ഭീകരര്‍ അവരുടേതും നമ്മുടേതും
text_fieldsസിറിയയില്‍ ബോംബ് വര്‍ഷം നിര്‍ത്തുക എന്നാഹ്വാനം ചെയ്ത് ലണ്ടനിലും സ്പെയിനിലും ഇതര യൂറോപ്യന്‍ നഗരങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഏറെ അര്‍ഥതലങ്ങളുണ്ട്. പ്രത്യേകിച്ച് പാരിസില്‍ നടന്ന മാനവവിരുദ്ധമായ ഭീകരാക്രമണത്തിന്‍െറയും തുടര്‍ന്ന് നടക്കുന്ന മുനഷ്യക്കുരുതിയുടെയും പശ്ചാത്തലത്തില്‍. ഭീകരതയെക്കുറിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി എന്നതും സ്റ്റേറ്റ് ഭീകരതക്ക് തീവ്രമായ ന്യായീകരണം ഒന്നുകൂടി ഉറപ്പിക്കാനായി എന്നതുമാണ് എല്ലാ ഭീകരാക്രമണങ്ങളുടെയും കാര്യത്തിലെന്നപോലെ പാരിസ് ആക്രമണത്തിന്‍െറയും പ്രത്യാഘാതം. എന്നാല്‍, പാരിസ് ആക്രമണത്തെ തുടര്‍ന്ന് രാഷ്ട്രനായകന്മാരില്‍ നിന്നുണ്ടായ പ്രതികരണങ്ങളും പ്രത്യാക്രമണങ്ങളും മനുഷ്യ കബന്ധങ്ങള്‍ പൊട്ടിച്ചിതറുന്ന കാലം അസ്തമിക്കാന്‍ പോകുന്നില്ല എന്ന ലളിതമായ വസ്തുത ഒന്നുകൂടി ശരിവെക്കുന്നുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് അധികാര കേന്ദ്രങ്ങളില്‍നിന്ന് ഭിന്നമായ സ്വരത്തിന് ലോകം സാക്ഷ്യംവഹിക്കുന്നത്.
പൊറുക്കാനാവാത്ത കൊടുംതിന്മയാണ് മനുഷ്യക്കുരുതിയെന്ന് വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ് ഭീകരതക്കെതിരെ പ്രതികരിക്കാന്‍ ധാര്‍മികാവകാശമുള്ളത്. സമകാലിക ലോകം നിയന്ത്രിക്കുന്ന ഭരണകൂടങ്ങളില്‍ പലര്‍ക്കും അതിനര്‍ഹതയില്ല. കാരണം, അധികാരവും മേധാവിത്വവും ഉറപ്പാക്കാന്‍ ഹീനതയുടെ ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരാണവര്‍. ലോകയജമാനന്മാരായി സ്വയം വിരാജിക്കുന്നവരുടെ കുടിലമായ ഇത്തരം അധോലോക പ്രവര്‍ത്തനങ്ങളെ മറയില്ലാതെ വെളിവാക്കിയെന്നതാണ് സിറിയ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ധര്‍മം. പ്രത്യേകിച്ച് റഷ്യ സിറിയയില്‍ ഇടപെട്ടതോടെ അധോലോകത്തിന്‍െറ ഇരുണ്ട ചിത്രങ്ങള്‍ ഇരു ചേരികളും നടത്തുന്ന ചളിവാരിയെറിയലിലൂടെ പുറത്തുവരുന്നുണ്ട്. ബശ്ശാര്‍ അല്‍അസദിനെ നേരിടാനെന്ന പേരില്‍ ഫ്രീ സിറിയന്‍ ആര്‍മിക്കും നുസ്ര ഫ്രണ്ടിനും ഐ.