Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേട് തീര്‍ക്കേണ്ട...

കേട് തീര്‍ക്കേണ്ട മലയാള നിയമം

text_fields
bookmark_border
കേട് തീര്‍ക്കേണ്ട മലയാള നിയമം
cancel

കേരളസംസ്ഥാന രൂപവത്കരണത്തിന് ശേഷം മലയാളഭാഷയോട് ഭരണകൂടം കാണിച്ച പലവിധ തെറ്റുകുറ്റങ്ങള്‍ക്കുള്ള ചെറിയ പ്രായശ്ചിത്തമാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച മലയാളഭാഷാ കരട് ബില്ല്. ഏതായാലും ഈ ബില്ല് നിയമമായി പ്രാബല്യത്തില്‍ വരുന്നതോടെ പി.എസ്.സിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും നടത്തുന്ന മത്സരപരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ തയാറാകും. കേന്ദ്ര, സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള ഉത്തരവുകള്‍, ചട്ടം, ബൈലോ എന്നിവ മലയാളത്തിലാകും. ഇംഗ്ളീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രധാനപ്പെട്ട കേന്ദ്രനിയമങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യപ്പെടും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ക്ക് മലയാളമായിരിക്കും ഒൗദ്യോഗികഭാഷ. സ്ഥാപനങ്ങളുടെ പേരും ഉദ്യോഗസ്ഥപ്പേരും മലയാളത്തില്‍ എഴുതിവെക്കും. അവയുടെ വെബ്സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാക്കും.  പെറ്റി കേസുകളില്‍ മലയാളത്തില്‍ മാത്രമേ വിധി പറയാന്‍ ഒക്കുകയുള്ളൂ. അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള എല്ലാ സ്ഥാപനങ്ങളടെയും ഉത്തരവുകള്‍ മലയാളത്തിലായിരിക്കണം. സംസ്ഥാനത്ത് നിര്‍മിക്കുന്നതോ, വില്‍ക്കുന്നതോ ആയ എല്ലാ വ്യവസായ ഉല്‍പന്നങ്ങളുടെയും പേര് മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണം. ഭാഷാനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവരില്‍ നിന്ന് 5000 മുതല്‍ 25000 രൂപ വരെ പിഴയും ഈടാക്കും.
പത്താം ക്ളാസ്, ഹയര്‍ സെക്കന്‍ഡറി, ബിരുദ തലങ്ങളില്‍ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ മലയാളം മിഷന്‍ നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ളോമ പരീക്ഷക്ക് തുല്യമായ പി.എസ്.സി. യുടെ പരീക്ഷ ജയിക്കേണ്ടിവരും.
