Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിജയമുഖ്യന്‍

വിജയമുഖ്യന്‍

text_fields
bookmark_border
വിജയമുഖ്യന്‍
cancel

ജിനന്‍ എന്ന സംസ്കൃതപദത്തിന് അര്‍ഥം ജയിച്ചവന്‍ എന്നാണ്. അതില്‍നിന്നാണ് ജൈനധര്‍മമൊക്കെയുണ്ടായത്. അഭിലാഷങ്ങളെയും ആര്‍ത്തികളെയും ശരീരതൃഷ്ണകളെയും ജയിച്ചവനാണ് ജൈനന്‍. ക്രിസ്തുവിനുമുമ്പ് 599ാം വര്‍ഷത്തില്‍ ജനിച്ച ബിഹാറുകാരന്‍ വര്‍ധമാന മഹാവീരന്‍ ദക്ഷിണേഷ്യ മുഴുവനും ജൈനദര്‍ശനം പ്രചരിപ്പിച്ചുനടന്ന കാലത്ത് വിചാരിച്ചിട്ടുണ്ടാവില്ല ആയിരത്തഞ്ഞൂറ് കൊല്ലം കഴിഞ്ഞാല്‍ ഗുജറാത്തില്‍ ഒരുവന് ജൈന സമുദായത്തിലെ ജനനം മഹാഭാഗ്യമായി വന്നുഭവിക്കുമെന്ന്. പേരുകൊണ്ടുതന്നെ ജിനന്‍ ആണ് ആള്‍. ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലേറുന്ന വിജയ് രൂപാനി. സ്വന്തം സമുദായത്തിലുള്ളവര്‍ സംസ്ഥാനത്ത് ഒരു ശതമാനത്തില്‍ താഴെയേ ഉള്ളൂ. 16 ശതമാനവും പട്ടേല്‍ സമുദായക്കാരാണ്. രണ്ടു പതിറ്റാണ്ടായി സംസ്ഥാനത്തെ ബി.ജെ.പി ഭരണത്തെ താങ്ങിനിര്‍ത്തുന്നതും ഈ സമുദായം തന്നെ. എന്നിട്ടും നറുക്കുവീണത് ജൈനസമുദായക്കാരനായ വിജയ് രൂപാനിക്ക്. അവിടെയാണ് അമിത് ഷായുടെ കളി.

മൂന്നു കാര്യങ്ങളാണ് വിജയ് രൂപാനിയെ ഗുജറാത്ത് മുഖ്യനാക്കാന്‍ അമിത് ഷായെ പ്രേരിപ്പിച്ചത്. അതില്‍ ഒന്നാമത്തേത് തന്‍െറ വിശ്വസ്തനാണ് എന്നതാണ്. 2010ല്‍ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപിതനായപ്പോള്‍ ഗുജറാത്തില്‍നിന്ന് അമിത് ഷാക്ക് കുറച്ചുകാലം മാറിനില്‍ക്കേണ്ടിവന്നിരുന്നു.  അന്ന് അഭയം കൊടുത്തത് വിജയ് രൂപാനിയാണ്. അതും അങ്ങ് ഡല്‍ഹിയില്‍. അന്ന് രൂപാനി രാജ്യസഭാംഗം. ഫിറോസ്ഷാ റോഡിലെ രൂപാനിയുടെ ഒൗദ്യോഗിക വസതിയിലാണ് അക്കാലത്ത് അമിത് ഷാ അന്തിയുറങ്ങിയത്. അത് അദ്ദേഹം മറന്നിട്ടില്ല. രണ്ടാമത്തെ കാര്യം, ഗുജറാത്തില്‍ പിടിമുറുക്കാനുള്ള അമിത് ഷായുടെ ശ്രമമാണ്. നിതിന്‍ പട്ടേലിനെ മൂലക്കിരുത്തിയാണ് രൂപാനിക്ക് കസേര കൊടുത്തിരിക്കുന്നത്. അതുകൊണ്ട് ഇനിയുള്ള അഞ്ചുകൊല്ലം രൂപാനി അമിത് ഷായുടെ അടിമയായിരിക്കും.

