വ്യവഹാരങ്ങളിലൂടെ അലീഗഢ്
text_fieldsരാജ്യത്തിന്റെ വിദ്യാഭ്യാസമണ്ഡലത്തിൽ, പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിന്റെ ഉന്നതവിദ്യാഭ്യാസ ചർച്ചകളിൽ ഇന്നും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന നാമമാണ് ‘അലീഗഢ്’. ഉത്തർപ്രദേശിലെ അലീഗഢ് ജില്ലയിൽ പ്രവർത്തിക്കുന്ന അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി (എ.എം.യു)യെ അതുകൊണ്ടുതന്നെ തുടക്കകാലം മുതൽതന്നെ വിവാദങ്ങളിൽ കുരുക്കിയിടാൻ ശ്രമങ്ങൾ നടന്നിരുന്നു.
ഇന്ത്യ ആദരിക്കുന്ന സാമൂഹിക പരിഷ്കർത്താവ് സർ സയ്യിദ് അഹ്മദ് ഖാൻ (1817-1898) മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച്, 1875ൽ സ്ഥാപിച്ച മുഹമ്മദൻ ആംഗ്ലോ-ഓറിയൻറൽ കോളജ് ആണ്, പിന്നീട് അലീഗഢ് മുസ്ലിം സർവകലാശാലയായി (1920) മാറിയത്. ഇന്ത്യൻ മുസ്ലിംകളുടെ ധൈഷണികവും വൈജ്ഞാനികവുമായ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയ ഈ കലാലയത്തിന്റെ ന്യൂനപക്ഷ പദവി സംബന്ധിച്ച് സുപ്രീംകോടതിയിൽ നിയമപോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. സർവകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയണമെന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചത്; പദവി നിലനിർത്തണമെന്ന് എ.എം.യു അധികൃതരും.
ഏഴംഗ ഭരണഘടനാ ബെഞ്ചിൽ നടന്ന അന്തിമ വാദം ഫെബ്രുവരി ഒന്നിന് അവസാനിച്ചു. ആഴ്ചകൾക്കുള്ളിൽ വിധി വരാനിരിക്കെ, ഈ വ്യവഹാരത്തിന്റെ ഉള്ളുകള്ളികൾ അന്വേഷിക്കുകയാണിവിടെ.
നിർണായക വിധി പറയാൻ ഭരണഘടന ബെഞ്ച്
1967ലെ വിധി പരിശോധിച്ച്, അലീഗഢ് സർവകലാശാലക്കും രാജ്യത്തെ ന്യൂനപക്ഷ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അവകാശ നിയമങ്ങൾക്കും ഏതെ നിർണായകമായ വിധി പുറപ്പെടുവിക്കാനിരിക്കുകയാണ് ഏഴംഗ സുപ്രീംകോടതി ഭരണഘടന ബെഞ്ച്. കേവലം ഒരു സർവകലാശാലയുടെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല ഈ കേസ് ഇപ്പോൾ. സംവരണം, ന്യൂനപക്ഷ അവകാശം, യു.ജി.സി ആക്ട്, നാഷനൽ കമീഷൻ ഓഫ് മൈനോറിറ്റി എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ടിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ഭാവി, ഭരണഘടനയിലെ അനുച്ഛേദം 30 എന്നിവയൊക്കെ ഇഴകീറി പരിശോധിക്കുന്ന നിയമവ്യവഹാരംകൂടിയാണ്.
ഭരണഘടനാ ബെഞ്ചിന്റെ പരിഗണന വിഷയങ്ങൾ
1.ഭരണഘടന അനുച്ഛേദം 30 പ്രകാരം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി അനുവദിക്കേണ്ടതിന്റെ മാനദണ്ഡം എന്തായിരിക്കണം?
2. പാർലമെന്റിൽ നിയമനിർമാണത്തിലൂടെ സ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് അനുച്ഛേദം 30 പ്രകാരം ന്യൂനപക്ഷ പദവി അനുവദിക്കാമോ?