ചരിത്രപ്രധാനമായ ഈ നിയമം കേരളത്തില്‍ ആവിര്‍ഭവിക്കുന്നത് ഐക്യമലയാള പ്രസ്ഥാനത്തിലൂടെ ഭാഷാസ്നേഹികള്‍ നടത്തിയ നിരന്തര പ്രക്ഷോഭങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയുമായിരുന്നു എന്ന് കാണാതിരുന്നു കൂടാ. നമ്മള്‍ ഇവിടെ അസംബ്ളി കൂടുമ്പോള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ കുറച്ച് ചെറുപ്പക്കാര്‍ മാതൃഭാഷക്ക് വേണ്ടി സമരം ചെയ്യുന്നത് ശരിയല്ളെന്ന തോന്നല്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഉണ്ടായതില്‍ നിന്നായിരുന്നു എല്ലാറ്റിന്‍െറയും തുടക്കം. അങ്ങനെ 2011 ഫെബ്രുവരിയില്‍ മലയാളം നിര്‍ബ്ബന്ധിത ഒന്നാം ഭാഷയാക്കുന്നതിനുള്ള പ്രാരംഭ ഉത്തരവ് പുറത്തിറങ്ങി. പിന്നീട് വന്ന രണ്ടും മൂന്നും ഉത്തരവുകള്‍ പ്രാരംഭ ഉത്തരവിനെ വെള്ളം ചേര്‍ത്ത് നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഐക്യമലയാളപ്രസ്ഥാനം കടുത്ത സമരപരിപാടികള്‍ ആരംഭിച്ചു. 2013 മാര്‍ച്ചില്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തോടുള്ള ഒത്തുതീര്‍പ്പെന്ന നിലക്ക് മലയാളത്തിന്‍െറ പരാധീനതകള്‍ പരിഹരിക്കാന്‍ ഒരു സമഗ്രനിയമം അടുത്ത അസംബ്ളിയില്‍ തന്നെ പാസാക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മതിച്ചു. എന്നിട്ടും ഏഴ് അസംബ്ളി സെഷനുകളില്‍ മലയാള നിയമം ചര്‍ച്ച ചെയ്യപ്പെടാതെ കടന്നു പോയി. ഒടുവില്‍ 2015 ഡിസംബര്‍ രണ്ടാം തീയതി വീണ്ടും നിരാഹാരസമരത്തിന് നോട്ടീസ് നല്‍കിയതിന്‍െറ മറുപടിയായി പ്രഖ്യാപിച്ച ഈ ബില്ല് സുഗതകുമാരി, കെ.ജയകുമാര്‍ തുടങ്ങിയവര്‍ അംഗങ്ങളായ ഉന്നതാധികാരസമിതി പരിശോധിച്ച് കേട് തീര്‍ത്ത ഡ്രാഫ്റ്റ് നിയമത്തില്‍ നിന്ന് പലതും ചോര്‍ത്തിക്കളഞ്ഞ രൂപമാണെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കാരണം, സംസ്ഥാന രൂപവത്കരണം മുതല്‍ മാതൃഭാഷക്കുണ്ടായ വിപര്യയങ്ങളുടെ കെടുതികള്‍  പരിഹരിക്കാന്‍ ഉന്നതാധികാര സമിതിയുടെ ഡ്രാഫ്റ്റ് നിയമത്തിലെ ചോര്‍ത്തിക്കളഞ്ഞ രണ്ട് നിര്‍ദേശങ്ങള്‍ നിര്‍ണായകമായിരുന്നു. അതായത് ഭാഷാ ഡയറക്ടറേറ്റിനെ സംബന്ധിച്ചും പഠനമാധ്യമം മലയാളമാക്കുന്നത്  സംബന്ധിച്ചും ഉള്ള നിര്‍ദേശങ്ങള്‍. പഞ്ചാബ്, തമിഴ്നാട്, കര്‍ണാടകം, ഗുജറാത്ത്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കെല്ലാം അവരുടെ മാതൃഭാഷയുടെ പോഷണത്തിനും വ്യാപനത്തിനുമായി ഭാഷാ ഡയറക്ടറേറ്റുകളുണ്ട്. അതുകൊണ്ട് തന്നെ അവര്‍ മാതൃഭാഷാ സംബന്ധിയായ കാര്യങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ട് നീക്കുന്നു. ആധുനികവിജ്ഞാനം സ്വന്തം ഭാഷകളില്‍ ഉല്‍പാദിപ്പിക്കുന്നതില്‍ വിജയിക്കുന്നു. സ്വന്തം ഭാഷയുടെ സമ്പന്നതകളെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നു.
