രാഷ്ട്രം ചേരിചേരാനയം കൈവിടുമ്പോള്‍
text_fieldsലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വളരെ സുപ്രധാനമായ ഒരു സ്ഥാനം നേടിയെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. ആവേശകരമായ ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളില്‍ക്കൂടിയും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ അന്തസ്സുയര്‍ത്തിയ പ്രവര്‍ത്തനങ്ങളില്‍ക്കൂടിയുമാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ വിദേശനയത്തിന്‍െറ അടിത്തറ ചേരിചേരാനയംതന്നെയായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നാം ലോകത്തിന്‍േറയും ചേരിചേരാ രാഷ്ട്രങ്ങളുടേയും അവികസിത-പിന്നാക്കരാഷ്ട്രങ്ങളുടേയും വക്താവും നേതാവുമായി ഈ രാജ്യത്തിന് മാറാനും സാധിച്ചു. വര്‍ണവിവേചനത്തിനും സാമ്രാജ്യത്വത്തിനും എതിരായ ശക്തമായ നിലപാടാണ് ആദ്യംമുതല്‍തന്നെ നമ്മുടെ രാജ്യം സ്വീകരിച്ചിട്ടുള്ളത്. സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ നേതൃത്വംകൊടുക്കുന്ന ഒരു ചേരിയിലും ഇന്ത്യ നിലയുറപ്പിക്കേണ്ടതില്ല എന്നു തീരുമാനിച്ചുകൊണ്ടുതന്നെയാണ് നമ്മുടെ വിദേശനയത്തിന്‍െറ നട്ടെല്ലായ ചേരിചേരാനയം രൂപപ്പെടുത്തുന്നതും. ഇന്ത്യ ഒരു ചേരിയിലും നിലകൊണ്ടിട്ടില്ളെന്നത് മാത്രമല്ല മൂന്നാംലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തിലേക്ക് ഉയരുകയും ചെയ്തു.
നെഹ്റു കാലഘട്ടത്തില്‍ സോവിയറ്റ് റഷ്യയോടും ചൈനയോടും ഇന്ത്യ പുലര്‍ത്തിയിരുന്ന അടുപ്പം ഇന്ത്യ സോഷ്യലിസ്റ്റ് ചേരിയിലാണോ എന്ന സംശയംപോലും ലോകത്തിനുണ്ടാക്കി. എന്നാല്‍, ലോകത്തിലെ മൂന്നാംലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തിലേക്ക് ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുകയും ചേരിചേരാ നയത്തില്‍തന്നെ അടിയുറച്ചു നിലകൊള്ളുകയും ചെയ്തു. ചേരിചേരാ നയത്തിലധിഷ്ഠിതമായ ഇന്ത്യന്‍ വിദേശനയം പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ കാലഘട്ടങ്ങളിലും പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കാലഘട്ടങ്ങളിലും തുടരുകതന്നെ ചെയ്തു.
ഇന്ത്യന്‍ വിദേശനയത്തിന്‍െറ ആണിക്കല്ലുകള്‍ ഇളകാന്‍തുടങ്ങിയത് ഒന്നാം യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണ്. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സാമ്രാജ്യത്വചേരികളോടുള്ള അകലം കുറക്കുന്നതിനും അമേരിക്കയോട് കൂടുതല്‍ അടുക്കുന്നതിനുമുള്ള നടപടികള്‍ ഓരോന്നായി കൈക്കൊള്ളുകയുമുണ്ടായി.
