Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജനസംഖ്യാ...

ജനസംഖ്യാ ശാസ്ത്രത്തിന്‍െറ കാവിവത്കരണം

text_fields
bookmark_border
ജനസംഖ്യാ ശാസ്ത്രത്തിന്‍െറ കാവിവത്കരണം
cancel

ജനസംഖ്യാ പരിണാമത്തിന്‍െറ മതപരമായ വ്യതിയാനങ്ങള്‍ ഏതുകാലത്തും ഇന്ത്യയില്‍ പൊതുചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍, മതേതരത്വം ഗുരുതര പ്രതിസന്ധി നേരിടുന്ന സമകാല സന്ദര്‍ഭത്തില്‍ ജനസംഖ്യാ പ്രശ്നം വീണ്ടും സമൂഹ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ്. റാഞ്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസിന്‍െറ കേന്ദ്ര നിര്‍വാഹകസമിതി യോഗമാണ് നിലവിലുള്ള ജനസംഖ്യാനയം പൊളിച്ചെഴുതണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ‘അഖില ഭാരതീയ കാര്യ കാരണ്‍ മണ്ഡല്‍’ എന്നപേരില്‍ അറിയപ്പെടുന്ന ആര്‍.എസ്.എസിന്‍െറ പരമോന്നത സമിതി അംഗീകരിച്ച പ്രമേയം ആരോപിക്കുന്നത് രാജ്യത്ത് മുസ്ലിംകളുടെ എണ്ണം വര്‍ധിക്കുന്നത് ജനസംഖ്യാ സന്തുലനത്തെ തകിടംമറിക്കുന്നുവെന്നാണ്. അതിനെ പ്രതിരോധിക്കാന്‍ ശക്തമായ കേന്ദ്ര ഇടപെടല്‍ ആവശ്യമാണത്രെ. ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഈ വിഷയത്തില്‍ ആദ്യ വെടിപൊട്ടിച്ചത് ആര്‍.എസ്.എസ് നേതാവ് മോഹന്‍ വൈദ്യയാണ്. ഇന്ത്യന്‍ മത ജനസംഖ്യയില്‍ അടുത്തകാലത്തുണ്ടായ ശൈഥില്യം രാജ്യത്തിന്‍െറ ഏകതക്കും അഖണ്ഡതക്കും സാംസ്കാരികത്തനിമക്കും വന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അത് മറികടക്കാന്‍ ഒരു പുതിയ ജനസംഖ്യാനയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതും ഇതേ ആശയം പങ്കുവെച്ചു. ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ ആവിഷ്കരിച്ച ജനസംഖ്യാനയം കാലഹരണപ്പെട്ടൂവെന്നും മുസ്ലിം ജനസംഖ്യാ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ ശക്തമായ ഭരണകൂട ഇടപെടല്‍ ആവശ്യമാണെന്നും 2045ന് മുമ്പ് രാജ്യത്തിന്‍െറ മൊത്തം ഉര്‍വരതാനിരക്ക് (Total fertility rate) 2.1 എന്ന അനുകൂലതമ നിരക്കിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിതനീക്കം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഇവിടെ പ്രധാനമായ ഒരുകാര്യം ചൂണ്ടിക്കാണിക്കാനുണ്ട്. ആര്‍.എസ്.എസിന്‍െറ വര്‍ഗീയ നിഘണ്ടുവില്‍ ക്രിസ്ത്യാനികളും മുസ്ലിംകളും ഇന്ത്യന്‍ പൗരന്മാരല്ല. അവരെ ‘യഥാര്‍ഥ ഇന്ത്യക്കാരായി’ അംഗീകരിക്കാന്‍ ആര്‍.എസ്.എസ് തയാറല്ല. തീവ്രഹിന്ദുത്വവാദികളുടെ കാഴ്ചപ്പാടില്‍ ഹിന്ദുക്കള്‍ക്കുപുറമെ, സിക്കുകാരും ജൈനന്മാരും ബുദ്ധമതക്കാരുമാണ് ഇന്ത്യയിലെ സ്വദേശികള്‍. ക്രിസ്ത്യാനികളും ‘മുഗളന്മാരും’ ബ്രിട്ടീഷുകാരെപ്പോലെ പുറത്തുനിന്നും വന്നവരാണ്.  കഴിഞ്ഞ 60 വര്‍ഷക്കാലയളവില്‍ യഥാര്‍ഥ ഇന്ത്യക്കാരുടെ തലയെണ്ണം അഞ്ചുശതമാനം കണ്ട് കുറഞ്ഞപ്പോള്‍ ‘മുസ്ലിം വിദേശി’കളുടെ സംഖ്യ 4.4 ശതമാനം എന്ന തോതില്‍ വര്‍ധിച്ചതായി ആര്‍.എസ്.എസ് പ്രമേയം പരിഭവിക്കുന്നു.

