Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനക്ഷത്രാന്തര...

നക്ഷത്രാന്തര യാത്രക്കൊരുങ്ങുകയാണ് നാം

text_fields
bookmark_border
നക്ഷത്രാന്തര യാത്രക്കൊരുങ്ങുകയാണ് നാം
cancel

ആകാശത്തിന്‍െറ പുതിയ അതിര്‍വരമ്പുകള്‍ തേടി, വിശ്വപ്രസിദ്ധ ശാസ്ത്രകാരന്‍ സ്റ്റീഫന്‍ ഹോക്കിങ്ങും സംഘവും മറ്റൊരു യാത്രക്കൊരുങ്ങുകയാണ്. സൂര്യന്‍െറ സ്വാധീനവലയം ഭേദിച്ച് മറ്റൊരു നക്ഷത്രമാണ് അവരുടെ ലക്ഷ്യം. സൗരയൂഥത്തോട് ഏറ്റവും അടുത്തുള്ള ആല്‍ഫ സെന്‍േറാറി എന്ന നക്ഷത്രയൂഥത്തെ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ കീഴ്പ്പെടുത്തുമെന്ന് അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. 100 മില്യണ്‍ ഡോളര്‍ ബജറ്റില്‍ നടക്കുന്ന പുതിയ ഗവേഷണത്തെക്കുറിച്ചാണ് ശാസ്്ത്രലോകത്തിന്‍െറ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.
നമ്മുടെ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് ആറു പതിറ്റാണ്ടിന്‍െറ ചരിത്രമുണ്ട്. ഇക്കാലത്തിനിടെ, മുന്‍കാലങ്ങളില്‍ അസാധ്യമെന്ന് കരുതിയിരുന്ന പല നേട്ടങ്ങളും കൊയ്യാന്‍  ഗവേഷക ലോകത്തിന് കഴിഞ്ഞു. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതും ചൊവ്വയില്‍ റോബോട്ടുകളെ ഇറക്കിയതുമെല്ലാം ആ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രപഞ്ചത്തിന്‍െറ വിശാലത പരിഗണിക്കുമ്പോള്‍ ചെറിയൊരു മേഖലയില്‍ മാത്രം ഈ യാത്ര ഒതുങ്ങിപ്പോയെന്ന് പറയേണ്ടിവരും. സൗരയൂഥത്തിന്‍െറ അതിര്‍ത്തിക്കപ്പുറത്തേക്ക് കടക്കാന്‍ മനുഷ്യനോ മനുഷ്യനിര്‍മിത വസ്തുക്കള്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല. സൂര്യനില്‍നിന്നുള്ള സൗരവാതത്തിന്‍െറ പ്രഭാവം അസ്തമിക്കുന്ന ഒരു മേഖലയുണ്ട്. ടെര്‍മിനേഷന്‍ സ്റ്റോക് എന്നാണ് ഇതറിയപ്പെടുന്നത്. ഇതാണ് സൗരയൂഥത്തിന്‍െറ അതിര്‍ത്തി. ദശകങ്ങള്‍ക്കുമുമ്പ് വിക്ഷേപിച്ച വോയേജര്‍1, വോയേജര്‍2, പയനിയര്‍ 10 എന്നീ വാഹനങ്ങള്‍ ഇപ്പോള്‍ ഈ ടെര്‍മിനേഷന്‍ സ്റ്റോക്കിനരികിലാണത്രെ. കഴിഞ്ഞവര്‍ഷം പ്ളൂട്ടോക്കരികിലത്തെിയ ന്യൂ ഹൊറൈസണ്‍ എന്ന വാഹനം 20 വര്‍ഷംകൂടി പ്രവര്‍ത്തിച്ചാല്‍ (അതിന് സാധ്യത കുറവാണ്) അത് ടെര്‍മിനേഷന്‍ സ്റ്റോക്കിനെ ഭേദിക്കുമെന്നും പറയുന്നു. ചുരുക്കത്തില്‍, സൂര്യന്‍െറ സ്വാധീനവലയം ഭേദിച്ചുള്ള ഒരു ആകാശയാത്ര ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. അങ്ങനെയൊന്ന് സംഭവിച്ചാല്‍ അത് ബഹിരാകാശ പര്യവേക്ഷണത്തിന്‍െറ പുതിയൊരു ഘട്ടമായിരിക്കും. ഈ സ്വപ്നം സാക്ഷാത്കരിക്കുകയാണ് ഹോക്കിങ്ങിന്‍െറ ലക്ഷ്യം.
