സ്പെഷല്‍ പരിപ്പ് പ്രഥമന്‍
text_fieldsഇനിയൊരു സ്പെഷല്‍ പരിപ്പ് പ്രഥമന്‍ ആവാമല്ലേ? ഇന്നത്തെ പാചകക്കുറിപ്പ് നമുക്കായി തയാറാക്കിയത് മിഥു മറിയം ആണ്. ഈ റെസിപ്പി എടുത്ത് വച്ചോളൂ. ഈ ഓണത്തിനു പറ്റിയില്ലെങ്കിലും ഇനിയൊരു പായസം വെക്കാൻ ഓര്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഉണ്ടാക്കി നോക്കുമല്ലോ. പ്രഥമനുകള്‍ ഉണ്ടാക്കുമ്പോള്‍ ഓര്‍ക്കേണ്ട കാര്യം അതിനു പിന്നിലെ അധ്വാനത്തിന് അനുസരിച്ച് രുചി കൂടുമെന്നതാണ്. ചേരുവകള്‍ നന്നായി വരട്ടി വിളയിച്ചെടുക്കുന്നതും രണ്ടാം പാല് ചേര്‍ത്ത് നന്നായി കുറുക്കി വറ്റിക്കുന്നതുമെല്ലാം പ്രധാനമാണ്. ഉഴപ്പി ഉണ്ടാക്കല്‍ നടക്കില്ലെന്ന് സാരം.
ഒന്നാം പാല് ചേര്‍ക്കും മുന്‍പ് തീ അണയ്ക്കുകയോ അടുപ്പില്‍ നിന്ന് ഇറക്കുകയോ വേണം. ചുമ്മാ ഏലക്കാപൊടി മാത്രം ചേര്‍ക്കാതെ വറുത്ത ജീരകവും ചുക്കും ഏലക്കയും ഒരുമിച്ചു പൊടിച്ചത് ചേര്‍ക്കൂ. സ്വാദ് മാത്രമല്ല ദഹനത്തിനും ഉത്തമമാകും. ഒപ്പം ഒരു ടിപ്പ് കൂടി പറഞ്ഞു തരാം. ഈ പൊടി ഉണ്ടാക്കി വച്ചോളൂ. പാല്ച്ചായയില് ഇതു ചേര്‍ത്തു കുടിച്ചു നോക്കണം. നിങ്ങളും അതിെൻറ ആരാധകര്‍ ആവും. വെറുതെ പാല് തിളപ്പിച്ച് കുടിക്കുമ്പോഴും ചേര്‍ക്കാം. ഗംഭീര രുചിയാണ്. അപ്പോള്‍ എല്ലാവര്ക്കും തിരുവോണാശംസകള്‍! നിങ്ങളുടെ ഓണസദ്യ കെങ്കേമം ആവട്ടെ ! പായസങ്ങള്‍ അതീവ രുചികരവും !
ചുരക്ക-പരിപ്പ് പ്രഥമന്‍
ചേരുവകള്‍:
- ചുരക്ക ഗ്രേറ്റ് ചെയ്തത് - നൂറു ഗ്രാം
- ചെറുപയര്‍ പരിപ്പ് (ചുവക്കെ വറുത്തത്) - നൂറു ഗ്രാം
- കടല പരിപ്പ്- നൂറു ഗ്രാം
- ശര്‍ക്കര 250-500 ഗ്രാം
- തേങ്ങ - ഒരെണ്ണം (ചിരകിയത്)
- കശുവണ്ടിപ്പരിപ്പ്- 2 സ്പൂൺ
- കിസ്മിസ് - 2 സ്പൂൺ
- തേങ്ങാക്കൊത്ത് (നെയ്യില്‍ വറുത്തത്) -കാല് മുറി
- ചുക്ക്- ഒരു കഷണം
- വറുത്ത ജീരകം - രണ്ടു ടീസ്പൂണ്‍
- ഏലക്ക -നാലഞ്ചെണ്ണം (തൊലി കളഞ്ഞത്)
- നെയ്യ് - ഒന്നു-രണ്ടു ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം:
കശുവണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ വറുക്കുക. വറുത്ത ജീരകവും തൊലി കളഞ്ഞ ഏലക്കയും ചുക്കും കൂടി പൊടിച്ചു വെക്കുക. തേങ്ങ ചിരകിയത്തില്‍ നിന്ന് ഒരു കപ്പ് ഒന്നാം പാലും ചെറു ചൂട് വെള്ളം ചേര്‍ത്ത് രണ്ട് കപ്പ് രണ്ടാം പാലും എടുത്തു വെക്കുക. ശര്‍ക്കര കുറച്ചു വെള്ളത്തില്‍ ഉരുക്കി തണുക്കുമ്പോള്‍ തുണിയില്‍ അരിച്ചു മണ്ണും കല്ലും കളഞ്ഞുവെക്കുക. കടല പരിപ്പും വറുത്ത ചെറുപയര്‍ പരിപ്പും പ്രഷര്‍ കുക്കറില്‍ പാകത്തിന് വെള്ളം വച്ച് വേവിക്കുക. ചുരക്ക തൊലിയും കുരുവും കളഞ്ഞ ശേഷം പൊടിയായി ഗ്രേറ്റ് ചെയ്യുക. ചുവടു കട്ടിയുള്ള ഉരുളി പോലുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി ചുരക്ക വഴറ്റി വേവിക്കുക. പാകത്തിന് ശര്‍ക്കര പാനിയും വേവിച്ച പരിപ്പ് കൂട്ടും ഇതിലേക്ക് ചേര്‍ത്ത് വരട്ടി നന്നായി വറ്റുമ്പോള്‍ രണ്ടാം പാല് ചേര്‍ത്ത് നന്നായി കുറുകിയാല്‍ തീ അണച്ച ശേഷം ഒന്നാം പാലില്‍ ഏലക്ക- ചുക്ക് -ജീരകം പൊടി കലക്കിയ ശേഷം ചേര്‍ത്തിളക്കി നെയ്യില്‍ വറുത്ത തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും കിസ്മിസും ഇട്ടു വിളമ്പും വരെ അടച്ചുവെക്കുക.
തയാറാക്കിയത്: മിഥു മറിയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.