വിശുദ്ധപശു വോട്ട് നേടിത്തരുമെന്ന സംഘ്പരിവാര്‍ പ്രചാരണത്തിന് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയതോടെ ജനസംഖ്യാ വിവാദം കൂടുതല്‍ ശക്തമായി സമൂഹത്തില്‍ കത്തിപ്പടരുമെന്ന കാര്യം ഉറപ്പാണ്. രാമക്ഷേത്രവും ബീഫ് നിരോധവും പരാജയപ്പെട്ടിടത്ത് മുസ്ലിം ജനസംഖ്യാ വിസ്ഫോടനം എന്ന മിത്ത് വര്‍ഗീയധ്രുവീകരണത്തിന്‍െറ കുന്തമുനയായി മാറുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുള്ളത്. ജനസംഖ്യാശാസ്ത്രത്തെ കാവിവത്കരിച്ച് വിദ്വേഷരാഷ്ട്രീയത്തിന്‍െറ രാസത്വരകമായി അതിനെ മാറ്റാനുള്ള ഏത് ശ്രമവും പ്രതിരോധിക്കപ്പെടേണ്ടതുണ്ട്.

ജനസംഖ്യാ നയം

സെന്‍സസ് കണക്കുകള്‍ തലങ്ങുംവിലങ്ങും ഉദ്ധരിച്ച് ഹിന്ദുത്വവാദികള്‍ തൊടുക്കുന്ന ശരങ്ങള്‍ മതേതര ജനാധിപത്യ രാഷ്ട്രം എന്നനിലയില്‍ നമ്മുടെ നിലനില്‍പ്പിനെപ്പോലും ചോദ്യംചെയ്യുന്നവയാണ്. ‘മുസ്ലിം ജനസംഖ്യാ ജിഹാദ്’ ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷത്തെ വിഴുങ്ങുമെന്ന മുറവിളിയാണ് അവര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലിം ജനസംഖ്യയുടെ പ്രഹരശേഷി അല്‍പംപോലും കുറഞ്ഞിട്ടില്ളെന്നും ഈ പോക്ക് തുടര്‍ന്നാല്‍ സമീപഭാവിയില്‍ ഇന്ത്യയൊരു ഇസ്ലാം രാഷ്ട്രമായിമാറുമെന്നും അവര്‍ അനുയായികളെ ഓര്‍മപ്പെടുത്തുന്നു. 2011ലെ സെന്‍സസനുസരിച്ച് കഴിഞ്ഞ ദശകത്തില്‍ ഹിന്ദു ജനസംഖ്യ 0.7 ശതമാനം കണ്ട് കുറഞ്ഞപ്പോള്‍ മുസ്ലിം ജനസംഖ്യ 0.8 ശതമാനം എന്നതോതില്‍ വര്‍ധിച്ചത് ഭാവിയിലേക്ക് വിരല്‍ചൂണ്ടുന്ന അപകടസൂചനയാണെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളിലെ വളര്‍ച്ചാനിരക്കുകളുടെ അന്തരത്തെക്കുറിച്ച് പുറത്തുവരുന്ന ഏത് വാര്‍ത്തയും തങ്ങളുടെ രാഷ്ട്രീയ അടിത്തറ ബലപ്പെടുത്തുമെന്ന കാര്യത്തില്‍ അവര്‍ക്ക് ഒട്ടും സംശയമില്ല.  

