Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബിഹാറിൽ നിന്നുള്ള...

ബിഹാറിൽ നിന്നുള്ള പാഠങ്ങൾ

text_fields
bookmark_border
ബിഹാറിൽ നിന്നുള്ള പാഠങ്ങൾ
cancel

വർഗീയ ഫാഷിസത്തിനെതിരെ അതിശക്തമായ ജനാധിപത്യ പോരാട്ടത്തിലൂടെ വമ്പിച്ച വിജയം കൈവരിച്ച മഹാസഖ്യത്തിെൻറ മന്ത്രിസഭ ബിഹാറിൽ അധികാരമേൽക്കുന്ന സുദിനമാണ് ഇന്ന്. കഴിഞ്ഞ ഒന്നര വർഷമായി ഇന്ത്യയിൽ വർഗീയതയും അസഹിഷ്ണുതയും ആളിക്കത്തിയപ്പോൾ ബിഹാറിൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിനെ ഉത്കണ്ഠയോടെയാണ് ലോകം ഉറ്റുനോക്കിയത്.  മതസ്പർധ ശക്തമാക്കുന്ന വർഗീയ പ്രചാരണങ്ങളും സംഘ്പരിവാർ സംഘടനകൾ നടത്തിയ അറുകൊലകളും മതേതരത്വത്തിനും ബഹുസ്വരതക്കും ഗുരുതരമായ വെല്ലുവിളികൾ ഉയർത്തുന്നതിനിടക്കാണ് ബിഹാർ തെരഞ്ഞെടുപ്പു നടന്നത്. ന്യൂനപക്ഷങ്ങളോടും വ്യത്യസ്ത അഭിപ്രായമുള്ളവരോടും യുദ്ധപ്രഖ്യാപനം നടത്തുന്ന സമീപനം കുറച്ചുനാളുകളായി രാജ്യത്ത് നടന്നുവരുന്നു. വർഗീയതയേയും വിദ്വേഷത്തെയും വിമർശിച്ച കലാസാംസ്കാരിക ലോകത്തോട് പകയോടെ പെരുമാറുന്നതു നാം കണ്ടു. പ്രഫ. എം.എം. കൽബുർഗിയെപ്പോലെയുള്ള പുരോഗമനവാദികളെ കൊലപ്പെടുത്തി. ജനപ്രിയതാരവും സ്വാതന്ത്ര്യസമര പോരാളിയുടെ പുത്രനുമായ ഷാറൂഖ് ഖാൻ വരെ വിദ്വേഷ രാഷ്ട്രീയത്തിന് ഇരയായി. ഗാന്ധി ഘാതകനായ ഗോദ്സെയെ രക്തസാക്ഷിയാക്കിയതും മദർ തെരേസയെ ഇകഴ്ത്തിയതും  മതേതരഭാരതത്തെ വേദനിപ്പിച്ചു. രാജ്യത്തിെൻറ ബഹുസ്വരത തകർക്കപ്പെടുന്നതിനും അസഹിഷ്ണുത അതിരുകടക്കുന്നതിനുമെതിരെ ഭരണഘടനയുടെ കാവലാളായ രാഷ്ട്രപതി നാലുവട്ടം മുന്നറിയിപ്പ് നൽകി. 

ആശങ്കകൾക്ക്  പരിഹാരമുണ്ടാക്കാനോ, മതേതരത്വത്തിനു നേരെ ഉയർന്ന വെല്ലുവിളികളോട് പ്രതികരിക്കാനോ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായില്ല.  ഈ പശ്ചാത്തലത്തിൽ നടന്ന ബിഹാർ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിൽ മതേതരഭാരതത്തിന്  ആഹ്ലാദിക്കാനും അഭിമാനിക്കാനും ഏറെയുണ്ട്.  വ്യത്യസ്ത ധ്രുവങ്ങളിൽ നിന്ന നിതീഷ് കുമാറിനെയും ലാലുപ്രസാദ് യാദവിനെയും കോർത്തിണക്കുകയും അവരോടൊപ്പം കോൺഗ്രസ് ചേരുകയും ചെയ്തപ്പോൾ രൂപമെടുത്ത മഹാസഖ്യത്തിെൻറ വിജയം ജനാധിപത്യത്തിെൻറയും മതേതരത്വത്തിെൻറയും വിജയമായിരുന്നു.  ആർ.ആസ്.എസിെൻറ നേതൃത്വത്തിലുള്ള വർഗീയ ഫാഷിസത്തെയും മോദിഭരണത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന ഭിന്നിപ്പിക്കൽ തന്ത്രത്തെയും ഒരളവുവരെ തടുത്തുനിർത്താൻ ഇത് ഉപകരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ 36 തെരഞ്ഞെടുപ്പ് റാലികളിൽ ജനലക്ഷങ്ങളെ അഭിസംബോധനചെയ്തു. ബിഹാറിന് ഒന്നേകാൽ ലക്ഷം കോടി രൂപയുടെ വികസന പാക്കേജ് വാഗ്ദാനംചെയ്ത് ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചു. മഹാസഖ്യം ജയിച്ചാൽ പാകിസ്താനിൽ പടക്കം പൊട്ടുമെന്നുപോലും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ തെരഞ്ഞെടുപ്പുവേളയിൽ പറഞ്ഞത് വർഗീയവികാരം ആളിക്കത്തിച്ച് വോട്ടുനേടാനുള്ള തന്ത്രമായിരുന്നു.

