പരദേശി
text_fieldsലോകം ഉറ്റുനോക്കുന്നൊരു മുഹൂർത്തത്തെ അൽപം നാടകീയമായി അവതരിപ്പിക്കുന്നതിൽ തെറ്റില്ല. അതിനാൽ, ലണ്ടനിൽ നിന്നിറങ്ങുന്ന സകല ഇംഗ്ലീഷ് മാധ്യമങ്ങളെയും തൽക്കാലം വിശ്വാസത്തിലെടുക്കാം. നൊബേൽ സമ്മാനം കൊടുക്കുന്ന സ്വീഡിഷ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി മാറ്റ്സ് മലാം അവാർഡ് വിവരം പറയാൻ അബ്ദുറസാഖ് ഗുർനയെ ഫോണിൽ വിളിക്കുേമ്പാൾ ടിയാൻ കൻറർബറിയിലെ വീട്ടിലെ അടുക്കളയിൽ പാചകത്തിൽ മുഴുകിയിരിക്കുകയായിരുന്നുവത്രെ. ഉച്ചഭക്ഷണത്തിനുള്ള തയാറെടുപ്പുകൾ അവതാളത്തിലാക്കാൻ മലാമിെൻറ ശബ്ദത്തിൽ തന്നെ ആരോ 'പ്രാങ്ക്' (പച്ചമലയാളത്തിൽ പറഞ്ഞാൽ ആളെ വട്ടംകറക്കുന്ന 'തരികിട' പരിപാടി) ചെയ്യുന്നതായാണ് ഗുർനക്ക് തോന്നിയത്. അൽപസമയശേഷം, സ്റ്റോക്ഹോമിലെ അക്കാദമി ഹാളിൽ മലാം സാഹിത്യ നൊബേൽ ജേതാവിനെ പ്രഖ്യാപിക്കുന്നത് ലൈവിൽ കണ്ടപ്പോഴാണ് സംഗതി സ്വപ്നവും പ്രാങ്കുമൊന്നുമല്ലെന്ന് ഗുർനക്ക് ബോധ്യം വന്നത്. ഇങ്ങനെയൊരു പേര് നിരൂപകരുടെ ശ്രദ്ധയിൽ അധികം ഇല്ലായിരുന്നുവല്ലോ. എന്തിന്, നൊബേൽ വാതുവെപ്പുകാർ മുന്നോട്ടുവെച്ച പട്ടികയിലും ഗുർന പുറത്തായിരുന്നു. അപ്പോൾപിന്നെ, ഏതു സാധാരണക്കാരനെയുംപോലെ ദിനചര്യകളിൽ വ്യാപൃതനായ ഗുർനയുടെ ഞെട്ടലിൽ യാദൃച്ഛികതയില്ല.
ഗുർനയിലൂടെ ആഫ്രിക്കൻ വൻകരയിലേക്ക് വീണ്ടുമൊരു സാഹിത്യനൊബേൽ എത്തിയിരിക്കുന്നു. ആ ഗണത്തിൽ അധികം പേരൊന്നുമില്ല. വൊലേ സോയിങ്ക (1986), നജീബ് മഹ്ഫൂസ് (1988), നദീൻ ഗോർഡിമർ ( 1991), ജോൺ മാക്സ്െവൽ കോട്സീ (2003) തുടങ്ങിയ പേരുകളൊക്കെ ഒാർമിക്കാം. വേണമെങ്കിൽ, ആഫ്രിക്കൻ വംശജർ എന്ന നിലയിൽ കാമുവിെൻറയും ഡോറിസ് ലെസ്സിങ്ങിെൻറയും കൂടി പേര് ചേർക്കാം. പക്ഷേ, ആഫ്രിക്കയിൽനിന്ന് ബ്രിട്ടനിലേക്ക് പറിച്ചുനടപ്പെട്ട എഴുത്തുകാരൻ എന്ന നിലയിൽ ജീവിതം കൊണ്ട് ഗുർന എന്ന 73കാരൻ സോയിങ്കയുടെയും ലെസ്സിങ്ങിെൻറയും പിൻഗാമിയാണെന്നു പറയേണ്ടിവരും.
