത്രം മെഡിക്കൽ പ്രൊഫഷനിൽ ഉണ്ട്.
ഇനി എവിടെയാണ് സാധാരണഗതിയിൽ പിഴയ്ക്കുക? രക്തസ്രാവം നിർത്തുവാനുള്ള ആർട്ടെറി ഫോഴ്സെപ്സ്സുകൾ, ഒരു മുറിവുണ്ടാകുമ്പോൾ രക്തസ്രാവം വരുമ്പോൾ, അവയെ ഈ ഉപകരണം ഉപയോഗിച്ച് പിടിച്ച് പിടിച്ച് പോവുകയാണ് പതിവ്. പിന്നെ അവയെ കെട്ടി രക്തസ്രാവം നിയന്ത്രിക്കും. ചിലപ്പോൾ ഈ ഉപകരണങ്ങൾ സ്വയം പിടിവിട്ട് വയറ്റിലേക്ക് വീഴും. ഇത് ശ്രദ്ധിക്കപ്പെടാതെ പോകാം. എന്നാലും അവസാനത്തെ കണക്കെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കപ്പെടേണ്ടതാണ്.
എത്രയൊക്കെ ശ്രദ്ധിച്ചാലും എവിടെയോ ആർക്കോ പിഴക്കുന്നു. ആയിരക്കണക്കിന് ഓപ്പറേഷനുകൾ ചെയ്യുമ്പോൾ ഒന്നുരണ്ടു തവണ മാനുഷികമായ ഇത്തരം കണക്കുകൂട്ടലുകൾ തെറ്റും. ഇവ ഇനിയും ഭാവിയിൽ ഉണ്ടാകും. കാരണം ഇത് തടയുവാനുള്ള സംവിധാനം ഇപ്പോൾ തന്നെ നിലവിലുണ്ട്. അവയും തെറ്റും. വയറിനുള്ളിലേക്ക് വീണ ഒരു ഗോസ് തപ്പിയെടുക്കുന്നത് വൈക്കോൽ കൂനയിൽ സൂചി തപ്പുന്നതു പോലെയാണ്. ഉള്ളിൽ ഇതുപോലെ ഏതെങ്കിലും ഉപകരണം കടന്നുപോയിട്ടുണ്ടോ എന്ന് സംശയമുള്ളപ്പോൾ ഓപ്പറേഷൻ തീയേറ്ററിലേക്ക് മൊബൈൽ എക്സറേ യൂണിറ്റ് കൊണ്ടുവന്ന ചരിത്രവും ഇഷ്ടംപോലെ ഉണ്ടായിട്ടുണ്ട്. ഇത് ഒരുവിധത്തിലുമുള്ള ഒരു ന്യായീകരണ പോസ്റ്റല്ല. എന്താണ് സംഭവിക്കുന്നത് എന്ന് പറയുവാൻ വേണ്ടി പറഞ്ഞു എന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.