വിവരാവകാശ നിയമത്തിന് ഒന്നര പതിറ്റാണ്ട്
text_fieldsഇന്ത്യൻ പൗരർ ജനാധിപത്യത്തിെൻറ വിധാതാവും വിധികർത്താവുമാണെന്ന് അംഗീകരിച്ച ആർ.ടി.ഐ നിയമത്തിന് ഇന്ന് 15 വയസ്സ്. 2005 ഒക്ടോബർ 12നാണ് ഈ നിയമം രാജ്യത്ത് പൂർണമായും നടപ്പാക്കിയത്. ഭരണസംവിധാനത്തിൽ സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്തി അഴിമതി ഇല്ലാതാക്കുക എന്ന നിയമത്തിെൻറ ലക്ഷ്യം എത്രമാത്രം നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന സോഷ്യൽ ഓഡിറ്റിങ് നടത്തേണ്ട ഘട്ടമാണിത്. 10 രൂപയും ഒരു വെള്ളക്കടലാസുമുണ്ടെങ്കിൽ വില്ലേജ് ഒാഫിസ് മുതൽ രാഷ്ട്രപതിഭവൻ വരെയുള്ള വിവരങ്ങളറിയാൻ പൗരന്മാരെ അധികാരപ്പെടുത്തുന്ന ആർ.ടി.ഐ നിയമം എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കാനായി എന്ന് പരിശോധിക്കേണ്ടതുണ്ട്.
രാജ്യത്ത് പ്രതിവർഷം 40 മുതൽ 60 ലക്ഷം വരെ ആർ.ടി.ഐ അപേക്ഷകൾ സമർപ്പിക്കപ്പെടുന്നുണ്ടെങ്കിലും മൂന്നു ശതമാനത്തിൽ താഴെ ആളുകൾ മാത്രമേ ഇതുവരെ നിയമം ഉപയോഗിച്ചിട്ടുള്ളൂ. സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ 45 ശതമാനത്തിൽ താഴെയുള്ളതിലാണ് ആവശ്യപ്പെട്ട വിവരം ലഭിച്ചത്. വിവരം ലഭിക്കാത്ത 55 ശതമാനത്തിൽ വെറും 10 ശതമാനത്തിൽ താഴെയാണ് അപ്പീൽ സമർപ്പിച്ചത്. 2019 മാർച്ച് 31ലെ കണക്കനുസരിച്ച് 2.18 ലക്ഷം അപ്പീലുകളും പരാതികളുമാണ് കേന്ദ്ര കമീഷെൻറ പരിഗണനയിൽ. ഇവ തീർപ്പാക്കാൻ ശരാശരി ഒരു വർഷത്തിൽ കൂടുതൽ കാലമെടുക്കുമെന്നാണ് പഠനം. സ്വാതന്ത്ര്യാനന്തരം പാർലമെൻററി ജനാധിപത്യത്തെ മുന്നോട്ടുനയിക്കുന്നതിൽ ചരിത്രപരമായ പങ്കുവഹിച്ച നിയമനിർമാണങ്ങളിൽ പലതും ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടു. പുസ്തകത്താളുകളിൽ ഉറങ്ങുന്ന ഇത്തരം നിയമങ്ങളെക്കൂടി ഫലപ്രദമായി പൗരന് ഉപയോഗിക്കാൻ കഴിഞ്ഞത് വിവരാവകാശ നിയമത്തിെൻറ നേട്ടംതെന്നയാണ്.
ഭരണഘടനക്കുശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും വിപ്ലവാത്മകമായ നിയമനിർമാണമെന്ന് ആർ.ടി.ഐ നിയമത്തെ വിശേഷിപ്പിക്കുേമ്പാൾതന്നെ ആ നിയമത്തെ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ ജനാധിപത്യത്തിെൻറ നെടുന്തൂണുകളായ കാര്യനിർവഹണ വിഭാഗവും നീതിന്യായസംവിധാനവും നിയമനിർമാണസഭകളും നടത്തിയിട്ടുണ്ട്. ഒരു പരിധിവരെ അവരതിൽ വിജയിക്കുകയും ചെയ്തു. ഭരണസംവിധാനത്തിൽ സുതാര്യതയുടെ പുതിയ ചക്രവാളങ്ങൾ തീർത്ത് ജനാധിപത്യമൂല്യങ്ങളെ ശക്തിപ്പെടുത്താൻ ഈ നിയമം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
അറിയാനുള്ള അവകാശത്തെക്കുറിച്ച് ഭരണഘടന നിശ്ശബ്ദമായിരിക്കെ ആ വിടവ് നികത്തിയത് നമ്മുടെ കോടതികളുടെ പ്രഖ്യാതമായ വിധിന്യായങ്ങളാണ്. രാജ്നാരായണൻ കേസിലെ (1975) സുപ്രീംകോടതിവിധി വിവരാവകാശത്തിൽ ചരിത്രപരമെന്നു വിശേഷിപ്പിക്കാം. പരമ്പരാഗത മാർഗങ്ങളിലൂടെ പാരമ്പര്യേതര നീതി സ്രോതസ്സുകൾ കണ്ടെത്തുന്ന മലയാളിയായ ജസ്റ്റിസ് കെ.കെ. മാത്യുവിെൻറ ഈ വിധിന്യായം അറിയാനുള്ള അവകാശത്തിന് നിയമപരിരക്ഷ നൽകാത്ത സർക്കാറിെൻറ നടപടിയെ വിമർശിക്കുന്നു. പൊതുകാര്യങ്ങൾ അറിയാനുള്ള പൗരാവകാശം ഭരണഘടനയിലെ മൗലികാവകാശത്തിെൻറ ഭാഗമാണെന്ന് അസന്ദിഗ്ധമായ ഭാഷയിൽ സുപ്രീംകോടതി പ്രഖ്യാപിച്ചു: ''ജനപ്രതിനിധികളും ജനസേവകരായ ഉദ്യോഗസ്ഥരും അവരുടെ ചെയ്തികൾക്ക് കണക്കുപറഞ്ഞേ മതിയാവൂ...''
1982ലെ ജഡ്ജസ് കേസിൽ അറിയാനുള്ള പൗരെൻറ അവകാശവും മൗലികാവകാശത്തിൽ ഉൾപ്പെടുമെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു: ''തുറന്ന സർക്കാർ എന്നത് പുതിയ ജനാധിപത്യസംസ്കാരമാണ്. ദരിദ്രരും നിരക്ഷരരുമായ ജനലക്ഷങ്ങളുടെ സോഷ്യലിസ്റ്റ് സാമൂഹികക്രമം ലക്ഷ്യംവെക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് അറിയാനുള്ള അവകാശം അത്യന്താപേക്ഷിതമാണ്.'' സുപ്രീംകോടതി ഊന്നിപ്പറയുന്ന എസ്.പി. ഗുപ്ത കേസിലെ വിധിന്യായത്തിെൻറ ചുവടുപിടിച്ച് ബോംബെ ഹൈകോടതിയുടെ 1986ലെ വിധിന്യായവും വിവരാവകാശത്തിെൻറ കാര്യത്തിൽ വഴിത്തിരിവായി.