3.1967ൽ അലീഗഢിന്റെ ന്യൂനപക്ഷ പദവി റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ വിശദപരിശോധന; വിധി എപ്രകാരമാണ് നടപ്പാക്കിയതെന്ന അന്വേഷണം
4. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും മറ്റുമായി 2004ൽ, യു.പി.എ സർക്കാർ കൊണ്ടുവന്ന നിയമമാണ് നാഷനൽ കമീഷൻ ഓഫ് മൈനോറിറ്റി എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട്. അനുച്ഛേദം 30 അനുസരിച്ച്, രാജ്യത്ത് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് സുഗമമാക്കുന്നതിനും മറ്റുമാണ് ഈ നിയമം കൊണ്ടുവന്നത്. സംവരണമടക്കമുള്ള കാര്യങ്ങളിൽ 1956ലെ യു.ജി.സി നിയമവുമായി ഇത് യോജിക്കുന്നുണ്ടോ എന്ന അന്വേഷണം.
5. നാഷനൽ കമീഷൻ ഓഫ് മൈനോറിറ്റി എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ടിന്റെ വെളിച്ചത്തിൽ ‘അസീസ് ബാഷ’ കേസ് പുനഃപരിശോധിക്കേണ്ടതുണ്ടോ?
6. അസീസ് ബാഷ’ കേസ് വിധി ഭരണഘടനാതത്വങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരുന്നോ?
7. അനുച്ഛേദം 30ൽ പറയുന്ന സ്ഥാപനത്തിന്റെ ‘അധികാരി’, ‘സ്ഥാപനം’ എന്നീ വാക്കുകളെ പുതിയ കാലത്ത് എങ്ങനെയാണ് വ്യാഖ്യാനിക്കുക?
8. അനുച്ഛേദം 30 പ്രകാരം, രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എത്രമാത്രം സ്ഥാപനങ്ങളുടെമേൽ അധികാരം നൽകാനാവും?
എല്ലാ വിഭാഗങ്ങൾക്കും പഠിക്കാവുന്ന മുസ്ലിം സർവകലാശാല
1920ൽ സെൻട്രൽ ലെജിസ്ലേച്ചർ അലീഗഢ് ആക്ട് പാസാക്കിയതോടെയാണ് ഈ കലാലയം സർവകലാശാലയായി മാറുന്നത്. അലീഗഢ് ആക്ട് പ്രകാരം മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക ഉന്നമനമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. നിയന്ത്രിക്കുന്നത് മുസ്ലിംകൾ മാത്രം അടങ്ങിയ കോർട്ടായിരിക്കും. എന്നാൽ, ജാതിമത വ്യത്യാസമില്ലാതെ വിദ്യാർഥികൾക്ക് പഠനം നടത്താം.
എ.എം.യു ആക്ടിലെ 3, 4 വകുപ്പുകൾ പ്രകാരം എം.എ.ഒ കോളജ്, നടത്തിപ്പുകാരായ മുസ്ലിം യൂനിവേഴ്സിറ്റി അസോസിയേഷൻ, മുസ്ലിം യൂനിവേഴ്സിറ്റി ഫൗണ്ടേഷൻ കമ്മിറ്റി എന്നിവ ഇല്ലാതാവുകയും അവയുടെ സ്വത്തുവഹകൾ അലീഗഢ് മുസ്ലിം സർവകലാശാലയിലേക്ക് മാറ്റപ്പെടുകയും ചെയ്തിരിക്കുന്നു. ഗവർണർ ജനറലായിരിക്കും ലോഡ് റെക്ടർ. സർവകലാശാല ആരംഭിച്ച് ഏതാനും വർഷത്തിനുള്ളിൽതന്നെ ഹിന്ദുത്വ ശക്തികളുടെ നീക്കവും ആരംഭിച്ചിരുന്നു. 40കളുടെ ഒടുക്കം ഈ നീക്കം ശക്തമായതോടെ അതിനെ പ്രതിരോധിക്കാൻ സാക്ഷാൽ നെഹ്റുതന്നെ രംഗത്തിറങ്ങി. അങ്ങനെയാണ് സ്വാതന്ത്ര്യാനന്തരം പാർലമെന്റിൽ പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നത്.
