ഇതൊരു സമരത്തുടര്‍ച്ച
text_fieldsഒരു തരത്തില്‍ ഇത് മഹത്തായ സമരത്തിന്‍െറ തുടര്‍ച്ചയാണ്. വേണമെങ്കില്‍ നമുക്കതിനെ വിമര്‍ശിക്കാം. നീണ്ട പതിനാറു കൊല്ലം നടത്തിയ സമരത്തില്‍നിന്നുള്ള പിന്തിരിഞ്ഞോട്ടം എന്ന് കളിയാക്കാം. എന്നാല്‍, അങ്ങനെ ആക്ഷേപിക്കാന്‍ നമുക്ക് അവകാശമുണ്ടോ എന്ന് ആദ്യം ചിന്തിക്കണം. മണിപ്പൂരിനെ സൈന്യത്തിന്‍െറ കരാളഹസ്തങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍, അതല്ളെങ്കില്‍ ആ പിടി ഒന്ന് ദുര്‍ബലമാക്കാന്‍ ഇറോം ശര്‍മിള നടത്തിയ സമരത്തെ അകമഴിഞ്ഞ് പിന്തുണക്കാത്ത ഇന്ത്യന്‍ സിവില്‍ സമൂഹത്തിന് അവരെപ്പറ്റി ആക്ഷേപമായി ഒന്നും പറയാനുള്ള അവകാശമില്ല.
ഒന്നര പതിറ്റാണ്ടിലധികം നീണ്ട സമരത്തില്‍നിന്ന് അവര്‍ പിന്‍വാങ്ങുന്നത് രണ്ട് കാരണങ്ങളാലാണ്. അതിലൊന്ന് ജൈവപരവും മാനസികവുമാണ്. വിവാഹം, കുടുംബം തുടങ്ങിയ ആവശ്യങ്ങളാണത്. അടുത്തത് രാഷ്ട്രീയപരമാണ്. താന്‍ എന്തിനു വേണ്ടി പോരാടിയോ അതിലേക്ക് എത്താന്‍ കഴിയാതെ പോയത് ഇന്നാട്ടിലെ അധികാരരാഷ്ട്രീയത്തിന്‍െറ കളി കാരണമാണെന്ന് തിരിച്ചറിഞ്ഞ് അതേ അധികാര രാഷ്ട്രീയത്തിന്‍െറ അകത്ത് കയറി ആവശ്യം നേടാനുള്ള സമരത്തുടര്‍ച്ച. അതിനെയൊന്നും നമുക്ക് വിമര്‍ശിക്കാന്‍ അര്‍ഹതയില്ല. മാത്രമല്ല, ഞാന്‍ അതിനെ അങ്ങേയറ്റം അഭിനന്ദിക്കുകയും ചെയ്യുന്നു.
ഒരു സ്ത്രീയുടെ ഏറ്റവും നല്ല ജീവിതകാലമാണ് അവര്‍ ത്യജിച്ചുകളഞ്ഞത്. അത് അവര്‍ക്കു വേണ്ടിയായിരുന്നില്ല, വീടിനും കുടുംബത്തിനും വേണ്ടിയായിരുന്നില്ല. പട്ടാള മേധാവിത്വത്തിനെതിരായ വിമോചന സമരമായിരുന്നു. ഇനിയുള്ള സമരം പാര്‍ലമെന്‍ററി സംവിധാനത്തിന്‍െറ അകത്തു കടന്നാണ് നടത്തേണ്ടത് എന്ന തിരിച്ചറിവാണ് അവരെ ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചത്. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ ചെയ്യുന്നത് അതാണ്. ഒരുപക്ഷേ, ഇറോം ശര്‍മിളക്ക് കെജ്രിവാള്‍ ഒരു പ്രേരകം കൂടിയായിരിക്കാം. ഇതുവരെ കാണാത്ത ജനാധിപത്യവത്കരണത്തിന് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത് ശര്‍മിളയും അറിയുന്നുണ്ടല്ളോ.
