കല്യാണം ആര്‍ഭാടപൂരം, വീട് മണിമന്ദിരം
text_fieldsനാളെയെക്കുറിച്ച് ചിന്തിക്കാത്തവര്‍, നാളേക്കുവേണ്ടി കരുതിവെക്കാത്തവര്‍ -ഭൂരിഭാഗം പ്രവാസികളെയും ഇങ്ങനെ വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ളെന്ന് തോന്നുന്നു. രണ്ടുകാര്യത്തിന് വേണ്ടിയാണ് പ്രവാസികള്‍ പണം യാതൊരു നിയന്ത്രണവുമില്ലാതെ ചെലവാക്കുന്നത്. വീടുവെക്കാനും വിവാഹത്തിനും. വീടുവെക്കാനുള്ള ആലോചന മുതല്‍ പിഴവ് ആരംഭിക്കുന്നു. നീണ്ട പ്രക്രിയയാണത്. കുടുംബനാഥനും ഭാര്യയും മാതാപിതാക്കളും മക്കളുമെല്ലാം ഇരുന്ന് അങ്ങ് തീരുമാനിക്കും. ഓരോരുത്തര്‍ക്കും വീടിനെക്കുറിച്ച് വ്യത്യസ്ത ധാരണകളുണ്ടാകും. കൂടെയുള്ള എന്‍ജിനീയര്‍ അല്ളെങ്കില്‍ ആര്‍ക്കിടെക്ട് ഇപ്പോഴത്തെ ‘ട്രെന്‍ഡ്’ പറയും. അതോടെ ആവശ്യത്തിനപ്പുറമുള്ള സൗകര്യങ്ങളോടെയും പത്രാസോടെയും വലുപ്പത്തിലും വീടിന്‍െറ പ്ളാനാകും. പണിയും തുടങ്ങും. വീടിന്‍െറ അടിസ്ഥാന രൂപമാകുമ്പോഴേക്ക് നേരത്തെ പറഞ്ഞ ചെലവ് കടന്നിട്ടുണ്ടാകും. പിന്നെയും അതിന്‍െറ പകുതികൂടി കൂട്ടിയാലേ പ്ളാനില്‍ കാണുന്ന വീടാകൂ. അതിനിടയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരും പ്രവാസിയെ പരമാവധി പിഴിഞ്ഞിട്ടുണ്ടാകും. സമ്പാദിച്ചതെല്ലാം തീര്‍ന്ന് കടം വാങ്ങിയാകും അവിടെ കയറിത്താമസിക്കുക.
ലോകത്തൊരിടത്തും കാണാത്ത ആര്‍ഭാട വീടുകള്‍ കേരളത്തിലങ്ങോളമിങ്ങോളം കാണാം. അഞ്ചും ആറും ബാത്ത് അറ്റാച്ഡ് ബെഡ്റൂമുകളോട് കൂടിയ മാള്‍ബിള്‍ പതിച്ച വീടുകളില്‍ കയറിനോക്കിയാലറിയാം മിക്കതും പ്രേതഭവനങ്ങളാണെന്ന്. മിക്കതിലും ഇത്രയും വലിയ വീട് വൃത്തിയാക്കാന്‍ പോലുമാകാത്ത വൃദ്ധരായ മാതാപിതാക്കള്‍ മാത്രം. മക്കളും കുടുംബവും വിദേശത്ത്. അവരുടെ മക്കള്‍ പഠിപ്പ്, ജോലി, വിവാഹം എന്നീ കാരണങ്ങളാല്‍ വേറൊരിടത്ത്. ഭയപ്പാടോടെ വൃദ്ധര്‍ക്ക് ഇവിടെ കഴിയാനാകാത്തതിനാല്‍ മറ്റൊരു ട്രെന്‍ഡ് കേരളത്തില്‍ പൊട്ടിമുളച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ ‘കൊട്ടാരങ്ങളില്‍നിന്ന് മാതാപിതാക്കളെ നഗരങ്ങളിലെ ഫ്ളാറ്റുകളിലേക്ക് നാടുകടത്തുക. ഇവരെ വൃദ്ധസദനത്തിലാക്കി എന്ന ചീത്തപ്പേര് ഒഴിവായിക്കിട്ടുന്നതിന് പുറമെ മോഷ്ടാക്കളുടെ ശല്യമില്ല, 24 മണിക്കൂര്‍ സുരക്ഷ, ഫോണ്‍ ഞെക്കിയാല്‍ ആവശ്യമുള്ളതെല്ലാം വീട്ടിലത്തെും, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആളുകള്‍... അങ്ങനെ ഗുണങ്ങള്‍ പലതാണ്. ഫലമോ 2011ലെ ഒൗദ്യോഗിക കണക്കനുസരിച്ച് 10 ലക്ഷത്തിലേറെ വീടുകള്‍ കേരളത്തില്‍ പൂട്ടിയിട്ടിരിക്കുകയാണ്. പലരും വീടിന് കാവല്‍ നില്‍ക്കാന്‍ മാസ ശമ്പളത്തില്‍ സെക്യൂരിറ്റിക്കാരെ വെച്ചിരിക്കുന്നു. ലക്ഷങ്ങള്‍ മുടക്കിയതിന് പുറമെ മാസാന്തചെലവുമായി. മലയാളി പ്രവാസിയല്ലാതെ വേറെ ആരെങ്കിലും ഈ വിഡ്ഡിത്തം ചെയ്യുമോ?. എന്തിന് ഇത്ര വലിയ വീട് എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതാണ്. വിവരക്കേട് ,ആലോചനയില്ലായ്മ , അനുകരണഭ്രമം മുതല്‍ പൊങ്ങച്ചം വരെ ആ പട്ടികയില്‍ നിരത്താം. എപ്പോഴെങ്കിലും നാട്ടില്‍ വരുമ്പോള്‍ താമസിക്കാനാണെങ്കില്‍ വമ്പന്‍ വീടുകള്‍ കെട്ടിപ്പൊക്കുന്നതെന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല. പതിറ്റാണ്ടുകള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ചതത്രയും വീടാക്കി രൂപപ്പെടുത്തി ഇപ്പോള്‍ നിത്യചെലവിന് പോലും പണമില്ലാതെ വിഷമിക്കുന്ന ‘ഗള്‍ഫ് റിട്ടേണി’കള്‍ എത്രയെങ്കിലുമുണ്ട് കേരളത്തില്‍.
ഓരോ അംഗത്തിനും ഒന്ന് എന്നതോതിലാണ് വീട്ടില്‍ മുറികളുടെ എണ്ണം. പുറമെ എപ്പോഴെങ്കിലും വരുന്ന അതിഥിക്കായി ഒരു ‘ലോഡ്ജ് മുറിയും. ഈ മുറികളെല്ലാം ഒരേസമയം നിറഞ്ഞ ചരിത്രമുണ്ടാകില്ല. ഫാം ഹൗസുകളിലും മറ്റും പുറംകാഴ്ചകള്‍ കാണാനിരിക്കാനുള്ള മട്ടുപ്പാവുകള്‍ അടുപ്പുകൂട്ടിയപോലെ മൂന്നുസെന്‍റില്‍ പണിയുന്ന വീടിനും കാണാം. മലയാളിയുടെ ഭവന സങ്കല്‍പവും നിര്‍മാണവും പ്രത്യേകം പഠിക്കേണ്ട വിഷയം തന്നെയാണ്.
വിവാഹ ധൂര്‍ത്തിലും മുന്‍പന്തിയില്‍ പ്രവാസികള്‍ തന്നെയാണ്. ലക്ഷങ്ങള്‍ ഇവന്‍റ് മാനേജ്മെന്‍റിനെ ഏല്‍പ്പിച്ച് വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം നാട്ടില്‍ പറന്നിറങ്ങുന്നവര്‍ മുതല്‍ ഗള്‍ഫുകാരായതിന്‍െറ പേരില്‍ ഒന്നിനും ‘കുറവു’ വരുത്താതിരിക്കാന്‍ പാടുപെടുന്ന മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്ന തുച്ഛ ശമ്പളക്കാര്‍ വരെയുണ്ട് ഈ നിരയില്‍. കടക്കെണിയില്‍പെട്ട പ്രവാസികളോട് എന്തിനായിരുന്നു വായ്പയെടുത്തതെന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത് വീടും പെണ്‍മക്കളുടെ വിവാഹവും തന്നെയാണ്. ഭൂരിഭാഗം ഗള്‍ഫുകാരുടെയും നീണ്ട പ്രവാസത്തിലെ ആകെ സമ്പാദ്യം വീടായിരിക്കും. അവസാനം അതും വിറ്റിട്ട് കടം ബാക്കിയുള്ളവരുമുണ്ട്.