ചീഫ് ജസ്റ്റിസിെൻറ ഓഫിസ് ആർ.ടി.ഐ നിയമപരിധിയിൽ
സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ ഓഫിസ് വിവരാവകാശനിയമത്തിെൻറ കീഴിൽ വരുമെന്ന വിധി സുപ്രീംകോടതി ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ചത് ആർ.ടി.ഐ നിയമചരിത്രത്തിലെ നാഴികക്കല്ലാണ്. ഡൽഹി ഹൈകോടതിയുടെ 2010ലെ വിധിക്കെതിരെ സുപ്രീംകോടതിയുടെതന്നെ ഭരണവിഭാഗമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനാപരമായ ജനാധിപത്യത്തിൽ ന്യായാധിപർ നിയമത്തിനു മുകളിലാകാൻ പാടില്ലെന്നു സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ പ്രത്യേകവിധിയിൽ ചരടുകളില്ലാതെ വിവരം കൈമാറണമെന്ന് നിർദേശിച്ചു. നിയമവ്യവസ്ഥയിൽനിന്നു മാറിനിൽക്കാൻ അവകാശമുള്ളവരല്ല ജഡ്ജിമാർ എന്നും ചന്ദ്രചൂഡ് വ്യക്തമാക്കി. ഏറെ സവിശേഷതയുള്ളതാണ് സുപ്രീംകോടതി വിധിയെങ്കിലും കോടതിയുമായി ബന്ധപ്പെട്ട എല്ലാ വിവരവും പുറത്തുവരാൻ വിധി സഹായിക്കുമെന്ന് ഇപ്പോൾ വിലയിരുത്താനാവില്ല. (സി.പി.ഐ.ഒ സുപ്രീംകോടതി V. സുഭാഷ്ചന്ദ്ര അഗർവാൾ കേസ് നമ്പർ 10044/2010, 13.11.2019)
ഡി.എ.വി കോളജ് കേസിലെ വിധി
പ്രത്യക്ഷമായോ പരോക്ഷമായോ സർക്കാറിെൻറ ഗണ്യമായ ധനസഹായം ലഭിക്കുന്ന സന്നദ്ധസംഘടനകൾ ആർ.ടി.ഐ നിയമത്തിെൻറ പരിധിയിൽ വരുമെന്ന സുപ്രീംകോടതിയുടെ തീരുമാനം ദൂരവ്യാപക ഫലങ്ങളുളവാക്കുന്നതാണ്. 'തലപ്പാലം കേസിൽ' ഗണ്യമായ ധനസഹായം ലഭിക്കാത്ത സഹകരണസ്ഥാപനങ്ങൾ വിവരാവകാശനിയമത്തിെൻറ പരിധിയിൽ വരില്ലെന്ന സുപ്രീംകോടതിയുടെതന്നെ മുൻകാലവിധിയെ ഒരു പരിധിവരെ അപ്രസക്തമാക്കുകയാണ് ഡി.എ.വി കോളജ് കേസിലെ വിധി.
സർക്കാർ പാട്ടത്തിനു നൽകിയ ഭൂമിയിൽ കെട്ടിടങ്ങൾ നിർമിക്കുകയും അതിൽനിന്ന് ആദായം ഉണ്ടാക്കുന്നവർ നിസ്സാരമായ പാട്ടത്തുകപോലും നൽകാതെ കുടിശ്ശിക വരുത്തുകയും ചെയ്യുന്നു. 'സ്ഥലത്തെ പ്രധാന ദിവ്യന്മാർ'ക്ക് ശീട്ടുകളിക്കാനും മദ്യപിക്കാനുമുള്ള ഇടമാക്കി ഇത് മാറ്റിയിട്ടുണ്ട്. സർക്കാറിൽനിന്നു പരോക്ഷമെങ്കിലും ഗണ്യമായ സഹായം ലഭിച്ച ഇത്തരം ക്ലബുകൾ വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരും എന്നതാണ് ഈ വിധിന്യായത്തിെൻറ സവിശേഷത (ഡി.എ.വി കോളജ് ട്രസ്റ്റ് കേസ് നമ്പർ 9828/2013, തീയതി 17.09.2019).
