Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅരികിലുണ്ട്...

അരികിലുണ്ട് അടിയന്തരാവസ്​ഥ

text_fields
bookmark_border
അരികിലുണ്ട് അടിയന്തരാവസ്​ഥ
cancel

അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ്ഗാന്ധിയുടെ തീട്ടൂരപ്രകാരം വാർത്താവിതരണ പ്രക്ഷേപണ (ഐ ആൻഡ് ബി) മന്ത്രാലയത്തിൽനിന്ന് പത്രമോഫിസുകളിലേക്ക് വിളികളെത്തിയിരുന്നു, വാർത്തകളും ലേഖനങ്ങളും ഒഴിവാക്കാനാവശ്യപ്പെട്ട്. നാലു പതിറ്റാണ്ടിനിപ്പുറം അടിയന്തരാവസ്ഥയുടെ കനലിൽ അധികാരസാധ്യതകൾ ചുട്ടെടുത്ത സംഘ്പരിവാർ നിയന്ത്രിക്കുന്ന സർക്കാറിലെ, അടിയന്തരാവസ്ഥയിൽ ജയിൽവാസമനുഭവിച്ച മന്ത്രി ഭരിക്കുന്ന വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിൽനിന്ന് ഡൽഹിയിലെ ഹ്രസ്വചിത്രമേള സംഘാടകർക്ക് ഒരു വിളിയെത്തി, മേളയിൽ പ്രദർശിപ്പിക്കാനിരിക്കുന്ന ഒരു കാമ്പസ് ചിത്രം ഒഴിവാക്കണമെന്നുകൽപ്പിച്ച്. മലയാളിയായ മനോജ് മാത്യുവിെൻറ മേൽനോട്ടത്തിൽ സെൻറർ ഫോർ സിവിൽസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുറച്ചുവർഷങ്ങളായി നടത്തിവരുന്ന ജീവിക ഫിലിം ഫെസ്റ്റിവൽ ജീവിതഗന്ധിയായ ചിത്രങ്ങളുടെ ഉത്സവമാണ്. മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ അഞ്ചു വിദ്യാർഥികൾ ചേർന്ന് പഠന പ്രോജക്ടിെൻറ ഭാഗമായി നിർമിച്ച ‘കാസ്റ്റ് ഓൺ ദ മെനു കാർഡ്’ എന്ന ചിത്രത്തിനാണ് ഫെസ്റ്റിവൽതലേന്ന് വിലക്കുവന്നത്. മേളക്കായി എത്തിയ 35 ചിത്രങ്ങളിൽ 34 എണ്ണവും പ്രദർശിപ്പിക്കാമെന്നും ഇത് ഒഴിവാക്കണമെന്നും സംഘാടകർക്ക് വാക്കാലാണ് നിർദേശമെത്തിയത്. കലുഷിത അവസ്ഥ നിലനിൽക്കുന്നതിനാൽ ബീഫിനെക്കുറിച്ച് ചർച്ചചെയ്യുന്ന ചിത്രം പ്രദർശിപ്പിക്കുന്നത് സ്ഥിതി വഷളാക്കുമത്രെ. ബീഫ് കഴിക്കുന്നവർക്ക് ദാദ്രിയിലെ അഖ്ലാഖിെൻറ ഗതിവരുമെന്നും അയൽരാജ്യത്തേക്ക് നാടുകടത്തുമെന്നും സർക്കാറിെൻറ സാമന്തന്മാർ പൊതുവേദികളിൽ വിലക്കേതുമില്ലാതെ പ്രസംഗിച്ചു നടക്കവേയാണിതെന്നും ഓർക്കണം.