നെഹ്റുവിന്റെ വിയോഗത്തോടെ തുടങ്ങിയ ദുര്യോഗം
എതിർപ്പുകൾ മറികടക്കാനും വിഭജനാനന്തര സംഘർഷങ്ങൾക്കിടയിൽ സ്ഥാപനത്തിന്റെ അസ്തിത്വം ചോർന്നുപോകാതിരിക്കാനുമാണ് 1951ൽ അലിഗഢ് ആക്ടിൽ ചില്ലറ മാറ്റം വരുത്തിയത്. വിഭജനത്തോടെ പൂട്ടിപ്പോകേണ്ടതാണെന്ന് പറഞ്ഞ് ആർ.എസ്.എസും ഹിന്ദുമഹാസഭയും വാഴ്സിറ്റിക്കെതിരെ പ്രചാരണം നടത്തിയിരുന്നു. 1920ലെ അലീഗഢ് ആക്ടിൽനിന്ന് 23 (1) വകുപ്പ് എടുത്തുകളഞ്ഞപ്പോൾ മുസ്ലിമിതര വിഭാഗത്തിനും കോർട്ടിൽ അംഗങ്ങളാവാം എന്നായി. മതപഠനം ഐച്ഛികവിഷയമായി മാറി. ഇങ്ങനെ മുന്നോട്ടുപോകുന്നതിനിടെയാണ് നെഹ്റുവിന്റെ വിയോഗം.
ഭരണപക്ഷം രാഷ്ട്രീയവെല്ലുവിളികൾ നേരിട്ട ഒരുഘട്ടത്തിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി തീവ്രവലതുപക്ഷത്തിന്റെ പിന്തുണ കിട്ടാൻ ഉപയോഗിച്ചത് അലീഗഢിനെയാണ്. വിദ്യാഭ്യാസമന്ത്രി മുഹമ്മദ് കരീം ചഗ്ലയെ ഉപയോഗിച്ച് ഇന്ദിര നിയമം വീണ്ടും മാറ്റി. അലീഗഢ് കോർട്ടിന്റെ അധികാരപദവി എടുത്തുകളഞ്ഞ് ചുമതല എക്സിക്യൂട്ടിവ് കൗൺസിലിനെ ഏൽപിച്ചു. അതോടെ, സർക്കാറിന്റെ പൂർണ നിയന്ത്രണത്തിലായി. അവിടം മുതൽ അലീഗഢിന്റെ ന്യൂനപക്ഷ പദവി നഷ്ടമായെന്ന് പറയാം.
ന്യൂനപക്ഷ പദവി മായുന്നു
ചഗ്ലയുടെ പരിഷ്കരണത്തിനെതിരെ അലീഗഢ് അധികൃതർ സുപ്രീംകോടതിയിലെത്തി. ഇതാണ് പ്രമാദമായ അസീസ് ബാഷ-യൂനിയൻ ഓഫ് ഇന്ത്യ കേസ്. ഭേദഗതികൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കും മറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനും നടത്താനുമുള്ള മൗലികാവകാശത്തിന്റെ -അനുച്ഛേദം 30 (എ)- ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഭേദഗതിയോടെ ഭരണഘടനയുടെ 25, 26, 31 അനുച്ഛേദങ്ങളും ലംഘിക്കപ്പെട്ടുവെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
1967 ഒക്ടോബർ 30ന് ചീഫ് ജസ്റ്റിസ് വാഞ്ചുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വിധിച്ചത്, സർവകലാശാല നിലകൊള്ളുന്നത് സ്വാതന്ത്ര്യപൂർവ കാലത്ത് രൂപം നൽകിയ 1920ലെ അലീഗഢ് ആക്ട് പ്രകാരമാണെന്നും, ഭരണഘടന പ്രദാനംചെയ്യുന്ന ന്യൂനപക്ഷസ്ഥാപനം എന്ന ആനുകൂല്യങ്ങൾ അക്കാരണം കൊണ്ടുതന്നെ സാധ്യമല്ലെന്നുമായിരുന്നു. വിധിയിലെ ഒരു വാചകം ഇങ്ങനെ: അലീഗഢ് സ്ഥാപിക്കപ്പെട്ടത് ഒരുപക്ഷേ മുസ്ലിം ന്യൂനപക്ഷത്തിന്റെ ശ്രമഫലമായിട്ടാകാം; എന്നാൽ, 1920ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ അത് മുസ്ലിം ന്യൂനപക്ഷം സ്ഥാപിച്ചുവെന്ന് അതിന് അർഥമില്ല’’. അങ്ങനെ ഫലത്തിൽ, അലീഗഢിന്റെ ന്യൂനപക്ഷ പദവി നഷ്ടമായി.
