Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനീതിമാനോട് കേരളം...

നീതിമാനോട് കേരളം നീതികാട്ടുമോ?

text_fields
bookmark_border
നീതിമാനോട് കേരളം നീതികാട്ടുമോ?
cancel

ഭരണകൂടം അനുവദിച്ചാലല്ലാതെ ഒരു കലാപവും 24 മണിക്കൂറിലേറെ തുടരുകയില്ളെന്ന് പറഞ്ഞത് ഹാഷിംപുര കൂട്ടക്കൊല ഇരകള്‍ക്ക് നീതിക്കായി വാദിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിഭൂതി നാരായണ്‍ റായിയാണ്. രാജ്യത്തെ നടുക്കിയ വര്‍ഗീയ കലാപങ്ങള്‍ പലതും ഏതെങ്കിലും കുറച്ച് മതഭ്രാന്തര്‍ മാത്രം ചേര്‍ന്ന് സൃഷ്ടിച്ചതോ നടപ്പാക്കിയതോ ആയിരുന്നില്ല.  ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് അടിത്തറയിട്ട ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും നിഷ്ഠുരമായ നരോദപാട്യ കൂട്ടക്കൊല നടന്നത് പൊലീസ് സ്റ്റേഷന് 650 മീറ്റര്‍ മാത്രം അകലെവെച്ചാണ്. കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ 97 പേരെയാണ് പിന്നീട് വനിതാ ശിശുക്ഷേമ മന്ത്രിയായി അവരോധിക്കപ്പെട്ട ഡോ. മായാബെന്‍ കൊട്നാനിയും കൂട്ടരും കശാപ്പുചെയ്തത്. 62 മനുഷ്യരെ തീവെച്ചു കൊന്ന ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍നിന്ന് കഷ്ടി ഒന്നര കിലോമീറ്ററാണ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ദൂരം.
യജമാനന്‍െറ ഇംഗിതം നടക്കണമെന്ന് അവിടങ്ങളിലെ പൊലീസ് സേനാമേധാവികള്‍ തീരുമാനമെടുത്തതോടെ ഈ കൊടുംഹത്യകള്‍ക്ക് തടസ്സമേതുമില്ലാതെയായി. എന്നാല്‍, ഇതിലും വലിയൊരു കൂട്ടക്കൊല അരങ്ങേറുമായിരുന്നു ഭവ്നഗറില്‍. അവിടെ മുന്നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന മദ്രസയിലേക്ക് ആയുധങ്ങളുമായി പാഞ്ഞടുത്ത ആക്രമികളെ തുരത്തിയോടിച്ചു രാഹുല്‍ ശര്‍മ എന്നൊരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയോ മുഖ്യമന്ത്രിയോ ആയിരുന്നില്ല, രാജ്യത്തിന്‍െറ ഭരണഘടനയെയാണ് അദ്ദേഹം മേലധികാരിയായി മാനിച്ചിരുന്നത്. കലാപകാരികളെ തടയുകമാത്രമല്ല, വംശഹത്യയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമീഷന്‍ മുമ്പാകെ ആക്രമികളെക്കുറിച്ച്, അതിന് ആജ്ഞ നല്‍കിയവരെക്കുറിച്ച് തെളിവുകള്‍ നല്‍കാനും അദ്ദേഹം തയാറായി. ഫലമോ അവശേഷിച്ച സര്‍വിസ് കാലം ആകാവുന്ന രീതിയിലെല്ലാം വേട്ടയാടപ്പെട്ടു. എന്നാല്‍, കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ശര്‍മ തെറ്റുകാരനല്ളെന്ന് വിധിച്ചു. കേസുകള്‍ കെട്ടിച്ചമച്ചവരുടെ ദുഷ്ടലാക്കുകളെ വിമര്‍ശിച്ചു.
