അധിനിവേശത്തിന്റെ അടിവേര്
text_fields‘‘ജൂതസമൂഹത്തിന് ഫലസ്തീനിൽ ഒരു ദേശീയഗേഹം സ്ഥാപിച്ചെടുക്കുന്നതിന് അനുകൂലമായാണ് സർക്കാർ നിലപാട്. ആയതിനാൽ, ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാവശ്യമായ ശ്രമങ്ങൾ പരമാവധി നടത്തും. എന്നാൽ, ഫലസ്തീനിൽ വസിച്ചുപോരുന്ന ഇതര സമുദായങ്ങളുടെ മതപരവും അല്ലാത്തതുമായ അവകാശങ്ങളോ മറ്റു രാജ്യങ്ങളിലെ ജൂതർ അനുഭവിക്കുന്ന അവകാശങ്ങളോ രാഷ്ട്രീയ പദവിയോ ഹനിക്കുന്ന ഒന്നും ഇതിന്റെ പേരിൽ പ്രവർത്തിക്കില്ലെന്ന് വ്യക്തമായി മനസ്സിലാക്കണം’’
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ജെയിംസ് ബാൽഫർ 1917 നവംബർ രണ്ടിന് പുറപ്പെടുവിച്ച ബാൽഫർ പ്രഖ്യാപനം യഥാർഥത്തിൽ ഒറ്റ വാക്യത്തിലൊതുങ്ങുന്നതാണ്. എന്നാൽ, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഉച്ചരിക്കപ്പെട്ട ഏറ്റവും അപകടകരമായ വാക്യമായിരുന്നു ഇതെന്നുവേണം പറയാൻ. ഗസ്സയിൽ നാമിന്ന് മുഖാമുഖം നിൽക്കുന്ന വംശഹത്യ മാത്രമല്ല, ഒരു നൂറ്റാണ്ടായി തുടക്കത്തിൽ യൂറോപ്പും പിന്നീട് അമേരിക്കയും കാർമികത്വം നൽകി അരങ്ങേറുന്ന സംഘർഷങ്ങളുടെയൊക്കെയും നാരായ വേര് ചെന്നുതൊടുന്നത് ഇതിന്മേലാണ്. ഒന്നാം ലോകയുദ്ധത്തിന് മുമ്പുതന്നെ ഫലസ്തീനികളിൽ പലരും സയണിസ്റ്റ് പ്രസ്ഥാനത്തെ ഭീഷണിയായി കണ്ടു തുടങ്ങിയിരുന്നെങ്കിലും ബാൽഫർ പ്രഖ്യാപനം പുതുതും അത്യന്തം ഭീതിദവുമായ ഒരുഘടകം ഇതിൽ ഉൾച്ചേർക്കുന്നതായി.
നയതന്ത്രത്തിന്റെ മൃദുലവും കുടിലവുമായ ഭാഷ ഉപയോഗിച്ച് ‘ജൂതസമൂഹത്തിന് ഫലസ്തീനിൽ ഒരു ദേശീയ ഗേഹം സ്ഥാപിക്കാൻ’ അംഗീകാരം നൽകുന്ന ഈ പ്രഖ്യാപനം തത്ത്വത്തിൽ നിർവഹിച്ചത് തിയോഡർ ഹെർസലിന്റെ ജൂതരാഷ്ട്ര ലക്ഷ്യങ്ങൾക്ക് ബ്രിട്ടീഷ് പിന്തുണ ഉറപ്പാക്കലാണ്. പരമാധികാരവും ഫലസ്തീനിലെമ്പാടും കുടിയേറ്റം നടത്താനുള്ള അപരിമിതമായ അവകാശവും അടങ്ങുന്നതായിരുന്നു ഹെർസലിന്റെ ജൂതരാഷ്ട്ര സങ്കൽപം. ജനസംഖ്യയിൽ മഹാഭൂരിപക്ഷം വരുന്ന അറബികളെ (അന്നേരം 94 ശതമാനമായിരുന്നു അവർ) ‘ഫലസ്തീനിൽ വസിച്ചുപോരുന്ന ജൂതരല്ലാത്ത സമുദായങ്ങളെ’ എന്ന എവിടെയും തൊടാത്ത