ഇവിടെ സ്വാഭാവികമായും പൊന്തിവരുന്ന ന്യായമായ ഒരു ചോദ്യമുണ്ട്. പുതിയ ജനസംഖ്യാനയത്തെക്കുറിച്ചും ജനനനിയന്ത്രണത്തെക്കുറിച്ചും വാചാലമാകുന്നവര്‍തന്നെയല്ളേ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഹിന്ദു സ്ത്രീകള്‍ പലതവണ പ്രസവിക്കണമെന്നും കൂടുതല്‍ കുട്ടികളെ പോറ്റിവളര്‍ത്തണമെന്നും പരസ്യാഹ്വാനം ചെയ്തത്? സനാതന  ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പാര്‍ലമെന്‍റില്‍ ചെയ്ത പ്രസംഗത്തില്‍ ആവശ്യപ്പെട്ടത് ഓരോ ഹിന്ദു സ്ത്രീയും  നാലു കുട്ടികളെയെങ്കിലും പ്രസവിച്ച് രാജ്യത്തെയും മതത്തെയും രക്ഷിക്കണമെന്നാണ്. സാധ്വി പ്രാചി ആക്രോശിച്ചത് ‘ഓരോ ഹിന്ദു സ്ത്രീയും കുറഞ്ഞത് പത്തു കുട്ടികളുടെയെങ്കിലും അമ്മയാകണമെന്നാണ്’. മതം അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ  ശങ്കരാചാര്യരും വി.എച്ച്.പി മുന്‍ ജനറല്‍ സെക്രട്ടറി അശോക് സിംഗാളും യോഗി ആദിത്യനാഥും സ്വാമിനിയുടെ വാക്കുകള്‍ക്ക് പൂര്‍ണപിന്തുണ നല്‍കി. എന്നിട്ടും എന്തേ ഈ പിന്മാറ്റം? ജനസംഖ്യയെ ജനസംഖ്യകൊണ്ട് നേരിടുക എന്ന പ്രത്യുല്‍പാദന വിപ്ളവ ചിന്തയില്‍നിന്ന് പിന്മാറി ജനനനിയന്ത്രണത്തിന്‍െറ ഇടുങ്ങിയ പാതയിലേക്ക് തിരിഞ്ഞുനടക്കാന്‍ ആര്‍.എസ്.എസിനെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്? ഉര്‍വരതയുടെ ഓട്ടമത്സരത്തില്‍ മുസ്ലിംകളെ പിന്തള്ളാന്‍ ശരാശരി ഹിന്ദുവിന് കഴിയില്ളെന്ന ഉത്തമബോധ്യം കൊണ്ടാണോ? അതോ അധികാരത്തിന്‍െറ കൊടുവാള്‍ ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വന്ധ്യംകരണത്തിന്‍െറ ഇരുമ്പുകൂട്ടില്‍ തളക്കാന്‍ കഴിയുമെന്ന വിശ്വാസംകൊണ്ടോ? പ്രേരണകൊണ്ടോ പ്രബോധനംകൊണ്ടോ കാര്യമായ ഫലമുണ്ടാകുന്നില്ളെങ്കില്‍ നിര്‍ബന്ധ വന്ധ്യംകരണത്തിന്‍െറ പാത തെരഞ്ഞെടുക്കാന്‍ ആര്‍.എസ്.എസിന് മടിയുണ്ടാകുമെന്ന് കരുതാനാവില്ല. സംഘ്പരിവാര്‍ പ്രമുഖരുടെ ഉദ്ധരണികള്‍തന്നെ ഇതിന് തെളിവാണ്. ബിഹാര്‍ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കുമുമ്പാണ് വി.എച്ച്.പി നേതാവ്  തൊഗാഡിയ രണ്ടിലധികം കുട്ടികളുള്ള മുസ്ലിം ദമ്പതികളെ കുറ്റവാളികളായി പ്രഖ്യാപിച്ച് ജയിലിലടക്കണമെന്ന് അഭിപ്രായപ്പെട്ടത്.

ജനസംഖ്യാ വിവാദം ഏതൊരിന്ത്യക്കാരന്‍െറ മനസ്സിലും അടിയന്തരാവസ്ഥയുടെ ഇരുണ്ട ചിത്രങ്ങളാണ് വരച്ചിടുന്നത്. ഇന്ദിര ഗാന്ധിയുടെ ‘നാവടക്കൂ പണിയെടുക്കൂ’ എന്ന മുദ്രാവാക്യവും സഞ്ജയ് ഗാന്ധിയുടെ നിര്‍ബന്ധ വന്ധ്യംകരണ അജണ്ടയും ഓരോ ഇന്ത്യക്കാരന്‍െറയും ഓര്‍മയില്‍ തീപടര്‍ത്തുന്നവയാണ്. പ്രത്യേകിച്ച് ഇന്ത്യയില്‍ അടിയന്തരാവസ്ഥ അടഞ്ഞ അധ്യായമല്ളെന്ന അദ്വാനിയുടെ വെളിപാടും ദാദ്രിയിലെ അറുകൊലയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ നാളെ എന്തുസംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

