Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രളയം വിതക്കുന്ന...

പ്രളയം വിതക്കുന്ന അപായസൂചനകൾ

text_fields
bookmark_border
പ്രളയം വിതക്കുന്ന അപായസൂചനകൾ
cancel

തിരുവനന്തപുരം, എറണാകുളം തുടങ്ങിയ നഗരങ്ങൾക്ക് ചെന്നൈ നൽകുന്ന പാഠങ്ങൾ നിരവധിയാണ്. അശാസ്ത്രീയ സമീപനങ്ങളും ഉദാസീനതയും നമ്മുടെ നഗരങ്ങളെ രക്ഷിക്കില്ലെന്ന് ചെന്നൈ ദുരന്തം ഓർമപ്പെടുത്തുന്നു. ചെന്നൈ നഗരവാസികളുടെ അഹന്തയിലേക്ക് ഇടിച്ചുകയറിയ ഒരു ‘എം60 പാറ്റൻ ടാങ്ക്’ ആയിരുന്നു അപ്രതീക്ഷിതമായെത്തിയ പേമാരിയും വെള്ളപ്പൊക്കവും. തങ്ങളുടെ നഗരം സുരക്ഷിതമാണെന്ന അഹങ്കാരത്തിെൻറ പുറംപൂച്ചുകളിൽ മയങ്ങിക്കിടന്ന ചെന്നൈ വാസികളുടെ കാപട്യത്തിെൻറ മുഖംമൂടി ഇവിടെ തകർന്നുവീണിരിക്കുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഇത്തരമൊരു പേമാരിയും വെള്ളപ്പൊക്കവും ആദ്യമായാണെന്ന് കാലാവസ്ഥാ നിരീക്ഷകർ സ്ഥാപിക്കുമ്പോൾ, ദീർഘവീക്ഷണമില്ലാത്ത നഗരവത്കരണത്തിെൻറ പിടിപ്പുകേടാണെന്ന് മറ്റുചിലർ ആക്രോശിക്കുന്നു. പക്ഷേ, നഗരവും നഗരപ്രാന്തങ്ങളും പ്രളയക്കെടുതിയിൽ ആടിയുലയുമ്പോൾ സർവതും ദുരിതക്കയത്തിലായി. പണവും പ്രതാപവുമല്ല, മതവും ജാതിയുമല്ല ജീവിതത്തിെൻറ അച്ചുതണ്ടിനെ നിയന്ത്രിക്കുന്നതെന്ന് നിലവെള്ളം ചവിട്ടിനിൽക്കുമ്പോൾ ഒരു നിമിഷമെങ്കിലും തോന്നാത്ത മനുഷ്യർ ഇവിടെ അപൂർവമായിരിക്കും.

പത്തു ദിവസത്തോളം നഗരവാസികൾ അനുഭവിച്ച കൊടും യാതനകളും മാനസിക പിരിമുറുക്കങ്ങളും വിവർണാതീതമായിരുന്നു. തികച്ചും ഒറ്റപ്പെട്ട ഒരുതുരുത്ത്. കത്തിക്കയറുന്ന വിശപ്പടക്കാൻ, വരണ്ടുപോയ തൊണ്ട നനക്കാൻ കനിയേണമേ എന്ന് ആകാശത്തേക്ക് നോക്കി അവർ മനസ്സുരുകി പ്രാർഥിച്ചു. ജീവിതകാലം മുഴുവൻ അവർ കരുതിവെച്ച മുതൽക്കൂട്ടുകളൊക്കെ വെള്ളപ്പൊക്കത്തിലും പേമാരിയിലും ഒലിച്ചുപോയിരുന്നു. അവർ നെഞ്ചിലേറ്റി താലോലിച്ച മോഹങ്ങളൊക്കെ പെരുവെള്ളത്തിൽ അലിഞ്ഞുപോയിരുന്നു. ഉറ്റവർ പലരും ജലസമാധിയിലായിരിക്കുന്നു. ജീവൻ പോയവരുടെ മൃതശരീരങ്ങൾ പ്രളയജലത്തിൽ ഒഴുകിനടന്നു. റോയപ്പേട്ട സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ എത്തിയ മൃതശരീരങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുമ്പോൾ അവ തങ്ങളുടെ ബന്ധുക്കളുടേതാകരുതേ എന്ന് ജനം പ്രാർഥിച്ചു. ദുരന്തക്കയത്തിൽനിന്ന് സാധാരണ ജീവിതത്തിലേക്ക് കടക്കുമ്പോൾ എന്തൊക്കെ നഷ്ടപ്പെട്ടെന്ന് കണക്കെടുക്കാൻ കഴിയാതെ നഗരവാസികൾ വിറങ്ങലിച്ചുനിന്നു. ഭയമെന്ന ഒരേയൊരു വികാരമായിരുന്നു അവരുടെ സിരകളിൽ ത്രസിച്ചുനിന്നത്.

