സുലൈമാൻ സേട്ട് ഇല്ലാത്ത 15 വർഷം
text_fieldsസ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷവിഭാഗത്തിൽ നിന്ന് ഉയർന്നുവന്ന രാഷ്ട്രീയ നേതാക്കളിൽ അഗ്രിമ സഥാനത്ത് നിലയുറപ്പിച്ച ഇബ്രാഹീം സുലൈമാൻ സേട്ട് (1922 നവംബർ മൂന്ന്–2005 ഏപ്രിൽ 27) വിട പറഞ്ഞിട്ട് 15വർഷം തികയുകയാണ്. കഴി ഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ ഇന്ത്യാ മഹാരാജ്യം സങ്കീർണവും സംഭവബഹുലവുമായ ദശാസന്ധികൾ കടന്നുപോയപ്പോഴെല്ലാം സ േട്ടിനെ മനസ്സിലാക്കിയവർ അദ്ദേഹത്തിന്‍റെ അഭാവം സൃഷ്ടിച്ച ശൂന്യതയെ കുറിച്ച് വേപഥു തൂവുന്നുണ്ടായിരുന്നു.
നരേന്ദ്രമോദി 2014ൽ രാജ് യത്തിന്‍റെ ചെങ്കോലേന്തിയ ശേഷം കെട്ടഴിച്ചുവിട്ട വിദ്വേഷ രാഷ്ട്രീയ അജണ്ടകൾ സൃഷ്ടിച്ച പ്രക്ഷുബ്ധ പോർമുഖങ് ങളിൽ സുലൈമാൻ സേട്ടിനെപോലുള്ള ഒരു ധീരപോരാളി ഉണ്ടായിരുന്നുവെങ്കിൽ എന്ന് പലരും ആശിച്ചുപോയിട്ടുണ്ട്. രാഷ്ട് രീയ ഘനാന്ധകാരങ്ങളിൽ ഗ്രീഷ്മാന്ത വർഷത്തിലെ ഇടിമുഴക്കമായാണ് സേട്ടിന്‍റെ ശബ്ദം രാജ്യം ശ്രവിച്ചിരുന്നത്. അരികു വത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിലും ന്യൂനപക്ഷപീഢനങ്ങൾക്കെതിരെ പൊരുതുന്ന വിഷയത്ത ിലും അദ്ദേഹം കാണിച്ച ആത്മാർഥത പിന്നീട് ഒരുനേതാവിൽനിന്നും നമുക്ക് കാണാൻ കഴിഞ്ഞില്ല. നീണ്ട കാലം മുസ്ലിം ലീഗിന ്‍റെ അമരത്ത് ഉപവിഷ്ടനായിരുന്നുവെങ്കിലും മൂന്നരപതിറ്റാണ്ട് നീണ്ട പാർലമന്‍റെറി ജീവിതമാണ് സുലൈമാൻ സേട്ടിന്‍ റെ വ്യക്തിരിക്തമായ വ്യക്തിപ്രഭാവത്തെ ജ്വലിപ്പിച്ചുകാട്ടിയത്.
മുസ്ലിം ലീഗിന് കോൺഗ്രസ് കനിഞ്ഞുനൽകിയ രാജ്യ സഭാസീറ്റിലൂടെയാണ് 1960ൽ സുലൈമാൻ സേട്ട് ആദ്യമായി പാർലമെന്‍റിലെത്തുന്നത്. പാർട്ടിയുടെ പ്രതീക്ഷക്കപ്പുറം പാർലമ െൻറിനകത്തും പുറത്തും സേട്ട് ശോഭിച്ചപ്പോൾ, പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. സ്വാതന്ത്ര്യത്തിന്‍റെ വിഭാതവേളയിൽ ന്യൂനപക്ഷവിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം ദേശീയ രാഷ്ട്രീയത്ത ിന്‍റെ പ്രയാണപഥം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. കച്ചവടം കുലത്തൊഴിലാക്കിയ കച്ചിമേമൻ കുലത്തിൽനിന്നുള്ള ഒരഭ് യസ്ഥ വിദ്യൻ, രാജ്യത്തെ ന്യൂനപക്ഷങ്ങൾ, ദലിതർ, മറ്റു ദുർബല വിഭാഗങ്ങൾ തുടങ്ങിയവരുടെ മിശിഹയായി സ്വയം അവരോധിതനായത് ആ കാലഘട്ടം സമ്മാനിച്ച ദുഷ്ക്കരമായ ദൗത്യങ്ങൾ പ്രതിബദ്ധതാപൂർവം ഏറ്റെടുത്തതിലൂടെയാണ്. ബാബാസാഹെബ് അംബേദ്ക്കറുടെ പോരാട്ടത്തിന്‍റെ ഊന്നൽ അസ്പർശ്യരായ ജനവിഭാഗമായിരുന്നുവെങ്കിൽ സേട്ട്സാഹിബ് കർമകാണ്ഠം മാറ്റിവെച്ചത് മർദിതർക്കും പ്രാന്തവത്കൃത ന്യൂനപക്ഷവിഭാഗങ്ങൾക്കും വേണ്ടിയായിരുന്നു.