വിവരാവകാശത്തിന് വധശിക്ഷ
പാർലമെൻറിന് അകത്തും പുറത്തുമുള്ള ശക്തമായ എതിർപ്പിനെ പാടെ അവഗണിച്ച് കേന്ദ്രസർക്കാർ വിവരാവകാശ നിയമത്തിെൻറ പ്രഥമ ഭേദഗതി പാർലമെൻറിൽ പാസാക്കി. നിയമത്തിെൻറ അന്ത്യംകുറിക്കാനുള്ള നടപടിയാണിതെന്ന് രാജ്യത്തെ വിവരാവകാശപ്രവർത്തകരും മാധ്യമങ്ങളും ആരോപിച്ചു. ആർ.ടി.ഐ നിയമത്തിെൻറ ചിറകുകളരിയുന്ന ചില നിയമവ്യാഖ്യാനങ്ങൾ ജുഡീഷ്യറി നൽകിക്കൊണ്ടിരിെക്കയാണ്, നിയമത്തെത്തന്നെ അപ്രസക്തമാക്കുന്ന ജനാധിപത്യവിരുദ്ധ ഭേദഗതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്.
എന്താണ് ഭേദഗതി?
മുഖ്യ വിവരാവകാശ കമീഷണർമാർ, വിവരാവകാശ കമീഷണർമാർ എന്നിവരുടെ സേവന-വേതന വ്യവസ്ഥകളും മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ച നിബന്ധനകളും ഇനി കേന്ദ്രസർക്കാറിെൻറ തീരുമാനങ്ങൾക്ക് വിധേയമായിരിക്കും. കമീഷണർമാരുടെ സേവനകാലാവധി അഞ്ചുവർഷത്തിൽനിന്നു മൂന്നുവർഷമാക്കി ചുരുക്കി. കൂടാതെ, സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമീഷണറുടെ പദവി ഇലക്ഷൻ കമീഷണറുടേതിന് സമാനമായിരുന്നത് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പദവിക്കു തുല്യമാക്കി മാറ്റി.
വിവരാവകാശ നിയമത്തിലെ ചരിത്രവിധികൾ
1. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ (വെങ്കിടേശ് നായ്ക് V. ധനകാര്യ മന്ത്രാലയം, സി.ഐ.സി 09.01.2020).
2. സർവകലാശാലയിൽ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ വിദ്യാർഥികൾക്ക് ലഭിക്കാൻ അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതി (തമിഴ്നാട് ഡോ. അംബേദ്കർ ലോ യൂനിവേഴ്സിറ്റി V. തമിഴ്നാട് വിവരാവകാശ കമീഷൻ, 14.10.2019).
3. ഇലക്ട്രോണിക് വോട്ടുയന്ത്രം (ഇ.വി.എം) 'വിവരം' എന്നതിെൻറ നിർവചനത്തിൽ വരുന്നില്ലെന്ന് ഡൽഹി ഹൈകോടതി. ആർ.ടി.ഐ നിയമത്തിലെ 2 (എഫ്) എന്ന വകുപ്പിെൻറ പരിധിയിൽ ഇ.വി.എം ഉൾപ്പെടും എന്ന കേന്ദ്ര വിവരാവകാശ കമീഷെൻറ ഉത്തരവിനെ ചോദ്യംചെയ്ത് ഇലക്ഷൻ കമീഷൻ സമർപ്പിച്ച ഹരജിയിലാണ് വിധി. (ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യ V. സി.ഐ.സി 17.12.2019).
4. ഉദ്യോഗസ്ഥരുടെ യാത്രാബത്ത ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതുതാൽപര്യമില്ലാത്ത വ്യക്തിഗത വിവരങ്ങളായതിനാൽ ആർ.ടി.ഐ നിയമത്തിെൻറ പരിധിയിൽ വരില്ലെന്ന് ഛത്തിസ്ഗഢ് ഹൈകോടതി. ആർ.ടി.ഐ നിയമത്തിലെ 8(1) (ജെ) വകുപ്പിെൻറ പരിധിയിൽ ഇത്തരം വിവരം വരാത്തതിനാൽ അത് നൽകണമെന്ന വിവരാവകാശ കമീഷെൻറ ഉത്തരവാണ് ൈഹകോടതി റദ്ദാക്കിയത് (ഛത്തിസ്ഗഢ് ബി.എസ്.സി V. പി.ഐ.ഒ ഹൈകോടതി 06/07/2018).