യുദ്ധവും ആഭ്യന്തരകലഹവും പലായനവുമൊക്കെ വ്യത്യസ്തസന്ദർഭങ്ങളിലാണെങ്കിലും ഇവരെയൊക്കെ ഒന്നിപ്പിക്കുന്നുണ്ട്. അപ്പോഴും ഗുർന വേറിട്ടുനിൽക്കുന്നു. കാരണം, സ്വന്തം ജീവിതാനുഭവങ്ങൾ തന്നെയാണ് അദ്ദേഹം പലവിധത്തിൽ ആവിഷ്കരിച്ചത്. ഒാർമകൾ ഒരാളുടെ 'സ്വകാര്യ സാഹിത്യ'മാണെന്ന ആൽഡസ് ഹക്സിലിയുടെ ക്ലാസിക്കൽ സിദ്ധാന്തത്തെ വകഞ്ഞുമാറ്റിയാണ് ഗുർന സഞ്ചരിച്ചത്. ഒാർമകളെ മികച്ച രാഷ്ട്രീയായുധമാക്കി അയാൾ; ആ ഒാർമകളിലൂടെ പലായനത്തിെൻറയും അഭയാർഥിത്വത്തിെൻറയും വ്യഥകൾ പറഞ്ഞു. ആ ആഖ്യാനങ്ങൾക്കുള്ള അംഗീകാരമാണ് ഇൗ നൊബേൽ. സംസ്കാരങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും ഇടയിൽപെട്ട അഭയാർഥികളുടെ ഭാവിയെക്കുറിച്ച് ഒരൊത്തുതീർപ്പിനും മുതിരാതെ, എന്നാൽ ആർദ്രത കൈവിടാതെ ഗുർന നടത്തിയ തീക്ഷ്ണമായ പരിശോധനകൾ തേടിപ്പിടിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ വായനക്കാരും നിരൂപകരും.
'പറുദീസ'(പാരഡൈസ്)യാണ് മാസ്റ്റർ പീസ്. 1994ലെ ബുക്കർ പ്രൈസിന് നാമനിർദേശം ചെയ്യപ്പെട്ടുവെങ്കിലും അക്കുറി അത് ജെയിംസ് കെൽമാൻ എന്ന സ്കോട്ലൻഡുകാരൻ കൊണ്ടുപോയി. കിഴക്കനാഫ്രിക്കയിൽ ഒന്നാം ലോകയുദ്ധകാലത്തെ വംശീയസംഘർഷങ്ങൾക്കിടയിൽ ഞെരുങ്ങിയമരുന്ന ഒരു തലമുറയെയാണ് 'പറുദീസ'യിൽ ചിത്രീകരിച്ചത്. പിതാവിെൻറ കടത്തിനു ജാമ്യമായി വിൽക്കപ്പെടുന്ന യൂസുഫ് എന്ന ബാലനാണ് അതിലെ നായകൻ. അധിനിവേശത്തിെൻറ കണ്ണീരും രക്തവുമെല്ലാം യൂസുഫിെൻറ ജീവിതത്തിലൂണ്ട്. ആറുവർഷത്തിനുശേഷം പുറത്തുവന്ന 'കടലോരത്ത്' (ബൈ ദി സീ) എന്ന നോവലിൽ ചിത്രീകരിക്കുന്നതും അധിനിവേശത്തിെൻറയും അഭയാർഥിത്വത്തിെൻറയും സങ്കീർണതകളാണ്. താൻസനിയയിൽനിന്ന് ബ്രിട്ടനിലേക്ക് കുടിയേറുന്ന സാലിഹ് ഉമർ ആണ് അതിലെ പ്രധാനകഥാപാത്രം. ലണ്ടനിൽ അയാൾക്ക് പ്രവേശനം അനുവദിക്കപ്പെടുന്നത് ഭൂതകാലത്തിെൻറ എല്ലാ ഒാർമകളെയും മായ്ച്ചുകളഞ്ഞുവെന്ന് അധികാരികൾക്കുമുന്നിൽ സ്വയം പ്രഖ്യാപിക്കപ്പെടുന്നതോടെ മാത്രമാണ്. പൂർണമായും അഭയാർഥി സ്വത്വത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നുണ്ട് അയാൾ. ''ഞാൻ മുന്നോട്ടുഗമിക്കാൻ ആഗ്രഹിക്കുന്നു; പക്ഷേ, എല്ലായ്പ്പോഴും എെൻറ പ്രയാണം പിന്നോട്ടാണെന്നാണ് എനിക്ക് തോന്നുന്നത്''- സാലിഹ് ഉമറിെൻറ ഇൗയൊരറ്റ വർത്തമാനത്തിലുണ്ട് ആ നോവലിെൻറ ത്രെഡ്.