16 വര്‍ഷമായി ദുബൈയിലുള്ള ബാബുവിന്‍െറ കഥ അതാണ്. വീട് നിര്‍മാണത്തിനം മറ്റും എടുത്ത വായ്പ ഇപ്പോള്‍ പലിശയും കൂടിച്ചേര്‍ത്ത് ഏഴുലക്ഷം ദിര്‍ഹത്തിലത്തെി നില്‍ക്കുന്നു. 4,000 ദിര്‍ഹമാണ് ഇയാളുടെ ശമ്പളം. ഈ കടം ആജീവനാന്തം പാടുപെട്ടാലും അടച്ചുതീര്‍ക്കാനാവില്ളെന്ന് ബോധ്യമായതോടെ ഇയാള്‍ സ്വപ്നഭവനം വിറ്റു. ഇപ്പോള്‍ വാടകവീട്ടിലാണ് താമസം. കടം പൂര്‍ണമായി തീര്‍ന്നിട്ടില്ല. ഒമ്പതും ആറും വയസ്സുള്ള രണ്ടുകുട്ടികള്‍ വളര്‍ന്നുവരുന്നു. കടം പെരുകി കേസും ജയിലുമെല്ലാമായി പണിപോകും എന്ന ഘട്ടത്തിലാണ് വീട് വില്‍ക്കാന്‍ തീരുമാനിച്ചത്. ഇനിയെന്ത് എന്ന ചോദ്യത്തിന് കൈമലര്‍ത്താനേ സാധിക്കുന്നുള്ളൂ.
പ്രവാസികള്‍ അകപ്പെടുന്ന വിവിധതരം സാമ്പത്തിക കുരുക്കുകളും അതിന്‍െറ കാരണങ്ങളും പരിഹാരങ്ങളും ഇതിനകം ഈ പരമ്പരയില്‍ വിശദീകരിച്ചുകഴിഞ്ഞു. ഓരോ പ്രവാസിയും നിര്‍ബന്ധമായും പാലിക്കേണ്ട ലളിത സൂത്രവാക്യം പറയാന്‍ പറഞ്ഞപ്പോള്‍ പ്രവാസലോകത്തെ സാമ്പത്തിക വിദഗ്ധര്‍ക്കെല്ലാം ഒരേസ്വരമായിരുന്നു. അതുകൂടി പറഞ്ഞ് അവസാനിപ്പിക്കാം -‘വരുമാനം എത്ര കുറവാണെങ്കിലും അതില്‍ ഒരുഭാഗം നാളേക്കായി മാറ്റിവെക്കുക; ബാക്കിയുള്ളതില്‍ നിത്യനിദാന ചെലവുകള്‍ പരിമിതപ്പെടുത്തുക’.
പെരുകുന്ന ആത്മഹത്യകള്‍
കഴിഞ്ഞ ഏഴുവര്‍ഷത്തില്‍ 800ഓളം ഇന്ത്യക്കാരാണ് യു.എ.ഇയില്‍ മാത്രം ആത്മഹത്യ ചെയ്തത്. ഇതില്‍ നല്ളൊരുഭാഗം മലയാളികളായിരുന്നു. സാമ്പത്തികമാന്ദ്യം കൊടുമ്പിരികൊണ്ട 2008ലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ആത്മഹത്യചെയ്തത്. 176 പേര്‍. 26 ലക്ഷത്തോളം ഇന്ത്യക്കാര്‍ യു.എ.ഇയിലുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. വര്‍ഷത്തില്‍ 2000 ഇന്ത്യക്കാര്‍ യു.എ.ഇയില്‍ മരിക്കുന്നു. ഇതില്‍ എട്ടുശതമാനമാണ് ആത്മഹത്യകള്‍. എട്ടില്‍ ആറും സാമ്പത്തിക കാരണങ്ങളാലാണെന്നും പഠനങ്ങളില്‍ പറയുന്നു. ഇടത്തരക്കാരാണ് കൂടുതലും സാമ്പത്തികക്കുരുക്കില്‍ പെടുന്നതെന്നാണ് മറ്റൊരു സര്‍വേ കണ്ടത്തെല്‍.
കഴിഞ്ഞദിവസം കേന്ദ്ര വിദേശകാര്യ സഹമന്ത്രി റിട്ട.ജനറല്‍ വി.കെ.സിങ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് കഴിഞ്ഞ മുന്നു വര്‍ഷത്തിനകം ഗള്‍ഫ് രാജ്യങ്ങളില്‍ 1212 പേരാണ് ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതല്‍ യു.എ.ഇയില്‍ തന്നെ-541. സൗദി അറേബ്യയില്‍ 337,ഒമാനില്‍ 123, കുവൈത്ത് 114, ബഹ്റൈന്‍ 48 എന്നിങ്ങനെയാണ് ആത്മഹത്യ. ഗള്‍ഫ് രാജ്യങ്ങളില്‍ ആത്മഹത്യ ചെയ്ത ഇന്ത്യക്കാര്‍ 2013ല്‍ 497ഉം 2014ല്‍ 451ഉം 2015ല്‍ ഇതുവരെ 436 പേരുമാണ്.
(അവസാനിച്ചു)
mfiroskhan@ gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.