എസിനും വരെ ആയുധ പരിശീലനവും സാമ്പത്തിക സഹായവും ഒരുക്കുക മാത്രമല്ല, എല്ലാവിധ നശീകരണായുധങ്ങളും എത്തിച്ചുകൊടുത്തത് നന്മയുടെ മിശിഹാ ആയി ഉറഞ്ഞുതുള്ളുന്ന ഇതേ ശക്തികള്‍ തന്നെയായിരുന്നു. ആദ്യം ചെറുത്തുനില്‍പ്പ്രസ്ഥാനങ്ങളെന്ന പേരില്‍ അധോലോക സംഘങ്ങള്‍ക്ക് രൂപംനല്‍കുക, പിന്നീടവയെ എല്ലാ ഭീകരാക്രമണങ്ങളുടെയും സൂത്രധാരകരായി ചിത്രീകരിച്ച് കാടടച്ച് വെടിവെക്കുക. ഇതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഒരു രാജ്യത്തെ ജനാധിപത്യപരമായ മാറ്റം പ്രസ്തുത രാഷ്ട്രങ്ങളിലെ പൗരന്മാരുടെ കടമയായിരിക്കെ സിറിയയിലെ സ്വാഭാവികമായ ജനകീയ ചെറുത്തു നില്‍പുകളെ ധാര്‍മികമായി പിന്തുണക്കുന്ന നിലപാടായിരുന്നില്ല ഇത്. സിറിയന്‍ ഭരണകൂടം പ്രതിനിധാനം ചെയ്യുന്ന ബഅസ് സോഷ്യലിസത്തിന്‍െറ മതനിരാകരണ ചേരിക്കെതിരെ പതിറ്റാണ്ടുകളായി സമരം ചെയ്യുന്ന ഇസ്ലാമിസ്റ്റുകള്‍ വിപ്ളവത്തിന്‍െറ പ്രയോജകരാവും എന്നതായിരുന്നു അറബ് വസന്തത്തിന്‍െറ കടുത്ത ശത്രുക്കളായ പടിഞ്ഞാറന്‍ യജമാന രാഷ്ട്രങ്ങളുടെയും അവരുടെ സീമന്ത രാഷ്ട്രങ്ങളായി സിറിയയില്‍ ഇടപെട്ട അറബ് ശൈഖുമാരുടെയും ഭയം. അതിന് അവര്‍ കണ്ടത്തെിയ പരിഹാരമായിരുന്നു കളിക്കളത്തില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ ഗൂഢസംഘങ്ങളെ പരിശീലിപ്പിക്കുക എന്ന തന്ത്രം. ഇസ്ലാമിസ്റ്റുകളെ അകറ്റിനിര്‍ത്തി ബശ്ശാറാനന്തര സിറിയയെ കെട്ടിവരിഞ്ഞ് നിയന്ത്രിക്കാനാവും എന്നതായിരുന്നു കണക്കുകൂട്ടലുകളിലൊന്ന്. പടിഞ്ഞാറന്‍ വിരുദ്ധത വ്യാപകമായി നിലനില്‍ക്കുന്ന അറബ് യൗവനത്തെ തങ്ങള്‍ നിയന്ത്രിക്കുന്ന അധോലോക സംഘങ്ങളില്‍ കണ്ണിചേര്‍ത്ത് നിര്‍വീര്യമാക്കാനാവും എന്നതായിരുന്നു മറ്റൊരു കണക്കുകൂട്ടല്‍. ഇവയെല്ലാം അതിദയനീയമാംവിധം പരാജയപ്പെട്ടു എന്നതാണ് പ്രശ്നത്തിന്‍െറ മര്‍മം. ഇറാഖും സിറിയയും കൈവശംവെച്ച് പഴയ കൊളോണിയല്‍ യുഗത്തിന്‍െറ നഷ്ടപ്രതാപം സാങ്കല്‍പികമായെങ്കിലും തിരിച്ചുപിടിക്കാനാവും എന്ന ആ സ്വപ്നമുണ്ടല്ളോ അതാണ് സിറിയയില്‍ തകര്‍ന്നുപോയത്. അതിന് ലോകം കൊടുക്കുന്ന വിലയാണ് ഇപ്പോഴത്തെ സര്‍വ ഭീകരാക്രമണങ്ങളും.