പ്രകൃതിക്ഷോഭം നഗരത്തിെൻറ ഹൃദയം പിച്ചിച്ചീന്തുമ്പോൾ മനുഷ്യത്വത്തിെൻറ അഭൗമമായ പ്രഭാവമാണ് ജനം കണ്ട് വിസ്മയിച്ചത്.  അസാധാരണ വേഗത്തിലെത്തിയ പെരുവെള്ളം നഗരത്തെ കീഴടക്കുമ്പോൾ ദുരിതത്തിലായവരെ സഹായിക്കാൻ പല തുറകളിലും പെട്ടവർ ദൈവദൂതരെപ്പോലെ രംഗത്തുവന്നു. ടെറസുകളിലും ദുരിതാശ്വാസകേന്ദ്രങ്ങളിലും തമ്പടിച്ച ലക്ഷക്കണക്കിന് അശരണർക്ക് സന്നദ്ധ സംഘടനയിലെ യുവാക്കൾ കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും മരുന്നുകളും വസ്ത്രങ്ങളും എത്തിച്ചു. റോഡുകളിൽ പാചകം ചെയ്ത ആഹാരവുമായി യുവാക്കൾ വിശക്കുന്നവനെ തേടിയെത്തി. വള്ളങ്ങളിലും യന്ത്രബോട്ടുകളിലും അവർ പ്രളയബാധിത പ്രദേശത്തുകൂടി സഞ്ചരിച്ചു. ദുരിതത്തിലകപ്പെട്ടവരുടെ കണ്ണീരൊപ്പാൻ നഗരത്തിലെ ക്ഷേത്രങ്ങളും ഗുരുദ്വാരകളും പള്ളികളും പള്ളിക്കൂടങ്ങളും ഗേറ്റുകൾ തുറന്നുകൊടുത്തു. വിശ്വാസികൾ ദൈവസന്നിധിയിൽ അവരെ വെള്ളവും ഭക്ഷണവും നൽകി സമാശ്വസിപ്പിച്ചു. എത്രയുംവേഗം വെള്ളക്കെട്ടുകൾ ഒഴിഞ്ഞുപോകാൻ അവർ മനസ്സുരുകി പ്രാർഥിച്ചു.

സുരക്ഷിത താവളങ്ങളിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച് പരാജയപ്പെട്ട് മരണത്തിെൻറ നെടുംകയങ്ങളിലേക്ക് നിപതിച്ചവകരുടെ ഭൗതിക ശരീരങ്ങൾ അവർ തോളിലേറ്റി കരയിലെത്തിച്ചു. ജലപ്രവാഹത്തിൽ സഹായഹസ്തവുമായി സഞ്ചരിക്കുമ്പോഴും വാർത്തകൾക്കുവേണ്ടി അലഞ്ഞുതിരിയുന്ന അച്ചടി–ദൃശ്യമാധ്യപ്പടകളുടെ കഴുകൻ കണ്ണുകൾക്ക് അവർ ചെവികൊടുത്തില്ല. അപ്പോഴും അവർ ജീവിതത്തിെൻറ നിസ്സഹായതയുടെ ചുഴികളിൽപെട്ടവരെ അന്വേഷിച്ചു നടന്നു. അവരുടെ ദു$ഖത്തിൽ പങ്കുചേർന്നു. മതവും ഭാഷയും പ്രദേശവുമൊന്നും ഈ പ്രവർത്തകരെ വേർതിരിച്ചുനിർത്തിയില്ല. പ്രളയകാലത്തെ രക്ഷിതാക്കളായി സന്നദ്ധ സംഘടനയിലെ പ്രവർത്തകർ. അവരുടെ കൂട്ടായ്മകളെ സഹായിക്കാൻ സോഷ്യൽ മീഡിയയും ഒപ്പമുണ്ടായിരുന്നു.