വാക്യത്തിൽ പറഞ്ഞിട്ടും പറയാതെ വിടുകയായിരുന്നു ഈ വാക്യം. യഥാർഥത്തിൽ നിലനിൽക്കുന്നതൊന്നുമല്ലാത്ത ഒന്നായിട്ടാണ് അവർ അവിടെ വിശേഷിപ്പിക്കപ്പെട്ടത്. ഒരു രാജ്യമോ ഒരു സമൂഹമോ ആയിട്ടുപോലും അവരെ കണക്കാക്കിയില്ല. മഹാഭൂരിപക്ഷം വരുന്ന ഈ ജനസംഖ്യക്ക് സിവിൽ, മതപരമായ അവകാശങ്ങൾ അനുവദിക്കുമെന്നു മാത്രമായിരുന്നു വാഗ്ദാനം. അഥവാ, രാഷ്ട്രീയമോ ദേശീയമോ ആയതൊന്നും ഉണ്ടാകില്ലെന്നർഥം. വിരോധാഭാസമെന്നോണം, ആറു ശതമാനം മാത്രമായിരുന്ന ‘ജൂതസമൂഹം’ എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ചവർക്ക് ദേശീയമായ അവകാശങ്ങളത്രയും ബാൽഫർ പതിച്ചുനൽകുകയും ചെയ്തു.
ബ്രിട്ടീഷ് പിന്തുണയെത്തുംമുമ്പ്, പരിരക്ഷകരായ ഒരു വൻരാജ്യത്തെ തേടുകയായിരുന്നു സയണിസ്റ്റ് കോളനിവത്കരണ പദ്ധതി. ജർമനിയിലും മറ്റിടങ്ങളിലും ലഭിക്കാതെ പോയത് ഒടുവിൽ ഡേവിഡ് ലോയ്ഡ് ജോർജ് നയിച്ച യുദ്ധകാല ബ്രിട്ടീഷ് മന്ത്രിസഭയിലൂടെ തിയോഡർ ഹെർസലുടെ പിൻഗാമി ചെയിം വെയ്സ്മാനും സഹപ്രവർത്തകരും ചേർന്ന് സാധ്യമാക്കി. അക്കാലത്തെ ഏറ്റവും ശക്തരായ ഭരണാധികാരികൾത്തന്നെ അങ്ങനെ അവർക്കൊപ്പമായി. അതോടെ, മുമ്പെങ്ങും നേരിടാത്തത്ര ദുർഗമമായ ശത്രുവുമായാണ് ഫലസ്തീനികൾ മുഖാമുഖം നിന്നത്. ഈ ഘട്ടത്തിൽ ബ്രിട്ടീഷ് സേന കൂടുതൽ വടക്കോട്ട് മുന്നേറി അവരുടെ രാജ്യം കീഴടക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു ദേശീയ ഗേഹം സ്ഥാപിച്ചുനൽകുമെന്ന് ഉറപ്പുനൽകിയ അതേ ഭരണകൂട സേനയായിരുന്നു അത്. പരിധികളില്ലാത്ത കുടിയേറ്റം വഴി ഭാവി ജൂത ഭൂരിപക്ഷം സ്ഥാപിച്ചെടുക്കൽ കൂടിയായിരുന്നു അവർക്ക് മുന്നിലെ ലക്ഷ്യം. ബ്രിട്ടീഷ് താൽപര്യങ്ങൾ എന്തൊക്കെയായിരുന്നുവെന്നതിൽ ചരിത്രകാരന്മാർക്കും പണ്ഡിതർക്കും രണ്ടു പക്ഷമുണ്ട്. പക്ഷേ, ഹെർസൽ വാഗ്ദാനം ചെയ്ത ഭാവി ജൂത സ്റ്റേറ്റ്, ‘ഏഷ്യയിൽ യൂറോപ്പിന് ഒരു പ്രതിരോധ മതിലും, കാടത്തത്തിനെതിരെ സംസ്കാരത്തിന്റെ കാവൽപ്പുരയും’ ആയിരുന്നു. കോളനി യുക്തിക്ക് ശരിക്കും ചേർന്നുനിൽക്കുന്ന ഈ വാദം തീർച്ചയായും ബ്രിട്ടീഷ് തീരുമാനത്തെ സ്വാധീനിച്ചെന്നു കരുതണം.
