ദേശീയ നീറ്റൽ
text_fieldsവിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽപ്പെടുന്ന രാജ്യത്ത് അതത് സംസ്ഥാനങ്ങൾ നടത്തുന്ന പ്രഫഷണൽ സ്ഥാപനങ്ങളുടെ പ്രവേശനത്തിലും കേന്ദ്രത്തിന് കൈകടത്താൻ അവസരം നൽകുന്ന നീറ്റ് (NEET: National Eligibility cum Entrance Test) പോലൊരു പൊതുപ്രവേശന പരീക്ഷ ആവശ്യമാണോ? ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തെ നോക്കുകുത്തിയാക്കി സംസ്ഥാനങ്ങളുടെ അധികാരങ്ങളെല്ലാം കേന്ദ്രം കവർന്നെടുക്കുന്ന കാലത്ത് ‘ദേശീയ’മാക്കിയാൽ പിന്നെ എല്ലാം മികച്ചതാകുമെന്ന് കരുതാമോ?
ചരിത്രത്തിലും വർത്തമാനത്തിലും എന്തും വ്യാജമായി സൃഷ്ടിക്കാമെന്ന് ജീവിച്ചുകാണിക്കുന്ന നേതാക്കൾ നിയന്ത്രിക്കുന്ന ഏജൻസികളിൽനിന്ന് സത്യസന്ധതയും വിശ്വാസ്യതയും പ്രതീക്ഷിക്കാമോ? ‘ദേശീയ ഏജൻസി’കളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ദേശീയ അന്വേഷണ ഏജൻസി എന്നിവക്കൊന്നുമില്ലാത്ത സുതാര്യതയും നിഷ്പക്ഷതയും ദേശീയ പരീക്ഷാ ഏജൻസിക്ക് (എൻ.ടി.എ) മാത്രം ഉണ്ടാകുമെന്ന് വിശ്വസിക്കാമോ? കാൽ കോടിയോളം വിദ്യാർഥികളുടെ നെഞ്ചിലെ നീറ്റലായി മാറിയ നീറ്റ് ചോദ്യച്ചോർച്ചയോടെ വിശ്വാസ്യത ചോർന്ന ദേശീയ പരീക്ഷ ഉയർത്തുന്ന ചോദ്യങ്ങളാണിത്.
കാൽ കോടി കുട്ടികളുടെ കണ്ണീർ
എസ്.എസ്.എൽ.സി പരീക്ഷക്ക് ഫുൾ എ പ്ലസ് കിട്ടിയ കുട്ടിയേയും കൊണ്ട് രക്ഷിതാവ്, കോച്ചിങ്ങും പ്ലസ് ടു പഠനവും ഒരുമിച്ചു കൊണ്ടുപോകുന്ന കേരളത്തിലെ മുൻനിര സ്ഥാപനങ്ങളിലൊന്നിനെ സമീപിച്ചപ്പോൾ കിട്ടിയ മറുപടി കൗതുകകരമായിരുന്നു. ‘‘ഈ വർഷത്തെ നീറ്റ്, ജെ.ഇ.ഇ പ്ലസ് വൺ കോച്ചിങ്ങിനുള്ള ആദ്യ പ്രവേശനപരീക്ഷ കഴിഞ്ഞ വർഷം നവംബറിൽ കഴിഞ്ഞിരിക്കുന്നു. തെക്കു തൊട്ട് വടക്കുവരെ കേരളത്തിലെ വിവിധ ജില്ലകളിൽ അവർ നടത്തുന്ന റെസിഡൻഷ്യൽ സ്ഥാപനങ്ങളിലെല്ലാം പത്താം തരം പരീക്ഷ നടക്കുന്നതിന് മുമ്പെ പ്രവേശനം പൂർത്തിയായിരിക്കുന്നു.
ആറ് മുതൽ എട്ട് ലക്ഷം രൂപ വരെ രൂപ ഫീസ് നൽകിയാണ് ഈ കോച്ചിങ്. ഇതിനെയും കവച്ചുവെക്കുന്ന, എട്ടാം ക്ലാസിൽ നിന്നേ തുടങ്ങുന്ന നീറ്റ് കോച്ചിങ്ങും രാജ്യത്തുടനീളം വ്യാപകമായി കഴിഞ്ഞു. ഇങ്ങനെ രാവുംപകലും കുത്തിയിരുന്ന് പഠിച്ച് പരീക്ഷെയഴുതുന്ന കാൽ കോടി വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും തലക്ക് മുകളിലേക്കാണ് നീറ്റ് പരീക്ഷയുടെ വിശ്വാസ്യത ഇടിഞ്ഞുപൊളിഞ്ഞു വീണിരിക്കുന്നത്. വിശ്വാസം നഷ്ടപ്പെട്ട നീറ്റ് പരീക്ഷ വരും വർഷങ്ങിൽ എഴുതാൻ തയാറെടുപ്പ് നടത്തുന്ന വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആധികൂടി കാണുക.
