അടിത്തട്ടിലേക്കൊഴുകിയ രാഷ്ട്രീയത്തിനപ്പുറം
text_fieldsതദ്ദേശ തെരഞ്ഞെടുപ്പിെൻറ കോലാഹലങ്ങൾക്കിടയിൽ കോൺഗ്രസുകാർ പോലും രാജീവ് ഗാന്ധിയെ ഓർക്കാതെപോയത് മാപ്പർഹിക്കാത്ത കൃതഘ്നതയാണ്. തൃണമുൽ തലത്തിലെ ജനായത്ത വ്യവസ്ഥിതിയെ ഇക്കാണുംവിധം ക്രമീകരിച്ചതും വിപുലപ്പെടുത്തിയതും 1984തൊട്ട് 89വരെ മാത്രം രാജ്യംഭരിച്ച രാജീവ് ഗാന്ധിയാണ്. ഗ്രാമസ്വരാജ് ഗാന്ധിജിയുടെ സ്വപ്നമായിരുന്നെങ്കിലും സ്വതന്ത്ര ഇന്ത്യ മൂന്ന് പതിറ്റാണ്ട് പിന്നിട്ടപ്പോഴും പശ്ചിമബംഗാൾ, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ ചില സംവിധാനങ്ങൾ നിലനിന്നതല്ലാതെ ശാസ്ത്രീയമായ ഘടനയോ ഭരണഘടനാപരമായ സാധുതയോ എവിടെയും ഉണ്ടായിരുന്നില്ല. കോൺഗ്രസിതര സംസ്ഥാനങ്ങളിൽ താഴേത്തട്ടിലേക്ക് കേന്ദ്രത്തിന് നേരിട്ട് ഇറങ്ങിച്ചെല്ലുന്നതിനും ഫണ്ട് കൈമാറുന്നതിനും രാഷ്ട്രീയ എതിരാളികൾക്ക് ചോദ്യംചെയ്യാൻ സാധിക്കാത്ത ഒരു വ്യവസ്ഥ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജീവ് ഗാന്ധി പഞ്ചായത്തീരാജ്നഗരപാലിക ബിൽ കൊണ്ടുവരുന്നത്. പഞ്ചായത്തീരാജ്നഗരപാലിക (1989ലെ 64,65 ഭരണഘടനാ ഭേദഗതി) ബില്ലിന്മേലുള്ള നീണ്ട ചർച്ചകൾക്കുശേഷം രാജീവ് ലോക്സഭയിൽ നടത്തിയ പ്രസംഗം ’ആധുനിക ഇന്ത്യയിലെ മഹത്തായപ്രസംഗങ്ങളിൽ’ (രുദ്രാങ്ഷു മുഖർജി എഡിറ്റ് ചെയ്തത്) ഇടംപിടിച്ചിട്ടുണ്ട്. എന്താണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചതിങ്ങനെ: 80 കോടി ജനങ്ങളെ നേരിട്ട് പ്രതിനിധീകരിക്കുന്നതിന് നമ്മുടേത് പോലുള്ള വിശാലമായ ഒരു രാജ്യത്ത് ഇന്ന് 5500നുമേലെ5000 പേർ സംസ്ഥാന നിയമസഭകളിലും 500 പേർ പാർലമെൻറിലും പ്രതിനിധികളായുള്ളൂതെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സഹായം തേടുന്നവരുടെ എണ്ണം എത്രയോ കൂടുതലാണെന്നതുകൊണ്ട് ഇവരെ ശ്രദ്ധിക്കാൻ അവർക്കാവുന്നില്ല. താഴേത്തട്ടിലുള്ള പ്രശ്നപരിഹാരത്തിന് ജനം എം.എൽ.എയോ എം.പിയെയോ ആണ് സമീപിക്കുന്നത്. പഞ്ചായത്തീരാജ്നഗരപാലിക ബിൽ വോട്ടർമാരും അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും തമ്മിലുള്ള അകലം കുറക്കുമാറ് ലക്ഷക്കണക്കിന് പ്രതിനിധികളെ സൃഷ്ടിക്കാൻ പോവുകയാണ്. അതോടെ അധികാരദല്ലാളന്മാർ അവരുടെ താവളങ്ങളിൽനിന്ന് ആട്ടിയോടിക്കപ്പെടും. അടിത്തട്ടിലെ പ്രശ്നങ്ങൾക്ക് അവിടെത്തന്നെ മതിയായശ്രദ്ധ ലഭിക്കുകയുംചെയ്യും. രാഷ്ട്രാധികാരമില്ലാത്ത അടിത്തട്ടിലെ ഭരണം ഉപ്പില്ലാത്ത ഈണ് പോലെയാണ്. പ്രാദേശിക തലത്തിൽ ഫലപ്രദമായ ജനാധിപത്യ അധികാര സംവിധാനത്തിെൻറ അഭാവത്തിൽ ജനങ്ങളും വിധാൻ സഭകളും തമ്മിലെ വിടവിൽ അധികാരദല്ലാളന്മാരാണ് കേറിക്കളിക്കുന്നത്. എല്ലാ കവലകളിലേക്കും സ്തംഭങ്ങളിലേക്കും അങ്കണങ്ങളിലേക്കും അധികാരം എത്തിക്കുക എന്നതിനപ്പുറം ബ്യൂറോക്രസിയുടെ പീഡനങ്ങൾ, ടെക്നോക്രാറ്റുകളുടെ ഭീകരവാഴ്ച, കൈക്കൂലി, സ്വജനപക്ഷപാതം, നമ്മുടെ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ജനങ്ങളെ ബാധിക്കുന്ന മറ്റൊട്ടേറെ വേണ്ടാതീനങ്ങൾ എന്നിവക്കെല്ലാം അറുതിവരുത്താനുള്ള യജ്ഞത്തിെൻറ ഭാഗംകൂടിയാണിത്’.
