കുറുകിയ തീയല്‍
text_fieldsനമ്മുടെ നാട്ടില്‍ ചിലയിടത്ത് ചുവന്നുള്ളി കൊണ്ടുള്ള തീയലും ഓണ സദ്യയില്‍ വിളമ്പും. സാധാരണ ഉണ്ടാക്കുന്ന ഒഴിക്കാവുന്ന തീയലിനു പകരം നല്ല കുറുകിയ തീയല്‍.
ചേരുവകൾ:
- ചുവന്നുള്ളി നന്നാക്കിയത്–ഒരു കപ്പ്
- പച്ചമുളക്–മൂന്ന് നാലെണ്ണം
- കറിവേപ്പില–മൂന്ന് നാലു തണ്ട്
- തേങ്ങാക്കൊത്ത്–കാല്‍ മുറി
- തേങ്ങ ചിരകിയത്–ഒരു മുറി
- മല്ലി–മൂന്ന് ടേബിള്‍സ്പൂണ്‍
- ഷാഹി വറ്റല്‍മുളക് – നാലഞ്ചെണ്ണം
- വെളിച്ചെണ്ണ–ആവശ്യത്തിന്
- കടുക്–ഒരു ടീസ്പൂണ്‍
- കറിവേപ്പില, വറ്റല്‍മുളക്–രണ്ട്
- വാളന്‍പുളി–ഒരു ചെറുനാരങ്ങാ വലിപ്പം
- ശര്‍ക്കര ചീകിയത്–ഒന്നോ രണ്ടോ ടീസ്പൂണ്‍
- ഉപ്പ്–പാകത്തിന്
- വെള്ളം–ആവശ്യത്തിന്
തയാറാക്കേണ്ട വിധം:
തേങ്ങ ചിരകിയത് മിക്സിയില്‍ പൊടിച്ചെടുത്ത ശേഷം എണ്ണ ചേര്‍ക്കാതെ നല്ല സ്വര്‍ണ നിറം ആകും വരെ മൂപ്പിക്കുക. മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത ശേഷം അതു മാറ്റിവെക്കാം. ശേഷം മല്ലിയും മുളകും നന്നായി മൂപ്പിച്ചെടുക്കുക. ഇതെല്ലാം കൂടി വെണ്ണ പോലെ അരച്ച് വെക്കുക. വാളന്‍പുളി കുതിര്‍ത്തി നന്നായി പിഴിഞ്ഞ് അരിച്ചുവെക്കുക.
ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. വറ്റല്‍മുളകും കറിവേപ്പിലയും കാല്‍ മുറി തേങ്ങ പൊടിയായി അരിഞ്ഞതും മൂപ്പിച്ച ശേഷം ചുവന്നുള്ളി അരിഞ്ഞതും പച്ചമുളകും ചേര്‍ത്തു നന്നായി വഴറ്റുക. വാടി വരുമ്പോള്‍ അൽപം ഉപ്പ് കൂടി ചേർത്ത് മൊരിയിക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞത് ചേര്‍ത്ത് കുറുക്കുക.
പിന്നീട് അരപ്പും കറിവേപ്പിലയും ചേര്‍ത്ത് ചെറിയ തീയില്‍ വറ്റിച്ചെടുക്കുക. പാകം നോക്കി പോരാത്ത ഉപ്പും ചേര്‍ത്ത ശേഷം വേണ്ടത്ര ശര്‍ക്കര കൂടി ചേര്‍ത്ത് പാകം ആയാല്‍ ഇറക്കാം.
തയാറാക്കിയത്: സ്മിജ അനുരൂപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.