രാമായണത്തിലെ ഭരതന്‍െറ പണിയാണ് ഇനി രൂപാനിക്ക്.  അമിത് ഷായുടെ പാദുകമെടുത്ത് അധികാരക്കസേരയില്‍വെച്ച് അമിത് ഷാക്കുവേണ്ടി ഭരിക്കും. ഗുജറാത്തില്‍ അടുത്ത കൊല്ലമാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ബി.ജെ.പിക്ക് ശക്തമായ തിരിച്ചടിയേറ്റുകൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ തലവേദന തീരുന്ന മുറക്ക് അമിത് ഷാ ഗുജറാത്തിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. രൂപാനി മുഖ്യമന്ത്രിപദത്തിലുള്ളപ്പോള്‍ അമിത് ഷാക്ക് പിന്‍സീറ്റ് ഡ്രൈവിങ് എളുപ്പമാകും. മൂന്നാമത്തെ കാര്യം നാട്ടിലെ ജാതിസമവാക്യങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. സംസ്ഥാനം ജാതിയുടെ പേരില്‍ ചേരിതിരിഞ്ഞിരിക്കുന്ന സമയമാണ്. സംവരണത്തിനായുള്ള പട്ടേല്‍ സമുദായത്തിന്‍െറ ആക്രമണോത്സുകമായ നിലപാട് മറ്റു സമുദായങ്ങളെ, പ്രത്യേകിച്ച് ഒ.ബി.സിക്കാരെ പട്ടേല്‍മാര്‍ക്കെതിരെ തിരിച്ചിരുന്നു. വിജയ് രൂപാനി ജൈന ബനിയ സമുദായാംഗമായതുകൊണ്ട് ജാതിയുടെ കാര്യത്തില്‍ നിഷ്പക്ഷമായ നിലപാടെടുത്തു എന്നു പറയാമല്ളോ. നിതിനെ ഉപമുഖ്യനാക്കി പട്ടേല്‍ സമുദായക്കാരെ സമാശ്വസിപ്പിക്കുകയും ചെയ്തു. ഹരിയാനയില്‍ ജാട്ടുകാരനല്ലാത്തയാളെയും മഹാരാഷ്ട്രയില്‍ മറാത്തക്കാരനല്ലാത്തയാളെയും ഝാര്‍ഖണ്ഡില്‍ ഗോത്രവര്‍ഗക്കാരനല്ലാത്തയാളെയും മുഖ്യമന്ത്രിയാക്കിയ അമിത് ഷായുടെ മറ്റൊരു പരീക്ഷണം എന്നും പറയാം.

അറുപതാം ജന്മദിനം ആഘോഷിച്ചിട്ട് മൂന്നു ദിവസമായതേയുള്ളൂ. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലും. മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചുവെച്ചിരുന്നത് നിതിന്‍ പട്ടേലാണ്. അണിയാന്‍ യോഗമുണ്ടായില്ല എന്നു മാത്രം. ക്ഷമയാണ് രൂപാനിയെ തുണച്ചത്. നിതിന് ക്ഷമയില്ലായിരുന്നു. വെള്ളിയാഴ്ച മുതല്‍ നിതിന്‍ അഭിനന്ദനങ്ങള്‍ സ്വീകരിച്ചുതുടങ്ങി. താന്‍ സംസ്ഥാനത്തെ എങ്ങനെയൊക്കെ മുന്നോട്ടുനയിക്കും എന്ന് ദേശീയ ടെലിവിഷന്‍ ചാനലുകളോട് വീമ്പിളക്കി. പട്ടേല്‍ സമുദായസംവരണം, ദലിത് പ്രക്ഷോഭം എല്ലാം ഒറ്റയടിക്ക് പരിഹരിച്ച് നാട്ടിലെ നരേന്ദ്ര മോദിയാവും എന്നാണ് പറഞ്ഞുനടന്നത്. കുടുംബക്കാര്‍ക്കിടയില്‍ മധുരം വിതരണംചെയ്തു. പൂജക്കുള്ള ഒരുക്കങ്ങള്‍ കൂട്ടി. ഒക്കെ വെറുതെയായി. ദൈവത്തിനറിയാം എന്താണ് നടന്നത് എന്ന് നിതിന്‍ ഇപ്പോള്‍ കരഞ്ഞുപറയുന്നു. ഉപമുഖ്യമന്ത്രികൊണ്ട് തൃപ്തിപ്പെട്ടേക്കാം. നാട്ടിലാദ്യമാണ് ഒരു ഉപമുഖ്യന്‍. സ്ഥാനമൊഴിയുന്ന ആനന്ദിബെന്‍ പട്ടേലിന് രൂപാനിയെ ഇഷ്ടമല്ല. ഒരു പട്ടേലു തന്നെയാവണം തന്‍െറ പിന്‍ഗാമി എന്നു പറഞ്ഞുനോക്കി. രൂപാനി ആദ്യമായി എം.എല്‍.എ ആയതാണ്, ഭരണപരമായ കാര്യങ്ങളില്‍ മുന്‍പരിചയമില്ല എന്നൊക്കെ ആവര്‍ത്തിച്ചു. പക്ഷേ, കേന്ദ്രനിരീക്ഷകരായ നിതിന്‍ ഗഡ്കരിയും സരോജ് പാണ്ഡെയും വന്നതോടെ രൂപാനി മുന്നിലായി. അവര്‍ അമിത് ഷായുടെ തീരുമാനം പ്രഖ്യാപിക്കുകയുംചെയ്തു.
മിതഭാഷിയാണ്. പാര്‍ട്ടിയിലെ എല്ലാവരുമായും ഒത്തുപോവുന്ന പ്രകൃതം. കേശുഭായ് പട്ടേല്‍, നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുമൊക്കെയായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