പഠനമാധ്യമം മലയാളമാക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങളാണെങ്കില്‍ ഭരണഘടനാബദ്ധമെന്നതിലുപരി പുതുവിജ്ഞാനസംബന്ധിയായ പ്രാധാന്യം കൂടി ഉള്‍ക്കൊള്ളുന്നതാണ്. ഓരോ സംസ്ഥാനത്തിലും പ്രാദേശിക സംസ്കാരത്തിലൂടെയും ഭാഷയിലൂടെയും ആയിരിക്കണം വിദ്യാഭ്യാസമെന്നാണ് ഭരണഘടനയുടെ കാഴ്ചപ്പാട്.  സ്വാതന്ത്ര്യസമ്പാദനത്തിന് ശേഷം വന്ന എല്ലാ വിദ്യാഭ്യാസ കമീഷനുകളും മാതൃഭാഷയാണ് പഠനമാധ്യമമായി ശിപാര്‍ശ ചെയ്യുന്നത്. വിദ്യാഭ്യാസാവകാശനിയമം (ആര്‍.ടി.ഇ ആക്ട് 2009) എട്ടാം തരം വരെയെങ്കിലും കുട്ടികള്‍ക്ക് മാതൃഭാഷയിലൂടെയുള്ള പഠനം അനിവാര്യമാണെന്ന് നിഷ്കര്‍ഷിക്കുന്നു. ഇതെല്ലാം വിസ്മരിച്ച് മലയാളം മീഡിയം സ്കൂളുകള്‍ നിലവാരമില്ലായ്മയുടെ മാതൃകകളാക്കി മാറ്റിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അണ്‍ എയ്ഡഡ് ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ക്ക് നിര്‍ലോഭം ലൈസന്‍സ് കൊടുത്തു. സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും ആദ്യം മൂന്നിലൊന്ന് ഇംഗ്ളീഷ് മീഡിയത്തിന് അനുമതി നല്‍കി. പിന്നെ അത് ഒന്നുക്ക് ഒന്നാക്കിക്കൊണ്ട് പൂര്‍ണമായും ആംഗലമാധ്യമത്തിലേക്ക് മുന്നേറിക്കൊണ്ടിരുന്നു. മാതൃഭാഷ തൊട്ടുതീണ്ടാതെ ഉപരിപഠനം വരെ എത്തിച്ചേരാവുന്ന ഒരേയൊരു ഇന്ത്യന്‍ സംസ്ഥാനമെന്ന അശ്ളീലപദവി കേരളത്തിന് മാത്രമുള്ളതാണ്. പഠിപ്പെന്നാല്‍ ഇംഗ്ളീഷ് മീഡിയം പഠിപ്പാണെന്നൊരു വികലധാരണ ചെറ്റക്കുടില്‍ മുതല്‍ മണിമേട വരെ പടര്‍ന്ന് പിടിച്ചിരിക്കുന്നു. കേരളത്തിലെ സര്‍ക്കാറും പൊതുസമൂഹവും മലയാളത്തോട് കാണിച്ചുകൊണ്ടിരിക്കുന്ന പരമപുച്ഛം എത്രത്തോളം കുറ്റകരവും ബുദ്ധിശൂന്യവുമാണെന്ന് തിരിച്ചറിയണമെങ്കില്‍ ഭാഷാ വൈജ്ഞാനികമണ്ഡലങ്ങളിലെ പുതിയ അറിവുകളിലൂടെയും സംഭവവികാസങ്ങളിലൂടെയും കണ്ണോടിക്കേണ്ടിവരും.