ബാൽഫർ പ്രഖ്യാപനവും അതിന് അംഗീകാരം നൽകി 1922ൽ ലീഗ് ഓഫ് നാഷൻസിന്റെ ഫലസ്തീൻ മാൻഡേറ്റുമായതോടെ ഇസ്രായേലിന്റെ കുടിയേറ്റ കോളനിവത്കരണ പദ്ധതിക്ക് നിയമസാധുതയായി. പാട്രിക് വുൾഫ് അവതരിപ്പിച്ച് ജനകീയമാക്കിയ സങ്കൽപമായ കുടിയേറ്റ കോളനിവത്കരണം നാം ഇന്ത്യക്കാർ അനുഭവിച്ച കോളനിവത്കരണത്തിൽനിന്ന് വേറിട്ടതാണ്. തദ്ദേശീയ സമൂഹത്തിനിടയിൽ കുടിയേറ്റ സമൂഹത്തെ എത്തിച്ച് കോളനികളെ പുതിയ വിഭാഗത്തിന്റേതാക്കി മാറ്റുകയാണ് ഇതിന്റെ രീതി. നിരന്തര സംഘർഷങ്ങളിലൂടെ നാട്ടുകാരെ ഒഴിപ്പിച്ചും ചൂഷണം ചെയ്തും ചിലപ്പോൾ വംശഹത്യാപരമായ അതിക്രമങ്ങളിലൂടെയും സ്വാംശീകരണത്തിലൂടെയും പുറന്തള്ളിയുമായിരിക്കും ഇത് നടപ്പാക്കുക. കുടിയേറ്റ കോളനിവത്കരണത്തെക്കുറിച്ച് വുൾഫ് ലളിതമായി പറയുന്നതിങ്ങനെ: ‘‘കോളനിവാഴ്ചക്കാർ താമസിക്കാനായി എത്തും- ഇവിടെ അധിനിവേശം ഒരു അടിസ്ഥാനഘടനയാണ്, ഒരു സംഭവമല്ല’’. സയണിസ്റ്റ് പദ്ധതിയെ നയിക്കുന്ന നിലവിലെ ആഗോള വംശീയ കുത്തക മുതലാളിത്ത യുക്തിയിൽ ഈ അടിസ്ഥാനഘടന തുന്നിച്ചേർക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് ജൂതചരിത്ര, ഹോളകോസ്റ്റ് പഠന പ്രഫസർമാർ ഉൾപ്പെടുന്ന നിരവധി പ്രമുഖ ജൂത ബുദ്ധിജീവികൾ ഇസ്രായേലിനെ ഒരു അപാർതൈഡ് രാജ്യമായി ബ്രാൻഡ് ചെയ്യുന്നതിനെതിരെ പരാതി നൽകുന്നതും.