നീറ്റ് ചോർച്ച അന്നേ തുടങ്ങി
നീറ്റ് പരീക്ഷയുടെ തലേന്നാൾ മേയ് നാലിനാണ് ചോദ്യപേപ്പർ ചോർന്നുവെന്ന രഹസ്യവിവരം ബിഹാർ പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ നീറ്റ് പരീക്ഷക്കുള്ള നിരവധി അഡ്മിറ്റ് കാർഡുകളും പോസ്റ്റ് ഡേറ്റഡ് ചെക്കുകളും പട്നയിലെ ഒരു ഹോസ്റ്റലിൽനിന്ന് കണ്ടെടുത്തു. 13 പേർ അറസ്റ്റിലാകുകയും ചെയ്തു. 2016-ൽ നീറ്റ് ചോദ്യപേപ്പർ ചോർത്തിയ സഞ്ജീവ് മുഖ്യ എന്നയാളെയാണ് ഇപ്പോഴത്തെ ചോർത്തലിന് പിന്നിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് തെരയുന്നത്. നളന്ദ ഗവൺമെന്റ് കോളജിലെ ടെക്നിക്കൽ അസിസ്റ്റന്റാണ് സഞ്ജീവ് മുഖ്യ മത്സരപ്പരീക്ഷകളുടെയെല്ലാം ചോദ്യപേപ്പർ ചോർത്തിക്കൊടുക്കുന്ന ‘സോൾവർ ഗ്യാങ്ങി’ന്റെ മുഖ്യൻ.
ബിഹാറിലെ ചോർത്തലിന്റെ മുഖ്യസൂത്രധാരൻ എന്ന് അന്വേഷണ സംഘം വിശേഷിപ്പിക്കുന്നയാൾ. നീറ്റ് ചോദ്യേപപ്പർ ചോർത്തിയതിന് സഞ്ജീവ് മുഖ്യയെ 2016-ൽ ഉത്തരഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തതാണ്. അന്ന് അറസ്റ്റിലായി 14 മാസം ജയിലിൽ കിടന്ന് ജാമ്യം നേടിയിറങ്ങിയ മുഖ്യ വീണ്ടും ഇതേ പണിക്കിറങ്ങി. മുഖ്യയുടെ മകൻ ശിവ് കുമാർ ടീച്ചർ റിക്രൂട്ട്മെന്റിനുള്ള ബിഹാർ പബ്ലിക് സർവീസ് കമീഷൻ പരീക്ഷ ചോർത്തിയ കേസിൽ ഉജൈയിനിൽനിന്ന് അറസ്റ്റിലായി ഇപ്പോഴും ജയിലിലാണ്. നാല് ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയാണിത്. എഫ്.ഐ.ആറിൽ പ്രതിസ്ഥാനത്തുള്ള ഏക പേർ മുഖ്യയുടേതാണെങ്കിലും ഇയാളെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ജൂൺ നാലിന് നൽകിയ മുഖ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ജൂലൈ നാലിലേക്ക് മാറ്റിയിരിക്കുകയാണ്. സഞ്ജീവ് മുഖ്യ ചോർത്തിയ ചോദ്യപേപ്പർ റോക്കി എന്നയാൾക്ക് നൽകിയെന്നും അതുവഴി പലയിടങ്ങളിലുമെത്തിയെന്നുമാണ് പൊലീസ് പറയുന്നത്. സർക്കാർ ഉദ്യോഗസ്ഥരായ സിക്കന്ദർ പ്രസാദ് യദ്വേന്തു, അമിത് ആനന്ദ്, ബംഗളൂരിലെ ഐ.ടി പ്രെഫഷനൽ റോഷൻ കുമാർ എന്നിവരും റാക്കറ്റിലുണ്ട്.