യുനെസ്കോ പ്രസിദ്ധീകരിച്ച The Use of Vernaculars in Education ‘എന്ന പുസ്തകത്തില്‍ പറയുന്നത് നോക്കുക- ഒരു കുഞ്ഞിന്‍െറ പ്രഥമ അധ്യയന മാധ്യമം മാതൃഭാഷയാകണമെന്നത് സ്വതസിദ്ധ യാഥാര്‍ഥ്യമാണ്. മന$
ശാസ്ത്രപരമായി വിലയിരുത്തിയാല്‍ കുഞ്ഞിന്‍െറ മനസ്സിന്‍െറ ഗ്രഹണശേഷിക്കും ആവിഷ്കാരരീതിക്കും ഏറ്റവും ഉചിതമാകുന്നതും മാതൃഭാഷ തന്നെ. അന്യഭാഷയിലുള്ള ബോധനത്തെക്കാള്‍ അനായാസം പഠിക്കാന്‍ അവനെ പ്രാപ്തനാക്കുന്നത് മാതൃഭാഷയാണ്’. ഈ അഭിപ്രായം പിന്നീട് വിദ്യാഭ്യാസത്തിന്‍െറ തുടര്‍ന്നുള്ള ഘട്ടങ്ങളിലേക്കും മാതൃഭാഷയുടെ ഉപയോഗം ദീര്‍ഘിപ്പിക്കേണ്ടതാണെന്നുമാക്കി യുനെസ്കോ പരിഷ്കരിക്കുന്നുണ്ട്.  ശാസ്ത്ര-ഗണിത പഠനങ്ങളില്‍ ഏറ്റവും മികച്ച പത്തു രാജ്യങ്ങളില്‍ ഒമ്പതെണ്ണത്തിലും പഠനമാധ്യമം ഇംഗ്ളീഷല്ല, തദ്ദേശീയ ഭാഷകളാണ്. ഏഷ്യയിലെ അത്യുന്നത നിലവാരമുള്ള 50 യൂനിവേഴ്സിറ്റികളുടെ കണക്കെടുക്കുകയാണെങ്കില്‍ അതില്‍ വളരെ കുറച്ച് എണ്ണത്തില്‍ മാത്രമേ ഇംഗ്ളീഷ് പഠനമാധ്യമമായി നിലനില്‍ക്കുന്നുള്ളൂ. മാതൃഭാഷയിലൂടെയുള്ള ബോധനത്തിന്‍െറ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ തങ്ങളുടെ സ്വന്തം ഭാഷകളിലേക്ക് ഉന്നതവിദ്യാഭ്യാസമടക്കം മടക്കിയെടുക്കുകയാണ്. റഷ്യക്കാരും ജര്‍മന്‍കാരും ഫ്രഞ്ചുകാരും ചൈനക്കാരും ജപ്പാന്‍കാരും കൊറിയക്കാരും ഇംഗ്ളീഷ് ഭാഷയെ തൊട്ടുതീണ്ടാതെ, സ്വന്തം മാതൃഭാഷകളിലൂടെയാണ് ശാസ്ത്രീയ കണ്ടുപിടിത്തങ്ങളില്‍ നൊബേല്‍ സമ്മാനം വരെ നേടുന്നത്.
ഇംഗ്ളീഷിന്‍െറ കേദാരമായ അമേരിക്കയിലും കനഡയിലും ന്യൂസിലന്‍ഡിലും നോണ്‍-ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ചൈനീസ് മീഡിയം സ്കൂളുകളുടെയും ചൈനീസ് പഠിക്കുന്നവരുടെയും പെരുപ്പം രണ്ടായിരാമാണ്ടിനെ അപേക്ഷിച്ച് അമേരിക്കയിലിന്ന് പത്തിരട്ടിയാണ്. ബഹുഭാഷോന്മുഖമായ പ്രവണത ലോകമൊട്ടാകെ കാറ്റു പിടിക്കുന്നതിനാല്‍ ഇംഗ്ളീഷില്‍ മാത്രം പത്രാസടിക്കുന്ന മാതൃഭാഷാ അജ്ഞര്‍ക്ക് പല കമ്പനികളും ജോലി നിഷേധിക്കുന്നുണ്ട്.