5. തെരഞ്ഞെടുപ്പ് കമീഷെൻറ വിയോജനക്കുറിപ്പ് വിവരാവകാശ നിയമപ്രകാരം നൽകാനാവില്ലെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ ഉത്തരവിട്ടു. ഇലക്ഷൻ കമീഷണറായ അശോക് ലവാസയുടെ വിയോജനക്കുറിപ്പ് അതീവ രഹസ്യസ്വഭാവമുള്ള രേഖ എന്ന കാരണം കേന്ദ്ര കമീഷൻ അംഗീകരിച്ചു. (ഡോ. ജയ്ദീപക് സിങ് V. സി.പി.ഐ.ഒ തെരഞ്ഞെടുപ്പ് കമീഷൻ, സി.ഐ.സി 10.04.2020).
വിവരാവകാശ നിയമം പ്രതികൂല വിധികൾ
1. നീതിന്യായ നടപടികളുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ലെന്നും അതിനായി കോടതി ചട്ടപ്രകാരം അപേക്ഷ നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു (ചീഫ് ഇൻഫർമേഷൻ കമീഷണർ V. ഗുജറാത്ത് ഹൈകോടതി 4.3.2020).
2. മന്ത്രിമാർ പൊതു അധികാര സ്ഥാപനമല്ലെന്ന് ഡൽഹി ഹൈകോടതി. കേന്ദ്രമന്ത്രിമാർ പൊതു അധികാരികളാണെന്ന കേന്ദ്ര കമീഷൻ വിധിയാണ് ൈഹകോടതി റദ്ദാക്കിയത് (യൂനിയൻ ഓഫ് ഇന്ത്യ V. സി.ഐ.സി 2017).
3. വിൽപനനികുതിയുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരുമെന്ന് കേരള ൈഹകോടതി ഉത്തരവിട്ടു.
4. 'ഫയൽ കാണാനില്ല' എന്നത് വിവരം നിഷേധിക്കാൻ കാരണമല്ലെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ (ഷഹഷാദ് സിങ് V. തപാൽ വകുപ്പ് സി.ഐ.സി 2018).
5. മുല്ലപ്പെരിയാർ ഡാമിെൻറ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകൾ ആർ.ടി.ഐ നിയമപ്രകാരം രേഖപ്പെടുത്തണമെന്ന് കേരള സംസ്ഥാന വിവരാവകാശ കമീഷൻ (ഡി.ബി. ബിനു V. എസ്.പി.ഐ.ഒ ജലവിഭവ വകുപ്പ് (എ.എസ്.ഡബ്ല്യു.സി) കേരള സർക്കാർ 20.06.2020).
6. ഓഫിസിൽ ചെന്ന് രേഖകൾ പരിശോധിക്കുന്ന അവസരത്തിൽ രേഖകളുടെ ഫോട്ടോ എടുക്കാൻ അപേക്ഷകരെ അനുവദിക്കണമെന്ന് കേരള സംസ്ഥാന വിവരാവകാശ കമീഷൻ.
7. വിവരം 'അപ്രസക്ത'മാണെന്ന കാരണം പറഞ്ഞ് അപേക്ഷ നിരസിക്കാൻ പി.ഐ.ഒക്ക് അധികാരമില്ലെന്ന് ഡൽഹി ഹൈേകാടതി (ആദേശ്കുമാർ V. യൂനിയൻ ഓഫ് ഇന്ത്യ, ഡൽഹി ഹൈകോടതി-2014).
8. പോളിങ് ബൂത്തിലെ വിഡിയോ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിക്കാൻ പൗരന് അവകാശമുണ്ടെന്ന് കേരള സംസ്ഥാന വിവരാവകാശ കമീഷൻ (അഡ്വ. ഡി.ബി. ബിനു V. എസ്.പി.ഐ.ഒ ചീഫ് ഇലക്ട്രിക്കൽ ഓഫിസർ എസ്.ഐ.ഡി 31.012.2019).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.