ഹോക്കിങ്ങിനൊപ്പം ഈ ഉദ്യമത്തില്‍ പ്രമുഖ നരവംശശാസ്ത്രജ്ഞനായ യൂറി മില്‍നറുമുണ്ട്. പ്രപഞ്ചശാസ്ത്രജ്ഞനല്ളെങ്കിലും ഈ വിഷയം അദ്ദേഹത്തിന് എന്നും ഹരമാണ്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ശാസ്ത്രപുരസ്കാരമായ ബ്രേക്ത്രൂ പ്രൈസസ് നല്‍കുന്നത് അദ്ദേഹമാണ്. യൂറി ഗഗാറിന്‍ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വര്‍ഷത്തിലാണ് (1961) യൂറി മില്‍നറുടെ ജനനം. അതുകൊണ്ടുതന്നെ പിതാവ് മില്‍നര്‍ മകന് യൂറി ഗഗാറിന്‍െറ പേരുതന്നെ നല്‍കി. ഹോക്കിങ്ങും യൂറി മില്‍നറും തമ്മിലുള്ള ബന്ധവും പുതിയതല്ല. നിലവില്‍ മറ്റൊരു ഗവേഷണ പദ്ധതി ഇരുവരുടെയും സംയുക്ത സംരംഭത്തില്‍ പുരോഗമിക്കുന്നുണ്ട്. സൗരയൂഥത്തിന് പുറത്തുള്ള അഭൗമജീവികളുടെ അന്വേഷണവുമായി ബന്ധപ്പെട്ട ഈ പ്രോജക്ട് കഴിഞ്ഞവര്‍ഷമാണ് തുടങ്ങിയത്. ഭൂമിയില്‍നിന്ന് 16 പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രങ്ങളെ നിരീക്ഷിച്ച് അവിടെ ജീവന്‍െറ വല്ല അടയാളങ്ങളുമുണ്ടോ എന്ന അന്വേഷണമാണ് ഇതില്‍ നടക്കുന്നത്. ഇതുസംബന്ധിച്ച ആദ്യഘട്ട ഗവേഷണ ഫലങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് പുറത്തുവിട്ടിരുന്നു.
ഈ പദ്ധതിയുടെ തുടര്‍ച്ചയെന്നോണമാണ് ഹോക്കിങ്ങും മില്‍നറും വീണ്ടും കൈകോര്‍ത്തിരിക്കുന്നത്. സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ള ആല്‍ഫ സെന്‍േറാറിയിലേക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെറിയ കൃത്രിമോപഗ്രഹം അയക്കുകയാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. ഭൂമിയില്‍നിന്ന് 4.37 പ്രകാശവര്‍ഷം അകലെയാണ് ആല്‍ഫ സെന്‍േറാറി കിടക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 40 ലക്ഷം കോടി കിലോമീറ്റര്‍ അകലെ. യഥാര്‍ഥത്തില്‍ മൂന്ന് നക്ഷത്രങ്ങളടങ്ങിയതാണ് ആല്‍ഫാ സെന്‍േറാറി-ആല്‍ഫ സെന്‍േറാറി എ, ആല്‍ഫ സെന്‍േറാറി ബി എന്നീ ഇരട്ട നക്ഷത്രങ്ങളും പിന്നെ പ്രോക്സിമ സെന്‍േറാറി എന്ന മറ്റൊരു നക്ഷത്രവും. നാമമാത്ര ഭാരവും ഒരു പട്ടത്തിന്‍െറ അത്ര വലുപ്പവുമുള്ള റോബോട്ടിക് കൃത്രിമോപഗ്രഹം (നാനോക്രാഫ്റ്റ്) ഏതാണ്ട് പ്രകാശത്തിന്‍െറ അഞ്ചിലൊന്ന് വേഗത്തില്‍ ഇവിടേക്ക് വിക്ഷേപിക്കുകയാണ് പരിപാടി. പാരമ്പര്യമായി തുടര്‍ന്നുപോരുന്ന വിക്ഷേപണ രീതികള്‍ ഇതിന് പര്യാപ്തമല്ളെന്ന് വ്യക്തമായിരിക്കെ, പുതിയ സാങ്കേതിക സംവിധാനങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ഇതിനകം തുടങ്ങിയിരിക്കുന്നു.