ബിഹാറിൽ ബി.ജെ.പി ഇതെല്ലാം ചെയ്തിട്ടും ദയനീയമായി തോറ്റു. ഡൽഹിക്കു പിറകെ ബിഹാറും വിധി എഴുതിയതോടെ  മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണത്തിെൻറ അന്ത്യം ആരംഭിച്ചുകഴിഞ്ഞു.   ബിഹാറിൽനിന്ന് മാറ്റത്തിെൻറ കാറ്റ് രാജ്യമാകെ വീശിയടിക്കും എന്നാണ് ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്.  ബിഹാറിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ ഈ വിധിയെഴുത്ത് മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാകും.

ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ കക്ഷികൾക്കും അതിനു നേതൃത്വം നൽകുന്ന മാർക്സിസ്റ്റ് പാർട്ടിക്കും അത്യാവശ്യം വേരോട്ടമുള്ള സ്ഥലമാണ് ബിഹാർ. മഹാസഖ്യത്തിെൻറ വിജയത്തെ അവർ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ,  ഈ വിജയത്തിൽ അവർക്ക് ഒരു പങ്കുമില്ലെന്നു മാത്രമല്ല, ബി.ജെ.പിയെ പരോക്ഷമായി സഹായിക്കുകയും ചെയ്തു. ബി.ജെ.പി ഉയർത്തിയ വർഗീയ ഫാഷിസത്തെ ചെറുത്തുതോൽപിക്കാൻ ബിഹാറിൽ രൂപമെടുത്ത മഹാസഖ്യത്തിൽ ചേരാൻ മാർക്സിസ്റ്റ് പാർട്ടിയോ ഇടതുപക്ഷ പാർട്ടികളോ തയാറായില്ല.  സി.പി.എം, സി.പി.ഐ, സി.പി.ഐ–എം.എൽ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്, എസ്.യു.സി.ഐ എന്നീ ആറു പാർട്ടികൾ ചേർന്ന് ഇടതുമുന്നണി ഉണ്ടാക്കിയാണ് മത്സരിച്ചത്.  

243 സീറ്റുകളിൽ 221ലും ഇടതുമുന്നണി മത്സരിച്ചു.  ആകെ കിട്ടിയ മൂന്നു സീറ്റും സി.പി.ഐ–എം.എല്ലിന്.  വർഗീയതയെ ചെറുത്തുതോൽപിക്കാനുള്ള ചരിത്രപരമായ ദൗത്യം നിറവേറ്റുന്നതിന് ഇടതുപക്ഷത്തിന് മഹാസഖ്യവുമായി തെരഞ്ഞെടുപ്പ് ധാരണയെങ്കിലും ഉണ്ടാക്കാമായിരുന്നു. സി.പി.എമ്മിനും സി.പി.ഐക്കും ഒരൊറ്റ സീറ്റിലും ജയിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല നോട്ടക്കു ലഭിച്ചതിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണ് കിട്ടിയത്. ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഏറെയുള്ള ബിഹാറിൽനിന്ന് ഇടതുപക്ഷം തൂത്തെറിയപ്പെട്ടു.