സേട്ടിനെ പോലെ ജനാധിപത്യ ഇന്ത്യയുടെ നാഡിമിടിപ്പ് യഥാവിധി മനസ്സിലാക്കിയ ന്യൂനപക്ഷനേതാക്കൾ വിരളമായിരിക്കാം. തന്‍റെ ബോധ്യങ്ങളെ രാഷ്ട്രീയകൊടിശ്ശീലയയുടെ നിറഭേദങ്ങൾക്കപ്പുറം, സൂക്ഷ്മമായും സത്യസന്ധമായും പരാവർത്തനം ചെയ്യാൻ ഒരു രാഷ്ട്രീയനേതാവെന്ന നിലയിൽ മുന്നോട്ടുവന്നപ്പോൾ, പലപ്പോഴുമത് വ്യവസ്ഥിതിക്കെതിരായ പോരാട്ടമായി മാറി. അത്തരം പോരാട്ടങ്ങളിലൂടെയാണ് സുലൈമാൻ സേട്ട് എന്ന ധീരനായ രാഷ്ട്രീയനേതാവ് വളർന്നുവന്നതും ജീവിച്ച കാലഘട്ടത്തിന്‍റെ ആദരം പിടിച്ചുപറ്റിയതും.
വർഗീയ കലാപങ്ങൾ വാർഷികോൽസവങ്ങളായി ഇന്ത്യൻ തെരുവുകളിൽ ചോരച്ചാലുകൾ ഒഴുക്കുകയും കബന്ധങ്ങൾ കുന്നുകൂട്ടുകയും ചെയ്തപ്പോൾ അധികാരവർഗത്തിന്‍റെ മുഖത്ത് നോക്കി ഇരകൾക്ക് വേണ്ടി ശബ്ദിച്ചു. വ്യവസ്ഥിതിയുടെ കോട്ടകൊത്തളങ്ങളായിരുന്നു അതുകേട്ട് കിടുങ്ങിയത്. യശ്ശശരീരയായ ഇന്ദിര ഗാന്ധിയെ പോലുള്ളവർ സേട്ടിനെ ഭയപ്പെട്ടത് ഏത് പ്രധാനമന്ത്രിക്കു മുന്നിലും സധൈര്യം സത്യം അവതരിപ്പിക്കാൻ സേട്ട് കാണിച്ച ആർജവം കൊണ്ടാണ്. ഇംഗ്ലീഷിലും ഉർദുവിലുമുള്ള വ്യുൽപത്തിയും എളിമയാർന്ന, അതേസമയം കുലീനമായ പെരുമാറ്റവും സേട്ടിന്‍റെ വ്യക്തിത്വത്തെ രാഷ്ട്രീയ എതിരാളികളെ പോലും ആകർഷിച്ചു.
നെഹ്റു മുതൽ മുഴുവൻ പ്രധാനമന്ത്രിമാരുമായും സേട്ട് സുദൃഢബന്ധം സ്ഥാപിച്ച്, അടുത്തിടപഴകിയപ്പോൾ രാജ്യം വർഗീയ ഫാഷിസത്തിന്‍റെ തമോഗർത്തത്തിലേക്ക് ആപതിച്ച ഒരു കാലഘട്ടത്തിന്‍റെ കാർമികനായ പി.വി നരസിംഹറാവുവിനെ ശത്രുപക്ഷത്താണ് നിറുത്തിയത്. 1992ഡിസംബർ ആറിന് ബാബരിമസ്ജിദ് നിശ്ശേഷം തകർക്കപ്പെടുന്ന മഹാദുരന്തത്തിന് മൂകസാക്ഷിയായി നിന്ന റാവുവിനെ പിറ്റേദിവസം അദ്ദേഹത്തിന്‍റെ വസതിയിൽ ചെന്ന് കണ്ട്, താങ്കൾ രാജ്യത്തെയും മതേതരത്വത്തെയും ന്യൂനപക്ഷത്തെയും മന:പൂർവം വഞ്ചിക്കുകയായിരുന്നുവെന്ന് മുഖത്ത് വിരൽ ചൂണ്ടി ഗർജിച്ചത് സുലൈമാൻ സേട്ട് എന്ന അത്യപൂർവ രാഷ്ട്രീയ നേതാവിനെയാണ് ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്.
