നേരാം വഴി കാട്ടും ഗുരു
text_fields23 വർഷങ്ങൾക്ക് മുമ്പൊരിക്കൽ നാട്ടിലെ പ്രസിദ്ധമായ ഒരാശ്രമത്തിൽ പോകാനിടയായി. അവിടത്തെ അന്തേവാസികളെ പരിചയപ്പെട്ടു, സംസാരിച്ചു. നേരം ഉച്ചയായി. എല്ലാവരും ഒരുമിച്ച് ഊണു കഴിക്കാനിരുന്നു. അക്കൂട്ടത്തിലൊരാൾ എന്നെ സൂക്ഷിച്ചു നോക്കി, പേരുവിവരങ്ങൾ തിരക്കി. പിന്നെയൊരു ചോദ്യം ഏത് ജാതിയിൽ പെടും? എന്റെ ഇടത്തൊണ്ടയിൽ വറ്റു കയറി. ഗുരുദേവകൃതികൾ ഉൾപ്പെടെയുള്ള ആധ്യാത്മികശാസ്ത്രഗ്രന്ഥങ്ങൾ സ്വാധ്യായം നടത്തുന്ന ഒരാശ്രമത്തിൽ മുഖ്യസന്യാസിയുടെ മുന്നിൽവെച്ചാണ് നിസ്സങ്കോചമുള്ള ഈ ജാതി ചോദിക്കൽ.
അതെല്ലാം നിർവ്വികാരം കേട്ടിരുന്ന സന്യാസിമുഖ്യനാവട്ടെ- ‘‘ഭട്ടതിരി മുതൽ നായാടി വരെ ഏതിലും പെടാമല്ലേ’’ എന്നൊരു കൂട്ടിച്ചേർക്കലും നടത്തി. പ്രാചീനമായ കരിംചതുപ്പുകൾ ഞെരമ്പുവേരുകളെടുത്ത് വലിച്ചാഴ്ത്തുന്നതുപോലെയാണ് എനിക്കനുഭവപ്പെട്ടത്. ഭേദഭാവനകൾ ആവേശിക്കാൻ പാടില്ലാത്ത സന്യാസതലത്തെപ്പോലും വിഴുങ്ങിയ ജാതീയതയുടെ കരാളരൂപം അന്നവിടെ കണ്ടു. വർഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇന്നും ഉള്ളിൽ നിറഞ്ഞു കത്തി നിൽക്കുന്നതുകൊണ്ടാണ് ഗുരുദേവജയന്തിദിനത്തിൽ ഈയൊരനുഭവം പങ്കുവെച്ചത്.
ഇത്തരമൊരു പശ്ചാത്തലം കൂടുതൽ തീവ്രമായി നിലനിൽക്കുന്നതിനാലാണ് ശ്രീനാരായണഗുരുവിന്റെ ജീവിതവും അധ്യാപനങ്ങളും മുമ്പെന്നത്തെക്കാളും ഇന്നും പ്രസക്തമാകുന്നത്.
എന്താണ് ജാതീയതയുടെ അടിസ്ഥാനം? മൂന്ന് ഗുണങ്ങൾ വിവിധ അനുപാതത്തിൽ ചേരുമ്പോൾ ഉണ്ടാകുന്നെന്ന് പറയപ്പെടുന്ന നാല് വർണങ്ങൾ (!). അറിവും വിഭവങ്ങളും പ്രയോഗവിദ്യയും എടുത്തുപയോഗിക്കാൻ കരുത്തും വൈഭവവും കാര്യശേഷിയുമുള്ളവരുടെ കൈകളിലെത്തുന്നത് തടഞ്ഞ അങ്ങേയറ്റം യാന്ത്രികമായ, മനുഷ്യരാശിയുടെ ക്രിയാത്മകത മുഴുവൻ തല്ലിക്കെടുത്തിയ പടുജീർണത! ഒരു വലിയ ജനതയുടെ മനുഷ്യപദവിപോലും എന്നന്നേക്കുമായി നിരാകരിച്ച് അടിമത്തത്തിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ കൊടുംക്രൂരത! അതിക്രൂരമായ അടിച്ചമർത്തലും വ്യക്തിത്വനിഷേധവും ഹിംസയും പുറന്തള്ളലുമാണിതിന്റെ പ്രയോഗമുറ.
