ആർക്കും രുചികരമായ ഭക്ഷണമുണ്ടാക്കാം!!!
text_fieldsആർക്കും രുചികരമായ ഭക്ഷണമുണ്ടാക്കാം!!! എങ്ങനെയെന്നല്ലേ. ആർക്കും എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ടുകൾ പങ്കുവെക്കുന്ന ഷബൂസ്ഫിയറിനെക്കുറിച്ച് (shabosphere) കേട്ടിട്ടുണ്ടോ... ലളിതമായുണ്ടാക്കാവുന്ന രുചിക്കൂട്ടുൾ പങ്കുവെച്ച് ഫുഡ് വ്ലോഗർമാർക്കിടയിൽ രുചികളുടെ രാജ്ഞിയായിരിക്കുകയാണ് ഷാബിന ഷംസുദ്ദീൻ എന്ന ഫുഡ് വ്ലോഗർ തന്റെ ഷബൂസ്ഫിയറിലൂടെ.
എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവങ്ങളാണ് ഷബൂസ്ഫിയറിന്റെ പ്രധാന ആകർഷണം. ആർക്കും തയാറാക്കാവുന്ന ഇത്തരം റെസിപ്പികൾക്കായി ഷബൂസ്ഫിയർ തിരഞ്ഞുപിടിച്ച് ആളുകൾ കണ്ടുതുടങ്ങി. പാചകം ചെയ്ത് പരിചയമില്ലാത്തവർക്കും ഈ റെസിപികൾ പിന്തുടരാവുന്ന വിധത്തിലാണ് ഷാബിന വീഡിയോകൾ തയാറാക്കിയിരിക്കുന്നത്. പിന്നീട് ഇൻസ്റ്റാഗ്രാം ഫുഡ് വ്ലോഗർമാർക്കിടയിലെ വിപ്ലവമെന്നോണം ഷബൂസ്ഫിയർ എന്ന ഹാഷ് ടാഗിൽ ഷാബിനയുടെ രുചിക്കൂട്ടുകൾ പിന്തുടർന്ന് തയാറാക്കിയ വിഭവങ്ങളുടെ ഘോഷയാത്രയായിരുന്നു. ആളുകളുടെ സ്പന്ദനം മനസ്സിലാക്കി ലൈഫ്സ്റ്റൈൽ, ട്രാവൽ വീഡിയോസ്, തന്റേതായ രീതിയിലുള്ള മോഡസ്റ്റ് ഫാഷൻ വീഡിയോകൾ എന്നിവയിലൂടെ ജന്മനസ്സുകളിൽ ഷാബിന തന്റെ സ്ഥാനം ഉറപ്പിച്ചു.
ചെയ്യുന്ന ജോലി ഏതുമായിക്കോട്ടെ അത് മനസ്സിന് നൽകുന്ന സന്തോഷമാണ് പ്രധാനമെന്ന് ഷാബിന അഭിപ്രായപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെ ഒരോരുത്തർക്കും വീട്ടിലിരുന്ന് ഇഷ്ടമുള്ള ജോലി ചെയ്ത് സമ്പാദിക്കാനാകും എന്ന് തെളിയിക്കുകയാണ് ഷാബിന. ഏറെ ഇഷ്ടത്തോടെ ചെയ്യുന്ന തൊഴിലിന്ന് കിട്ടുന്ന അംഗീകാരമായാണ് ഷബൂസ്ഫിയറിന്റെ വളർച്ചയെ ഷാബിന നോക്കിക്കാണുന്നത്.
യു.എ.ഇയിലെ റസ്റ്റാറൻറ്റുകളിലെ വിവിധതരം ഭക്ഷണരീതികളെയും രുചികളെയും കുറിച്ച് എഴുതിയും പറഞ്ഞുമാണ് സോഷ്യൽ മീഡിയയുടെ ലോകത്തേക്ക് ഷാബിന പിച്ചവെക്കുന്നത്. പിന്നീട് താൻ പുതുതായി കണ്ടെത്തുകയും ലളിതമായി പാകം ചെയ്യാൻ കഴിയുന്നതുമായ രുചിക്കൂട്ടുകളെ പരിചയപ്പെടുത്തിയുമാണ് വ്ലോഗർ എന്ന നിലയിൽ സ്വന്തം വിലാസം സൃഷ്ടിച്ചെടുത്തത്.
