ഖിലാഫത്ത് സമരപ്രചാരണവുമായി ഗാന്ധിജിയുടെ കേരളപ്രവേശനം
text_fields1920 ആഗസ്റ്റ് 18നാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത്. സ്വാതന്ത്ര്യസമര നായകരായിരുന്ന അലി സഹോദരന്മാരിലെ മൗലാന ഷൗക്കത്തലിയും കൂടെയുണ്ടായിരുന്നു.
ഖിലാഫത്ത് പ്രസ്ഥാനത്തിേൻറയും നിസ്സഹകരണ സമരത്തിെൻറയും പ്രചാരണത്തിനുവേണ്ടി രാജ്യത്താകമാനം സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗാന്ധിജി അന്നാളുകളില്‍. മൗലാന അബുല്‍കലാം ആസാദോ അലി സഹോദരന്മാരില്‍ ആരെങ്കിലും ഒരാളോ ആണ് ഈ യാത്രകളില്‍ ഗാന്ധിജിയെ അനുഗമിച്ചിരുന്നത്. കോഴിക്കോട്ട് വന്നപ്പോള്‍ മൗലാന ഷൗക്കത്തലിയായിരുന്നു കൂടെ. ഉച്ചക്ക് 2.30ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. വമ്പിച്ച ജനക്കൂട്ടം കാത്തുനിന്നിരുന്നു.
ഖാൻബഹദൂർ പി.കെ. മുത്തുക്കോയ തങ്ങൾ ഗാന്ധിജിയെ മാലയിട്ടു സ്വീകരിച്ചു. അഞ്ഞൂറോളം പ്രവർത്തകർ സംബന്ധിച്ച നേതൃസമ്മേളനത്തിൽ അദ്ദേഹം ആദ്യം പ്രസംഗിച്ചു. വൈകുന്നേരം 6.30ന് കടപ്പുറത്ത് വൻ പൊതുസമ്മേളനം. ഇരുപതിനായിരത്തിലേറെ ആളുകൾ പങ്കെടുത്തിരുന്നു. വേദിയിൽവെച്ച് കെ. രാവുണ്ണി മേനോൻ 2500 രൂപയുള്ള പണക്കിഴി ഖിലാഫത്ത് നിധിക്കുവേണ്ടി ഗാന്ധിജിക്ക് സമ്മാനിച്ചു.
കെ. മാധവൻ നായരാണ് ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് ഗാന്ധിജി സംസാരം ആരംഭിച്ചത്. ''നിങ്ങൾ നൽകിയ ഹൃദ്യമായ സ്വീകരണത്തിന് എെൻറ സഹോദരൻ ഷൗക്കത്തലിക്കും എനിക്കും വേണ്ടി ഞാൻ അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു. ഞങ്ങളുടെ ഈ ദൗത്യത്തിെൻറ ഉദ്ദേശ്യം എന്താണെന്ന് വിവരിക്കുന്നതിനുമുമ്പ് നിങ്ങളെ ഒരു വിവരം അറിയിക്കാനുണ്ട്. സിന്ധിൽ രാജ്യദ്രോഹക്കുറ്റത്തിന് വിസ്തരിക്കപ്പെട്ടിരുന്ന പീർ മഹ്ബൂബ് ഷായെ രണ്ടു കൊല്ലത്തെ വെറും തടവിന് ശിക്ഷിച്ചിരിക്കുന്നു. പീറിെൻറ മേൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം എന്താണെന്ന് എനിക്ക് ശരിക്ക് അറിഞ്ഞുകൂടാ. എന്നാൽ, ഒരു കാര്യം എനിക്കറിയാം. പീർ സാഹിബ് കേസ് വാദിക്കാൻ ഒരുങ്ങിയില്ല. അദ്ദേഹം തനിക്കു നൽകിയ ശിക്ഷ തികഞ്ഞ നിസ്സംഗതയോടെ സ്വീകരിക്കുകയാണുണ്ടായത്. അത് എനിക്ക് ഹൃദയം നിറഞ്ഞ ആഹ്ലാദമുളവാക്കി. കാരണം അനുയായികളുടെമേൽ ഇത്രകണ്ടു വമ്പിച്ച സ്വാധീനമുള്ള പീർസാഹിബ് നാം തുടങ്ങിവെച്ച പ്രക്ഷോഭത്തിെൻറ ആന്തരാർഥം എന്താണെന്ന് മനസ്സിലാക്കിയിരിക്കുന്നു.''