ത്രിതല പഞ്ചായത്ത്നഗരസഭ ഭരണം ഇപ്പോൾ എവിടെ എത്തിനിൽക്കുന്നുവെന്ന ചെറിയൊരു അന്വേഷണം പ്രസക്തമായിരിക്കും. അധികാരവികേന്ദ്രീകരണത്തിെൻറ കാര്യത്തിൽ പൂർണപരാജയം സംഭവിച്ചെന്നോ അടിമുടി തകരാറാണെന്നോ വാദിക്കുന്നത് സത്യസന്ധമാകില്ല. കേരളം പോലുള്ള സംസ്ഥാനങ്ങൾ അധികാരവികേന്ദ്രീകരണ വഴിയിൽ ബഹുദൂരം മുന്നോട്ടുണ്ടെങ്കിലും അധികാരം എത്രമാത്രം ജനങ്ങളുടെ കൈയിലെത്തി? ത്രിതല പഞ്ചായത്ത് സംവിധാനം ഫലപ്രദമായി നടപ്പാക്കുകയും ഗ്രാമസഭകളിലൂടെ ജനങ്ങളുടെ ആശയാഭിലാഷങ്ങൾ സ്വരൂപിക്കുകയും ചെയ്യുന്ന എത്രയോ മാതൃകാ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. എന്നാൽ, ജനാധികാരത്തേക്കാൾ താഴേക്ക് ഒലിച്ചിറങ്ങിയത് പക്കാ രാഷ്ട്രീയമായിരുന്നു. കുട്ടിനേതാക്കൾക്ക് അഴിമതിയിലും കുതികാൽവെട്ടിലും പരിശീലനം നൽകുന്ന കളരിയായി അധ$പതിപ്പിക്കുംവിധം പലഭാഗങ്ങളിലും അവക്ക് രൂപമാറ്റങ്ങൾ സംഭവിച്ചു. മണൽ മാഫിയയും ക്വാറി മാഫിയയും റിയൽ എസ്റ്റേറ്റ് മാഫിയയുമൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാണ് കൊഴുത്തുതടിച്ചത്. രാഷ്ട്രീയത്തിെൻറ അതിപ്രസരം തദ്ദേശസ്ഥാപനങ്ങളെ പലേടങ്ങളിലും നശിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ആഗതമായപ്പോൾ റെബലുകൾ പെരുകിയതും സീറ്റ് കച്ചവടം കുശാലായതും രാഷ്ട്രീയമാന്യത തൊട്ടുതീണ്ടാത്ത തന്ത്രങ്ങളും അടവുകളും പയറ്റുന്നതിൽ രാഷ്ട്രീയകക്ഷികൾ മത്സരിക്കുന്ന അവസ്ഥാവിശേഷം സംജാതമായതും.
സംസ്ഥാനം മറന്ന കാമ്പയിൻ അജണ്ട
ഈ തദ്ദേശ തെരഞ്ഞെടുപ്പിെൻറ മുഖ്യ അജണ്ട എന്താണ്? സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണിത്; മാസങ്ങൾക്കുശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിെൻറ ഡ്രസ്റിഹേഴ്സൽ. മോദി വാഴ്ചക്കാലത്ത് കേരളത്തിൽ നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പായതുകൊണ്ട് ദേശീയരാഷ്ട്രീയത്തിെൻറ അനുരണനങ്ങൾ പ്രകടമാവുക സ്വാഭാവികം. ‘അരുവിക്കര ഇഫക്ടി’െൻറ മറവിൽ അതിനപ്പുറത്തേക്ക് കടന്ന് സംസ്ഥാന രാഷ്ട്രീയത്തിെൻറ സന്തുലിതാവസ്ഥ അട്ടിമറിക്കാൻ നടന്ന ആസൂത്രിതനീക്കമാണ് താഴേത്തട്ടിലേക്കുപോലും വലിയ രാഷ്ട്രീയത്തെ ഇറക്കിക്കൊണ്ടുവന്നത്.