എം.ബി.എ ലോജിസ്റ്റിക്ക് മാനേജ്മെൻറ് കഴിഞ്ഞ് പഠനാനന്തരം ചുരുങ്ങിയ കാലത്തിനുള്ളിൽ സാമാന്യം തരക്കേടില്ലാത്ത വേതനവും പരിരക്ഷയും കിട്ടികൊണ്ടിരിക്കുന്ന സമയത്താണ് ഷാബിന ഷംസുദ്ധീൻ വ്ലോഗിങ്ങിന്റെ ലോകത്തേക്ക് ചുവട് വെച്ചത്. ഏകദേശം ഏഴ് വർഷമായി ഷാബൂസ്ഫിയർ തുടങ്ങിയിട്ട്. പ്രസവശേഷം ജോലിയിൽ നിന്നെടുത്ത ഇടവേളയിലെ ബോറടിയിൽ നിന്ന് മാറാൻ വേണ്ടിയാണ് വ്ലോഗിങ് തുടങ്ങിയത്. ഭർത്താവ് അഫ്സൽ ഹുസൈൻ നൽകിയ പ്രചോദനവും തന്നിലർപ്പിച്ച വിശ്വാസവുമാണ് ഷബൂസ്ഫിയറിന്റെ വിജയത്തിന് പിന്നിലെന്ന് ഷാബിന പറയുന്നു.
ഷബൂസ്ഫിയർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇംഗ്ലീഷിലാണ് വീഡിയോകൾ തയാറാക്കുന്നത്. ഇൻസ്റ്റഗ്രാം ഇല്ലാത്ത, ഇംഗ്ലീഷ് അറിയാത്ത സാധാരണ വീട്ടമ്മമാർക്കായി മലയാളത്തിൽ ഷബൂസ്ഫിയർ എന്ന യൂട്യൂബ് ചാനലിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. എളുപ്പത്തിൽ തയാറാക്കാവുന്ന ഷാബിനയുടെ രുചിക്കൂട്ടുകൾക്ക് നിരവധി അറബ് ഇമാറാത്തി ഫോളോവേഴ്സുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സൈബർ ലോകത്തെ ഇടപെടലുകൾ കൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ നൂറ് പേരിൽ ഷാബിനയും ഇടം നേടിയിരുന്നു.
ദുബൈ ഫുഡ് ഫെസ്റ്റിവൽ, ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങിയ പരിപാടികളിൽ ദുബൈ ടൂറിസം ബോർഡുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. റമദാനുമായി ബന്ധപ്പെട്ട് അബൂദബി ടൂറിസം ബോഡിനൊപ്പവും ദുബൈ എക്സ്പോയിൽ കൊറിയൻ ടൂറിസം ബോർഡിനൊപ്പവും സിംഗപ്പൂർ ടൂറിസം ബോർഡിനൊപ്പവും പ്രവർത്തിച്ചിരുന്നു. കെൻവുഡ്, ഡോൾ, സാദിയ ചിക്കൻ തുടങ്ങി നിരവധി ബ്രാൻഡുകളുടെ റെസിപ്പി ഡെവലപ്പർ കൂടിയാണ് ഷാബിന ഷംസുദ്ദീൻ. യു.എ.ഇ നാഷനൽ ഡേയോടനുബന്ധിച്ച് ജുമൈറാ ബീച്ച് റെസിഡെൻസിൽ ലൈവ് കുക്കിങ്ങും ഷാബിന നടത്തിയിരുന്നു.
സ്ഥിരത നിലനിർത്തിയാൽ മാത്രമേ സോഷ്യൽ മീഡിയയുടെ ലോകത്ത് നിലനിൽപ്പുണ്ടാകൂ എന്നും ഇതിനായി ഏറെ പരിശ്രമവും അർപ്പണ മനോഭാവത്തോടെയുള്ള മനസ്സ് ആവശ്യമാണെന്നും ഷാബിന അഭിപ്രായപ്പെടുന്നു. തന്റെ പോസ്റ്റുകളിലൂടെ ജനശ്രദ്ധ ആകർഷിക്കാനും ജനമനസ്സുകളിൽ സ്ഥാനം പിടിക്കാനും ഷാബിനക്ക് കഴിഞ്ഞത് അർപ്പണബോധം എന്ന ഒന്നുകൊണ്ട് തന്നെയാണ്.
തൃശൂർ സ്വദേശിയായ ഷംസുദ്ദീൻ അഹമ്മദിന്റെയും ഷഹർബ ഷംസുദ്ദീന്റെയും മകളായ ഷാബിന ജനിച്ചതും വളർന്നതും യു.എ.ഇയിൽ തന്നെയാണ്. ഇൻറീരിയർ ഡിസൈനറായ ഭർത്താവ് അഫ്സൽ ഹുസൈൻ ന്യൂസിലൻറിലാണ്. മക്കൾ അസ്സാ അഫ്സലിനും അയാനാ അഫ്സലിനുമൊപ്പം ഷബൂസ്ഫിയറിന്റെ പുതിയ രുചിക്കൂട്ടുകൾക്കായുള്ള പരീക്ഷണത്തിലാണ് ഷാബിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.