പാലൂട്ടി വളര്‍ത്തിയവര്‍തന്നെ സ്വന്തം കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന യാങ്കി-യൂറോ യുക്തി സദ്ദാം ഹുസൈന്‍ മുതല്‍ അഫ്ഗാന്‍ ജിഹാദ് വരെയുള്ള പോസ്റ്റ് കൊളോണിയല്‍ നാടകങ്ങളിലെ കേന്ദ്ര പ്രമേയമാണ്. ബശ്ശാറിനെപ്പോലെ മതനിരാസ ബഅസ് സോഷ്യലിസ്റ്റും കടുത്ത ഏകാധിപതിയുമായ സദ്ദാം എല്ലാ കാലത്തും യൂറോപ്യന്‍ നഗരങ്ങളില്‍ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കപ്പെട്ടവനായിരുന്നു. നിന്ദാര്‍ഹമായ ദാസ്യവേലകള്‍ക്ക് കിട്ടിയ പ്രതിഫലമായിരുന്നു മേഖലയിലെ സുസജ്ജമായ സൈനിക മേധാവിത്വം ഇറാഖിന് കൈവരിക്കാനായി എന്നത്. ആശയപരമായി സോവിയറ്റ് ചേരിയില്‍ നിലയുറപ്പിച്ച ഒരു രാഷ്ട്രത്തിന് ശീതയുദ്ധനാളുകളില്‍ തന്നെ പടിഞ്ഞാറിന്‍െറ നിര്‍ലോഭ പിന്തുണ ലഭിച്ചത് പ്രത്യേക പഠനം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍, യാങ്കി-അറബ് യജമാനന്മാര്‍ക്കുവേണ്ടി നടത്തിയ ഇറാന്‍ യുദ്ധം ദയനീയമായി പരാജയപ്പെട്ടതോടെ സദ്ദാം എന്ന നായകന്‍ അതിവേഗം വില്ലനാവുകയായിരുന്നു. തീമഴകൊണ്ട് ഇറാഖ് തകര്‍ക്കപ്പെട്ടുവെന്നത് അതിന്‍െറ പ്രത്യാഘാതം. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന സിസ്പോസബ്ള്‍ സംസ്കാരത്തിന്‍െറ സഹതാപാര്‍ഹമായ ഇരയായിരുന്നു സദ്ദാം. ഭാവിയില്‍ യാങ്കി-ഇസ്രായേല്‍ താല്‍പര്യത്തിന് ഭീഷണിയാവാനിടയുള്ള സുശക്തമായ ഇറാഖി സൈനിക ശക്തിയെ നിര്‍വീര്യമാക്കലായിരുന്നു അതിന്‍െറ ഒരു ലക്ഷ്യം. അഫ്ഗാനിസ്താനില്‍ നടപ്പാക്കിയതും ഇതുതന്നെ. സോവിയറ്റ് വിരുദ്ധ പോരാട്ടമുഖത്തുള്ള പോരാളികളില്‍ ഒരു വിഭാഗത്തെ പടിഞ്ഞാറിന് ദാസ്യവേല ചെയ്യുന്നവരാക്കി വളര്‍ത്തിക്കൊണ്ടുവരുക എന്ന സി.ഐ.എ പദ്ധതി ദയനീയമായി പരാജയപ്പെട്ടതിന് കൊടുക്കേണ്ടിവന്ന വിലയാണ് ലക്ഷങ്ങള്‍ കുരുതികൊടുക്കപ്പെട്ട അഫ്ഗാന്‍ യുദ്ധം. പക്ഷേ, അഫ്ഗാനിസ്താനെ ഒരു മരുപ്പറമ്പാക്കിയിട്ടും ഇന്നും അമേരിക്കക്കും പാവസര്‍ക്കാറിനും അവിടെ കാലുറച്ചിട്ടില്ല.