40 ലക്ഷം രൂപ കൊടുത്ത് ജയിലിലായ വിദ്യാർഥികൾ
ചോർത്തിയ ചോദ്യപേപ്പർ പഠിച്ച് പരീക്ഷ എഴുതി അറസ്റ്റിലായ ആയുഷ് കുമാറിന്റെ പിതാവ് അഖിലേഷ് കുമാറിനോട് നീറ്റ് പരീക്ഷ ജയിപ്പിക്കാൻ 40 ലക്ഷം രൂപയാണ് സിക്കന്ദർ പ്രസാദ് യദ്വേന്തു ചോദിച്ചത്. ദാനാപൂരിലെ ആയുഷ് കുമാറി(19)ന് പുറമെ റാഞ്ചിയിലെ അഭിഷേക് കുമാർ (21),സമസ്തിപൂരിലെ അനുരാഗ് യാദവ് (22), ഗയയിലെ ശിവ് നന്ദൻ കുമാർ എന്നീ വിദ്യാർഥികളും കുറുക്കുവഴിയിൽ ജയം കൊതിച്ച് ഒടുവിൽ ജയിലിലെത്തി.
ചോദ്യപേപ്പർ ചോർന്നത് ബീഹാറിലെ ഒറ്റപ്പെട്ട സംഭവമായി കണ്ട്, പുനഃപരീക്ഷ നടത്തില്ലെന്ന് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ വാശി പിടിക്കുമ്പോൾ ചോർച്ച ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലേക്ക് പടർന്നിട്ടുണ്ടെന്നാണ് ബിഹാറിലെ അന്വേഷണ സംഘം പറയുന്നത്. 10 ലക്ഷം മുതൽ 66 ലക്ഷം രൂപ വരെ ചോർത്തിയ നീറ്റ് ചോദ്യപേപ്പറിന് കൊടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 വിദ്യാർഥികളെ കുറിച്ചുള്ള വിവരം കിട്ടിയിട്ടുണ്ടെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്.
നീറ്റ് പരീക്ഷയുടെ ഗുജറാത്ത് മോഡൽ
കർണാടക, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ബിഹാർ, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളെല്ലാം ഗുജറാത്തിലെ ഗോധ്രയിൽ വന്ന് നീറ്റ് പരീക്ഷ എഴുതുന്നതെന്തിനാണ്? അതിന് കാരണമിതാണ്. ബിഹാറിലെ പോലെ ചോദ്യപേപ്പർ പഠിപ്പിച്ചുവിടുകയല്ല, അധ്യാപകർ തന്നെ ഉത്തരക്കടലാസുകളിൽ ഉത്തരം അടയാളപ്പെടുത്തി കൊടുക്കുകയായിരുന്നു ഗോധ്രയിൽ. വഡോദരയിലെ റോയ് ഓവർസീസ് കോച്ചിങ് സെന്ററും പരീക്ഷ നടന്ന ജയ് ജൽറാം സ്കൂളും ഉൾപ്പെട്ട ചോർത്തലിൽ അഞ്ച് പേരാണ് അറസ്റ്റിലായത്. ഗോധ്രയിലെ നീറ്റ് പരീക്ഷാ സെന്ററിലെത്തിയ പൊലീസ് സംഘം തുഷാർ ഭട്ട് എന്ന അധ്യാപകനെ അറസ്റ്റ് ചെയ്തപ്പോൾ അവരുടെ കൈയിൽ ചോർത്തിയ പേപ്പർ വാങ്ങിയ 26 വിദ്യാർഥികളുടെ പട്ടികയും ഏഴ് ലക്ഷം രൂപയുമുണ്ടായിരുന്നു.
തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ പുരുഷോത്തം ശർമ, ഏജന്റുമാരായ പരശുറാം റോയ്, വിഭോർ ആനന്ദ്, ആരിഫ് വഹോറ എന്നിവരും അറസ്റ്റിലായി. പൊലീസിന് കിട്ടിയ പട്ടികയിലെ ആറ് വിദ്യാർഥികൾ ഗോധ്രയിലും 20 പേർ തെർമലിലും പരീക്ഷ എഴുതിയവർ. തെർമലിൽ പരീക്ഷ എഴുതാൻ ബിഹാർ, ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെല്ലാം വിദ്യാർഥികളെത്തിയിട്ടുണ്ട്. എന്നാൽ, ഈ വിദ്യാർഥികളെയും രക്ഷിതാക്കളെയും ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചുവെങ്കിലും അവരാരും പോയില്ല. അവർക്കായി പുതിയ സമൻസ് അയക്കുമെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർത്തി വിറ്റഴിച്ച ബിഹാറിലെ ‘സോൾവർ ഗ്യാംഗി’നെ കുറിച്ചുള്ള അന്വേഷണ വാർത്തകൾ പുറത്തുവരുമ്പോഴും ഗുജറാത്തിലെ വിവരങ്ങൾ പലതും പുറത്തുവരുന്നില്ല.
