ചികിത്സിക്കേണ്ടത് രോഗിയെ അല്ല, രോഗത്തെ
text_fieldsസംസ്ഥാനത്തിന്‍െറ ആരോഗ്യമേഖലയില്‍ സമഗ്രമായ ഉടച്ചുവാര്‍ക്കലാണ് പുതിയ സര്‍ക്കാറില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. സാമ്പ്രദായിക രീതികളില്‍നിന്നും വിഭിന്നമായി ഒരു പുതുവഴി ഇടതുപക്ഷ സര്‍ക്കാറില്‍ നിന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ കുറ്റംപറയാന്‍ സാധിക്കില്ല. കാരണം, പഴമയുടെ വഴികള്‍ ജനങ്ങള്‍ക്ക് മടുത്തു തുടങ്ങിയിരിക്കുന്നു. ഇനിവേണ്ടത് പുതിയ കാഴചപ്പാടുകളും അതിനൊത്ത ഭരണ പരിഷ്കാരങ്ങളുമാണ്. ജനപക്ഷ സര്‍ക്കാര്‍ ഹൃദയപക്ഷമാകുന്നത് ഇത്തരം പുതുവഴികള്‍ നല്‍കുമ്പോഴാണ്. കാലാകാലങ്ങളായി ആരോഗ്യരംഗത്ത് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത് രോഗശുശ്രൂഷക്കും മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമാണ്. ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ അതിനെ തെറ്റുപറയാനുമാകില്ല. എന്നാല്‍, കോടികള്‍ ഇതിനായി മുടക്കുമ്പോഴും നാം അറിയാതെ പോകുന്ന ഒന്നുണ്ട്. രോഗത്തെയല്ല, രോഗിയെയാണ് നമ്മള്‍ ചികിത്സിച്ചുകൊണ്ടിരിക്കുന്നത്.
എന്തുകൊണ്ടാണ് ഈ അവസ്ഥയിലേക്ക് നമ്മള്‍ എത്തിച്ചേര്‍ന്നത്? കേട്ടുതഴമ്പിച്ച വാദങ്ങളിലേക്കൊന്നും കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. നിലവിലെ സാമൂഹികാന്തരീക്ഷം ഒരു പകലുകൊണ്ടോ രാത്രികൊണ്ടോ മാറ്റാനും സാധ്യമല്ല. മലിനമായി കൊണ്ടിരുന്ന ഈ ഭൂമിയില്‍ നമുക്ക് ജീവിച്ചേ പറ്റൂ. ഒരു രോഗി ഡോക്ടര്‍ക്ക് മുന്നില്‍ എത്തിയാല്‍ രോഗം ഭേദമാക്കാനുള്ള ശ്രമങ്ങളായിരിക്കും ഡോക്ടറുടെ ഭാഗത്തുനിന്നും ആദ്യമുണ്ടാകുക. അതിനായി എത്ര വീര്യം കൂടിയ ആന്‍റിബയോടിക്സ് പോലും മനുഷ്യശരീരത്തില്‍ പ്രയോഗിക്കാന്‍ മടിയില്ലാത്തവരായി ഡോക്ടര്‍മാരില്‍ ഒരു വിഭാഗം മാറിയിരിക്കുന്നു. എന്നാല്‍, 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ ആരോഗ്യരംഗവും ഡോക്ടര്‍മാരും ഇങ്ങനെയായിരുന്നില്ല. രോഗിക്ക് ചികിത്സ നല്‍കുന്നതിനോടൊപ്പം രോഗം വരാതിരിക്കാനുള്ള നടപടികളും മാര്‍ഗനിര്‍ദേശങ്ങളും അവര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.
നിലവില്‍ കമ്പോള കേന്ദ്രീകൃതമായ ആരോഗ്യവികസന മാതൃകയാണ് നാം പിന്തുടര്‍ന്ന് വരുന്നത്. തൊണ്ണൂറുകളില്‍ ശക്തിപ്രാപിച്ച നവലിബറല്‍ ചിന്തകളും നയങ്ങളും മാര്‍ക്കറ്റ് ശക്തികള്‍ക്ക് വഴിതുറന്നുകൊടുത്തു. ഇതോടെ ചികിത്സാചെലവ് വ്യക്തികള്‍ക്കും ചികിത്സയുടെ ലാഭം മരുന്നു കമ്പനികള്‍ക്കും വിട്ടുകൊടുക്കുന്ന അവസ്ഥയിലേക്ക് മാറി. ഫലമോ ആരോഗ്യസംരക്ഷണത്തിനായുള്ള ചെലവ് ദിനംപ്രതി വര്‍ധിച്ചു. അത് സര്‍ക്കാറിന്‍േറതായാലും വ്യക്തികളുടേതായാലും. ഈ ഘട്ടത്തിലാണ് രോഗപ്രതിരോധത്തിന് മാത്രമായി ഒരു പ്രത്യേക വിഭാഗം എന്ന ചിന്ത ഉരുത്തിരിയുന്നത്.