സമകാലിക ചരിത്രത്തിലെ ഈ രണ്ട് ഭീകരമായ യുദ്ധങ്ങള്‍ നയിച്ചവര്‍ക്ക് മനുഷ്യക്കുരുതിയെയും മനുഷ്യാവകാശത്തെയും കുറിച്ച് സംസാരിക്കാന്‍ എന്തര്‍ഹതയാണുള്ളത് എന്ന ചോദ്യം ഒരായിരം തവണ മുഴക്കേണ്ടതായിരുന്നു. ഇവയെ യുദ്ധങ്ങള്‍ എന്നുവിളിക്കുന്നത് കടുത്ത അനീതിയായിരിക്കും. കാരണം, ഇരു സേനകളാണ് യുദ്ധങ്ങളില്‍ ഏറ്റുമുട്ടാറുള്ളത്. ഇവ രണ്ടും നിരാലംബരായ ജനങ്ങള്‍ക്കുനേരെ നടത്തിയ അതിഭീകരമായ കൂട്ടക്കൊലകളായിരുന്നു. ഭീകരമായ ഈ മനുഷ്യക്കുരുതികളോടുള്ള പ്രതികരണം അപൂര്‍വം യുദ്ധവിരുദ്ധ റാലികളില്‍ പലപ്പോഴും ഒതുങ്ങുകയും ഭരണകൂടങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന സംഭ്രമജനകവും സ്തോഭജനകവുമായ ഭീകരതയെക്കുറിച്ച വാര്‍ത്തകളില്‍ പിന്നീട് എരിഞ്ഞൊടുങ്ങുകയും ചെയ്തുവെന്നതാണ് വാസ്തവം. ഇതിനിടയില്‍ സീസി മുതല്‍ ഹഫ്താര്‍ വരെയുള്ള കൊലപാതകികള്‍ പടിഞ്ഞാറിന്‍െറ ആശീര്‍വാദത്തോടെ നടത്തുന്ന മനുഷ്യക്കുരുതികള്‍ ബഹുജനം മറന്നു. ഇക്കാരണത്താലാണ് സിറിയയില്‍ അസദിനെ മാറ്റാതെ സമാധാനം പുലരില്ളെന്ന് പുലമ്പുന്നവര്‍ക്ക് 1400ഓളം നിരാലംബരായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രതിഷേധക്കാരെ നിമിഷനേരംകൊണ്ട് കൊന്നൊടുക്കിയ സമകാലിക ലോകത്തെ ഏറ്റവും വലിയ കശാപ്പുകാരനെ ചുവന്ന പരവതാനി വിരിച്ച് പാരിസ് ആക്രമണത്തിന്‍െറ രണ്ടുദിവസം മുമ്പ് സ്വീകരിക്കാനാവുന്നത്. നിരപരാധികളുടെ ചോരപുരണ്ട കരം കവര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറണ്‍ സമാധാനത്തെക്കുറിച്ച് പറയുമ്പോള്‍ പണ്ടൊക്കെ അത് വിശ്വസിക്കാന്‍ ആളുകളുണ്ടാവുമായിരുന്നു. എന്നാല്‍, കാലം മാറി. കാപട്യവും പിടിച്ചുപറിയും ശീലിച്ച അവയെ മതമായി കൊണ്ടുനടക്കുന്ന രാഷ്ട്രനേതാക്കന്മാരുടെ വാക്കുകളെക്കാള്‍ ചരിത്രവും കണക്കുകളും വര്‍ത്തമാനാനുഭവങ്ങളും മുന്നില്‍വെച്ച് സംസാരിക്കുന്ന വില്ലന്മാരെയാണ് ജനങ്ങള്‍ കൂടുതല്‍ വിശ്വസിക്കുന്നത്. ടി.