ഇന്ത്യൻ മുസ്ലിംകൾ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനം’; പ്രായശ്ചിത്തവുമായി ഇന്ദിര
കോടതിവിധി ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കി. സർക്കാർ നയത്തിനെതിരെ ശക്തമായ വിമർശനവും വന്നു. അടിയന്തരാവസ്ഥയുടെ തിരിച്ചടിക്കുശേഷം അധികാരത്തിൽവന്ന ഇന്ദിര തന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നത് അങ്ങനെയാണ്. 1981ൽ, മറ്റൊരു ഭേദഗതി വന്നു. ഇന്ത്യൻ മുസ്ലിംകളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനം പ്രോത്സാഹിപ്പിക്കുകയെന്നതു സ്ഥാപനത്തിന്റെ ലക്ഷ്യമായി വ്യവസ്ഥചെയ്താണ് ഭേദഗതി. നേരത്തെ, ലക്ഷ്യമതായിരുന്നുവെങ്കിലും ആക്ടിൽ അക്കാര്യം കൃത്യതയോടെ പറഞ്ഞിരുന്നില്ല.
ഇതിന് പരിഹാരം കണ്ട്, ന്യൂനപക്ഷ പദവി തിരിച്ചുപിടിക്കുക എന്നതായിരുന്നു പുതിയ ഭേദഗതിയുടെ ലക്ഷ്യം. ആക്ടിൽ ‘സർവകലാശാലയെ’ നിർവചിച്ചപ്പോൾ, ഇന്ത്യൻ മുസ്ലിംകൾ സ്ഥാപിച്ച വിദ്യാഭ്യാസ കേന്ദ്രം എന്നുതന്നെ എഴുതിയത് ഇക്കാരണം കൊണ്ടാണ്. സർവകലാശാലയുടെ അധികാരപരിധി നിശ്ചയിക്കുന്ന അഞ്ചാം വകുപ്പിലും കാര്യമായ മാറ്റങ്ങൾ വരുത്തി. ഈ ഭേദഗതിയുടെ ബലത്തിലാണ് 2004 വരെ മുന്നോട്ടുപോയത്.
50 ശതമാനം സംവരണം
അലീഗഢ് ആക്ടിലെ അഞ്ചാം വകുപ്പിന്റെ പരിധിയിൽനിന്നുകൊണ്ട്, നിയമവിധേയമായിത്തന്നെ മെഡിക്കൽ പി.ജി പ്രവേശനത്തിന് സർവകലാശാല 50 ശതമാനം മുസ്ലിം സംവരണം ഏർപ്പെടുത്തി. എന്നാൽ, 1967ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാണിച്ച് ചില കേന്ദ്രങ്ങൾ അലഹബാദ് ഹൈകോടതിയിലെത്തി. ഹൈകോടതി പ്രവേശന നടപടികൾ റദ്ദാക്കി. ഇതാണ് ഇപ്പോളുള്ള കേസിന്റെ തുടക്കം. 2006ൽ, ഹൈകോടതി വിധിക്കെതിരെ സർവകലാശാല സുപ്രീംകോടതിയിലെത്തി. കേന്ദ്രം ഭരിച്ചിരുന്ന യു.പി.എ സർക്കാർ സർവകലാശാലയുടെ വാദം അംഗീകരിച്ചു.
1981ൽ, പാർലമെന്റ് പാസാക്കിയ നിയമ ഭേദഗതിയോടെ, 1967ലെ സുപ്രീംകോടതിവിധി അപ്രസക്തമായെന്നും അതിനാൽ, ന്യൂനപക്ഷ സ്ഥാപനമെന്ന നിലയിൽ സംവരണം ഏർപ്പെടുത്തുന്നതിൽ ഭരണഘടനാവിരുദ്ധതയില്ലെന്നും സുപ്രീംകോടതിയിൽ കേന്ദ്രം സത്യവാങ്മൂലം നൽകി. അതേസമയം 2006 ഏപ്രിൽ 24ന് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ ബെഞ്ച്, സംവരണ നീക്കത്തിന് സ്റ്റേ ഏർപ്പെടുത്തി; വിഷയം ഭരണഘടനാപരമാണോ എന്ന് നിശ്ചയിക്കാൻ കേസ് വിപുല ബെഞ്ചിലേക്ക് വിടുകയും ചെയ്തു.