യു.പി.എ സര്‍ക്കാര്‍ തുടങ്ങിവെച്ച ഇന്ത്യന്‍ വിദേശനയത്തിന്‍െറ അടിത്തറ തകര്‍ക്കുന്ന സാമ്രാജ്യത്വ പ്രീണനനയം ഫലപ്രദവും വേഗത്തിലും നടപ്പിലാക്കാന്‍ തുടങ്ങിയത് ഇപ്പോഴത്തെ നരേന്ദ്ര മോദി സര്‍ക്കാറാണ്. ബി.ജെ.പി-സംഘ്പരിവാര്‍ സംഘടനകളുടെ അമേരിക്കന്‍ സാമ്രാജ്യത്വ അനുകൂലനിലപാട് ഇതിന് ആക്കംകൂട്ടുകയും ചെയ്തു. സാമ്രാജ്യത്വത്തോട് വിദ്വോഷമോ എതിര്‍പ്പോ തങ്ങള്‍ക്കില്ളെന്ന് തെളിയിക്കുന്ന സമീപനങ്ങളാണ് ഭരണത്തിലേറിയ നാള്‍മുതല്‍ മോദിസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
ഏറ്റവുമൊടുവില്‍ സൈനികമേഖലയിലെതന്നെ തന്ത്രപ്രധാനമായ സഹകരണത്തിന് ഇന്ത്യയുമായി ധാരണയും അതിന്‍െറ അടിസ്ഥാനത്തിലുള്ള കരാറും ഉണ്ടാക്കാന്‍ തീരുമാനിച്ചതായുള്ള അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടറുടെ പ്രസ്താവന ഇന്ത്യയിലെ സാമ്രാജ്യത്വവിരുദ്ധ ജനവിഭാഗങ്ങള്‍ വലിയ ഞെട്ടലോടുകൂടിയാണ് കേട്ടത്. ഇന്ത്യന്‍ മഹാസമുദ്രമേഖലയിലും പസഫിക് മേഖലിയിലും ചൈന സാന്നിധ്യം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ നീക്കം നടത്തേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
കരാറിന് അന്തിമരൂപം നല്‍കേണ്ടതുണ്ടെന്ന് യു.എസ് സെക്രട്ടറി കാര്‍ട്ടര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീകറുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് കാര്‍ട്ടര്‍ ഈ പ്രസ്താവന നടത്തിയതെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. പ്രതിരോധരംഗത്തെ മറ്റൊരു സുപ്രധാനകാര്യം അമേരിക്കന്‍ ഭരണാധികാരികളുടെ മറ്റ് അജണ്ടകളും മോദിസര്‍ക്കാര്‍ അതിവേഗം പൂര്‍ത്തിയാക്കിവരുകയാണെന്നതാണ്. ഇന്ത്യ-അമേരിക്കന്‍ ആണവക്കരാര്‍ ഒപ്പിട്ടതോടെയാണ് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ യുദ്ധോപകരങ്ങള്‍ വില്‍ക്കുന്ന രാജ്യമായി അമേരിക്ക മാറിയത്. ആണവക്കരാറില്‍ ഇത് വ്യക്തമാക്കിയിട്ടുമുണ്ട്. ‘കൂട്ടായ സൈനികപ്രവര്‍ത്തനം’ വേണമെന്ന ആവശ്യവും പ്രതിരോധ സാങ്കേതികവിദ്യയുടേയും വാര്‍ത്താവിനിമയ ഉപകരണങ്ങളുടെ വിതരണവും തമ്മിലും അടിസ്ഥാന കരാറുകള്‍ ഒപ്പിടുന്നതും തമ്മിലും ബന്ധമുണ്ട്.
പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതുപോലെ ലോജിസ്റ്റിക്സ് സ്പോര്‍ട്ട്എഗ്രിമെന്‍റ് ഒപ്പിടുന്നതോടെ പാകിസ്താനും ഫിലിപ്പീന്‍സും ദക്ഷിണകൊറിയയും എന്നപോലെ ഇന്ത്യയും അമേരിക്കയുടെ സൈനിക സഖ്യരാഷ്ട്രമായി മാറും. അമേരിക്കയുടെയും ഇന്ത്യയുടെയും സൈന്യങ്ങള്‍ക്ക് പരസ്പരം മറ്റുള്ളവരുടെ സൈനികകേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്താം. വിമാനങ്ങള്‍ക്ക് സൈനികകേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്യാനും ഇന്ധനം നിറക്കാനും ആക്രമണേതര പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനും അനുവാദമുണ്ടാകും. ഈ ഉപകരണങ്ങള്‍ മറ്റിടങ്ങളില്‍ ഉപയോഗിക്കാനും സാധിക്കും. മൂന്നാംലോക രാജ്യങ്ങള്‍ക്കെതിരെയുള്ള സൈനികനീക്കങ്ങള്‍ക്ക് ഇന്ത്യയുടെ വ്യോമ-നാവികകേന്ദ്രങ്ങള്‍ അമേരിക്കക്ക് ഉപയോഗിക്കാമെന്നര്‍ഥം. കരാര്‍ പ്രാവര്‍ത്തികമായാല്‍ അമേരിക്കക്ക് ഇന്ത്യയില്‍നിന്ന് ഇന്ധനം നിറക്കാനും ആയുധങ്ങള്‍ സൂക്ഷിക്കാനും ഇതര സൈനികസൗകര്യങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ ഉറപ്പിക്കാനും കഴിയും.