‘ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് നമ്മുടെ ഭൂമിയെന്നതില്‍ സംശയമില്ല. പക്ഷേ, അത് എക്കാലത്തും നിലനില്‍ക്കണമെന്നില്ല. ഒരിക്കല്‍ നാം മറ്റു നക്ഷത്രങ്ങളുടെ ലോകത്തേക്ക് പരമ്പരാഗതമായി കുടിയേറിയേ പറ്റൂ. ആ യാത്രയുടെ മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്’ -ബ്രേക്ത്രൂ സ്റ്റാര്‍ഷോട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയെ ഒരു ചടങ്ങില്‍ ഹോക്കിങ് പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. 15 വര്‍ഷം മുമ്പ് വരെ നമുക്ക് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ബഹിരാകാശ പേടകം സ്വപ്നം കാണാന്‍പോലും കഴിയില്ലായിരുന്നു. എന്നാല്‍, 15 വര്‍ഷത്തിനകം അത് യാഥാര്‍ഥ്യമാകുന്നതിനുള്ള സകല സാധ്യതകളും നിലനില്‍ക്കുന്നു. മൈക്രോ ഇലക്ട്രോണിക്സ്, നാനോ ടെക്നോളജി, ലേസര്‍ എന്‍ജിനീയറിങ് എന്നീ മേഖലകളുടെ വളര്‍ച്ച രൂപപ്പെടുത്തിയ വിപ്ളവം ചെറുതല്ല. ഈ മൂന്നു വിഭാഗങ്ങളുടെയും സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് സ്റ്റോര്‍ഷോട്ട്. ഇതിന് നേതൃത്വം നല്‍കുന്നത് നാസയുടെ എയിംസ് റിസര്‍ച് സെന്‍റര്‍ മേധാവിയായിരുന്ന ഡോ. പീറ്റ് വോര്‍ഡന്‍ ആണ്. നാനോക്രാഫ്റ്റ് വിക്ഷേപണ സമയത്ത് നേരിടാന്‍ സാധ്യതയുള്ള 20 വെല്ലുവിളികള്‍ ഇദ്ദേഹത്തിന്‍െറ ടീം മനസ്സിലാക്കുകയും അതിനെ എങ്ങനെ അതിജീവിക്കാമെന്നതിനെക്കുറിച്ച് ഏകദേശ ധാരണ രൂപപ്പെടുത്തുകയും ചെയ്തെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ബഹിരാകാശ വാഹന വിക്ഷേപണത്തില്‍ എക്കാലത്തെയും വലിയ വെല്ലുവിളി കൃത്രിമോപഗ്രഹ ഇന്ധനങ്ങളുടെ ഭാരക്കൂടുതലും ഭാരിച്ച ചെലവുമായിരുന്നു. സ്റ്റാര്‍ഷിപ് പദ്ധതി ഒരു പരിധിവരെ ഇതിനെ മറികടന്നുവെന്ന് പറയാം. സെന്‍സര്‍, കാമറ, ട്രാന്‍സ്മിറ്റര്‍ തുടങ്ങി മുഴുവന്‍ നിയന്ത്രണ സംവിധാനങ്ങളും ഒരു ഗ്രാമില്‍ താഴെ മാത്രം ഭാരമുള്ള ഒരു ചിപ്പില്‍ സജ്ജീകരിക്കാനാണ് ശ്രമം. ഇത് യാഥാര്‍ഥ്യമായാല്‍ ചെലവും ഭാരവും ഗണ്യമായി കുറക്കാനാകും. മാത്രമല്ല, വേഗം കൂട്ടാനും സാധിക്കും.
പറയുന്നത്ര എളുപ്പമല്ല കാര്യങ്ങളെന്ന് ഹോക്കിങ്ങിനും സംഘത്തിനും തികഞ്ഞ ബോധ്യമുണ്ട്. ഗവേഷണം അതിന്‍െറ ശൈശവദശയിലത്തെിയിട്ടേയുള്ളൂ. ഇനിയും ഒരുപാട് മുന്നേറാനുണ്ട്. പുതിയ നക്ഷത്രത്തെ നാം കീഴ്പ്പെടുത്തിയാല്‍ തന്നെ, അവിടെനിന്നുള്ള വിവരങ്ങള്‍ എങ്ങനെയായിരിക്കും ഭൂമിയിലേക്ക് അയക്കുക എന്നുതുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. നാല് പ്രകാശവര്‍ഷം അപ്പുറമുള്ള ഒരിടത്തുനിന്നുള്ള വിവരങ്ങളാണ് ഭൂമിയിലത്തെിക്കേണ്ടതെന്നോര്‍ക്കുക. ഈ പരിമിതികളെ മറികടക്കുന്നതിനുള്ള മന്ത്രം ഭൂമിയില്‍ ഒരുപക്ഷേ,  ഹോക്കിങ്ങിന് മാത്രമാകും വശമുണ്ടാകുക. അദ്ദേഹത്തിന്‍െറ വാക്കുകള്‍ ശ്രദ്ധിക്കുക: ‘ഗുരുത്വാകര്‍ഷണം നമ്മെ ഭൂമിയിലേക്കുതന്നെ തിരിച്ചത്തെിക്കുമെങ്കിലും പറന്നുകൊണ്ടേയിരിക്കുക എന്നത് മനുഷ്യപ്രകൃതമാണ്. എനിക്ക് ശബ്ദം നഷ്ടപ്പെട്ടിട്ടും ഉപകരണങ്ങളുടെ സഹായത്തോടെ ഇപ്പോഴും ഞാന്‍ നിങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെയാണ് ഈ പരിമിതികളെ നാം ഇല്ലാതാക്കിയത്? മനസ്സും മെഷീനുകളുമാണ് നമ്മെ അതിന് പാകപ്പെടുത്തിയത്. നക്ഷത്രവും ഭൂമിയും തമ്മിലുള്ള വലിയ അകലമാണ് ഇക്കാലമത്രയും ആ ലോകത്തേക്കുള്ള യാത്രയില്‍നിന്ന് നമ്മെ പിറകോട്ടുനയിച്ചത്. ലൈറ്റ് ബീമുകളുടെയും നാനോ ക്രാഫ്റ്റുകളുടെയും സഹായത്തോടെ നാം ആ അകലം കുറക്കുകതന്നെ ചെയ്യും. ആല്‍ഫ സെന്‍േറാറിയിലെ കാഴ്ചകള്‍ ഈ തലമുറക്കുതന്നെ ദൃശ്യമാകും.’

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gravitymadhyamam article
Next Story