റോഡിെൻറയും തോടിെൻറയും പാലങ്ങളുടെയും ആതുരാലയങ്ങളുടെയും വികസനം മാത്രമല്ല അധികാരവികേന്ദ്രീകരണംകൊണ്ട് ലക്ഷ്യമിടുന്നത്. ജനായത്ത പ്രബുദ്ധത നേടിയ സിവിൽ സമൂഹത്തെ താഴേത്തട്ടിൽനിന്ന് വളർത്തിക്കൊണ്ടുവരുക എന്ന മഹത്തായൊരു ആശയം ഇതുൾവഹിക്കുന്നുണ്ട്. കേരളത്തിൽ ഇടത് സർക്കാർ കൊണ്ടുവന്ന ജനകീയാസൂത്രണം രാജ്യത്താകെ ശ്രദ്ധിക്കപ്പെട്ട നവീനാശയമായിരുന്നു. അരാഷ്ട്രീയവത്കൃത ഗ്രാമീണജനതക്ക് അവരുടെ അവകാശങ്ങളെ കുറിച്ചുള്ള അവബോധമോ രാഷ്ട്രത്തിെൻറ ഗതിവിഗതികളെ കുറിച്ചുള്ള സ്പഷ്ടമായ കാഴ്ചപ്പാടോ ഉണ്ടാവാനിടയില്ല. അതുകൊണ്ട് ജനായത്ത ശാക്തീകരണത്തിെൻറ മുൻ ഉപാധി എന്ന നിലയിൽ ദേശീയ, സംസ്ഥാന രാഷ്ട്രീയം വിപുലമായി ചർച്ചചെയ്യാൻ തദ്ദേശസ്ഥാപനങ്ങളുടെ വേദികളും ഫലപ്രദമായി വിനിയോഗിക്കപ്പെടുമ്പോൾ മുഖം ചുളിക്കേണ്ടതില്ല. അമ്പതുശതമാനം പദവികൾ സ്ത്രീകൾക്ക് സംവരണംചെയ്ത പശ്ചാത്തലത്തിൽ വിശേഷിച്ചും.
ഈ തെരഞ്ഞെടുപ്പിൽ ദേശീയരാഷ്ട്രീയം വിപുലമായി കടന്നുവന്നത് വർത്തമാനകാല ദേശീയസാഹചര്യം കൊണ്ടുകൂടിയാണ്. ഹിന്ദുത്വം തുറന്നുവിട്ട ആക്രമണോത്സുകത സമാധാനകാംക്ഷികളായ ജനവിഭാഗങ്ങളെ പൊതുവെയും, ന്യൂനപക്ഷങ്ങളെ വിശേഷിച്ചും ഉത്കണ്ഠാകുലരാക്കുമ്പോൾ ഇടതുപക്ഷം മതേതര ചെറുത്തുനിൽപിെൻറ നേതൃത്വമേറ്റെടുത്ത് നടത്തിയ പ്രചാരണം അലയൊലികൾ സൃഷ്ടിച്ചത് സ്വാഭാവികം. ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടതും ഹരിയാനയിൽ രണ്ട് ദലിത് കുഞ്ഞുങ്ങൾ സവർണരാൽ ചുട്ടെരിക്കപ്പെട്ടതും വർഗീയഫാഷിസത്തിെൻറ ഇമ്മട്ടിലുള്ള ഇരച്ചുകയറ്റത്തിനെതിരെ സാഹിത്യകാരന്മാരും ശാസ്ത്രജ്ഞരും കലാപ്രവർത്തകരുമെല്ലാം പുരസ്കാരങ്ങൾ തിരിച്ചുകൊടുത്തതും കാമ്പയിൻ വിഷയമായി എടുത്തപ്പോൾ പ്രചാരണയോഗങ്ങളെ സജീവമാക്കി. ഈ ദിശയിൽ ഉയർന്ന പ്രതിഷേധജ്വാലകൾ ഗ്രാമങ്ങൾ പോലും ഏറ്റുവാങ്ങി. ബാബരിമസ്ജിദ് ധ്വംസനത്തിനുശേഷം ന്യൂനപക്ഷങ്ങൾ കൂടുതൽ ആവേശത്തോടെ തെരഞ്ഞെടുപ്പ് കാമ്പയിനിൽ ഭാഗവാക്കായത് ഇത്തവണയാണ്. വെള്ളാപ്പള്ളി നടേശെൻറ നേതൃത്വത്തിൽ എസ്.എൻ.ഡി.പിയെ ബി.ജെ.പി പക്ഷത്ത് കൊണ്ടെത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപിനുള്ള വേദിയാക്കി സി.പി.എം മാറ്റിയെടുത്തതാണ് വർഗീയഫാഷിസത്തിനെതിരായ പോരാട്ടമായി തെരഞ്ഞെടുപ്പ് മാറിയത്. ഈ ദിശയിൽ വി.എസ്. അച്യുതാനന്ദൻ 92െൻറ നിറവിലും നടത്തിയ തേരോട്ടം കേരള രാഷ്ട്രീയചരിത്രത്തിലെ അപൂർവസംഭവമായി കുറിച്ചിടപ്പെടാതിരിക്കില്ല. അതേസമയം, ഹിന്ദുത്വരാഷ്ട്രീയത്തോട് ഉമ്മൻ ചാണ്ടി സർക്കാർ മൃദുസമീപനം കാണിക്കുന്നുവെന്ന പ്രതിപക്ഷത്തിെൻറ പരാതിക്ക് തടയിടാൻ യു.ഡി.എഫിെൻറ നയനിലപാടിൽ മാറ്റമുണ്ടായത് എ.കെ. ആൻറണിയുടെ ഇടപെടലോടെയായിരിക്കണം.