ആദ്യ പരീക്ഷയിൽ ആറ് ടോപ്പർമാർ
ഹരിയാനയുടെ കാര്യമെടുക്കുക. ഝജ്ജറിൽ ആദ്യമായാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ഹർദയാൽ പബ്ലിക് സ്കൂൾ, വിജയ സീനിയർ സെക്കൻഡറി സ്കൂൾ, എസ്.ആർ സെഞ്ച്വറി പബ്ലിക് സ്കൂൾ എന്നിവയായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ. എസ്.ആർ സെഞ്ച്വറി സ്കൂളിൽ മാത്രമാണ് പരീക്ഷ ശരിയാംവിധം നടന്നത്. സാധാരണ നീറ്റ് പരീക്ഷയിൽ ഒന്നോ രണ്ടോ വിദ്യാർഥികൾക്കേ മുഴുവൻ മാർക്ക് ലഭിക്കാറുള്ളൂ.
2021-ൽ മൂന്ന് പേർക്ക് ഫുൾമാർക്ക് ലഭിച്ചു. എന്നാൽ ഇത്തവണ ഹർദയാൽ പബ്ലിക് സ്കൂളിൽ എഴുതിയവരിൽ മാത്രം ആറ് പേർക്ക് മുഴുവൻ മാർക്കും ലഭിച്ചു. സമയക്കുറവ് കാരണം വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയെന്ന് എൻ.ടി.എ പറയുമ്പോൾ ഓഫ്ലൈൻ ആയി നടന്ന പരീക്ഷയിൽ എത്ര കുട്ടികൾക്ക് ആവശ്യമായ സമയം ലഭിച്ചില്ലെന്ന് എങ്ങനെ അറിയാനാകും എന്ന ചോദ്യത്തിന്, അപേക്ഷ നൽകിയവർക്ക് നൽകിയെന്നാണ് ഉത്തരം. ഒരു കേന്ദ്രത്തിലെ എല്ലാ വിദ്യാർഥികൾക്കും ഒരു പോലെ സമയം നൽകുമ്പോൾ ചില കുട്ടികൾക്ക് മാത്രം ഗ്രേസ് മാർക്ക് നൽകുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല.
ആകെയുള്ള 67 നീറ്റ് ടോപ്പർമാരിൽ ആറു പേരും ബി.ജെ.പി നേതാവ് അനുരാധ യാദവിന്റെ ഹരിയാന ബഹാദൂർഗഢിലെ ഹർദയാൽ പബ്ലിക് സ്കൂളിലുള്ളവരാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ആകാൻ ഇരിക്കുകയാണവർ. സമയക്കുറവ് പറഞ്ഞ് ഹർദയാൽ പബ്ലിക് സ്കൂളിൽ പരീക്ഷ എഴുതിയവർക്ക് കൊടുത്ത ഗ്രേസ് മാർക്ക് ദേശീയ പരീക്ഷാ ഏജൻസി, അതേ സമയക്കുറവ് അനുഭവിച്ച തൊട്ടപ്പുറത്തുള്ള വിജയാ സീനിയർ സെക്കൻഡറി സ്കൂളിന് നൽകിയില്ല. പരീക്ഷാകേന്ദ്രങ്ങളിൽ രണ്ട് സെറ്റ് ചോദ്യപേപ്പറുകൾ നൽകാറുണ്ട്.
ഒരു സെറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന് അറിഞ്ഞാൽ ഉപയോഗിക്കാനുള്ളതാണ് മറ്റൊരു സെറ്റ്. എന്നാൽ, ഹർദയാൽ പബ്ലിക് സ്കൂളിലും വിജയ സീനിയർ സെക്കൻഡറി സ്കൂളിലും ഈ രണ്ട് സെറ്റ് ചോദ്യപേപ്പറുകളും പൊട്ടിച്ച് പരീക്ഷക്ക് നൽകി. ബി.ജെ.പി ഒറ്റക്കും സഖ്യത്തിലും ഭരിക്കുന്ന ബിഹാറിലും ഗുജറാത്തിലും ഹരിയാനയിലുമായി നടന്ന നീറ്റ് അഴിമതിയുടെ ബിഹാറിലെ ഒരറ്റം മാത്രമേ പുറത്തുവന്നുള്ളൂ. ഗുജറാത്തിലെയും ഹരിയാനയിലെയും അന്വേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചർച്ച ചെയ്യുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.