അധികാരത്തിന് കേന്ദ്രീകൃത സ്വഭാവം വന്നാല്‍ പിന്നീട് നടക്കുന്നത് ബലപ്രയോഗമാണ്. അത് പൊലീസിനെയും മാധ്യമങ്ങളെയും നിയന്ത്രിക്കും, പിടിച്ചെടുക്കും. കോടതികളെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കും. ഒരു സമരം പരാജയപ്പെടുത്താന്‍പോലും സാധിക്കും. അതിന് അധികാരികളെ സഹായിക്കുന്ന ഘടകങ്ങളാണ് രാഷ്ട്രീയവും മതവും ജാതിയും. വാസ്തവത്തില്‍ നമ്മള്‍ ഇപ്പോഴും പൊതുജനം ആയിട്ടില്ല. അത് ഇപ്പറഞ്ഞ രൂപത്തില്‍ പലതായി വിഘടിച്ചും വിഭജിച്ചും കിടക്കുകയാണ്. ഇറോം ശര്‍മിളക്കൊപ്പം മണിപ്പൂര്‍ പൂര്‍ണമായി നിലകൊണ്ടിട്ടില്ല, ഇന്ത്യന്‍ സിവില്‍ സമൂഹം അത്രയുമില്ല. ഒറ്റക്ക്, ദുര്‍ബലമായി അങ്ങിങ്ങ് ഉയരുന്ന ചില ശബ്ദങ്ങളല്ല വേണ്ടത്. ഇന്ത്യന്‍ അധികാരിവര്‍ഗത്തിന് മണിപ്പൂരും, ഇറോം ശര്‍മിളക്കും അവരോടൊപ്പം നില്‍ക്കുന്നവര്‍ക്കും തിരിച്ചും അന്യദേശക്കാരെപ്പോലെയാണ്. അതുകൊണ്ടാണ് ‘നമ്മുടെ പട്ടാളം’ എന്ന് പറയുന്നതിനു പകരം ശര്‍മിള എപ്പോഴും ‘ഇന്ത്യന്‍ പട്ടാളം’ എന്നു പറഞ്ഞത്. ഈ ഒറ്റപ്പെടല്‍ ഡല്‍ഹി ജെ.എന്‍.യുവിലെ വിദ്യാര്‍ഥിസമൂഹം ഉള്‍പ്പെടെ രാജ്യത്ത് പലരും അനുഭവിക്കുന്നുണ്ട്.
ഇതുവരെ ശര്‍മിള മനസ്സുകൊണ്ടാണ് ജീവിച്ചത്. നിരാഹാര സമരത്തിന്‍െറ, നിരാസത്തിന്‍െറ ഗാന്ധിയന്‍ സമരമാര്‍ഗമാണത്. മരണം വരെ അത് തുടര്‍ന്നാലും അധികാരിവര്‍ഗം കേള്‍ക്കാന്‍ എത്തില്ളെന്ന് മനസ്സിലായപ്പോഴാണ് അവര്‍ അതിനകത്തേക്ക് കയറിച്ചെല്ലാന്‍ പരിശ്രമിക്കുന്നത്. രാജ്യരക്ഷയും രാജ്യദ്രോഹവുമൊക്കെ പറഞ്ഞാണ് മണിപ്പൂരില്‍ സൈനിക ബലപ്രയോഗം നടക്കുന്നത്.
ശര്‍മിള ഒരുപക്ഷേ ശ്രമിക്കുന്നത്, അതിന്‍െറ കാഠിന്യം കുറക്കാനായിരിക്കാം. അതിനുവേണ്ടി നിയമ ഭേദഗതി സാധ്യതകള്‍ തേടുകയാവാം. അതിന് അവര്‍ അന്വേഷിക്കുന്ന മാര്‍ഗമാണ് ശരിയുടെ മാര്‍ഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.