വിലക്കിനെ വെല്ലുവിളിച്ച്  ‘കാസ്റ്റ് ഓൺ ദ മെനു കാർഡ്’ പ്രദർശിപ്പിക്കാൻ ഒരുക്കമെന്നുപറഞ്ഞ് തലസ്ഥാനത്തെ കാമ്പസുകളിലെ വിദ്യാർഥിക്കൂട്ടങ്ങൾ മുന്നോട്ടുവന്നു. ദേശദ്രോഹികളുടെയും ഇടതുതീവ്രവാദികളുടെയും ഭീകരവാദികളുടെയും കേന്ദ്രമെന്ന് സംഘ്പരിവാർ സൈദ്ധാന്തികർ വിശേഷിപ്പിക്കുന്ന ജെ.എൻ.യുവിലെ ബിർസ അംബേദ്കർ ഫൂലേ സ്റ്റുഡൻറ്സ് അസോസിയേഷൻ വകയായിരുന്നു ആദ്യക്ഷണം. സ്ക്രീനിങ്ങിന് കോളജ് അധികൃതർ അനുമതി നൽകിയിരുന്നു. പത്രങ്ങളിൽ വാർത്തയും സാമൂഹികമാധ്യമങ്ങളിലെ ക്ഷണക്കുറിയും കണ്ട് നിരവധിപേർ ചിത്രം കാണാൻ കാമ്പസിലെത്തിയപ്പോൾ അധികൃതരുണ്ട് തടസ്സംപിടിക്കുന്നു. ലോകത്തിെൻറ വിവിധഭാഗങ്ങളിൽ സർക്കാറുകളോ മതകോടതികളോ നിരോധിച്ച പുസ്തകങ്ങളുടെ വായനയും ചിത്രങ്ങളുടെ പ്രദർശനവും മുറപോലെ നടന്നുപോരുന്ന കാമ്പസിൽ നിയമപ്രകാരം നിരോധിച്ചിട്ടില്ലാത്ത കാമ്പസ് നിർമിതചിത്രം അനുവദിക്കാനാവില്ലെന്ന് അറിയിപ്പിട്ട ഹോസ്റ്റൽ വാർഡൻ പറഞ്ഞ ന്യായം വിദ്യാർഥികൾ സ്ക്രീനിങ് തീരുമാനിച്ച പുൽത്തകിടി തെൻറ അധികാരപരിധിക്ക് പുറത്താണെന്ന്. പ്രദർശനം തടയുമെന്ന് പ്രഖ്യാപിച്ച്  എ.ബി.വി.പിയുമെത്തി. രാഷ്ട്രപതി മേലൊപ്പിട്ട അടിയന്തരാവസ്ഥക്കുപോലും വില കൽപ്പിക്കാഞ്ഞ ധീരയുവതയുടെ പിന്മുറക്കാരുണ്ടോ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കുമുന്നിൽ കൂസുന്നു–നിറഞ്ഞവേദിയിൽ പ്രദർശനം നടത്തുകതന്നെ ചെയ്തു. അടുത്തപ്രദർശനം നടക്കേണ്ടിയിരുന്നത് ഡൽഹി സർവകലാശാലയുടെ സാംസ്കാരിക തലസ്ഥാനമെന്നവകാശപ്പെടുന്ന സെൻറ് സ്റ്റീഫൻസ് കോളജിലായിരുന്നു. അവസാനനിമിഷം അത് നിരോധിച്ച് വൈസ് ചാൻസലറുടെ ഉത്തരവെത്തി.

ഓൺലൈനിൽ ലഭ്യമായിരുന്നെങ്കിലും ഏതെങ്കിലും കാമ്പസിൽ പ്രദർശിപ്പിക്കാനായാൽ മാത്രം കണ്ടാൽ മതിയെന്ന് തീരുമാനിച്ചിരിക്കെയാണ് ദേശീയ നിയമസർവകലാശാലയിൽ സ്ക്രീനിങ് നടക്കുന്നുവെന്ന വിവരംകേട്ടത്. ഇന്ത്യയിലെ ഒരു നിയമപ്രകാരവും വകുപ്പില്ലാത്ത നിരോധം വിലപ്പോവില്ലെന്നുകണ്ടാവും പ്രദർശനം തടയാൻ ഈ വളപ്പിലേക്കാരും വന്നില്ല. ഈ ലഘുചിത്രം അസാമാന്യ സൃഷ്ടിയൊന്നുമല്ല, ഒരുപക്ഷേ, ഈ അനാവശ്യവും അന്യായവുമായ വിലക്കുകൾവഴി അധികൃതർ പബ്ലിസിറ്റി നൽകിയില്ലായിരുന്നെങ്കിൽ നമ്മളിൽപലരും അറിയുകപോലുമില്ലായിരുന്നു. മാട്ടിറച്ചി സൂക്ഷിക്കുന്നത് അഞ്ചുകൊല്ലം കഠിനതടവ് കിട്ടാവുന്ന വൻപാപമായി പ്രഖ്യാപിച്ച് മഹാരാഷ്ട്രസർക്കാർ നിയമമുണ്ടാക്കുന്നതിനും മാസങ്ങൾ മുമ്പാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഭക്ഷണത്തിെൻറ ജാതിവിഭജനവും അതുവഴി ഉയരുന്ന മനുഷ്യാവകാശ പ്രശ്നങ്ങളുമാണ് സംബോധന ചെയ്യാൻ ആഗ്രഹിച്ചത് എന്നാണ് ചിത്രത്തിെൻറ സംവിധായകരിലൊരാളായ അനന്യ ഗൗർ പറഞ്ഞത്. ഓഡിറ്റോറിയത്തിെൻറ പാതിയോളം നിറഞ്ഞിരുന്ന വിദ്യാർഥികൾ ശാന്തരായിരുന്ന് ചിത്രം കണ്ടു. പിന്നീട് എതിർത്തും അനുകൂലിച്ചും അഭിപ്രായപ്രകടനങ്ങൾ നടത്തി. ഇത്തരമൊരു മികച്ച സംവാദ സാധ്യതയാണ് ഓരോ ചിത്ര, പുസ്തക നിരോധം വഴിയും (അത് റുഷ്ദിയുടെ സാതാനിക് വേഴ്സസ് ആയാലും ലെസ്ലി ഉഡ്വിെൻറ ഇന്ത്യാസ് ഡോട്ടർ ആയാലും) അട്ടിമറിക്കപ്പെടുന്നത്.
‘അകിടുകൾ ഞെമുക്കി പാലെടുക്കുമ്പോൾ നിങ്ങൾക്ക് വേദനിച്ചില്ല.

