Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദലിതര്‍...

ദലിതര്‍ കീഴടങ്ങാനൊരുക്കമല്ല

text_fields
bookmark_border
ദലിതര്‍ കീഴടങ്ങാനൊരുക്കമല്ല
cancel

സമീപകാലത്തൊന്നും ദലിതുകള്‍ ഇങ്ങനെ തെരുവിലിറങ്ങിയിട്ടില്ല. ഗുജറാത്തിന്‍െറ രാഷ്്ട്രീയദിശതന്നെ തിരിച്ചുവിടുന്ന പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കഴിഞ്ഞതെങ്ങനെ?
അത് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച പ്രക്ഷോഭമൊന്നുമല്ല.  വര്‍ഷങ്ങളായി  അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളും പീഡനങ്ങളും അവസാനിപ്പിക്കണമെന്ന തിരിച്ചറിവില്‍നിന്നാണ് അതെല്ലാം ഉടലെടുത്തത്. ദലിതരെ പുഴുക്കള്‍ക്ക് സമാനമായി കാണുന്ന സംസ്ഥാനത്ത് ഇനി ഇങ്ങനെ കഴിയേണ്ടതില്ല എന്നതാണ് ഞങ്ങള്‍ എടുത്ത തീരുമാനം. അഹ്മദാബാദില്‍ നടന്ന മഹാസമ്മേളനം സര്‍ക്കാറിനുള്ള ഞങ്ങളുടെ മറുപടിയാണ്. കന്നുകാലികളുടെ തോല്‍ വേര്‍പെടുത്തുന്ന ജോലികള്‍ ചമര്‍ സമുദായം കുലത്തൊഴില്‍ പോലെ കാലങ്ങളായി ചെയ്തുവരുന്നതാണ്. 20,000ത്തോളം വരുന്ന ദലിത്കുടുംബങ്ങള്‍ ഒരുമിച്ചുനിന്ന് പ്രതിജ്്്ഞയെടുത്തു, ഇനി ഈ ജോലി ചെയ്യില്ളെന്ന്. കര്‍ഷകത്തൊഴിലാളികളായ ഇവര്‍ക്ക് മറ്റെന്തെങ്കിലും ജോലിയോ കൂലിയോ ഇല്ല. അപ്പോള്‍ പിന്നെ ആ തീരുമാനത്തിന്‍െറ പിന്നിലെ പ്രേരകശക്തി എന്തെന്ന് ഊഹിക്കാമല്ളോ. ഇത് നിലനില്‍പിന്‍െറ സമരമാണ്. ഓരോ ദലിതനും അത്രമേല്‍ അനുഭവിച്ചുകഴിഞ്ഞു. ദലിതരെ മനുഷ്യരായി കാണുന്ന കാലംവരെ ഈ പോരാട്ടം തുടരും.  
ദലിത് പീഡനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിരവധി ദലിതര്‍ ഗുജറാത്തില്‍തന്നെ കൊല്ലപ്പെട്ടു. അപ്പോഴൊന്നുമില്ലാത്ത പ്രക്ഷോഭം  ഉടലെടുക്കാനിടയായ സാഹചര്യം?
ശരിയാണ്. ദലിത് പീഡനം ഒരു തുടര്‍ക്കഥയാണ്. എന്നു കരുതി എല്ലാ കാലവും ഞങ്ങള്‍ ആ കഥയും കേട്ട് ഇരിക്കണോ... ചത്ത പശുവിന്‍െറ തോലുരിച്ചതിന്‍െറ പേരില്‍ ദലിതരെ മൃഗീയമായാണ് ഗോരക്ഷാസമിതി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചതും  നഗ്നരാക്കി നടത്തിച്ചതും. ദലിതനായതിന്‍െറ പേരില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന നിരവധി പേരുണ്ട് ഗുജറാത്തിലും  രാജ്യത്തും. ഉന സംഭവം അവസാനത്തേതാകണം എന്നത് ഞങ്ങളുടെ സംഘടനയെടുത്ത തീരുമാനമാണ്.
