ആയുര്‍വേദ കുലപതിക്ക് നൂറാം പിറന്നാൾ
text_fieldsകോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ രണ്ടാമത്തെ ട്രസ്റ്റിയാണ് പി.കെ. വാര്യര്‍. അദ്ദേഹത്തിന്റെ മുന്‍ഗാമി പി.എം. വാര്യര്‍ ഒരു വൈദ്യശാലയും ആയുര്‍വേദ മരുന്നു വില്പനശാലയുമായാണ് 1902ല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ചരിത്രത്തിന് തുടക്കമിടുന്നത്. 1917ല്‍ ആരംഭിച്ച ആര്യവൈദ്യ പാഠശാല പിന്നീട് ആയുര്‍വേദ കോളജ് ആയി രൂപാന്തരം പ്രാപിച്ചു. 1944-1953 കാലഘട്ടത്തില്‍ ആദ്യ മാനേജിങ് ട്രസ്റ്റിയെന്ന നിലയില്‍ അദ്ദേഹം കോട്ടക്കല്‍ ആര്യവൈദ്യശാലയെ ആധുനികവത്കരിക്കുകയും നവീന പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. 1953ല്‍ വിമാനാപകടത്തിലാണ് പി.എം.വാര്യര്‍ മരണമടയുന്നത്. അദ്ദേഹത്തിന്റെ കാൽപാട് തുടർന്നെത്തിയ ഡോ.പി.കെ. വാര്യർ വൈദ്യശാലയുടെ തന്ത്രപ്രധാനമായ ആയുര്‍വേദ ഗവേഷണങ്ങളിലും ശ്രദ്ധ പതിപ്പിച്ചു. അതിന്റെ ഫലമായാണ് സെൻറര്‍ ഫോര്‍ മെഡിസിനല്‍ പ്ലാൻറ്സ് ആന്‍ഡ് റിസര്‍ച്ച് സ്ഥാപിതമായത്.
അഞ്ചു സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള ആയുര്‍വേദമെന്ന ജീവിതചര്യയില്‍ ഗവേഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചയുടെ തെളിവാണ്. മാറാവ്യാധികൾ ബാധിച്ചവരും അപകടങ്ങളില്‍ നാഡീവ്യൂഹങ്ങള്‍ തകരാറിലായവരും ഉൾപ്പെടെ വിദേശത്തുനിന്നുപോലും ആശുപത്രികള്‍ കൈവെടിഞ്ഞ രോഗികളെ ആയുര്‍വേദത്തിലൂടെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞ സംഭവങ്ങള്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം വിവരിച്ചത് ഓര്‍ക്കുന്നു. വിദേശ രാജ്യങ്ങളിലെ ജനതയും നേതാക്കളും ആയുര്‍വേദത്തെ സ്വജീവിതത്തിലേക്ക് പല വിധത്തിലും സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നുവെങ്കിൽ അതിൽ ഡോ. പി.കെ. വാര്യര്‍ക്കുള്ള പങ്ക് വിസ്മരിക്കാവുന്നതല്ല.
സ്പെയിനിലെ രാജകുമാരൻ, ശ്രീലങ്കൻ മുന്‍ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെ, ഇന്ത്യൻ രാഷ്ട്രപതിമാരായിരുന്ന വി.വി. ഗിരി, ഡോ. കെ.ആർ. നാരായണൻ, ഡോ. എ.പി.ജെ അബ്ദുൽ കലാം, സ്വാതന്ത്ര്യസമര സേനാനികളായ ജയപ്രകാശ് നാരായണന്, കെ. കേളപ്പന്, എ.കെ.ജി, ഇ.എം.എസ്, മുന്‍ രാഷ്്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മയുടെ പത്നി വിമല ശര്‍മ ഉള്‍പ്പെടെ പല പ്രമുഖരും ഡോ. പി.കെ. വാര്യരുടെ ചികിത്സാനുഗ്രഹത്തിെൻറയും പരിചരണത്തിന്റെയും പ്രയോജനം ലഭിച്ചവരാണ്.