53 സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.  അതിൽ പത്തെണ്ണമെങ്കിലും ഇടതുമുന്നണിയുടെ പരോക്ഷമായ സഹായത്തോടെയായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ചേൻപൂർ മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചത് 671 വോട്ടിന്. സി.പി.എം സ്ഥാനാർഥി പിടിച്ചത് 2573 വോട്ട്. പിപ്ര മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചത് 3930 വോട്ടിന്. സി.പി.എമ്മിനു കിട്ടിയത് 8366 വോട്ട്. ഇതാണ് ബി.ജെ.പി ജയിച്ച നിരവധി മണ്ഡലങ്ങളിലെ അവസ്ഥ.  മതേതര മുന്നണിയുടെ വോട്ടുകൾ ഭിന്നിപ്പിക്കാനും അതുവഴി ബി.ജെ.പിയെ സഹായിക്കാനുമാണ് ഇടതുപക്ഷപാർട്ടികൾ ശ്രമിച്ചത്.  വർഗീയ ഫാഷിസത്തെ തടഞ്ഞുനിർത്തുന്നതിൽ സി.പി.എം ചരിത്രപരമായ വിഡ്ഢിത്തമാണ് കാണിച്ചതെന്ന് ഭാവിയിൽ അവർക്ക് വിലയിരുത്തേണ്ടിവരും.  ഇടതുപക്ഷ മുന്നണിയിലുള്ളവർ പലയിടത്തും പരസ്പരം മത്സരിക്കുകവരെ ചെയ്തു.  മതനിരപേക്ഷ ജനാധിപത്യത്തിെൻറ അടിത്തറ തകർക്കാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങളെ സഹായിച്ച സി.പി.എമ്മിെൻറ നിരുത്തരവാദപരമായ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് കേരളത്തിലെ സി.പി.എം നേതാക്കളുടെ മറുപടി എന്താണെന്നറിയാൻ താൽപര്യമുണ്ട്. 1977ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന മൊറാർജി ദേശായി മന്ത്രിസഭക്കും 1989ൽ അധികാരത്തിൽ വന്ന വി.പി. സിങ് മന്ത്രിസഭക്കും ബി.ജെ.പിയോടൊപ്പം ചേർന്നു പിന്തുണ നൽകിയ മാർക്സിസ്റ്റ് പാർട്ടിയുടെ ചരിത്രം ജനങ്ങൾ മറന്നിട്ടില്ല. ഒന്നാം യു.പി.എ സർക്കാറിനെ താഴെയിറക്കാൻ ബി.ജെ.പിയോടൊപ്പം ചേർന്ന് അവർ പാർലമെൻറിൽ വോട്ടുചെയ്തു. ദീർഘകാലമായി തുടരുന്ന ബി.ജെ.പി ബാന്ധവത്തിെൻറ മറ്റൊരു ഏടാണ് ബിഹാറിൽ കണ്ടത്.  വർഗീയ ഫാഷിസത്തെ എതിർക്കാനുള്ള ധാർമികശക്തി നഷ്ടപ്പെട്ട പാർട്ടിയാണ് സി.പി.എമ്മെന്ന് അവരുടെ ഭൂതകാലവും വർത്തമാന കാലവും വ്യക്തമാക്കുന്നു.

ബി.ജെ.പിക്കെതിരെ ദേശീയതലത്തിലും സംസ്ഥാനത്തും അതിശക്തമായ നിലപാടാണ് കോൺഗ്രസും യു.ഡി.എഫും എക്കാലവും എടുത്തിട്ടുള്ളത്. വർഗീയ ഫാഷിസത്തെ നേരിടാനും അതിനു നേതൃത്വം നൽകാനും കോൺഗ്രസിനല്ലാതെ മറ്റൊരു പാർട്ടിക്കും സാധിക്കില്ല.  ബി.ജെ.പിക്ക് ഒളിസേവ ചെയ്യുന്ന സി.പി.എമ്മിന് ബിഹാറിൽനിന്ന് പലതും പഠിക്കാനുണ്ട്. കേരളത്തിൽ ബി.ജെ.പിക്കും വർഗീയ ഫാഷിസത്തിനുമെതിരെ സി.പി.എം നടത്തുന്ന സമരങ്ങളും പ്രചാരണങ്ങളും വെറും ഇരട്ടത്താപ്പാണെന്ന് ബിഹാറിെൻറ അനുഭവം വ്യക്തമാക്കുന്നു. ന്യൂനപക്ഷ കാർഡുകളും ഭൂരിപക്ഷ കാർഡുകളും തരാതരം പോലെ ഉപയോഗിക്കുന്ന രാഷ്ട്രീയചരിത്രമാണ് സി.പി.എമ്മിനുള്ളത്.
ദേശീയതലത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ മതേതരശക്തികൾ ഒന്നിച്ചുനിൽക്കേണ്ട കാലഘട്ടമാണിത്. അസ്വസ്ഥതകൾമൂലം രാജ്യം പുകയുന്നു. നരേന്ദ്ര മോദി അധികാരമേറ്റ് ഒന്നരവർഷം കഴിഞ്ഞപ്പോഴാണ് രാജ്യം ഇത്തരമൊരു അവസ്ഥയിലെത്തിയത്.  ജനാധിപത്യത്തിെൻറയും മതേതരത്വത്തിെൻറയും ബഹുസ്വരതയുടെയും ആധാരശിലകൾക്കു നേരെയാണ് ആയുധങ്ങൾ ഉയരുന്നത്.  ഈ സന്ദർഭത്തിലാണ് ബിഹാർ നമുക്കു വഴികാട്ടിയാകുന്നത്.  അന്ധമായ കോൺഗ്രസ് വിരോധം വിട്ട് മതേതരശക്തികൾ ഒരുമിച്ചു നിൽക്കേണ്ടതിെൻറ അനിവാര്യതയിലേക്കാണ് ബിഹാർ വിരൽചൂണ്ടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
Next Story