ട്വിസ്റ്റ് വരുന്നു
കേസിന്റെ ഏറ്റവും വലിയ ട്വിസ്റ്റ് ഇവിടം മുതലാണ്. 2014ൽ, ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതോടെ അലീഗഢിനോടുള്ള ഭരണകൂട മനോഭാവം മാറി. അലീഗഢിന്റെ പ്രാദേശിക കേന്ദ്രങ്ങൾ അടച്ചുപൂട്ടുമെന്ന് കേന്ദ്രമന്ത്രിമാർതന്നെ ഭീഷണി മുഴക്കി. 2016 ജനുവരിയിൽ കേസ് പിൻവലിക്കുന്നതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
അലീഗഢ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്നും അലഹബാദ് ഹൈകോടതി വിധിക്കെതിരെ യു.പി.എ സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കുകയാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ മുകുൾ റോത്തഗി ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുമ്പാകെ പറഞ്ഞു. രോഹതഗിയും അവലംബിച്ചത് 1967ലെ വിധിയായിരുന്നു. കേന്ദ്ര ആക്ട് പ്രകാരം സ്ഥാപിതമായ സർവകലാശാലക്ക് ന്യൂനപക്ഷ പദവി നൽകാനാവില്ലെന്നു സർക്കാറിന്റെ വാദം. ഇതോടെ, ഹൈകോടതി വിധിക്കെതിരായ പോരാട്ടത്തിൽ അലീഗഢ് മാനേജ്മെന്റ് മാത്രമായി മാറി.
ഭരണഘടന ബെഞ്ചിലേക്ക്
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. 1967ലെ സുപ്രീംകോടതി വിധി വിശദമായി പരിശോധിച്ച് വിഷയത്തിൽ വിധി പുറപ്പെടുവിക്കുന്നതിനായി ഏഴംഗ ഭരണഘടനാ ബെഞ്ചിന് കേസ് കൈമാറാൻ തീരുമാനിച്ചു. 2023 ഒക്ടോബർ 12നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിലേക്ക് കേസ് ലിസ്റ്റ് ചെയ്തത്. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ.
അന്തിമവാദം
2024 ജനുവരി ഒമ്പതിനാണ് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഇരു കക്ഷികളുടെയും വാദം കേട്ടത്. എട്ടു ദിവസം മുഴുവൻ വാദം കേൾക്കാനായി സുപ്രീംകോടതി മാറ്റിവെച്ചു. ഫെബ്രുവരി ഒന്നിന് അവസാന വാദവും കേട്ട പരമോന്നത നീതിപീഠം വിധി പുറപ്പെടുവിക്കുന്നതിനായി കേസ് മാറ്റി.
ഭരണഘടന ബെഞ്ചിൽ വന്ന പ്രധാന വാദങ്ങൾ
30ാം അനുഛേദം ന്യൂനപക്ഷങ്ങളുടെ ഹൃദയവും ആത്മാവും
ന്യൂനപക്ഷങ്ങളുടെ ഹൃദയവും ആത്മാവുമാണ് ഭരണഘടനയുടെ 30ാം അനുഛേദം. അലീഗഢ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി ഭരണഘടനാപരമാണ്. അലീഗഢിന്റെ പച്ചനിറത്തിലുള്ള ഔദ്യോഗിക ചിഹ്നത്തിലുള്ളത് ഖുർആൻ വചനമാണ്. സർവകലാശാലയുടേതായി മുസ്ലിം പള്ളിയുണ്ട്. ഇസ്ലാമിക ദൈവശാസ്ത്രം അവിടെ പാഠ്യവിഷയമാണ്. മുസ്ലിം ന്യൂനപക്ഷ സ്ഥാപനമാണെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും അവിടെയുണ്ട്. ഭരണഘടനാപരമായി അലീഗഢിനെ പൂർണമായും സർക്കാർ നിയന്ത്രണത്തിലാക്കാനാവില്ല.