ഈ ആമുഖത്തിൽനിന്ന് തുർക്കി സുൽത്താെൻറമേൽ ബ്രിട്ടൻ കെട്ടിവെച്ച ഉടമ്പടിയിലേക്ക് കടന്നു. അതുവഴി ഖിലാഫത്ത് പ്രസ്ഥാനത്തിലെത്തുന്ന പ്രസംഗം തുടരുന്നു:
''ഖിലാഫത്ത് പ്രശ്നം ഞാൻ നന്നായി പഠിച്ചിട്ടുണ്ട്. ഖിലാഫത്ത് പ്രശ്നത്തെക്കുറിച്ചുള്ള മുസൽമാെൻറ വികാരം എന്താണെന്ന് മനസ്സിലാക്കാനായിട്ടുണ്ട്. അതുകൊണ്ടിതാ വീണ്ടും ഞാൻ ഇവിടെ വെച്ചു പ്രഖ്യാപിക്കുന്നു, ഖിലാഫത്ത് പ്രശ്നത്തിൽ സർക്കാർ മുസൽമാെൻറ വികാരങ്ങളെ മുെമ്പാരിക്കലും ഉണ്ടായിട്ടില്ലാത്ത രീതിയിൽ വ്രണപ്പെടുത്തിയിരിക്കുകയാണെന്ന്. ഇന്ത്യയിൽ മുസൽമാന്മാർ അങ്ങേയറ്റത്തെ നിയന്ത്രണം പാലിച്ചിരുന്നില്ലെങ്കിൽ, നിസ്സഹകരണത്തിെൻറ സന്ദേശം അവർക്ക് പറഞ്ഞുകൊടുത്തിരുന്നില്ലെങ്കിൽ ഇവിടെ ഇതിനകംതന്നെ രക്തച്ചൊരിച്ചിൽ ഉണ്ടാകുമായിരുന്നു. മുസൽമാെൻറ ലക്ഷ്യപ്രാപ്തിക്ക് രക്തച്ചൊരിച്ചിൽ സഹായകമാവുകയില്ലെന്നു തീർച്ചയാണ്. എന്നാൽ, ക്ഷുഭിതനായ ഒരു മനുഷ്യൻ, വ്രണിതഹൃദയനായ ഒരു മനുഷ്യൻ, തെൻറ പ്രവൃത്തിയുടെ നന്മതിന്മകളെക്കുറിച്ച് ചിന്തിക്കുകയില്ല. ഖിലാഫത്ത് പ്രശ്നത്തെക്കുറിച്ച് എനിക്ക് ഇത്രയുമാണ് പറയാനുള്ളത്.''
തുടർന്ന്, പഞ്ചാബിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. ഒടുവിൽ ബിരുദങ്ങളും പദവികളും വിദേശവസ്ത്രങ്ങളും ബഹിഷ്കരിക്കുന്നതിന് ആഹ്വാനം ചെയ്തു. ''നിങ്ങള്‍ നിസ്സഹകരണത്തിെൻറ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഉടനടി ഊർജിതമായിത്തന്നെ തുടങ്ങണം. ഇന്നലെവരെ ബഹുമതിയായി കരുതപ്പെടുന്ന ബിരുദങ്ങള്‍ ഇന്നുമുതല്‍ അപമാനത്തിെൻറ മുദ്രകളാണ്. അതുകൊണ്ട് ബഹുമതി ബിരുദങ്ങളും എല്ലാ ഓണററി ഉദ്യോഗങ്ങളും ഉടന്‍ ഉപേക്ഷിക്കണം. സര്‍ക്കാറിെൻറ പ്രവൃത്തികളെ ജനനേതാക്കള്‍ അംഗീകരിക്കുന്നില്ല എന്നതിെൻറ ശക്തമായ ഒരു പ്രകടനമായിരിക്കണം അത്. വക്കീലന്മാര്‍ കോടതിയില്‍ പോകുന്നത് നിര്‍ത്തണം. സര്‍ക്കാര്‍ നിയന്ത്രിക്കുന്നതും സഹായിക്കുന്നതുമായ വിദ്യാലയങ്ങളില്‍നിന്ന് നമുക്ക് വിദ്യാഭ്യാസം ആവശ്യമില്ല. ഖിലാഫത്ത് പ്രശ്നത്തിലും പഞ്ചാബിെൻറ കാര്യത്തിലും അനീതിയും അസത്യവും വെച്ചുപുലര്‍ത്തുന്ന ഒരു ഭരണകൂടത്തോട് സഹകരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഈ അക്ഷരാഭ്യാസം വേണ്ടെന്നുവെക്കുന്നത്''-എന്നിങ്ങനെ നിസ്സഹകരണ സമരത്തിെൻറ പരിപാടികള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗാന്ധിജി പ്രസംഗം അവസാനിപ്പിച്ചത്.