നേരത്തേ ആരോഗ്യവകുപ്പിന് കീഴില്‍ പൊതുജനാരോഗ്യവിഭാഗം പ്രവര്‍ത്തിച്ചിരുന്നു. ഈ വിഭാഗമായിരുന്നു മഴക്കാലത്തിന് മുമ്പുള്ള ശുചീകരണപ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ കുത്തിവെപ്പുകളും എവിടെയെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ അതിനായുള്ള പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരുന്നത്. എന്നാല്‍, കാലാന്തരത്തില്‍ ഈ വിഭാഗത്തെ ആരോഗ്യവകുപ്പിന്‍െറ വിവിധ തട്ടുകളിലേക്ക് കൂട്ടിക്കെട്ടിയതോടെ സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ മാത്രമായി ചുരുങ്ങി. രോഗപ്രതിരോധമെന്നത് ഡോക്ടര്‍മാരില്‍ നിന്ന് മാറി ആശാവര്‍ക്കര്‍മാരിലേക്ക് എത്തിച്ചേര്‍ന്നു. മഴക്കാലം ആകുമ്പോഴാണ് സര്‍ക്കാര്‍ ശുചീകരണപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. ആശുപത്രികള്‍ നിറഞ്ഞ് കവിയുമ്പോള്‍ ആരോഗ്യവകുപ്പും നഗരസഭയും ഇടപെടും. പിന്നെ ഒരു മാസത്തെ നടപടികള്‍. അവിടെ തീരുന്നു, നമ്മുടെ ആരോഗ്യസംരക്ഷണവും കരുതലും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍നിന്ന് നമ്മള്‍ പിഴുതെറിഞ്ഞ പകര്‍ച്ചവ്യാധികളും മാരകരോഗങ്ങളും ഒരിടക്കാലത്തിനുശേഷം വീണ്ടും ഈ മണ്ണില്‍ നാമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെയാണ് പുത്തന്‍ രോഗങ്ങളും. പനിക്കാലത്ത് ഒരു പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ ഒരു ഡോക്ടറിന് 150 ഓളം രോഗികളെയാണ് നോക്കേണ്ടിവരുന്നത്. അപ്പോള്‍ എത്രത്തോളം കാര്യക്ഷമമായിട്ടായിരിക്കും ഡോക്ടര്‍ ആ രോഗത്തിന് മുന്നില്‍ ഇരിക്കുക എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ രോഗം വരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നമ്മള്‍ ഊന്നല്‍ നല്‍കേണ്ടത്. ഇവിടെയാണ് പൊതുജനാരോഗ്യം എന്ന വിഭാഗം ഉണ്ടാകേണ്ടത്.
നിലവില്‍ ആരോഗ്യവകുപ്പിന് രണ്ട് ശാഖകളാണുള്ളത്. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വിസും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷനും. ഇതിന് പുറമെയാണ് ഡയറക്ടര്‍ ഓഫ് പബ്ളിക് ഹെല്‍ത്ത് എന്ന നിര്‍ദേശവും. ഈ ഡിപ്പാര്‍ട്ട്മെന്‍റിന് കീഴിലായിരിക്കണം സമൂഹത്തിലെ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളെ സജ്ജീകരിക്കേണ്ടത്. വിദേശരാജ്യങ്ങളിലെല്ലാം ഇത് നിലവില്‍ വന്നുകഴിഞ്ഞു. പകര്‍ച്ചവ്യാധികളും അല്ലാത്ത അസുഖകളെയും പ്രതിരോധിക്കുക, ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക, മറ്റ് വകുപ്പുകളുമായി യോജിച്ചുകൊണ്ട് ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, വെള്ളം, വായു, ഭക്ഷണം, പച്ചക്കറികള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുക, സര്‍ക്കാറിനുവേണ്ടി ആരോഗ്യനയത്തിന് രൂപം നല്‍കുക, ട്രെയ്നിങ് പ്രോഗ്രാമുകള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക എന്നിവയാണ് പൊതുജനാരോഗ്യവിഭാഗത്തിന്‍െറ കടമകള്‍. ഈ വകുപ്പ് സജ്ജീകരിക്കുന്നതിനായി ഖജനാവില്‍നിന്ന് ചെലവാക്കുന്നത് ഒരു രൂപയാണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുശേഷം 10 രൂപയായി അത് മടക്കിക്കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരാള്‍ക്ക് അസുഖബാധിതനായി സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുമ്പോള്‍ ആവശ്യമായ ചികിത്സയും മരുന്നുകളും സൗജന്യമായാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ ചികിത്സാ ചെലവ് രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് നല്‍കുമ്പോള്‍ ആരോഗ്യകരമായ സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കാന്‍ സാധിക്കും.