ചൈന നല്‍കുന്ന പാഠം

ഭരണകൂട ഇടപെടലിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ചൈന നമുക്ക് പാഠമാകേണ്ടതാണ്. 1979ലാണ് ‘നാം രണ്ട് നമുക്കൊന്ന്’ എന്ന പദ്ധതിയിലൂടെ ചൈന ജനനനിയന്ത്രണ വിപ്ളവത്തിന് തുടക്കമിട്ടത്. ജനപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ ചൈന നേടിയ വിജയം ലോകത്തിന് മുഴുവന്‍ മാതൃകയാകേണ്ടതാണ്. എന്നാല്‍, 35 വര്‍ഷത്തിനുശേഷം പദ്ധതി ഉപേക്ഷിക്കാന്‍ ചൈന തയാറായിരിക്കുകയാണ്. കടുത്ത ജനസംഖ്യാനിയന്ത്രണം രാജ്യത്തെ പ്രതിസന്ധിയിലത്തെിച്ചുവെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ജനസംഖ്യാ വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയാത്ത ചൈന ഇന്ന് വയോവൃദ്ധന്മാരുടെ കൂടാരമാണ്. ഇന്ന് ചൈനീസ് ജനതയുടെ ശരാശരി വയസ്സ് 32. അതേസമയം, ജനപ്പെരുപ്പത്തില്‍ മുന്നില്‍നില്‍ക്കാത്ത ഇന്ത്യയിലെ ശരാശരി വയസ്സ് 26ഉം.

ജനസംഖ്യാ ശാസ്ത്രത്തിന്‍െറ കാവിവത്കരണത്തിന് ദീര്‍ഘനാളത്തെ ചരിത്രമുണ്ട്. 1909ല്‍ വലതുപക്ഷ ഹിന്ദു സൈദ്ധാന്തികന്‍ യു.എന്‍. മുഖര്‍ജി ‘ഹിന്ദുക്കള്‍ മരിച്ചുകൊണ്ടിരിക്കുന്ന വര്‍ഗം’ എന്നപേരില്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. 1881-91 കാലഘട്ടത്തിലെ സെന്‍സസ് കണക്കുകളെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ മുസ്ലിംകള്‍ ക്രമാതീതമായി പെരുകിക്കൊണ്ടിരിക്കുകയാണെന്നും അര നൂറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ നാമാവശേഷമാകുമെന്നും അദ്ദേഹം പ്രവചിച്ചു. 1915 ലെ നാസിക് സമ്മേളനത്തില്‍ പുരി ശങ്കരാചാര്യര്‍ പ്രവചിച്ചത് ഒരു നൂറ്റാണ്ടുകൊണ്ട് ഇന്ത്യ ഒരു മുസ്ലിം രാഷ്ട്രമായി മാറുമെന്നാണ്. മുഖര്‍ജിയുടെയും ശങ്കരാചാര്യരുടെയും പ്രവചനങ്ങള്‍ പാഴ്വാക്കായിമാറിയത് അറിയാത്തവരാണോ സംഘ്പരിവാര്‍ നേതാക്കന്മാര്‍? ജനസംഖ്യാ ശാസ്ത്രത്തെ രാഷ്ട്രീയോപകരണമാക്കിമാറ്റി ഹിന്ദു വോട്ടുബാങ്കുകള്‍ സംരക്ഷിക്കുകയെന്ന ഏകലക്ഷ്യമല്ളേ അവര്‍ക്കുള്ളത്?