അധികാരസ്ഥാനത്തോടും സാമൂഹികപദവിയോടും മൂലധനത്തോടും വിഭവശേഷിയോടും അതെന്നും ഉദാരമായ നീക്കുപോക്കുകൾ നടത്തിക്കൊണ്ടിരിക്കും. ഇതെല്ലാം ഉൾക്കൊണ്ടാണ് ജാതീയതയുടെ അടിത്തട്ടിലൂന്നി മരം പൊട്ടി മുളക്കുന്നതുപോലെയാണോ വിരാട് പുരുഷനിൽനിന്ന് നാലുവർണങ്ങൾ ഉരുത്തിരിഞ്ഞതെന്ന് ഒരിക്കൽ ഗുരു പരിഹാസരൂപേണ ചോദിച്ചത്.
വിവിധ തലത്തിൽ അനേകം നിലവാരത്തിൽ ഒറ്റപ്പെട്ടതും ചിതറിത്തെറിച്ചതുമായ ശബ്ദങ്ങളെ അവിടന്ന് സാർഥകമായി ഏകോപിപ്പിച്ചത് ആത്മീയതലത്തിൽനിന്ന് തുടങ്ങുന്ന സംസ്കരണ പ്രക്രിയയിലൂടെയായിരുന്നു. 1888ലെ അരുവിപ്പുറം പ്രതിഷ്ഠ അതിന് തുടക്കം കുറിച്ചു. ലോകം സൃഷ്ടിച്ച് അതിന് പുറത്തെങ്ങോ ഇരിക്കുന്നവനല്ല മറിച്ച്, അന്നവസ്ത്രാദികൾ നൽകി സംരക്ഷിക്കുന്ന ഈശ്വരനാണ് തങ്ങൾക്ക് തമ്പുരാനാകുന്നതെന്ന് അവിടന്ന് ദൈവദശകത്തിൽ കുറിച്ചു. മതങ്ങളിലെ ധാർമികവും നൈതികവുമായ ശക്തികേന്ദ്രത്തിൽനിന്നാണ് സാമൂഹികതിന്മകളെ അതിവർത്തിക്കുന്നതിനുള്ള ഊർജം സമാഹരിച്ചത്. ഉൾസാരം ഒന്നായതുകൊണ്ടും പരംപൊരുളിന്റെ പ്രകടനസാധ്യതകൾ അനന്തമായതുകൊണ്ടും ഒരു മതം മറ്റൊരു മതത്തോട് യുദ്ധം ചെയ്ത് വിജയം നേടാമെന്നും മതങ്ങളെ പോരാട്ടത്തിലൂടെ നശിപ്പിക്കാമെന്നും കരുതുന്നത് പ്രായോഗികമല്ല. മോക്ഷത്തിന് എല്ലാ മതങ്ങളും പര്യാപ്തമാണെന്ന് ഗാന്ധിജിയുമായുള്ള അഭിമുഖത്തിനിടെ അവിടന്ന് ഉൗന്നിപ്പറഞ്ഞതും ഈ യാഥാർഥ്യം ഉൾക്കൊണ്ടാണ്.
പ്രാപഞ്ചികവും ഈശ്വരീയവുമായ അവബോധതലത്തിലേക്ക് മനുഷ്യരാശിയെ നയിക്കാൻ പ്രായോഗികവും രചനാത്മകവുമായ ഏകോപനകൗശലവും സമന്വയത്തിന്റെ മഹാവൈഭവും അവിടന്ന് വിനിയോഗിച്ചു. ഗുണവർണഘടനയെ നിരാകരിച്ച് പാരമ്പര്യത്തിലേക്കാണ്ടു കിടന്ന ജാതീയതയുടെ വേരുകൾ പിഴുതെറിഞ്ഞും മതാതീതമായ മാനവികയെ ഉയർത്തിപ്പിടിച്ചും സമൂഹത്തിന്റെ മുഖ്യചാലകശക്തിയായി. സാക്ഷാത്കരിച്ച തത്ത്വത്തിൽ ജീവന്റെ വെളിച്ചം കൊളുത്തി മാനവരാശിക്ക് മഹനീയമാതൃകയേകി ചരിത്രം പുനർനിർമിച്ചതുകൊണ്ടാണ് അദ്ദേഹം നിത്യപ്രസക്തനാകുന്നതെന്ന് നിസ്സംശയം പറയാം. വലിയ കവികൂടിയായ ഗുരുവിന് ഒരു ശ്ലോകാർച്ചന നടത്തി ഈ കുറിപ്പ് ഉപസംഹരിക്കട്ടെ:
അങ്ങാഴ്ന്നെടുത്തു
ശിലപോലെയുറഞ്ഞ ലോകം
നെഞ്ചോടടുക്കിയതിൽ
പ്രാണനുരുക്കഴിച്ചു
ആ ധ്യാനകാന്തികധ്രുവത്തിൽ
ജ്വലിച്ചു ഭേദാ-
ഭേദങ്ങൾ സർവവുമടങ്ങിയ വിശ്വതത്ത്വം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.