 ഞങ്ങള്‍ക്കുനേരെയുള്ള അക്രമങ്ങളുടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്യുന്ന പതിവില്ല. സുരേന്ദ്രപുര്‍ ജില്ലയിലെ ധന്‍ബാദില്‍ പൊലീസ് വെടിവെപ്പില്‍ മൂന്ന് ദലിത് യുവാക്കള്‍ കൊല്ലപ്പെട്ടിട്ട് നാലു വര്‍ഷത്തോളമായി. ഇന്നും അവരുടെ കുടുംബങ്ങള്‍ നീതിക്കുവേണ്ടി അലയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിയായിരുന്ന ആനന്ദി ബെന്‍ പട്ടേലും ആഭ്യന്തരമന്ത്രിയും എല്ലാവരും മെഹ്സാന ജില്ലയില്‍നിന്നുള്ളവരാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ അവിടെ നാല് ദലിത് പെണ്‍കുട്ടികളാണ് അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെ നടന്ന സംഭവമായിട്ടും അവിടേക്കൊന്ന് തിരിഞ്ഞുനോക്കാന്‍ അവര്‍ക്കായിട്ടില്ല. ദലിതര്‍ക്കുവേണ്ടി ചോദിക്കാനോ പറയാനോ ആരും വരില്ളെന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാറിന്. ഉന സംഭവം മുന്‍കാലങ്ങളെ അപേക്ഷിച്ച് ചെറുതെന്ന് തോന്നിപ്പിക്കുമെങ്കിലും സര്‍ക്കാറിന് അങ്ങനെ തോന്നാന്‍ വഴിയില്ല. ദലിതര്‍ ഉണര്‍ന്നിരിക്കുന്നു എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. എന്തുകൊണ്ട് പെട്ടെന്നുണ്ടായി എന്ന ചോദ്യത്തിനര്‍ഥമില്ല. കാലത്തിനൊപ്പം വിവരസാങ്കേതികവിദ്യ ദലിതരെ ഒന്നിപ്പിച്ചുനിര്‍ത്താന്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. മുമ്പ് ദലിതന്‍ ആക്രമിക്കപ്പെട്ടത് പുറംലോകം അറിയില്ലായിരുന്നു. ഇന്ന് സംസ്ഥാനത്തുതന്നെ നിരവധി ദലിത് ഗ്രൂപ്പുകളുണ്ട്. അവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്താറുണ്ട്. ഉന സംഭവം അത്തരത്തിലൊന്നായി വ്യാപിച്ചതാണ്.
സര്‍ക്കാറിനോട് നിങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍  എന്തെല്ലാമാണ്?
ജനങ്ങള്‍ക്കുവേണ്ടിയുള്ളതാകണം സര്‍ക്കാര്‍ എന്നുതന്നെയാണ് പ്രാഥമികാവശ്യം. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ഭരിക്കുന്നതല്ളേ ജനാധിപത്യം? ആ ജനങ്ങള്‍ക്കിടയില്‍ ദലിതനും വരണം. അക്രമങ്ങള്‍ക്ക് ഇരയായ നിരവധി ദലിതരുണ്ടിവിടെ, അവര്‍ക്ക് നീതി ലഭ്യമാക്കണം. ഇനിയൊരു അക്രമത്തിനുള്ള പഴുത് അടച്ചുള്ള സുരക്ഷ ഉറപ്പുവരുത്തണം. ആനുകൂല്യങ്ങളില്‍ തുല്യത ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് കഴിയണം. ഇങ്ങനെ നിരവധിയാവശ്യങ്ങള്‍ ഉന്നയിച്ചാണ് ‘ദലിത് അസ്മിത യാത്ര’ ആരംഭിച്ചിട്ടുള്ളത്. വിവിധ ദലിത് സംഘടനകളുടെ കൂട്ടായ്മയായ ‘ഉന ദലിത് അത്യാചരണ്‍ ലടത് സമിതി’യാണ് അതിന് നേതൃത്വം നല്‍കുന്നത്.
യാത്രയുടെ ആരംഭദിവസംതന്നെയായിരുന്നു പുതിയ മുഖ്യമന്ത്രിയായി വിജയ് രൂപാണി തെരഞ്ഞെടുക്കപ്പെട്ടത്. എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ടോ?
 ആനന്ദിബെന്‍ പട്ടേലില്‍നിന്ന് വിജയ് രൂപാണിയിലേക്ക് വലിയ ദൂരമൊന്നുമില്ല. രണ്ടും ഒരേ അച്ചില്‍ വാര്‍ത്തത്. ഫലവും അതുപോലെ തന്നെയോ അതിലും മോശമോ ആയിരിക്കും. രൂപാണി ദലിതരെ സംരക്ഷിക്കാന്‍ അവതരിച്ചതാണെന്ന് പറയാനൊക്കുമോ? അത് രാഷ്ട്രീയക്കളിയുടെ ഭാഗമായ ഭരണക്കൈമാറ്റം മാത്രമാണ്.