രാഷ്ട്രീയത്തെ ജനസേവനത്തിനും അവകാശസംരക്ഷണത്തിനും നീതിയുടെ സംസ്ഥാപനത്തിനും പ്രയോജനപ്പെടുത്തേണ്ട ഒരു ആരാധനയായി കണ്ട നിഷ്ക്കളങ്കനും നിഷ്ക്കൻമഷനുമായ ഒരു നേതാവായിരുന്നു സേട്ടുസാഹിബ്. മട്ടാഞ്ചേരിയിലെ പ്രമുഖ ഭൂഉടമയായ മുഹമ്മദ് അബ്ദുൽ ലത്തീഫ് സേട്ടിന്‍റെ ഏകമകൾ മറിയംബായിയുമായി 1949ൽ നടന്ന വിവാഹത്തോടെ, മൈസൂരിൽനിന്ന് കേരളത്തിലേക്ക് ജീവിതം പറിച്ചുനട്ട സുലൈമാൻ സേട്ട് ഭൗതികനേട്ടം ലക്ഷ്യമിട്ടാണ് ജീവിതത്തെ മുന്നോട്ടു നയിച്ചിരുന്നതെങ്കിൽ സമ്പന്നനായ ഒരു ബിസിനസുകാരനായി ചരിത്രത്തിൽ ഒടുങ്ങുമായിരുന്നു. എന്നാൽ, സുലൈമാൻ സേട്ടിന്‍റെ ചിന്ത സഞ്ചരിച്ചത് മറ്റൊരു വഴിക്കായത് കൊണ്ട് ജീവിതാന്ത്യത്തിൽ ബാങ്ക് ബാലൻസോ സ്വന്തമായി ഒരു വീടോ കാറോ ഇല്ലാത്ത ജീവചരിത്രം കുറിച്ചിട്ടു.
പത്ത് പ്രധാനമന്ത്രിമാരുമായും എണ്ണമറ്റ മന്ത്രിമാരുമായും വൻകിടക്കാരുമായും ചങ്ങാത്തം സ്ഥാപിച്ചിട്ടും മക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടി ഒരിക്കലും ശിപാർശയുമായി സേട്ട് ആരേയും സമീപിച്ചില്ല എന്ന യാഥാർഥ്യം പെട്ടെന്ന് ഉൾക്കൊള്ളാൻ ഇക്കാലത്ത് കഴിയണമെന്നില്ല. അദ്ദേഹത്തിന്‍റെ ചിന്താ മണ്ഡലത്തിൽ അത്തരം കാര്യങ്ങളൊന്നും കയറിവരാറില്ല എന്നതാണ് സത്യം. ജനാധിപത്യ, മതേതര മൂല്യങ്ങളുടെ നൈരന്തര്യവും ഭരണഘടന വിഭാവന ചെയ്യുന്ന സാമൂഹിക–രാഷ്ട്രീയ ജീവിത പദ്ധതികളുടെ സാക്ഷാത്കാരവും വെല്ലുവിളി നേരിടുന്നുണ്ടോ എന്നതിനെ കുറിച്ചാണ് അദ്ദേഹം സദാ ചിന്തിച്ചതും വേവലാതി പൂണ്ടതും. ജനായത്ത ക്രമത്തിൽ, ദുർബലവിഭാഗങ്ങളുടെ അന്തസ്സാർന്ന അസ്തിത്വം കാത്തുസൂക്ഷിക്കാൻ ഇമ്മട്ടിലുള്ള കാലവാളുകളുടെ അണുപേക്ഷണീയതയെ കുറിച്ച് പ്രഗൽഭ ചരിത്രകാരൻ വിൽെഫ്രഡ് കാർട്വെൽ സ്മിത്ത് ഓർമപ്പെടുത്തുന്നുണ്ട്.