കുടിയേറ്റ കോളനിവത്കരണത്തിന്റെ പ്രധാന സവിശേഷതകളിൽ മറ്റൊന്ന്, അവിടങ്ങൾ സ്വാതന്ത്ര്യ, ചെറുത്തുനിൽപ് ഇടങ്ങളായിരിക്കുമെന്നതാണ്. ഇനിയും കീഴടങ്ങാൻ വിസമ്മതിക്കുന്ന അവശേഷിച്ച ഏക കുടിയേറ്റ കോളനിവത്കരണ കേന്ദ്രം നിലവിൽ ഫലസ്തീൻ മാത്രമാണ്. എന്നിട്ടും പലപ്പോഴും, സ്വാതന്ത്ര്യത്തിനായി ഘോരഘോരം വാദിക്കുന്ന ലിബറലുകൾ ഫലസ്തീനികൾക്ക് സ്വയം പ്രതിനിധാനം ചെയ്യാനുള്ള അവകാശങ്ങളെ അംഗീകരിക്കില്ല. ഫലസ്തീനിയൻ ലക്ഷ്യത്തിന് അവർ നൽകുന്ന പിന്തുണ -ഇന്ത്യയിൽ നാം കാണുന്ന പോലെ- എപ്പോഴും പക്ഷേയുടെയും എങ്കിലിന്റെയും അകമ്പടിയോടെയാകും. ഒപ്പം, ഫലസ്തീനികളും ഹമാസും വേറിട്ട രണ്ട് സ്വത്വങ്ങളാണെന്നുകൂടി അവർ പറയും. കർതൃത്വം നിഷേധിക്കുന്ന ഈ രീതി ഫലസ്തീനി, മുസ്ലിം ചെറുത്തുനിൽപുകൾക്ക് മാത്രമുള്ളതാണ്. ലോകം മുഴുക്കെ നടക്കുന്ന സമാനമായ മറ്റു സമരങ്ങൾക്ക് ലഭിക്കുന്ന രാഷ്ട്രീയ ഐക്യദാർഢ്യങ്ങൾക്കൊന്നും ഇത് കാണില്ല. യു.എസ് സാമ്രാജ്യത്വത്തെ വെനസ്വേലക്കാർ വെല്ലുവിളിച്ചെന്നോ ദക്ഷിണാഫ്രിക്കക്കാർ അപാർതൈഡിനെ തൂത്തെറിഞ്ഞെന്നോ നിർവികാരമായി പറയുന്നവരല്ല നാം. പകരം, അത്യാവേശത്തോടെ സാമ്രാജ്യത്വ വിരുദ്ധ സമരം നയിച്ച ഹ്യൂഗോ ഷാവെസ് അതിനു മുന്നിൽ നിന്നുവെന്നാകും ആഘോഷിക്കുക.
നെൽസൺ മണ്ടേലയും ആഫ്രിക്കൻ നാഷനൽ കോൺഗ്രസും ചേർന്ന് വെള്ളക്കാരായ വംശീയവാദികൾക്കെതിരെ പൊരുതിജയിച്ചതിന്റെ കഥകളാകും പറയുക. ജനങ്ങളുടെ സ്വപ്നങ്ങൾക്കും സമരങ്ങൾക്കും എന്നും എപ്പോഴും മുന്നിൽനിൽക്കുന്ന കർത്താക്കളുണ്ടാവുക സ്വാഭാവികം. അതിന് ഒരു അടിസ്ഥാന ഘടനയുണ്ടാകും, ഒരു പ്രസ്ഥാനവും ഒരു ചെറുത്തുനിൽപ് നേതൃത്വവുമുണ്ടാകും. പ്രാന്തവത്കരിക്കപ്പെട്ട ജനതതിയുടെ പ്രതിനിധികളാകും ഈ നേതാക്കൾ. അതുകൊണ്ടുതന്നെ ഏതുതരം ഐക്യദാർഢ്യവും ഈ ജനനേതാക്കൾക്കും അവരുടെ സ്വപ്നങ്ങൾക്കും നിരുപാധിക പിന്തുണയേകുന്നതാകണം.