മിത്തുകളും യാഥാര്‍ഥ്യവും

2011ലെ സെന്‍സസ് കണക്കനുസരിച്ച് ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 13.8 കോടിയാണ്. 2035ല്‍ ഇത് കുറഞ്ഞത് ഏഴുമടങ്ങ് വര്‍ധിപ്പിച്ച് 93 കോടിയാകുമെന്ന് പറഞ്ഞാല്‍  വിശ്വസിക്കാനാകുമോ? ഇന്ത്യയിലെ മുസ്ലിംകളുടെ സാമ്പത്തിക സാമൂഹികാവസ്ഥ വിലയിരുത്തിയ രജീന്ദര്‍ സച്ചാര്‍ കമീഷന്‍ മുസ്ലിം ജനസംഖ്യക്ക് ഹിന്ദുജനസംഖ്യക്കൊപ്പമത്തൊന്‍ കുറഞ്ഞത് 220 വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് കണക്കാക്കുകയുണ്ടായി.  ഇന്ത്യയുടെ ഭാവി ജനസംഖ്യ പ്രവചിച്ച ഒരുസംഘം ഗവേഷകര്‍ അഭിപ്രായപ്പെടുന്നത് ഇന്ത്യയിലെ മുസ്ലിം ജനസംഖ്യക്ക് ഹിന്ദു ജനസംഖ്യയെ മറികടക്കാന്‍ ഒരുകാലത്തും കഴിയില്ളെന്നാണ്. 2015 ഏപ്രിലില്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ (pew) ഗവേഷണകേന്ദ്രം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് 2050ല്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 130 കോടി ആയി ഉയരുമെന്നും അന്നത്തെ 31 കോടി മുസ്ലിംകളുടെ ജനസംഖ്യാവിഹിതാംശം മൊത്തം ജനസംഖ്യയുടെ 18 ശതമാനത്തില്‍ കവിയില്ളെന്നുമാണ്. അത്തരമൊരവസ്ഥയില്‍ മുസ്ലിം ജനസംഖ്യാവളര്‍ച്ചയെച്ചൊല്ലി ഇന്ത്യയിലെ തീവ്രഹിന്ദുത്വവാദികള്‍ അഴിച്ചുവിടുന്ന വര്‍ഗീയ പിത്തലാട്ടങ്ങള്‍ക്ക് എന്താണ് പ്രസക്തി?
ജനസംഖ്യയുടെ വംശീയ പരിസരവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് മുന്നോട്ടുവെക്കുന്ന വാദഗതികള്‍ സാമാന്യയുക്തിക്ക് നിരക്കുന്നവയല്ല. സാമൂഹിക പുരോഗതിക്കുവേണ്ടിയുള്ള വിവരശേഖരണമാണ് സെന്‍സസ്. അതിനെ വര്‍ഗീയതയുടെ പ്രഭവകേന്ദ്രമാക്കി മാറ്റുന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് യോജിച്ചതല്ല. കഴിഞ്ഞ 50 വര്‍ഷക്കാലയളവില്‍ സാര്‍ഥകമായ വിധത്തിലുള്ള വര്‍ഗീയചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ ജനസംഖ്യയിലുണ്ടായിട്ടില്ല. 1961ലെ സെന്‍സസ് കണക്കനുസരിച്ച് ഹിന്ദുക്കള്‍ ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 83.48 ശതമാനമായിരുന്നു. അതാണിപ്പോള്‍ 79.8 ശതമാനമായി കുറഞ്ഞത്. അതായത് അരനൂറ്റാണ്ടുകാലംകൊണ്ട് ഹിന്ദു ജനസംഖ്യയിലുണ്ടായ കുറവ് വെറും 3.6 ശതമാനം. ഇതിനെയാണ് ‘ഘോരസംഭവ’മായി വര്‍ഗീയവാദികള്‍ പര്‍വതീകരിക്കുന്നത്.  
2011ലെ മത സെന്‍സസ് കണക്കുകള്‍ പുറത്തുവന്നതോടെ അവയെ വികലമായി വ്യാഖ്യാനിച്ച് സാധാരണക്കാരെ ചതിക്കുഴിയില്‍ വീഴ്ത്താന്‍ സംഘ്പരിവാരം നീക്കമാരംഭിച്ചിരുന്നു.