ഇന്ത്യയിലെ പ്രശസ്ത മാതൃഭാഷാ പ്രസ്ഥാന നായകനായ ജോഗാസിങ്ങിന്‍െറ  അഭിപ്രായത്തില്‍ മാതൃഭാഷാ പഠനമാധ്യമം പ്രദാനം ചെയ്യുന്നതിന്‍െറ പത്തിലൊന്ന് കാര്യഗ്രഹണശേഷിയോ സര്‍ഗാത്മകതയോ വ്യക്തിത്വവികസനമോ സാമൂഹികബോധമോ സഹജീവിസ്നേഹമോ അന്യഭാഷാ പഠനമാധ്യമം നല്‍കുകയില്ല. മാതൃഭാഷയിലൂടെയുള്ള പഠനമാണ് മാത്തമാറ്റിക്സിനും ബയോളജിക്കും കെമിസ്ട്രിക്കും ഫിസിക്സിനും എല്ലാം അനിവാര്യമായ ചിന്താപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നത്. മാതൃഭാഷയല്ല ഒരു കുട്ടിയുടെ പഠനമാധ്യമമെങ്കില്‍ അവന്‍െറ സമയത്തിന്‍െറയും ഊര്‍ജത്തിന്‍െറയും ഭൂരിഭാഗവും അന്യഭാഷയുമായി ഗുസ്തി പിടിക്കാനാണ് വിനിയോഗിക്കേണ്ടി വരിക. അതിനിടയില്‍ പഠനവിഷയം പറ്റെ ചോര്‍ന്ന് പോകുകയും ചെയ്യും.
മാതൃഭാഷാ മാധ്യമം ശാസ്ത്രത്തിന്‍െറയും ഗണിതത്തിന്‍െറയും പഠനത്തിന് മാത്രമല്ല, അന്യഭാഷാ പഠനത്തിന് കൂടി അത്യന്തം ഗുണകരമാണെന്നാണ് പുതിയ കണ്ടത്തെലുകള്‍. അങ്ങനെ നോക്കുമ്പോള്‍ ഇംഗ്ളീഷില്‍  പ്രാഗല്ഭ്യമുണ്ടാകാന്‍ നാം കുട്ടികളെ നല്ല മലയാളം മീഡിയം സ്കൂളുകളില്‍ വിട്ട്, ഇംഗ്ളീഷ് ഒരു വിഷയമായി പഠിപ്പിക്കുകയാണ് വേണ്ടതെന്ന് വരുന്നു. മാതൃഭാഷാ വൈദഗ്ധ്യം അന്യഭാഷകള്‍ പരിശീലിക്കുന്നതിന് ഗംഭീരന്‍  മസ്തിഷ്ക ഉപകരണങ്ങളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. സ്വഭാഷാ ജ്ഞാനത്തിലൂടെ അവര്‍ ഭാഷയുടെ പ്രതീകാത്മക ചിഹ്നങ്ങളും സങ്കല്‍പനസൂത്രങ്ങളും വേഗത്തില്‍ ആര്‍ജിക്കുന്നു. സ്വതന്ത്രമായ വിനിമയത്തിന്  പ്രാപ്തരാകുന്നു. പാലു കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യും പോലെ വ്യാകരണനിയമങ്ങള്‍ സ്വാഭാവികമായി സ്വായത്തമാക്കുന്നു.
മേല്‍പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ മലയാളഭാഷാ നിയമത്തിന്‍െറ കരടുബില്ലില്‍ മന്ത്രിസഭ ചോര്‍ത്തിക്കളഞ്ഞ രണ്ടു നിര്‍ദേശങ്ങളും ജീവന്മരണപ്രാധാന്യമുള്ളതാണെന്ന് വരുന്നു. ഒരു ഭരണവിഭാഗമുണ്ടാക്കാനുള്ള ചെലവോ, ഇംഗ്ളീഷ് മീഡിയം ലോബിയുടെ സമ്മര്‍ദങ്ങളോ രാഷ്ട്രീയമായ ഇച്ഛാശക്തിക്ക് വിലങ്ങായി നില്‍ക്കരുത്. മലയാളിയെ മലയാളിയാക്കിയ മലയാളത്തോട് നമ്മള്‍ ചെയ്ത മഹാപരാധങ്ങള്‍ക്ക് മുഴുപ്രായശ്ചിത്തമാകണമെങ്കില്‍ ഭാഷാ ഡയറക്ടറേറ്റിനെയും പഠനമാധ്യമത്തെയും സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൂടി മലയാള നിയമത്തില്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളിക്കുക തന്നെ വേണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamkp ramanunni
Next Story