ഇത്തരം ഒരു കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ പതിറ്റാണ്ടുകളായി അമേരിക്കന്‍ ഭരണകൂടം കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു. ജോര്‍ജ് ബുഷിന്‍െറ കാലംമുതല്‍ ഒബാമയുടെ കാലംവരെയുള്ള അമേരിക്കന്‍ ഭരണകൂടങ്ങള്‍ ഇതിനുവേണ്ടി ഇന്ത്യയുടെമേല്‍ നിരന്തരം സമ്മര്‍ദംചെലുത്തി വരുകയായിരുന്നു. എന്നാല്‍, ജവഹര്‍ലാലിന്‍െറ കാലം തൊട്ട് ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്നത് ചേരിചേരാനയമാണ്. അതിനാല്‍ ഇത്തരം ഒരു താവളമൊരുക്കാന്‍ അമേരിക്കയെ ഇന്ത്യ അനുവദിച്ചിരുന്നില്ല. അമേരിക്ക-ഇറാന്‍ യുദ്ധകാലത്ത് ഇന്ത്യയില്‍നിന്ന് ഇന്ധനം നിറക്കാന്‍ അമേരിക്കയെ അനുവദിക്കാതിരുന്നത് ഈ നയത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യയെ സൈനികകേന്ദ്രമാക്കാന്‍ കഴിഞ്ഞാല്‍ ചുറ്റുവട്ടത്തെ റഷ്യ, പാകിസ്താന്‍, ചൈന തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഭീഷണിപ്പെടുത്തി മേഖലയെ അരാജകത്വ ഭൂമിയാക്കി പരുവപ്പെടുത്തുവാന്‍ അമേരിക്കക്ക് കഴിയും. ചേരിചേരാ രാജ്യമെന്ന ഇന്ത്യയുടെ വിദേശനയത്തിനേല്‍ക്കുന്ന കനത്ത ആഘാതമാകും അത്. അമേരിക്കയും സോവിയറ്റ് യൂനിയനും കടുത്ത എതിരാളികളായും യുദ്ധസന്നദ്ധമായും നേര്‍ക്കുനേര്‍ നിന്നപ്പോഴും ഇന്ത്യ സ്വതന്ത്രമായ വിദേശനയത്തില്‍നിന്ന് അണുവിട തെറ്റിയിട്ടില്ല.
സൈനിക കരാര്‍ നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍, കപ്പലുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവയെല്ലാം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ത്യന്‍മണ്ണിലും എത്തിക്കാന്‍ കഴിയും. വിശ്രമത്തിനായും ഉല്ലാസത്തിനായും ഇവയൊക്കെ എത്തിക്കുകയും ചെയ്യാം. മറ്റ് ഏഷ്യന്‍രാജ്യങ്ങളില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇന്ധനം നിറക്കുന്നതിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി ഇന്ത്യയെ അമേരിക്കക്ക് ഉപയോഗിക്കാം. അഫ്ഗാനിസ്താനില്‍ നാറ്റോ സൈന്യത്തെ ഉപയോഗിച്ചതുപോലെ ഇന്ത്യന്‍ സൈന്യത്തെയും യഥോചിതം അമേരിക്കക്ക് ഉപയോഗിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള അടിസ്ഥാനസാഹചര്യങ്ങള്‍ നാറ്റോ മാതൃകയിലുള്ള സൈനിക ഉടമ്പടിയിലേക്കായിരിക്കും രാജ്യത്തെ നയിക്കുന്നത്. ഇത് മറ്റുരാജ്യങ്ങള്‍ക്കുമേല്‍ ആധിപത്യം ഉറപ്പിക്കാന്‍ അമേരിക്കക്കു തുണയാകും.
