ഇ. അഹമ്മദിന് സ്നേഹാദരങ്ങളോടെ
text_fields‘ഇ. അഹമ്മദ് വിദേശകാര്യ മന്ത്രാലയ ഉപദേശക സമിതിയില്‍’ എന്ന വാര്‍ത്ത 31.10.2015ന്‍െറ ചന്ദ്രിക പത്രത്തില്‍ പ്രാധാന്യത്തോടെ ഒന്നാംപേജില്‍ വന്നത് വായിച്ചിട്ടാണ് ഈ കത്ത്. ‘വിദേശകാര്യ മന്ത്രാലയ ഉപദേശക സമിതിയിലേക്ക് മുന്‍ കേന്ദ്ര സഹമന്ത്രിയും മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്‍റുമായ ഇ. അഹമ്മദ് എം.പിയെ തെരഞ്ഞെടുത്തു. ഒന്നും രണ്ടും യു.പി.എ സര്‍ക്കാറുകളുടെ കാലത്ത് വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ പ്രകടിപ്പിച്ച മികവ് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയ ഉപദേശക സമിതിയിലേക്ക് അഹമ്മദിനെ പരിഗണിച്ചത്’ എന്നിങ്ങനെയാണ് റിപ്പോര്‍ട്ട്.
പ്രിയപ്പെട്ട അഹമ്മദ് (പ്രായംകൊണ്ട് ഏറെ മുന്നിലുള്ള താങ്കളെ അഹമ്മദ്ക്ക എന്നോ അഹമ്മദ് സാഹിബ് എന്നോ ആണ് വിളിക്കേണ്ടത്. പ്രവാചകനെപ്പോലും അറബികള്‍ മുഹമ്മദ് എന്നുതന്നെയാണ് സംബോധനചെയ്തത്. അതുകൊണ്ട് ഉപചാരവാക്കുകള്‍ ഒഴിവാക്കുന്നു എന്നേയുള്ളൂ. ഏറെ ഭരണപരിചയവും നേതൃപാടവവുമുള്ള താങ്കളോടുള്ള ബഹുമാനത്തിന് തരിമ്പും കുറവില്ല എന്നുകൂടി അറിയിക്കുന്നു)
ഫാഷിസം നമ്മുടെ അടുക്കളയില്‍വരെ എത്തിനില്‍ക്കുന്ന നരേന്ദ്ര മോദിയുടെ ഈ കറുത്തകാലത്ത് അസഹിഷ്ണുത വല്ലാതെ പടരുകയാണെന്ന് താങ്കള്‍ക്ക് ആരെക്കാളുമറിയാമല്ളോ. സുധീന്ദ്ര കുല്‍കര്‍ണിക്കുനേരെ കരിമഷിപ്രയോഗം നടത്തിയപ്പോള്‍ താങ്കള്‍ക്ക് ഏറെ പരിചയമുള്ള സാക്ഷാല്‍ എല്‍.കെ. അദ്വാനിയാണ് പറഞ്ഞത്, ‘അസഹിഷ്ണുതയുടെ വിദ്വേഷപ്രകടനങ്ങള്‍ വര്‍ധിക്കുകയാണ്. ഇത് ജനാധിപത്യത്തിനെതിരാണ്’. ഒരിക്കല്‍ രഥയാത്ര നടത്തിയ അദ്വാനിക്കുപോലും ഇങ്ങനെ പറയേണ്ടിവന്ന ഒരു കാലത്താണ് മോദിയുടെ കീഴിലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ ഉപദേശകസമിതിയില്‍ താങ്കള്‍ക്ക് അംഗത്വം കിട്ടി എന്ന വാര്‍ത്ത വരുന്നത്. നൊബേല്‍ സമ്മാനം ലഭിച്ച പ്രാധാന്യത്തോടെ ഇത് പത്രത്തിന്‍െറ ഒന്നാംപേജില്‍.
അക്കാദമി അംഗത്വങ്ങള്‍ ഉപേക്ഷിക്കുകയും അവര്‍ കൊടുത്ത പാരിതോഷികങ്ങള്‍ തിരിച്ചുകൊടുക്കുകയും ചെയ്യുന്നു എഴുത്തുകാര്‍. 45ഓളം എഴുത്തുകാരാണ് പുരസ്കാരങ്ങള്‍ തിരിച്ചേല്‍പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍നിന്ന് കാശിനാഥ് സിങ്ങാണ് ഏറ്റവും ഒടുവില്‍ പുരസ്കാരം തിരിച്ചുനല്‍കിയ എഴുത്തുകാരന്‍. ഇവര്‍ക്ക് പിന്നാലെ ചലച്ചിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍ ഒക്കെ പുരസ്കാരങ്ങളും പത്മഭൂഷണുമൊക്കെ തിരിച്ചുകൊടുക്കുമ്പോള്‍ സുഷമ സ്വരാജിന്‍െറ കീഴിലെ ഒരു ‘തുക്കിടി സ്ഥാനം’ എന്തിനാണ് പ്രിയപ്പെട്ട നേതാവേ താങ്കള്‍ക്ക്? ‘എന്‍െറ രാജ്യത്തെയോര്‍ത്ത് തലകുനിഞ്ഞുപോകുന്നു’ എന്ന് പ്രധാനമന്ത്രിയുടെ മുഖത്തുനോക്കിപ്പറഞ്ഞത് നാവിക സേനാ മേധാവിയായിരുന്ന അഡ്മിറല്‍ എല്‍. രാംദാസാണ്. ‘ലജ്ജ’ എന്ന ഒരു വാക്കുണ്ട്. അത് തസ്ലീമ നസ്റീന്‍െറ നോവലിന്‍െറ മാത്രം പേരല്ല. ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്താന്‍ നരേന്ദ്ര മോദിക്കുവേണ്ടി, സുഷമ സ്വരാജിനുവേണ്ടി താങ്കളെന്താണ് വിദേശത്തുപോയി പറയാന്‍ പോകുന്നത്? അന്ധവിശ്വാസത്തെ എതിര്‍ത്തതിന്‍െറ പേരില്‍ കല്‍ബുര്‍ഗി എന്ന കര്‍ണാടകയിലെ സുപ്രസിദ്ധനായ എഴുത്തുകാരനെ പ്രാതല്‍ കഴിക്കുമ്പോള്‍ വെടിവെച്ചുകൊന്നത് കെട്ടുകഥയായിരുന്നെന്നോ?