ആ ത്രെഡ് കേവലം ഭാവനയല്ല; ഗുർനയുടെ ജീവിതംതന്നെയാണത്. 18ാം വയസ്സിൽ താൻസനിയയിൽനിന്ന് ഗുർനയും അഭയാർഥിയായി ലണ്ടനിലെത്തുകയായിരുന്നല്ലോ. 20 വർഷം മുമ്പ്, അക്കഥ ഗുർന 'ഗാർഡിയനി'ൽ വിശദമായി എഴുതിയിട്ടുണ്ട്. 1960കളിലാണ് സംഭവം. ഗുർനയുടെ ജന്മദേശമായ സാൻസിബാർ അന്ന് താൻസനിയയുടെ ഭാഗമായിട്ടില്ല. 1963ൽ, ആ ദേശത്തുനിന്ന് ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു. അന്നവിടെ ഭരിച്ചിരുന്നത് ജംഷിദ് ബിൻ അബ്ദുല്ലയാണ്. രണ്ടു നൂറ്റാണ്ടായുള്ള അറബ് ഭരണകൂടത്തിെൻറ അവസാന പ്രതിനിധി. ഏതാനും ആഴ്ചകൾ മാത്രമാണ് ജംഷിദിന് സിംഹാസനത്തിലിരിക്കാൻ കഴിഞ്ഞത്. തുടർച്ചയായ തെരഞ്ഞെടുപ്പുകൾക്കൊടുവിൽ അവിടെ സാമാന്യം വലിയൊരു സായുധ വിപ്ലവത്തിനുതന്നെ തുടക്കമായി- സാൻസിബാർ വിപ്ലവം; വിപ്ലവാനന്തരം, കമ്യൂണിസ്റ്റുകളുടെ പിന്തുണയോടെ ആബിദ് കരുമോ അധികാരത്തിലെത്തി. അതോടെ, അറബ് വംശജർക്ക് കഷ്ടകാലമായി.
4000ത്തോളം അറബ് സിവിലിയന്മാർ ഏതാനും ദിവസങ്ങൾക്കിടെ അവിടെ കൊല്ലപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. അതിലെത്രയോ ഇരട്ടിപേർക്ക് രാജ്യം വിടേണ്ടിവന്നു. ആ പതിനായിരങ്ങളിൽ ഒരാളായിരുന്നു ഗുർന. കുടിയേറ്റക്കാരെയും അഭയാർഥികളെയും സ്വീകരിക്കുന്നതിനെതിരെ ബ്രിട്ടനിൽ വലിയ പ്രക്ഷോഭങ്ങൾ നടക്കുന്ന കാലംകൂടിയായിരുന്നു അത്. ലേബർ പാർട്ടിയൊക്കെ പുതിയ കുടിയേറ്റ വിരുദ്ധ നിയമങ്ങൾക്ക് കോപ്പുകൂട്ടിയ കാലം. തീർത്തും പ്രതികൂലമായ കാലുഷ്യത്തിെൻറയും അപരവത്കരണത്തിെൻറയും ആ അന്തരീക്ഷത്തിലേക്കാണ് 400 പൗണ്ടുമായി സഹോദരനൊപ്പം ഗുർന വിമാനമിറങ്ങിയത്. സാലിഹ് ഉമറിനെപ്പോലെ ഗുർനയും താനൊരു അഭയാർഥി മാത്രമാണെന്ന് വിമാനത്താവള അധികൃതർക്കുമുന്നിൽ പ്രഖ്യാപിച്ചശേഷം മാത്രമാണ് അയാളെ ഗേറ്റ് കടത്തിവിട്ടത്.