അമിത് ഷായുടെ വിശ്വസ്തനാണല്ളോ രൂപാണി. പട്ടേലുകളെ സുഖിപ്പിക്കാന്‍ ഒരു ഉപമുഖ്യമന്ത്രിയും. ഇതുകൊണ്ടൊന്നും സംസ്ഥാനത്ത് ദലിതുകള്‍ക്ക് നീതി ലഭിക്കാന്‍ പോകുന്നില്ല. ബി.ജെ.പിയുടെ സവര്‍ണഫാഷിസം ഒരു ചുവടുകൂടി മുന്നോട്ടുവെച്ചുവെന്നേ പറയാനൊക്കൂ. ഇവരെല്ലാം കോര്‍പറേറ്റുകളുടെ ഏജന്‍റുകളാണ്. മന്ത്രിമാരെന്ന് നമ്മള്‍ ഭരണഘടനാപരമായി പറയുന്നുവെന്ന് മാത്രം.
ഈ വിഷയത്തില്‍ നരേന്ദ്ര മോദിയുടെ നിലപാട്?
ദലിതന്‍ ഏറ്റവുമധികം പീഡനം ഏറ്റുവാങ്ങേണ്ടിവന്ന കാലം ഒരുപക്ഷേ മോദിയുടെ ഭരണകാലമാണ്. അങ്ങനെ നോക്കിയാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് സന്തോഷമേ കാണൂ. പ്രധാനമന്ത്രിയായതുകൊണ്ട് അദ്ദേഹത്തിന്‍െറ നിലപാടുകളില്‍ എന്തെങ്കിലും മാറ്റമുണ്ടായതായി കേട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഇവിടെ രോഹിത് വെമുലമാരുണ്ടാകുമോ? രാജ്യവ്യാപകമായി ദലിതന്‍ ആക്രമിക്കപ്പെടുന്നുവെന്നുള്ളത് മറയില്ലാതെ പുറത്തുവന്നിട്ടും എന്തു ചെയ്യാനായി? മോദിയും അദ്ദേഹത്തിന്‍െറ പാര്‍ട്ടിയും സവര്‍ണ മേധാവിത്വം ഉള്ളില്‍ കൊണ്ടുനടക്കുന്നവരാണ്. ഇക്കാര്യത്തില്‍ തങ്ങള്‍ അനുകൂലമായതെന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയൊന്നുമില്ല. എന്നാല്‍, ഞങ്ങള്‍ കീഴടങ്ങാനൊരുക്കമല്ല.
 താങ്കള്‍ എങ്ങനെ ദലിത് പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലേക്ക് വരുന്നത്?
ഞാനൊരു അഭിഭാഷകനാണ്. അതോടൊപ്പം സോഷ്യല്‍ ആക്ടിവിസ്റ്റും. ഗുജറാത്തിലെ ദലിതന്‍െറ രോദനം കേട്ട് വളര്‍ന്നവനാണ് ഞാന്‍. അടിച്ചമര്‍ത്തപ്പെടുന്നവരുടെ രക്ഷക്കായി എനിക്ക് ആവുന്നത് ചെയ്യുന്നു. അക്രമികള്‍ക്കെതിരെ പ്രതിരോധിക്കാനുള്ള ഊര്‍ജം കൊടുക്കാന്‍ എനിക്കായിട്ടുണ്ട്. അവരെക്കൊണ്ട് കേസുകൊടുപ്പിക്കാനും നിയമപോരാട്ടങ്ങളുമായി മുന്നോട്ടുകൊണ്ടുപോകാനും സാധിച്ചു. ഇപ്പോള്‍ ഉന സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ദലിതരെ ഒന്നിപ്പിച്ചുനിര്‍ത്തി പ്രതിരോധിക്കാനും ശ്രമിക്കുന്നു. നേരത്തേ സൂചിപ്പിച്ച ‘ഉന ദലിത് അത്യാചരണ്‍ ലടത് സമിതി’യുടെ കണ്‍വീനറാണ്. ഈ പ്രക്ഷോഭത്തിന്‍െറ സൂത്രധാരനോ പരമോന്നത നേതാവോ ഞാന്‍ അല്ല. നിരവധി സംഘങ്ങളുടെ കൂട്ടായ്മയാണിത്. നിരവധി നേതാക്കളുള്‍പ്പെട്ട ഒരു സംഘമാണിത്.