‘കള്ളം പെരുങ്കള്ളം സ്റ്റാറ്റിസ്റ്റിക്സ്’ എന്ന ഫ്രാങ്ക്ലിന്‍ ഉദ്ധരണി പ്രസക്തമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. പ്രശസ്ത സാംഖിക ശാസ്ത്രജ്ഞന്‍ ആര്‍.എ. ഫിഷറിന്‍െറ വാക്കുകള്‍ കടമെടുത്താല്‍ ‘സംഖ്യകള്‍ കളിമണ്ണുപോലെയാണ്. അവയില്‍നിന്ന് നമുക്ക് പിശാചിന്‍െറയോ ദൈവത്തിന്‍െറയോ ശില്‍പമുണ്ടാക്കാം’.
ജനസംഖ്യാകണക്കുകളെ വര്‍ഗീയവത്കരിച്ച് വിദ്വേഷ രാഷ്ട്രീയത്തിന് ശക്തിപകരുകയാണ് ഹിന്ദുത്വവാദികള്‍. അവര്‍ മുന്നോട്ടുവെക്കുന്ന അവകാശവാദങ്ങള്‍ക്ക് സത്യത്തിന്‍െറ അകമ്പടിയില്ല. 2011ലെ സെന്‍സസ് കണക്കുകളിലേക്ക് ഒന്ന് കണ്ണോടിക്കൂ. കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ മുസ്ലിം ജനസംഖ്യാ വര്‍ധനയില്‍ സംഭവിച്ച കുറവ് ഏകദേശം അഞ്ചുശതമാനമാണ്. അതേസമയം, പ്രസ്തുതകാലയളവില്‍ ഹിന്ദുജനസംഖ്യ വളര്‍ച്ചാനിരക്കില്‍ രേഖപ്പെടുത്തിയ കുറവ് വെറും മൂന്നു ശതമാനംമാത്രം. പിന്നെ എങ്ങനെ മുസ്ലിംകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തും? രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ക്കകം ഇന്ത്യന്‍ ജനസംഖ്യ സുസ്ഥിരാവസ്ഥയിലത്തെുമെന്നും ജനസംഖ്യയുടെ മതാത്മക നിരക്കുകള്‍ സമീകരിക്കപ്പെടും എന്നുമല്ളേ ഇതു സൂചിപ്പിക്കുന്നത്?

മുസ്ലിം ജനപ്പെരുപ്പത്തെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍ ബോധപൂര്‍വം വിസ്മരിക്കുന്ന ഗൗരവതരമായ പ്രശ്നമാണ് ആണ്‍-പെണ്‍ ജനസംഖ്യാനുപാതത്തിലെ മതപരമായ അന്തരം. 1000 പുരുഷന്മാര്‍ക്ക് ജനസംഖ്യയില്‍ എത്ര സ്ത്രീകളുണ്ടെന്നതിന്‍െറ കണക്കാണ് ലിംഗാനുപാതം അല്ളെങ്കില്‍ സ്ത്രീ-പുരുഷാനുപാതം. 2011ലെ സെന്‍സസ് കണക്കനുസരിച്ച് ഇന്ത്യയില്‍ 1000 ഹിന്ദു പുരുഷന്മാര്‍ക്ക് 939 ഹിന്ദു സ്ത്രീകള്‍മാത്രമാണുള്ളത്. എന്നാല്‍, മുസ്ലിംകളിലിത് 951ഉം ക്രിസ്ത്യാനികളില്‍ 1023ഉം ആണ്. ക്രിസ്ത്യാനികളെയും മുസ്ലിംകളെയും അപേക്ഷിച്ച് പെണ്‍ ശിശുഹത്യയും പെണ്‍ ഭ്രൂണഹത്യയും ഹിന്ദുക്കളില്‍ കൂടുതലാണെന്നല്ളേ ഇത് സൂചിപ്പിക്കുന്നത്?  ലിംഗനിര്‍ണയ ഗര്‍ഭച്ഛിദ്ര പരിപാടികള്‍ ഇന്ത്യയിലെ ചെറുനഗരങ്ങളില്‍പോലും വ്യാപകമാണ്. ഹിന്ദു ജനസംഖ്യയിലെ കുറവിനെക്കുറിച്ച് ഗീര്‍വാണം പറയുന്നവര്‍ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ എന്തുകൊണ്ട് മൗനംപാലിക്കുന്നു? തലമുറകള്‍ക്ക് കണ്ണിയാകേണ്ട പെണ്‍കുരുന്നുകളെ ഗര്‍ഭാവസ്ഥയിലും ശൈശവദശയിലും കൊന്നൊടുക്കാന്‍ ചങ്കുറപ്പുള്ളവര്‍ക്ക് ജനസംഖ്യാ ഗവേഷണത്തെക്കുറിച്ച് രോഷംകൊള്ളാന്‍ എന്തവകാശം?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsspopulation
Next Story