Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനൈറോബിയിലെ കീഴടങ്ങല്‍

നൈറോബിയിലെ കീഴടങ്ങല്‍

text_fields
bookmark_border
നൈറോബിയിലെ കീഴടങ്ങല്‍
cancel

15വര്‍ഷം മുമ്പ് കാന്‍കൂണിലും പിന്നീട് ദോഹയിലും ജനീവയിലുമെല്ലാം നടന്ന ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനങ്ങളില്‍ ഇന്ത്യ ഉയര്‍ത്തിക്കൊണ്ടു വന്നത് കാര്‍ഷിക മേഖലയിലും വ്യാപാര രംഗത്തും വികസ്വര രാജ്യങ്ങളിലെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലുള്ള പോരാട്ടമായിരുന്നു. ഇത് ബ്രിക്സ് പോലുള്ള കൂട്ടായ്മക്ക് വഴിയൊരുക്കുകയും ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ ശബ്ദത്തിന് ലോക ഫോറങ്ങളില്‍ കൂടുതല്‍ കരുത്ത് പകരുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം നൈറോബിയില്‍ ലോക വ്യാപാര സംഘടനയുടെ മന്ത്രിതല ഉച്ചകോടി സമാപിക്കുമ്പോള്‍ തെളിയുന്നത് ഇന്ത്യയുടെ സമ്പൂര്‍ണ കീഴടങ്ങലാണ്.