പിന്നീട് നടന്നതെല്ലാം നമുക്ക് മുന്നിലുണ്ട്. സാൻസ്ബറിയിൽനിന്ന് സ്കൂൾ പഠനം പൂർത്തിയാക്കിയിരുന്നു. കൻറർബറിയിലെ ക്രൈസ്റ്റ് ചർച്ച് കോളജിലായിരുന്നു തുടർപഠനം. പിന്നീട് കെൻറ് സർവകലാശാലയിൽനിന്ന് ഗവേഷണ ബിരുദം. പടിഞ്ഞാറൻ ആഫ്രിക്കൻ സാഹിത്യത്തെക്കുറിച്ചായിരുന്നു ഗവേഷണം. ഇൗ കാലത്തുതന്നെ നൈജീരിയയിലെ കാനോ സർവകലാശാലയിൽ അധ്യാപകനുമായി. അതും കഴിഞ്ഞാണ് കെൻറ് സർവകലാശാലയിൽ അധ്യാപകനും ഗവേഷകനുമായൊക്കെ ചെലവഴിക്കുന്നത്. കെൻറിലെ അധ്യാപനകാലത്താണ് സജീവ എഴുത്തിലേക്ക് കടന്നത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, അഭയാർഥി ജീവിതത്തിൽനിന്നും സാേങ്കതികമായി മുക്തി നേടിയ നെടുവീർപ്പിലാണ് എഴുത്താരംഭിക്കുന്നത്. ആ എഴുത്തുകൾ ഒാർമകളിലൂടെ സഞ്ചരിക്കുക സ്വാഭാവികം മാത്രം. അങ്ങനെയാണ് എണ്ണം പറഞ്ഞ കൃതികൾ പുറത്തുവന്നത്.
1987ലെ 'മെമ്മറീസ് ഒാഫ് ഡിപാർച്ചർ' മുതൽ കഴിഞ്ഞവർഷമിറങ്ങിയ 'ആഫ്റ്റർ ലൈവ്സ്' വരെയുള്ള പത്തു നോവലുകൾ. അഭയാർഥികളുടെ സാംസ്കാരികമായ ഉഭയാവസ്ഥകളും അത് സൃഷ്ടിക്കുന്ന സങ്കീർണതകളും എല്ലാ എഴുത്തുകളിലും ദർശിക്കാം. അത് ഭാഷയിൽവരെയുണ്ട്. ഇംഗ്ലീഷിലെഴുതുേമ്പാഴും മാതൃഭാഷയായ സാഹിലിയുടെ ഒാർമകൾ ഇടക്കിടെ കടന്നുവരുന്നത് കാണാം. ഗുർനയുടെ അക്കാദമിക് എഴുത്തുകളുടെയും വിഷയം മറ്റൊന്നല്ല. കോളനിയാനന്തര സാഹിത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിെൻറ കിടയറ്റ ലേഖനങ്ങൾ, റുഷ്ദിയെയും സോയിങ്കയെയും നെയ്പോളിനെയും എങുഗി തിയോങ്ങിനെയുമെല്ലാം കുറിച്ച ആധികാരിക പഠനങ്ങളാണ്. റുഷ്ദിയെക്കുറിച്ച ഒരു ലേഖന സമാഹാരം അദ്ദേഹം എഡിറ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.