376 വർഷത്തെ പഴക്കമുള്ള നഗരമാണ് ചെന്നൈ. മദ്രാസ് പ്രസിഡൻസിയുടെ കാലം മുതൽ ചെന്നൈ മലയാളികളുടെ ഇഷ്ടനഗരമാണിത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ജന്മമെടുത്തപ്പോഴും മലയാളികൾ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമൊക്കെ മദ്രാസിനെയാണ് ആശ്രയിച്ചിട്ടുള്ളത്. 1969ൽ മദ്രാസ് തമിഴ്നാടായി പുനർജനിച്ചു. 1996ൽ മദ്രാസ് നഗരം നൂറ്റാണ്ടുകൾക്കു മുമ്പുള്ള പേര് സ്വീകരിച്ചു ചെന്നൈയുമായി. ഇന്നും മലയാളികളുടെ ഗൃഹാതുരത്വം പല സന്ദർഭങ്ങളിലും പതഞ്ഞുയരുന്നുണ്ട്. പ്രകൃതിക്ഷോഭം നഗരത്തെ താറുമാറാക്കുമ്പോൾ ആ ഗൃഹാതുരത്വം മലയാളി സമൂഹത്തെ വിട്ടകന്നില്ല. അതുകൊണ്ടാകണം രക്ഷാപ്രവർത്തനങ്ങൾക്ക് കേരളവും മലയാളി സംഘടനകളും മുന്നിറങ്ങിയതും.
ചെന്നൈയിലെ ഒട്ടുമിക്ക ഐ.ടി. കമ്പനികളിലും പതിനായിരക്കണക്കിനു മലയാളികൾ പണിയെടുക്കുന്നുണ്ട്. ഇവിടത്തെ പ്രഫഷനൽ കോളജുകളിൽ പഠിക്കുന്നവരിൽ നല്ലൊരു വിഭാഗംകേരളത്തിൽനിന്നുള്ളവരാണ്. എൺപത്തഞ്ച് ലക്ഷത്തോളം ജനസംഖ്യയുള്ള ചെന്നൈ നഗരത്തിൽ മലയാളി സമൂഹം 12– 15ശതമാനം ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പ്രളയത്തിൽ തകർന്ന ചെന്നൈക്ക് സാന്ത്വനവുമായി മലയാളി കൂട്ടായ്മ രംഗത്തുവന്നതിലും അത്തരത്തിൽ ഏറെ പ്രസക്തിയുണ്ട്. അഞ്ചുകോടിരൂപ സമാഹരിക്കാനാണ് ചെന്നൈയിലെ മലയാളി സംഘടനകൾ പദ്ധതി ഒരുക്കിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കാൻ നിരവധി വ്യക്തികളും രംഗത്തുവന്നിട്ടുണ്ട്.

320 ഫ്ലൈറ്റുകൾ ഓപറേറ്റ് ചെയ്യുന്ന ചെന്നൈ വിമാനത്താവളം അടച്ചിട്ടു. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിൽ വിമാനത്താവളത്തിൽ വെള്ളം അടിഞ്ഞുകയറി. സ്വകാര്യവിമാനങ്ങൾപോലും വെള്ളത്തിൽ ഒഴുകി നടന്നു. ട്രെയിൻ സർവിസുകൾ റദ്ദാക്കിയപ്പോൾ മലയാളികൾക്ക് കേരളത്തിലേക്ക് കടക്കാൻ മാർഗമില്ലാതായി. പക്ഷേ, അവിടെയും കേരള സർക്കാറിെൻറ സഹായഹസ്തം നീണ്ടു. കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് മൂന്നുദിവസം കെ.എസ്.ആർ.ടി.സി സൗജന്യ സർവിസുകൾ നടത്തി. 1765 പേരാണ് ഇതുവഴി നാടുപിടിച്ചത്. ഒരുലക്ഷത്തോളം പേർ പ്രളയത്തിൽനിന്ന് രക്ഷനേടി കേരളത്തിലേക്ക് മടങ്ങിയെന്നാണ് വാർത്തകൾ.