നിയമനടപടിക്ക് ലഭ്യമായിരുന്ന അവസരം വിനിയോഗിക്കുക കൂടി ചെയ്യാതെയാണ് വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍െറ നേതൃത്വത്തിലുള്ള സംഘം സമ്പന്നരാജ്യങ്ങള്‍ക്ക് മുന്നില്‍ സമ്പൂര്‍ണമായി കീഴടങ്ങി തിരികെ വരുന്നത്. നൈറോബി ചര്‍ച്ചകള്‍ തകരാതിരിക്കാന്‍ വികസ്വര രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകളെ തകരാന്‍ വിടുകയാണ് ഫലത്തില്‍ ഇന്ത്യ ചെയ്തത്. സമ്പന്ന രാജ്യങ്ങള്‍ ചെലുത്തിയ കടുത്ത സമ്മര്‍ദത്തിന് വഴങ്ങിയാണിതെന്ന് ഇതിനകം ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
വെറുംകൈയോടെ മടക്കം
മുമ്പുള്ള മന്ത്രിതല സമ്മേളനങ്ങളില്‍ നിന്ന് ഭിന്നമായി ഭക്ഷ്യ സുരക്ഷ, കര്‍ഷക സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ വെറുംകൈയോടെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ മടങ്ങുന്നത്. പുതിയ ഒത്തുതീര്‍പ്പ് കരാര്‍ പ്രകാരം അടുത്ത എട്ട് വര്‍ഷത്തിനകം കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതി സബ്സിഡികള്‍ ഇന്ത്യ പൂര്‍ണമായും ഒഴിവാക്കണം. എന്ന് മാത്രമല്ല ഇക്കാലമത്രയും ലോക വ്യാപാര സംഘടനയില്‍ തുല്യ നീതിക്കായി ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളുടെ പോരാട്ടത്തിന് അടിസ്ഥാനമായിരുന്ന ദോഹ മന്ത്രിതല സമ്മേളനത്തില്‍ രൂപപ്പെടുത്തിയ വികസന അജണ്ട ഇല്ലാതാവുകയും ചെയ്തു. ഈ വികസന അജണ്ടയുടെ അഭാവത്തില്‍ വികസ്വര രാജ്യങ്ങള്‍ക്ക് ഇനി ഒരിക്കലും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുംവിധം ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല.
ഇറക്കുമതിയില്‍ നിന്നും വിലത്തകര്‍ച്ചയില്‍ നിന്നും കര്‍ഷകര്‍ക്ക് സംരക്ഷണം ഏകാന്‍ കാലങ്ങളായി ഇന്ത്യ പിന്തുടര്‍ന്ന് വന്നിരുന്ന വിള സംഭരണത്തെ കുറിച്ച് കൃത്യമായ തീരുമാനം ഇല്ലാതെയാണ് ദോഹ വികസന അജണ്ടക്ക് പൂട്ടിടുന്നതെന്നതും നിര്‍ണായകമാണ്. വിലത്തകര്‍ച്ചക്കും ഇറക്കുമതി പ്രളയത്തിനും എതിരെ പെട്ടെന്ന് നടപടി സ്വീകരിക്കുന്നതിന് മുന്നോട്ട് വെച്ച പ്രത്യേക സുരക്ഷാ സംവിധാനം സംബന്ധിച്ച് ഹോങ്കോങ് ഉച്ചകോടിയിലെ തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്ന് മാത്രമാണ് നൈറോബി പ്രഖ്യാപനത്തില്‍ പറയുന്നത്.
ദോഹ പ്രഖ്യാപനത്തിന്‍െറ അടിസ്ഥാനത്തില്‍ സംഭരണ രീതി മാറ്റണമെങ്കില്‍ വികസ്വര രാജ്യങ്ങള്‍ക്ക് വികസിത രാജ്യങ്ങളുടെ കാര്‍ഷിക വിപണികള്‍ കൂടുതല്‍ തുറന്നു നല്‍കണമെന്നായിരുന്നു ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യം. എന്നാല്‍, ഹോങ്കോങ് ഉച്ചകോടിയിലെ തീരുമാനത്തില്‍ വികസ്വര രാജ്യങ്ങള്‍ കൂടുതല്‍ വിപണി തുറക്കണം എന്ന ആവശ്യം ഇല്ല. ഫലത്തില്‍ നൈറോബിയില്‍ വികസിത രാജ്യങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ വിദഗ്ധമായി സംരക്ഷിച്ചപ്പോള്‍ ഇന്ത്യ രാജ്യത്തെ കര്‍ഷകരുടെ താല്‍പര്യത്തിന് അതീവ നിര്‍ണായകമായ ഉപാധി വിട്ടുകൊടുത്തു. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായം ആശ്രയിക്കുന്ന ഭക്ഷ്യ സംഭരണം സംരക്ഷിക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് ദോഹ ഉച്ചകോടിയില്‍ വികസിത രാജ്യങ്ങള്‍ കാര്‍ഷിക വിപണി കൂടുതല്‍ തുറക്കണമെന്നും അമേരിക്കയും യൂറോപ്യന്‍ യൂനിയനും കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ ഇല്ലാതാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടത്. ഇത് ഉല്‍പന്ന വിലയുടെ 80 ശതമാനത്തോളം സബ്സിഡി കര്‍ഷകര്‍ക്ക് അനുവദിക്കുന്ന സമ്പന്ന രാജ്യങ്ങളെ വെട്ടിലാക്കുകയും ചെയ്തിരുന്നു. ഈ പ്രതിരോധമാണ് നൈറോബിയില്‍ പാടെ ഇല്ലാതായിരിക്കുന്നത്.  
ഇറക്കുമതിയില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക സുരക്ഷാ സംവിധാനം എപ്പോള്‍ പ്രയോഗിക്കണം എന്നതിനെ ചൊല്ലി അമേരിക്കയുമായി ഉയര്‍ന്ന രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ് 2008ലെ ലോക വ്യാപാര സംഘടനാ മന്ത്രിതല സമ്മേളനം പരാജയപ്പെട്ടത്. ദോഹ പ്രഖ്യാപനത്തിലെ ചര്‍ച്ചകള്‍ തന്നെ കുഴിച്ച് മൂടിയതോടെ ഈ വിഷയം ഇനി പരിഗണിക്കപ്പെടുമെന്ന ഉറപ്പുപോലും ഇന്ത്യക്കില്ല.
അമേരിക്ക സബ്സിഡി തുടരും
ഇറക്കുമതിക്കെതിരായ പ്രത്യേക സുരക്ഷാ സംവിധാനത്തെ കുറിച്ച് ചെറിയൊരു പരാമര്‍ശം മാത്രം നടത്തിയാണ് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് നല്‍കുന്ന കയറ്റുമതി സബ്സിഡികള്‍ 2023ഓടെ പൂര്‍ണമായും ഇല്ലാതാക്കാമെന്ന് ഇന്ത്യയില്‍നിന്ന് വ്യക്തമായ ഉറപ്പ് വാങ്ങിയത്. അതേസമയം തന്നെ കരാര്‍ പ്രകാരം അമേരിക്കക്ക് അവരുടെ കാര്‍ഷിക സബ്സിഡിയും വികസ്വര രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് ഭീഷണിയായ ഭക്ഷ്യസഹായ പദ്ധതികളും തുടരുകയും ചെയ്യാം.
ദോഹ വികസന അജണ്ടയില്‍ ചര്‍ച്ച തുടരുന്ന കാര്യത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ളെന്ന് നൈറോബി പ്രഖ്യാപനം സംശയമില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. ഇതോടെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇനി ലോക വ്യാപാര സംഘടന ചര്‍ച്ചക്ക് എടുക്കണമെന്ന് പോലുമില്ല. ഫലത്തില്‍ ഇനിയുള്ള മന്ത്രിതല സമ്മേളനങ്ങള്‍ നിക്ഷേപങ്ങള്‍, മത്സര നയങ്ങള്‍, സര്‍ക്കാര്‍ കരാറുകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കാവും ഊന്നല്‍ നല്‍കുക.
ഇന്ത്യയുടെ ഏക പ്രതീക്ഷ 2014 സെപ്റ്റംബറില്‍ ഉണ്ടാക്കിയ ഒരു കരാറാണ്. ഇതുപ്രകാരം ഇറക്കുമതിയില്‍നിന്ന് കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക സുരക്ഷാ സംവിധാനം സംബന്ധിച്ച ഇന്ത്യയുടെ സംഭരണ നയം ചോദ്യം ചെയ്യപ്പെടാന്‍ കഴിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wtoministerial conferencenairobi
Next Story