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്ന് കളവുപറഞ്ഞ് മുഹമ്മദ് അഖ്ലാഖ് എന്ന ഒരു മനുഷ്യനെ ആളുകള്‍ അടിച്ചുകൊന്നു എന്നുള്ളത് ഇന്ത്യയുടെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ പാകിസ്താനും അമേരിക്കയും നടത്തിയ കള്ളപ്രചാരണമാണെന്നോ? (അദ്ദേഹത്തിന്‍െറ മകന്‍ ഇന്ത്യാ രാജ്യം കാക്കുന്ന ധീരനായ ഒരു സൈനികനാണെന്ന് താങ്കള്‍ക്ക് അറിയാമല്ളോ. അങ്ങനെ ഒരു മകനെക്കുറിച്ച് ഒന്നും പറയരുത്).
അറബ് രാജ്യങ്ങളില്‍ എങ്ങനെയാണ് താങ്കള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും പ്രതിനിധാനംചെയ്ത് തൊണ്ണൂറുവയസ്സുള്ള ഒരു ദലിതനെ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് തീയിട്ട് കൊന്നതിനെ ന്യായീകരിക്കുക? പ്രസംഗത്തിനൊടുവില്‍ നമ്മുടെ സഹിഷ്ണുതയെക്കുറിച്ച് പ്രത്യേകം പറയണം. ‘എല്ലാ മനുഷ്യരും ഒന്നാണ് ഇവിടെ വിവേചനമേയില്ല’ എന്നുപറഞ്ഞു‘കുല്ലുകും ലിആദം വആദം മിന്‍ തുറാബ്’ (എല്ലാവരും ആദമില്‍നിന്ന് ആദമോ മണ്ണില്‍നിന്ന്) എന്നുകൂടി ഉദ്ധരിക്കണം.
ഇന്ത്യയില്‍ ജീവിക്കാന്‍ മുസ്ലിംകള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞതിനെക്കുറിച്ച് മൗനംപാലിക്കണം. ഇതേ ഹരിയാനയില്‍ ദലിത് കുട്ടികള്‍ കൊല്ലപ്പെട്ടത് കളവാണെന്ന് പറയണം. നരേന്ദ്ര മോദിയെ എന്തിനാണ് ശത്രുവായി കണക്കാക്കുന്നത്? രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ല. സ്ഥിരമായി താല്‍പര്യങ്ങളേ ഉള്ളൂ എന്നു പറഞ്ഞ് ചിരിക്കണം. കടലില്‍ മുസല്ലയിട്ട് നമസ്കരിച്ചാലും ആര്‍.എസ്.എസിനെ ഞാന്‍ വിശ്വസിക്കില്ല എന്നുപറഞ്ഞ സി.എച്ച്. മുഹമ്മദ്കോയയെ താങ്കള്‍ ഇത്രവേഗം മറന്നുപോയോ?
അല്ലാമാ ഇഖ്ബാലിനെക്കുറിച്ച്, വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ ഞാനാദ്യം വായിച്ച ലേഖനം താങ്കള്‍ മുസ്ലിംലീഗ് സുവനീറില്‍ എഴുതിയതായിരുന്നു. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്‍െറ മുന്നണിപ്പോരാളിയായ യാസിര്‍ അറഫാത്തിന്‍െറ കൂടെ എത്രയോ പടങ്ങള്‍ കണ്ട് രോമാഞ്ചമണിഞ്ഞ പതിനായിരങ്ങളുടെ കൂട്ടത്തില്‍ ഞാനുമുണ്ട്.
അതുകൊണ്ട് പ്രിയപ്പെട്ട അഹമ്മദ്, താങ്കള്‍ ആ പദവി സ്വീകരിക്കരുത്.
ഇനിയുള്ള വരികള്‍ സാക്ഷാല്‍ കൊടപ്പനക്കല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കുവേണ്ടി കുറിക്കുകയാണ്. അഖിലേന്ത്യാ പാര്‍ട്ടിയേക്കാള്‍ വലുതാണ് സംസ്ഥാന മുസ്ലിംലീഗ് (അങ്ങനെ ലോകത്ത് ഒരേയൊരു പാര്‍ട്ടിയേയുള്ളൂ). ബഹുമാന്യനായ ഹൈദരലി തങ്ങള്‍, ഈ പദവിയില്‍നിന്ന് മാറിനില്‍ക്കാന്‍ സമസ്തയെ ഓര്‍ത്തെങ്കിലും താങ്കള്‍ അഹമ്മദിനോട് കല്‍പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.