സർക്കാറിെൻറ വിലയിരുത്തൽ, ഭരണത്തുടർച്ച തുടങ്ങിയ പ്രയോഗങ്ങൾ മുഖ്യമന്ത്രിയിൽനിന്ന് ഇടക്കിടെ കേൾക്കാൻ കഴിഞ്ഞിട്ടും സംസ്ഥാന രാഷ്ട്രീയം മുഖ്യവിഷയമായി ഈ തെരഞ്ഞെടുപ്പിൽ കയറിവന്നില്ല. അതിെൻറ കാരണമെന്തായാലും, ഏറ്റവുമൊടുവിലായി മാണിക്കെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പിെൻറ അവസാനനിമിഷം പ്രതിപക്ഷത്തിനുകിട്ടിയ ശക്തമായ ആയുധം. മാണിവിവാദം എത്രകണ്ട് യു.ഡി.എഫിനെതിരായ ജനവികാരമായി പ്രതിഫലിക്കുമെന്ന് കണ്ടറിയണം. കോടതി പരാമർശത്തിെൻറ പശ്ചാത്തലത്തിൽ മുമ്പ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന പൊതുവികാരവും മാധ്യമ ശൈലിയും മാണിയുടെ കാര്യത്തിൽ എന്തുകൊണ്ട് ദൃശ്യമല്ല എന്ന ചോദ്യം തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ചർച്ചചെയ്യപ്പെടേണ്ടതാണ്. മാണിക്കെതിരെ ശക്തമായ കാമ്പയിന് ഇറങ്ങിയാൽ ക്രൈസ്തവ ഭൂരിപക്ഷമേഖലയിൽ അദ്ദേഹത്തിന് അനുകൂലമായ ധ്രുവീകരണത്തിന് സാധ്യത ഉണ്ടായേക്കാമെന്ന് പ്രതിപക്ഷം ഭയപ്പെടുന്നുണ്ടാവണം. കോൺഗ്രസ് നേതൃത്വം ധാർമികതയെക്കുറിച്ച് ഉരുവം കൊടുത്ത പുതിയ സിദ്ധാന്തങ്ങളെല്ലാം തെരഞ്ഞെടുപ്പ് കഴിയുംവരെ അദ്ദേഹത്തിന് അവധികൊടുക്കാൻ വേണ്ടി മാത്രമായിരിക്കാം. നവംബർ അഞ്ചിന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മേഖല മാണിയുടെ സ്വാധീനതട്ടകമാണെന്നതിനാൽ പ്രതിപക്ഷത്തിന് തെരുവ് സജീവമാക്കാൻ ഇനിയും ദിവസങ്ങളുണ്ട്.
2010ൽ യു.ഡി.എഫിന് ആധിപത്യം നേടിക്കൊടുത്ത രാഷ്ട്രീയ സാഹചര്യം ഇന്നില്ല, എന്നല്ല ഇടതിന് മേൽക്കൈ ലഭിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഹിന്ദുത്വ രാഷ്ട്രീയവും അതിെൻറ കേരള അവതാരങ്ങളും ഉയർത്തുന്ന അത്യപൂർവമായ ഭീഷണിയെ നേരിടാനുറച്ച സി.പി.എം തന്ത്രം പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ വലിയ തോതിൽ ഗുണംചെയ്യുമത്രെ. നവംബർ ഏഴിന് ശേഷമായിരിക്കും കേരള രാഷ്ട്രീയത്തിെൻറ പുതിയദിശ നിർണയിക്കുക. ഭാവി മുഖ്യമന്ത്രിയെക്കുറിച്ച് ഇരുമുന്നണികളും ഗൗരവപൂർവം ആലോചിക്കുന്നത് പോലും തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.