ക്യൂബയിലും കൊളംബിയയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും മെക്സിക്കോയിലും പോരാട്ടം നയിച്ച ഫിഡൽ കാസ്ട്രോയുടെ വീരഗാഥകൾ പാടുന്ന ഗാനങ്ങൾ രചിക്കപ്പെട്ടിരുന്നു. ആദ്യം ക്യൂബയിലും അവിടന്ന് നാടുവിട്ട് പിന്നീട് കോംഗോയിലും ബൊളീവിയയിലും സമരം നടത്തിയ, ഗറില്ല യുദ്ധമുറയെക്കുറിച്ച് പുസ്തകമെഴുതിയ അർജന്റീനക്കാരനായ ഡോ. ചെഗുവേരയുടെ ചിത്രമുള്ള ടി ഷർട്ടുകൾ യഥേഷ്ടം കാണാനാവും. ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും പഠന കേന്ദ്രങ്ങൾക്കും നെൽസൺ മണ്ടേലയുടെ പേരുണ്ട്. അദ്ദേഹത്തിനുകീഴിലെ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന് ഉംഖോണ്ടോ വെ സിസ്വെ എന്ന പേരിൽ ഒരു സായുധ വിഭാഗമുണ്ടായിരുന്നു. മണ്ടേല തന്നെയായിരുന്നു അതിന് നായകത്വം നൽകിയത്. സായുധ പ്രതിരോധത്തിനുള്ള അവകാശവും ദേശാന്തര പ്രത്യയശാസ്ത്രപരമായ ചെറുത്തുനിൽപും നേരത്തെ ഇത്തരം സമരങ്ങളുടെ അടയാളങ്ങളായിരുന്നു. ആദരത്തോടെ അവക്ക് നേതൃത്വം നൽകിയവർ സ്മരിക്കപ്പെടുകയും ചെയ്തു.
എന്നാൽ, ഫലസ്തീൻ വിഷയം വരുമ്പോൾ മാത്രം ഉയരുന്ന ലിബറലുകളുടെ ഈ അച്ചടക്കം പഠിപ്പിക്കലിനെയും ഇസ്ലാം ഭീതിയായി മാത്രമേ കാണാനാകൂ. സയണിസ്റ്റ് നേതാവും കുപ്രസിദ്ധ ഗറില്ലാ സംഘമായ ഇർഗുന്റെ സ്ഥാപകനുമായ സീവ് ജബോടിൻസ്കി 1923ൽ തന്നെ അനിവാര്യമായ ഈ ഫലസ്തീനി ചെറുത്തുനിൽപ് തിരിച്ചറിയുന്നുണ്ട്- ‘‘തങ്ങൾ കോളനിക്കു കീഴിലാകുമെന്ന അപായത്തിൽനിന്ന് സ്വയരക്ഷ നേടാനാകുമെന്ന ഏറ്റവും ചെറിയ പ്രതീക്ഷയുള്ളിടത്തോളം ലോകത്തെ തദ്ദേശീയരായ ഏതുജനതയും കോളനിക്കാർക്കെതിരെ ചെറുത്തുനിൽക്കുന്നവരാകും. ഫലസ്തീനിലെ അറബികളും അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഫലസ്തീനെ ‘ഇസ്രായേൽ ഭൂമി’യാക്കി പരിവർത്തിപ്പിക്കുന്നത് ചെറുക്കാനാകുമെന്ന പ്രതീക്ഷയുടെ നേരിയ കനൽ അവശേഷിക്കുന്നിടത്തോളം അവരത് തുടരുകയും ചെയ്യും’’. ഈ അനിവാര്യതയും അനുപേക്ഷ്യതയുമാണ് ഞങ്ങൾ ഫലസ്തീനൊപ്പമെന്ന് പൊള്ളുപറയുന്ന ലിബറൽ വാദികൾ തിരിച്ചറിയാതെ പോകുന്നത്. അങ്ങനെ, ബോധപൂർവമല്ലാതെ അവർ സയണിസ്റ്റ് വംശഹത്യാപരമായ ഹിംസകൾക്ക് പിന്തുണ പാടുന്നവരായി തീരുകയും ചെയ്യുന്നു.
(യു.കെയിലെ ലീഡ്സ് യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യോളജി ആൻഡ് സോഷ്യൽ പോളിസിയിൽ ലെക്ചററാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.