യു.എസ് സര്‍ക്കാറുമായി ലോജിസ്റ്റിക്സ് എക്സ്ചേഞ്ച് മെമ്മോറാണ്ടം എഗ്രിമെന്‍റ് (എല്‍.ഇ.എ.ഒ.എ) ഒപ്പുവെക്കാനുള്ള എന്‍.ഡി.എ സര്‍ക്കാറിന്‍െറ തീരുമാനം തികച്ചും ആത്മഹത്യാപരമാണെന്ന് മുന്‍ രാജ്യരക്ഷാ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്‍റണി പറഞ്ഞു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിന്‍േറയും തന്ത്രപരമായ പരമാധികാരത്തിന്‍േറയും അന്ത്യമായിരിക്കും കരാര്‍ ഒപ്പിടുന്നതോടെ സംഭവിക്കുക. ഇന്ത്യ ക്രമേണ അമേരിക്കന്‍ സൈനികചേരിയുടെ ഭാഗമായി മാറാന്‍ ഇത് വഴിതെളിക്കുമെന്നും എ.കെ. ആന്‍റണി അഭിപ്രായപ്പെടുകയുണ്ടായി. അമേരിക്കന്‍ സൈന്യത്തിന് ഇന്ത്യ താവളമാക്കാന്‍ സഹായിക്കുന്ന വിവാദ കരാറില്‍നിന്ന് ഇന്ത്യ പിന്തിരിയണമെന്ന് രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇതുവരെ ഒരു സര്‍ക്കാറും കാട്ടാതിരുന്ന ജനദ്രോഹവും സാമ്രാജ്യത്വ ദാസ്യപ്പണിയുമാണ് കരാറില്‍ക്കൂടി മോദി സര്‍ക്കാര്‍ കാട്ടുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി. സൈനിക താവളങ്ങളില്‍ സ്ഥിരമായി അമേരിക്കന്‍ സൈന്യത്തിന്‍െറ സാനിധ്യം ഉറപ്പിക്കുന്നതാണ് കരാര്‍. പരമാധികാരവും സ്വകാര്യതയും ഇല്ലാതാക്കുന്ന നടപടിയാണിത്.
അമേരിക്കന്‍ സായുധസേനയെ ഇന്ത്യന്‍ മണ്ണില്‍ വിന്യസിക്കുന്നതിന് അവസരമൊരുക്കിക്കൊണ്ട് അമേരിക്കയുമായി ഇന്ത്യ ധാരണപത്രം ഒപ്പിടാനുള്ള നീക്കത്തില്‍ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. സ്വന്തം സൈനിക ശക്തിയുമായി അമേരിക്ക ലോക പൊലീസ് ചമയുമ്പോഴാണ് അവരുമായി തന്ത്രപരമായ പങ്കാളിത്തമില്ലാത്ത ഇന്ത്യ ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടുന്നത്. നമ്മുടെ രാജ്യം നാളിതുവരെ പിന്തുടര്‍ന്ന ചേരിചേരാ നയത്തിലധിഷ്ഠിതമായ വിദേശനയത്തിന്‍െറ നഗ്നമായ പൊളിച്ചെഴുത്താണ് മോദിസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സാമ്രാജ്യത്വത്തിന് മുന്നിലുള്ള അപമാനകരമായ മുട്ടുമടക്കലാണിത്. ആത്മാഭിമാനികളും രാജ്യസ്നേഹികളുമായ ജനകോടികള്‍ മോദിസര്‍ക്കാറിന്‍െറ ലജ്ജാകരവും ദേശീയ താല്‍പര്യങ്ങള്‍ ഹനിക്കുന്നതുമായ ഈ കരാറിനെതിരെ ശക്തമായി പ്രതികരിക്കാതിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.