ഓരോ ജില്ലയിലെ പഞ്ചായത്തുകളിലും ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് ഓരോ ടീമിനെ വാര്‍ത്തെടുക്കുക എന്നതാണ് ആദ്യഘട്ടം. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ തസ്തികകളും സൃഷ്ടിക്കണം. ഇതൊന്നും സര്‍ക്കാറിന് സാമ്പത്തിക ബാധ്യത ആകില്ല. കാരണം, അവര്‍ക്ക് നല്‍കേണ്ട ശമ്പളത്തേക്കാള്‍ നമ്മള്‍ ഇന്ന് രോഗചികിത്സക്ക് ചെലവഴിക്കുന്നുണ്ട്. ഇവര്‍ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തും. ഓരോ വ്യക്തിയുടെ ശാരീരിക വെല്ലുവിളികളെക്കുറിച്ച് ഇവര്‍ക്ക് ധാരണയുണ്ടാകണം. പ്രതിരോധകുത്തിവെപ്പുകള്‍ നടത്തേണ്ട ആവശ്യകതയെക്കുറിച്ച്, ഭക്ഷണശീലങ്ങളെപറ്റി, ശുചിത്വത്തെപ്പറ്റി അങ്ങനെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാരന്‍െറ ഇടപെടലുകള്‍ക്കൊപ്പം അവരും സഞ്ചരിക്കും.
ഇത്തരം ഒരു വിഭാഗം നമുക്ക് ഉണ്ടെങ്കില്‍ കാന്‍സര്‍ ബാധിതരെ കണ്ടത്തെുന്നതിനും തുടക്കത്തില്‍ തന്നെ ചികിത്സനല്‍കി അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാനും സാധിക്കും. ആരോഗ്യവകുപ്പിന്‍െറ കണക്കനുസരിച്ച് 2014ല്‍ 35,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2015ല്‍ ഒരു ലക്ഷത്തോളം പേരാണ് കാന്‍സര്‍ ചികിത്സക്കായി സംസ്ഥാനത്തിന്‍െറ വിവിധ ആശുപത്രികളില്‍ ഉള്ളത്. ഇതില്‍ നല്ളൊരു ശതമാനവും സാധാരണക്കാരാണ്. ഇവരുടെ ചികിത്സക്ക് സര്‍ക്കാറിന് ചെലവാകുന്ന തുകയുടെ പകുതിപോലും വേണ്ടിവരില്ലായിരുന്നു ആദ്യഘട്ടത്തില്‍ ഇവരില്‍ കാന്‍സര്‍ കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നെങ്കില്‍. പക്ഷിപ്പനി വന്നശേഷം എന്ത് ചെയ്യണമെന്നറിയാതെ നമ്മള്‍ പകച്ച് നിന്നു. വടക്കന്‍ കേരളത്തില്‍ ഡിഫ്തീരിയ പടരുന്നു. ഇപ്പോള്‍ നമ്മള്‍ ഡിഫീതീരിയ ബാധിതര്‍ക്കായി ചെലവാക്കുന്നതിന്‍െറ പകുതിപോലും ആകില്ലായിരുന്നു ഇതുസംബന്ധിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക്. അതിനുദാഹരണമാണ് പോളിയോ തുള്ളിമരുന്ന് കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയതലത്തില്‍ നടന്ന കാമ്പയിനുകള്‍. ഇതിന്‍െറ ഫലമായി രാജ്യത്ത് പോളിയോ ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സര്‍ക്കാറിന് ചികിത്സക്കായുള്ള പണവും ലാഭിച്ചു.
പബ്ളിക് ഹെല്‍ത്ത് പ്രഫഷനല്‍സിനെ തന്നെ ഈ ഉദ്യമത്തിനായി ഇറക്കാന്‍ നമുക്ക് സാധിക്കണം. തുടക്കത്തില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായേക്കാം. കാരണം, ഇപ്പോള്‍ രോഗം വരുകയെന്നത് പലരുടെയും നിലനില്‍പിന്‍െറ പ്രശ്നമാണ്. ഇവിടെയാണ് ഇച്ഛാശക്തിയുള്ള സര്‍ക്കാറിന്‍െറ നിലപാടുകള്‍ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ആരോഗ്യമുള്ള സമൂഹമാണ് നമുക്ക് വേണ്ടത്. അല്ലാതെ, ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയല്ല .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.