ചെരിപ്പാക്കി തുന്നി കാലിലമർത്തിയപ്പോഴും നിങ്ങൾക്ക് വേദനിച്ചില്ല.
കല്യാണത്തിനും ചാവടക്കിനും തുകൽ മേളമിടുമ്പോഴും നിങ്ങൾക്ക് വേദനിച്ചില്ല.
എെൻറ പശിയടക്കുമ്പോൾ മാത്രം പശു നിനക്ക് ദേവതയാകുമല്ലേ’
എന്ന തെലുഗുകവി ദിഗുമാർത്തി സുരേഷ്കുമാറിെൻറ വരികളോടെ ആരംഭിക്കുന്ന ചിത്രം വിവിധ വിദ്യാഭ്യാസ–മാധ്യമസ്ഥാപനങ്ങളിൽ സസ്യേതര ഭക്ഷണത്തിന് വിലക്കേർപ്പെടുത്തിയതും മാട്ടിറച്ചി കഴിക്കുന്നതുസംബന്ധിച്ച വിവിധ വീക്ഷണങ്ങളും രാജ്യമൊട്ടുക്കും നിരോധ മുറവിളി ദലിതുകളെയും തുകൽപ്പണി ചെയ്യുന്ന സമൂഹത്തെയും മറ്റും എങ്ങനെ ബാധിക്കുമെന്നുമെല്ലാം ചർച്ചചെയ്യുന്നു. ഗോമാംസം കഴിക്കുന്നവർക്കിടയിൽ എച്ച്.ഐ.വി പോസ്റ്റീവുകാർ കൂടുതലാണെന്ന് വാദിക്കുന്ന, കൗ തെറപ്പിസ്റ്റ് ഉത്തംജി മഹേശ്വരിയുടെ പറച്ചിലുകൾക്കുപോലും ഇതിൽ ഇടംനൽകിയിട്ടുണ്ട്. മനസ്സിൽ കൊളുത്തിവലിച്ചത് ചിത്രം നിർമിച്ച കാമ്പസിലെ കാൻറീനിൽ സസ്യേതര ഭക്ഷണം ഏർപ്പെടുത്തുന്നത് ചർച്ചചെയ്യാൻ ചേർന്ന ജനറൽബോഡിയോഗത്തിൽ വടക്കുകിഴക്കൻ സംസ്ഥാനത്തുനിന്നുള്ള ഒരു വിദ്യാർഥി നടത്തിയ അഭിപ്രായപ്രകടനമാണ് – ഞാൻ രാജ്യത്തിെൻറ മുഖ്യധാരയിൽനിന്ന് അകന്ന ഒരു മേഖലയിൽനിന്ന് വരുന്നയാളാണ്. ചിലർ പറയുന്നു ബീഫും പോർക്കും കഴിക്കുന്നത് സാംസ്കാരിക ആഘാതം സൃഷ്ടിക്കുന്നുവെന്ന്. അതു നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കിൽ നിങ്ങളുടെ പനീറും റൊട്ടിയും കഴിക്കേണ്ടിവരുന്നത് ഞങ്ങൾക്കും കൾചറൽ ഷോക്കായാണ് അനുഭവപ്പെടുന്നത്–രാജ്യത്തിെൻറ നാനാത്വവും വൈവിധ്യവും തട്ടിയുടച്ച് ഏകശിലാ ഹിന്ദുത്വം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ശക്തികളെ അസ്വസ്ഥമാക്കുന്നത് ചിത്രത്തിൽ ഉൾക്കൊള്ളിച്ച ഇത്തരം തുറന്നുപറച്ചിലുകളാവാം. ഒരു വിദ്യാർഥിചിത്രം നേരാംവണ്ണം പ്രദർശിപ്പിക്കാൻപോലും അനുവദിക്കാത്ത സാഹചര്യത്തിലും അധികാരികൾ ചോദിക്കുന്നു–ഏത് അസഹിഷ്ണുതയെക്കുറിച്ചാണ് നിങ്ങൾ പറയുന്നതെന്ന്!
ഓർമകൾ തിരിച്ചുപറയുന്നുണ്ട്–മഴുനാവ് മരത്തിെൻറ വേര് മുറിക്കുന്നതിനെക്കാൾ, കശാപ്പുകത്തി ഉരുവിെൻറ കണ്ഠനാഡിയിൽ ആഴ്ന്നിറങ്ങുന്നതിനെക്കാൾ വേദനകരമായ രീതിയിലാണ് അടിയന്തരാവസ്ഥ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിച്ച്, ശ്വാസംമുട്ടിച്ച് രാജ്യത്തിെൻറ ജീവനെടുക്കുന്നതെന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emergencyIndia News
Next Story