മോദിയുടെ അനുഗ്രഹമില്ലാതെ ആര്‍ക്കും ഗുജറാത്ത് മുഖ്യമന്ത്രിയാകാന്‍ കഴിയില്ല. 1956 ആഗസ്റ്റ് രണ്ടിന് മ്യാന്മറിലെ യാംഗോനില്‍ ജനനം.  അവിടെ ധാന്യവ്യാപാരിയായിരുന്നു പിതാവ് റാസിക്ലാല്‍. അമ്മ മായാ ബെന്‍. ഏഴുമക്കളില്‍ ഇളയവന്‍. 1960ല്‍ മ്യാന്മറിലെ രാഷ്ട്രീയ അസ്ഥിരത കാരണം കുടുംബം രാജ്കോട്ടിലേക്ക് താമസംമാറി.  ജൈനദര്‍ശനങ്ങളിലൂന്നിയ കുടുംബപാരമ്പര്യത്തില്‍നിന്ന് സ്വയം വിച്ഛേദിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്‍െറ പാളയത്തില്‍ ചേക്കേറുമ്പോള്‍ പ്രായം അധികമൊന്നുമായിട്ടില്ല. കോളജില്‍ എ.ബി.വി.പി കളിച്ചുനടക്കുന്ന പയ്യനാണ്. അതിനിടെ ധര്‍മേന്ദ്ര സിങ്ജി ആര്‍ട്സ് കോളജില്‍നിന്ന് ബി.എയും സൗരാഷ്ട്ര സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍.ബിയും നേടി. വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ സജീവമായ കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം 1971ല്‍ ജനസംഘില്‍ ചേര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് 11 മാസം ഭുജിലെയും ഭാവനഗറിലെയും ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്.

1978 മുതല്‍ 81 വരെ ആര്‍.എസ്.എസ് പ്രചാരക് ആയിരുന്നു. 87ല്‍ രാജ്കോട്ട് മുനിസിപ്പല്‍ കൗണ്‍സിലറായി. 1996ല്‍ രാജ്കോട്ട് മേയര്‍ ആയി. 1998ല്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി. കേശുഭായ് പട്ടേല്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രകടനപത്രിക സമിതിയുടെ ചെയര്‍മാന്‍. 2006ല്‍ ഗുജറാത്ത് ടൂറിസം ചെയര്‍മാന്‍. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗം. 2016 ഫെബ്രുവരിയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍. സംസ്ഥാന നിയമസഭയിലേക്ക് കടക്കാന്‍ കുറെ കാത്തിരിക്കേണ്ടിവന്നു. സംസ്ഥാന സ്പീക്കര്‍ വാജു ഭായ് വാല 2014 ആഗസ്റ്റില്‍ കര്‍ണാടക ഗവര്‍ണറായപ്പോള്‍ രാജ്കോട്ട് വെസ്റ്റ് സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായത്തിന്‍െറ നെടുങ്കോട്ടയില്‍നിന്ന് ജയിച്ചുകയറി. മോദി ആദ്യം ജയിച്ച മണ്ഡലമാണ് രാജ്കോട്ട്. അവിടെനിന്നുള്ള മൂന്നാം മുഖ്യമന്ത്രിയാണ്. ആനന്ദിബെന്‍ പട്ടേല്‍ സര്‍ക്കാറില്‍ ഗതാഗതം, തൊഴില്‍, ജലവിതരണം എന്നിവയുടെ ചുമതല വഹിച്ചു. സംസ്ഥാന പാര്‍ട്ടി അധ്യക്ഷനായിരിക്കെതന്നെയാണ് മന്ത്രിയായത്. ഭാര്യ: അഞ്ജലി. ഒരു മകനും മകളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#editorial
Next Story