വിയിലും യുട്യൂബിലും പ്രത്യക്ഷപ്പെടുന്ന ഈ രൂപങ്ങള്‍ യഥാര്‍ഥമാണോ അല്ല വെറും കഥാപാത്രങ്ങളാണോ എന്നൊന്നും നിശ്ചയമില്ളെങ്കിലും അവര്‍ പറയുന്നതില്‍ ശരിയുണ്ടെന്ന് നല്ളൊരു ശതമാനം ജനങ്ങള്‍ വിശ്വസിക്കുന്നു. മേല്‍ വിലാസവും പരിചിതമായ നേതൃത്വവും ഇല്ലാത്ത ഇത്തരം സംഘങ്ങള്‍ ഇസ്ലാമിന്‍െറതന്നെ കൊടിയ ശത്രുക്കള്‍ ഒരുക്കിവെച്ചിരിക്കുന്ന ഒരു മാരകക്കെണിയാണെന്ന് വിശ്വസിക്കാന്‍ ഒരുപാട് തെളിവുകളുണ്ടായിട്ടും ഇത്തരം തെളിവുകള്‍ മുന്‍നിര്‍ത്തി മുസ്ലിം ലോകത്തെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളും സംഘടനകളും പ്രചാരണം നടത്തിയിട്ടും അതൊക്കെ മറികടന്ന് അഭ്യസ്തവിദ്യരായ യുവാക്കള്‍ വരെ നിഗൂഢസംഘങ്ങളില്‍ അണിചേരുന്നുവെങ്കില്‍ അത്രമാത്രം പ്രക്ഷുബ്ധമാണ് ഒരുപറ്റം ചെറുപ്പക്കാര്‍ എന്ന് വിശ്വസിക്കലല്ളേ ന്യായം.
ഈ ന്യായം നിലനില്‍ക്കുന്ന കാലത്തോളം ഒരു പേരിലല്ളെങ്കില്‍ മറ്റൊരു പേരില്‍ മനുഷ്യ രക്തം ചിന്തപ്പെടും, തീര്‍ച്ച. അഥവാ ഭീകരത അമേരിക്കക്കും ഫ്രാന്‍സിനും ബ്രിട്ടനും വേണ്ടിയാണെങ്കില്‍ നന്മയും അവര്‍ക്കെതിരാണെങ്കില്‍ തിന്മയുമാകുന്ന കൗടില്യ ന്യായങ്ങള്‍ ചോദ്യംചെയ്യാന്‍ നാം ആര്‍ജവം കാണിക്കാത്ത കാലം ഭീകരാക്രമണങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഈ ഒരു സത്യം വിളിച്ചുപറയാനും ഭരണകൂടങ്ങളെ കുറ്റവിചാരണ ചെയ്യാനും പടിഞ്ഞാറന്‍ നാടുകളിലെ ബഹുജനങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നുവെന്നത് നല്ലകാര്യം തന്നെയാണ്. റോബര്‍ട്ട് ഫിസ്ക് സൂചിപ്പിച്ചതുപോലെ പുറംലോകങ്ങളില്‍ ബോംബെറിഞ്ഞ് സ്വന്തം രാജ്യത്ത് സമാധാനപരമായി ഉറങ്ങാനാവുമെന്ന പാശ്ചാത്യ യുക്തിബോധത്തിന് കിടിലന്‍ പ്രഹരമേറ്റപ്പോള്‍ മാത്രമാണ് ഈ തിരിച്ചറിവുകള്‍ ഉണ്ടാവുന്നു എന്നത് ഭീകരാക്രമണംപോലെ മറ്റൊരു മഹാദുരന്തം തന്നെയല്ളേ. നീതിപൂര്‍വകമായ ലോകത്തെക്കുറിച്ച സ്വപ്നങ്ങളല്ല; ഭീതിജനകമായ ഭാവിയെക്കുറിച്ച ആശങ്കകളാണ് നമ്മുടെ പ്രതികരണത്തിന്‍െറ അടിസ്ഥാനം എന്നുവരുമ്പോള്‍ പ്രത്യേകിച്ചും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.