നിയമമുണ്ടാക്കിയ ശേഷം ഇന്നോളം എല്ലാ കോർട്ട് അംഗങ്ങളും ചാൻസലർമാരും 37ഓളം വൈസ് ചാൻസലർമാരും മുസ്ലിംകളാണ്. അക്കാദമിക് കൗൺസിലിലും എക്സിക്യൂട്ടീവ് കൗൺസിലിലും മുസ്ലിംകളാണ്. സർവകലാശാലയിൽ മുസ്ലിംകളെ നിയമിക്കുന്നത് സർക്കാറാണ്. സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താമെന്ന് പറയുന്ന ഭരണഘടന അനുഛേദത്തിലെ ‘ഇഷ്ടപ്രകാരം’ എന്ന പ്രയോഗത്തിന് അടിവരയിടണം. ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനുമുള്ള അവകാശമുണ്ട്. ഏതെങ്കിലും നിയമം കൊണ്ട് ഭരണഘടന അനുഛേദത്തെ മറികടക്കാനാകില്ല.
ന്യൂനപക്ഷ പദവി ഇല്ലാതാക്കിയാൽ തുല്യതക്കുള്ള അവകാശം ഹനിക്കപ്പെടും
അലീഗഢ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി ഇല്ലാതാക്കിയാൽ തുല്യതക്കുള്ള അവകാശമാണ് ഹനിക്കപ്പെടുക. അത് ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെകൂടി ലംഘനമാകും. ന്യൂനപക്ഷങ്ങൾക്ക് സ്കൂളും കോളജും സർവകലാശാലയും സ്ഥാപിക്കാമെന്ന് ഭരണഘടനയുടെ 30ാം അനുച്ഛേദം പറയുമ്പോൾ അവ നിയമപരമാക്കി യു.ജി.സിയെ സമീപിച്ചാൽ ന്യൂനപക്ഷ പദവി നഷ്ടമാകുമെന്ന് പറയുന്നതിലെ യുക്തി എന്താണ്? ഏതെങ്കിലും നിയമമോ നിയന്ത്രണമോ ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുകയാണെങ്കിൽ അത് റദ്ദാക്കണമെന്ന് ടി.എം.എ. പൈ കേസിൽ സുപ്രീംകോടതിയുടെ 11 അംഗ ബെഞ്ചിന്റെ വിധിയുള്ളതാണ്.
കേന്ദ്രസർക്കാറിന്റെ മറുവാദം
അലീഗഢ് സർവകലാശാല ഇന്ത്യൻ ഭരണഘടന ഉണ്ടാക്കുന്നതിന് മുമ്പുള്ള സർവകലാശാല ആയതിനാൽ ന്യൂനപക്ഷ പദവി നൽകാനാവില്ല. സംവരണമില്ലാതെതന്നെ അലീഗഢ് സർവകലാശാലയിലെ 70 മുതൽ 80 ശതമാനം വരെ വിദ്യാർഥികൾ മുസ്ലിംകളായിരുന്നു; ഇത് അത്യന്തം ഗുരുതരമായ പ്രതിഭാസമാണ്. മുസ്ലിംകൾക്ക് 50 ശതമാനം സംവരണം നൽകിയാൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് സംവരണമുണ്ടാകില്ല. ഇത് സാമൂഹിക നീതിക്കെതിരാണ്. ദേശീയപ്രാധാന്യമുള്ള ഒരു സ്ഥാപനം ദേശീയഘടനയെ പ്രതിഫലിപ്പിക്കണം. 1920ലെ ആക്ട് വഴി അലീഗഢ് അതിന്റെ ന്യൂനപക്ഷ പദവി ബ്രിട്ടീഷ് സർക്കാറിന് അടിയറവ് വെച്ചതാണ്. അതിനാൽ, 1967ലെ സുപ്രീംകോടതി വിധി അനുസരിച്ച് റദ്ദാക്കപ്പെട്ട ന്യൂനപക്ഷ പദവി പുനഃസ്ഥാപിച്ചുകൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.