തന്‍റെ ജീവിതദൗത്യത്തെ കുറിച്ച് പൂർണബോധവാനായിരുന്നു സുലൈമാൻ സേട്ട്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും വിഭജനത്തിന്‍റെ വടുക്കളിൽനിന്ന് വിദ്വേഷത്തിന്‍റെ ചോര കിനിഞ്ഞിറങ്ങുന്നതും സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ വ്യവസ്ഥിതി തന്നെ അട്ടിമറിക്കാൻ സുശക്തവും ആസൂത്രിതവുമായ പദ്ധതിയുമായി ഒരു തീവ്രവലതുപക്ഷ വിചാരഗതി അതിനിഗൂഢമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്ത്യനവസ്ഥയിൽ അതീവ ജാഗ്രതയും അതിനനുസൃതമായ രാഷ്ട്രീയ ചുവടുവെപ്പുകളും അനിവാര്യമാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
ആ ബോധ്യമാണ് 1980കളുടെ രണ്ടാം പാദത്തിൽ രാമജന്മഭൂമി പ്രക്ഷോഭവുമായി സംഘ്പരിവാർ കടന്നുവന്നപ്പോൾ ദുരന്ത മുന്നറിയിപ്പുകൾ നൽകുന്ന ഒരു പ്രവാചകനെ പോലെ രാജ്യം അകപ്പെടാൻ പോകുന്ന മഹാവിപത്തിനെ കുറിച്ച് അലമുറയിട്ടുകൊണ്ട്, കോൺഗ്രസ് നേതൃത്വത്തിന് വ്യക്തമായ താക്കീതുകൾ നൽകിയത്. സരയൂ നദിക്കരയിലെ, ബാബരി മസ്ജിദ് എന്ന പുരാതന ദേവാലയം കേവലയൊരു നമസ്ക്കാരപ്പള്ളിയല്ലെന്നും മതേതരത്വത്തിന്‍റെ പ്രതീകമാണെന്ന് വിസ്മരിച്ചുപോകരുതെന്നുമുള്ള സേട്ടിന്‍റെ താക്കീതുകൾ ചെന്നുപതിച്ചത് അധികാരവർഗത്തിന്‍റെ ബധിര കർണങ്ങളിലായിരുന്നു. ബാബരിമസ്ജിദിന്റെ ധ്വംസനം കണ്ട് ഹൃദയംപൊട്ടിയ ആ മനുഷ്യൻ, ആ ഘനാന്ധകാരത്തിൽ കൂടുതൽ കർമോർജം സംഭരിച്ച് തന്‍റെ ആയുസ്സും വപുസ്സും ഏത് പ്രസ്ഥാനത്തിനുവേണ്ടിയാണോ ചെലവഴിച്ചത് അതിനെതിരായി പോരാട്ടം നടത്താൻ മുന്നോട്ടുവന്നത് ഉറച്ച രാഷ്ട്രീയ കാഴ്ചപ്പാടിന്‍റെ ഫലമായിട്ടായിരുന്നു. കോൺഗ്രസിന്‍റെ പാപപങ്കിലതകളിൽ മുസ്ലിം ലീഗ് പങ്കാളികളാവുന്നത് മഹാ അപരാധമാണെന്നും സഖ്യബന്ധം വിച്ഛേദിച്ച് അധികാരത്തിൽനിന്ന് പുറത്തേക്ക് വരണമെന്നും അദ്ദേഹം വാദിച്ചു.
പക്ഷേ, അത് ചെവിക്കൊള്ളുന്നതിനു പകരം സേട്ടിനെതിരെ കുറ്റപത്രം സമർപ്പിച്ച് പാർട്ടിയുടെ അമരത്തുനിന്ന് താഴെയിറക്കാനാണ് ലീഗ് സംസ്ഥാന നേതൃത്വം ഉദ്യുക്തരായത്. എല്ലാറ്റിനുമൊടുവിൽ മുസ്ലിം ലീഗിനോട് സലാം ചൊല്ലി പിരിയാനും 1994 ഏപ്രിൽ 23ന് ഇന്ത്യൻ നാഷനൽ ലീഗ് എന്ന പുതിയ രാഷ്ട്രീയ കൂട്ടായ്മക്ക് ബീജാവാപം നൽകാനും അദ്ദേഹം കാണിച്ച ധൈര്യം ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവ സംഭവമാണ്. സംഘ്പരിവാർ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാൻ കോൺഗ്രസിന് സാധ്യമല്ലെന്നും രാജ്യത്തെ മതേതരകക്ഷികൾ ഒത്തൊരുമിച്ചുകൊണ്ടുള്ള ഒരു ബദൽ രൂപപ്പെടുകയേ നിർവാഹമുള്ളുവെന്നുമുള്ള ഉറച്ച കാഴ്ചപ്പാട് കൈമാറിയാണ് 2005 ഏപ്രിൽ 27ന് അദ്ദേഹം കാലയവനികക്കുള്ളിൽ മറഞ്ഞത്. ദീർഘദൃഷ്ടിയും ക്രാന്തദർശിത്വവമുള്ള ഒരു രാഷ്ട്രീയ അവധൂതനാണ് അനുയായികളുടെ 'മെഹബൂബെ മില്ലത്ത് 'എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.
(ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.