ഹാര്‍ദിക് പട്ടേല്‍ നേതൃത്വം നല്‍കിയ സംവരണ പ്രക്ഷോഭത്തിന് ഇപ്പോഴത്തെ ഈ ദലിത് സമരവുമായി സമാനതകളേറെയുണ്ടല്ളോ?
ദയവുചെയ്ത് രണ്ടും കൂട്ടിക്കുഴക്കരുത്. അത് വെറുമൊരു പട്ടേല്‍ സംവരണ പ്രക്ഷോഭം മാത്രമായിരുന്നു. പക്ഷേ, ഞങ്ങളുടേത് ഏതെങ്കിലും ദലിത് വിഭാഗത്തിന്‍െറ മാത്രം സമരമല്ല. ചമാര്‍,  വാല്മീകി പോലുള്ള സമുദായത്തിന്‍െറ പ്രശ്നങ്ങളോടെയാണ് തുടക്കമെങ്കിലും അടിച്ചമര്‍ത്തപ്പെടുന്നവന്‍െറ ശബ്ദമായി ഈ മുന്നേറ്റം മാറി. ഞങ്ങള്‍ പറയുന്നത് ദലിതന്‍െറ മാത്രം കഥയല്ല. മുസ്ലിംകളടക്കമുള്ള സംസ്ഥാനത്തെ അരികുവത്കരിക്കപ്പെട്ടവരുടേതു കൂടിയാണ്. ഞങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി നിരവധി സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഗുജറാത്തിന്‍െറ ചരിത്രത്തില്‍ ഏറ്റവുമധികം പീഡനം അനുഭവിക്കേണ്ടിവന്ന ഒരു വിഭാഗമാണ് മുസ്ലിംകള്‍. അവരും ഉണ്ട് ഞങ്ങളുടെ പ്രക്ഷോഭത്തിന് മുന്നില്‍ കൊടിപിടിക്കാന്‍. അംബേദ്കറിന്‍െറ വാക്കുകളില്‍ പറഞ്ഞാല്‍ ജാതീയ-വര്‍ഗീയ ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മചെയ്യാന്‍ ഞങ്ങളുടെ മുന്നേറ്റത്തിന് കഴിയും എന്നുതന്നെയാണ് വിശ്വാസം.
ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ നാണയത്തിന്‍െറ ഇരുവശങ്ങളാണ്. അതില്‍ കൂടുതല്‍ വ്യത്യാസങ്ങള്‍ അവര്‍ തമ്മിലില്ല. ദലിതന്‍െറ മാത്രമല്ല, ഗുജറാത്തിന്‍െറ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം ഇരുമുന്നണികളുമാണ്. ജനങ്ങളെ മറന്നുള്ള വികസനമാണ് അവരുടെ കാഴ്ചപ്പാട്. അവരുടെ ജനങ്ങളുടെ ലിസ്റ്റില്‍ ഞങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍പോലും നിഷേധിക്കപ്പെട്ടവരായി ഞങ്ങളെ മാറ്റിയതാണ് ഭരണനേട്ടം.  
 ‘ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
തീര്‍ച്ചയായും ഒരു നുണപ്രചാരണമാണ്. ഗുജറാത്തിലേക്ക് വരൂ നിങ്ങള്‍, ഞാന്‍ കാണിച്ചുതരാം ഗുജറാത്ത് മോഡല്‍ വികസനം. വൈദ്യുതിയും വെളിച്ചവുമത്തൊത്ത ഗ്രാമങ്ങളെ, ഭക്ഷണത്തിനും പാര്‍പ്പിടത്തിനും ഗതിയില്ലാത്തവരെ, മലമൂത്രവിസര്‍ജനം നടത്താന്‍പോലും സൗകര്യമില്ലാതെ വയലുകളിലിറങ്ങുന്ന ഗ്രാമീണരെ കാണിച്ചുതരാം. ഇതൊക്കെയാണ് ബി.ജെ.പി സര്‍ക്കാര്‍ പാടിനടക്കുന്ന ഗുജറാത്ത് മോഡല്‍ വികസനം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalith activistjignesh mevani
Next Story