അതേസമയം, കേരളത്തിൽനിന്ന് ഭക്ഷണസാധനങ്ങൾ മാത്രമല്ല മരുന്നും വെള്ളവും അഭയാർഥി ക്യാമ്പുകളിലേക്ക് പ്രവഹിച്ചു. പത്തോളം ദിവസമായി ജനങ്ങൾ അനുഭവിച്ച കൊടും യാതനകളുടെയും മാനസിക വ്യഥകളുടെയും കാഠിന്യം കുറക്കാൻ ഒരു പരിധിവരെ ഇത്തരം സഹായങ്ങൾക്ക് കഴിഞ്ഞു. കർണാടകയിൽനിന്നും ആന്ധ്രയിൽനിന്നും സഹായവുമായി സന്നദ്ധസംഘങ്ങൾ പ്രത്യക്ഷപ്പെട്ടു. പരീക്ഷണകാലത്ത് മനുഷ്യത്വം നശിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന പ്രവർത്തനങ്ങളായിരുന്നു ചെന്നൈ നഗരത്തിൽ കഴിഞ്ഞദിവസങ്ങളിൽ കണ്ടത്. ദുരിതത്തിെൻറ സീസ്മോ ഗ്രാഫുകൾ പണിമുടക്കുമ്പോൾ ഇത്തരം പ്രവർത്തകരുടെ കനിവാണ് ഒരു ദേശത്തെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നത്.  
നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് ചെന്നൈയിലെ ദുരന്തങ്ങൾ കെട്ടടങ്ങുന്നത്.പ്രളയത്തിനുശേഷം ഉണ്ടാകാൻ സാധ്യതയുള്ള മാരക രോഗങ്ങളാണ് ഇനി നഗരത്തെ കാത്തിരിക്കുന്നത്. കോടിക്കണക്കിന് വിലവരുന്ന മരുന്നുകളും വൈദ്യസഹായവും വേണ്ടിവരുന്നു. ഇവിടെ അടിഞ്ഞുകൂടിയിരിക്കുന്ന പതിനായിരക്കണക്കിനു ടൺ മാലിന്യക്കൂമ്പാരങ്ങൾ മറ്റൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ചെന്നൈ ദുരന്തം ഇന്ത്യൻ നഗരങ്ങൾക്ക് വലിയൊരു പാഠമാണ്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് സജീവമായി ചർച്ചക്ക് ഒരുങ്ങുമ്പോഴാണ് ഇത്തരത്തിലൊരു ദുരിതപർവം അരങ്ങേറിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങളും ജലാശയങ്ങൾ നശിപ്പിച്ചുകൊണ്ടുള്ള പദ്ധതികളും ഇന്ത്യൻ നഗരങ്ങളിലെ ദുരന്തങ്ങൾക്ക് ആക്കംകൂട്ടുമെന്നുറപ്പാണ്. നഗരത്തിലെ വെള്ളമൊഴുകിപ്പോകേണ്ട ഏക മാർഗമാണ് 65 കിലോമീറ്റർ നീളമുള്ള കുവ്വം നദി. അതിെൻറ കരയിൽ കുടിലുകൾ കെട്ടി ചേരികൾ ഉയർന്നതിനാൽ നദിയുടെ വീതികുറഞ്ഞു. മാലിന്യങ്ങൾ വന്നടിയാനും തുടങ്ങി. ചെന്നൈയിലെ വേളാച്ചേരി പ്രദേശത്തെ മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. പുതിയ ഐ.ടി കമ്പനികൾക്കുവേണ്ടി ഈ പ്രദേശത്തെ ജലാശയങ്ങളും തോടുകളും നികത്തിയിരിക്കുന്നു. മഴവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതായി. ഇടത്തരക്കാർ തിങ്ങിപ്പാർക്കുന്ന താംബരം തുടങ്ങിയ പ്രദേശങ്ങളിലെ അശാസ്ത്രീയ സമീപനങ്ങളും നമുക്ക് പല അപായ സൂചനകളും നൽകുന്നു. തിരുവനന്തപുരം, എറണാകുളം തുടങ്ങിയ കേരളീയ നഗരങ്ങൾക്ക് ചെന്നൈ നൽകുന്ന പാഠങ്ങൾ ചില്ലറയല്ല. ഉദാസീനതകൾ നമ്മുടെ നഗരങ്ങളെ രക്ഷിക്കില്ലെന്ന് ചെന്നൈ ദുരന്തം നമ്മെ ഓർമപ്പെടുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai flood
Next Story