തുടര്‍ന്ന് പ്രസംഗിച്ച ഷൗക്കത്തലി, ''മലബാറിലെ മാപ്പിളമാര്‍ ബ്രിട്ടീഷ് ഗവൺമെൻറിന് എതിരായി യുദ്ധം ചെയ്യണം'' എന്ന് പ്രഖ്യാപിച്ചു. 'ഗാന്ധിജിയുമായി സഹകരിച്ച്, ഹിന്ദുക്കളുമായി സഹകരിച്ച്, ബ്രിട്ടീഷ് ഗവൺമെൻറിെൻറ നയങ്ങള്‍ക്കെതിരെ പോരാടണം' എന്ന ആഹ്വാനമായിരുന്നു ഷൗക്കത്തലിയുടേത്.
കോഴിക്കോട്ടെ പ്രസംഗം കഴിഞ്ഞ ശേഷം താനും മുഹമ്മദ് അബ്ദുറഹ്മാനും ഗാന്ധിജിയുമായി സംസാരിച്ചെന്ന് ഖിലാഫത്ത് സമരത്തിെൻറ പേരില്‍ ശിക്ഷിക്കപ്പെട്ട എം.പി. നാരായണ മേനോന്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
''മാപ്പിളമാര്‍ അഹിംസയും ആക്രമരാഹിത്യവും വേണ്ടപോലെ മനസ്സിലാക്കിയിട്ടില്ലെന്നും ഗാന്ധിജിയുടെ സഹകരണത്യാഗവും ഈ നയങ്ങളുടെ പിന്നിലുള്ള ഫിലോസഫിയും ശക്തിയും പറഞ്ഞുപഠിപ്പിച്ച് സഹകരണത്യാഗികള്‍ ആക്കുന്നതുവരെ പടക്കളത്തിലിറക്കുന്നത് അപകടമായേക്കും എന്നും അദ്ദേഹത്തെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു'' -എം.പി. നാരായണ മേനോന്‍ പിൽക്കാലത്ത് ജീവചരിത്രകാരനോട് സംഭവം അനുസ്മരിച്ചു.
എന്നാല്‍, അന്നത്തെ മുതിര്‍ന്ന നേതാക്കളായ രാജഗോപാലാചാരിയുടെയും കെ.പി. കേശവ മേനോെൻറയും വാദങ്ങള്‍ക്കുമുന്നില്‍ തങ്ങള്‍ തോറ്റുപോയെന്നും എം.പി പറഞ്ഞിട്ടുണ്ട്.
ആദ്യത്തെ വരവില്‍ ഒറ്റദിവസം മാത്രമാണ് ഗാന്ധിജി കോഴിക്കോട്ട് തങ്ങിയത്. ആഗസ്റ്റ് 19നു രാവിലെ തീവണ്ടിമാർഗം ഗാന്ധിജിയും ഷൗക്കത്തലിയും മംഗലാപുരത്തേക്ക് തിരിച്ചു. അതിനിടയില്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഗാന്ധിജിക്ക് സ്വീകരണം നല്‍കിയ കാര്യം സ്വാതന്ത്ര്യസമര നായകനായ മൊയാരത്ത് ശങ്കരനും ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയും ഷൗക്കത്തലിയും പ്ലാറ്റ്ഫോറത്തിലിറങ്ങി കാണാനെത്തിയവരോട് സംസാരിച്ചെന്നും മൊയാരത്ത് പറയുന്നുണ്ട്.
പിന്നീട് പലയാത്രകളിലുമായി കേരളത്തിലെ അയിത്തോച്ചാടനം അടക്കമുള്ള പല പ്രശ്നങ്ങളിലും ഗാന്ധിജി ഇടപെട്ടിട്ടുണ്ടെങ്കിലും ആദ്യത്തെ വരവ്, 1920 ആഗസ്റ്റ് 18ലെ വരവ് സമരപ്രചാരണ യാത്ര മാത്രമായിരുന്നു. നാട്ടുരാജാക്കന്മാരുടേയും പ്രഭുക്കന്മാരുടെയും കൈയിലായിരുന്ന രാഷ്ട്രീയത്തെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിട്ടത് ആ വരവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.