ആയുര്‍വേദം രോഗത്തെയല്ല, രോഗിയെ ആണ് ചികിത്സിക്കുന്നത്. ഓരോ മനുഷ്യനിലും വ്യത്യസ്ത അളവില്‍ കാണപ്പെടുന്ന ത്രിദോഷങ്ങളെ സന്തുലിതമാക്കുകയാണ് ആയുര്‍വേദത്തിന്റെ രീതി. കോവിഡ് മഹാമാരിയുടെ കാലത്ത് രോഗപ്രതിരോധത്തില്‍ കാര്യമായ പങ്കുവഹിക്കാന്‍ ആയുര്‍വേദത്തിന് സാധിക്കുന്നതും അതുകൊണ്ടുതന്നെ. ദിവസവും നൂറുകണക്കിനാളുകള്‍ക്കാണ് കോട്ടക്കല്‍ ആര്യവൈദ്യശാലയിലൂടെ സൗജന്യമായി അദ്ദേഹം കോവിഡ് അനന്തര ചികിത്സ ലഭ്യമാക്കുന്നത്.
ശരീരത്തെ പ്രകൃതിയോട് ചേര്‍ത്തുനിർത്തുന്നതാണ് അടിസ്ഥാന തത്ത്വം. മാനസികസമ്മർദം പോലുള്ള വൈഷമ്യങ്ങളുടെ പരിഹാരത്തിന് ആത്മീയബോധം വര്‍ധിപ്പിച്ച്, ആത്മനിര്വൃതിയിലൂടെ മനസ്സിനെ ശാന്തമാക്കുന്ന രീതി അവലംബിക്കുന്നു. ചിട്ടയായ ദിനചര്യകള്‍ നിഷ്കര്‍ഷിക്കുന്നതും മനസ്സിനും ശരീരത്തിനും അയവുവരുത്താന്‍ ധ്യാനം നിർദേശിക്കുന്നതുമൊക്കെ ഹോര്‍മോണുകളെ വേണ്ടവിധത്തില്‍ ശരീരത്തിന് ഉപയുക്തമാകുംവിധം നിലനിർത്താന്‍ സഹായിക്കും. ഭൗതികാസക്തിയും പണത്തോടുള്ള ആര്‍ത്തിയും വര്‍ധിപ്പിക്കുന്ന വിദ്യാഭ്യാസമല്ല വിവേകാനന്ദന് കണ്ട മനുഷ്യനെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസമാണ് നമുക്കാവശ്യമെന്ന തത്ത്വത്തിലാണ് ഡോ.പി.കെ. വാര്യര്‍ ഇന്നും ഉറച്ചുവിശ്വസിക്കുന്നത്. ആയുര്‍വേദ പഠനത്തിന് ഒരുക്കിയ വിശാലമായ അവസരങ്ങളിലൂടെ അദ്ദേഹം നടപ്പിൽവരുത്തിയതും അതുതന്നെയാണ്.
ഇന്നത്തെ ജനസമൂഹം മാറുന്ന ജീവിതചര്യക്കനുസരണമായി ധാരാളം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. അതിനെല്ലാം തന്റെ പ്രായോഗിക സമീപനത്തിലൂടെ മറുപടി പറഞ്ഞ ഡോ. പി.കെ. വാര്യര്‍ ഒരു ചികിത്സാരീതിയോടും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, അവസരോചിതമായി ഏതു ചികിത്സാരീതിയും ഉപയോഗിക്കാമെന്നും വിശ്വസിക്കുന്നു. 'സേവനം തന്നെ ജീവിതം' എന്ന മഹദ് വചനം ആരോഗ്യദാനത്തിലൂടെ അന്വര്‍ഥമാക്കിയ ഈ ജീവിതം വരും തലമുറകൾക്കുള്ള പാഠപുസ്തകമാണ്.
(കോട്ടക്കല്‍ ആര്യ വൈദ്യശാല ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.