ഭാര്യയുടെ മരണശേഷം കുട്ടികളുടെ പഠനത്തിന് സൗകര്യപ്രദമായ രീതിയില്‍ നാട്ടിലേക്ക് സ്ഥലം മാറ്റം അഭ്യര്‍ഥിച്ചപ്പോള്‍ അതുപോലും നിരസിക്കപ്പെട്ടതോടെ രാജി വെച്ച് കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. എന്നാല്‍, വീണ്ടും കേസുകള്‍ കുത്തിപ്പൊക്കാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍. സ്വകാര്യ ആവശ്യത്തിന് വാഹനം ഉപയോഗിച്ചപ്പോള്‍ ഡ്രൈവര്‍ക്ക് നല്‍കിയ ബത്ത കൂടിപ്പോയെന്നാണ് പുതിയ കുറ്റം. വ്യാജ ഏറ്റുമുട്ടലിലൂടെ പൗരന്മാരുടെ ജീവനെടുത്ത പൊലീസുദ്യോഗസ്ഥര്‍ക്ക് പതക്കങ്ങളും ജയില്‍മോചനവും ലഭിക്കുന്ന നാട്ടില്‍ ശര്‍മയെപ്പോലൊരാള്‍ ശിക്ഷിക്കപ്പെടാതിരുന്നാലാണ് അദ്ഭുതം.
വേട്ടകള്‍, വ്യവഹാരങ്ങള്‍
ഇത്തരത്തില്‍ വേട്ടയാടപ്പെടുന്ന മറ്റൊരാള്‍ മലയാളിയായ മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍ ആണ്. വംശഹത്യ അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമീഷനു മുമ്പാകെ ഇദ്ദേഹം നല്‍കിയ സത്യവാങ്മൂലങ്ങളാണ് ചരിത്രം മറച്ചുവെച്ച് വികസന പുരുഷന്‍ ചമയാനുള്ള മോദിയുടെ ശ്രമങ്ങള്‍ക്ക് ഇപ്പോഴും വിഘാതം സൃഷ്ടിക്കുന്നത്. സര്‍വിസിലിരിക്കെ തുടങ്ങിയ ഇടപെടല്‍ ശ്രീകുമാര്‍ ഇപ്പോഴും തുടരുന്നു. ഭരണകൂടത്തിന് അരുനില്‍ക്കാഞ്ഞ ഉദ്യോഗസ്ഥനെ പാഠംപഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടവും നിര്‍ത്തിയിട്ടില്ല. ‘സമ്രാട്ടി’ന്‍െറ ശത്രു എന്ന നിലയില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സുഖാന്വേഷണ വിളിപോലും നടത്താറില്ളെങ്കിലും അതൊന്നും ഈ മനുഷ്യനെ പിന്നോട്ടടിപ്പിക്കുന്നില്ല. ഗുജറാത്തിലും സുപ്രീംകോടതിയിലുമായി തുടരുന്ന വ്യവഹാരങ്ങള്‍ക്ക് കുടുംബസ്വത്തുക്കള്‍പോലും വില്‍ക്കേണ്ടിവന്നു. എതിര്‍ കക്ഷികള്‍ അതിശക്തരാകയാല്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജിമാര്‍പോലും പിന്മാറുന്ന കോടതിയില്‍ ഇദ്ദേഹത്തിന്‍െറ വക്കാലത്തെടുക്കാന്‍ അഭിഭാഷകരില്‍ പലരും ഭയപ്പെടുന്നു. അപരന്‍െറ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അഹോരാത്രം പണിപ്പെട്ട ഈ മനുഷ്യന്‍െറ കേരളത്തിലെ അവശേഷിക്കുന്ന വസ്തുവകയിലൊന്ന് അന്യാധീനപ്പെടലിന്‍െറ വക്കിലാണ്. ഭാര്യ രാജ്യലക്ഷ്മിയുടെ പേരിലുള്ള വീട് വാടകക്കെടുത്ത തിരുവനന്തപുരത്തെ ബില്‍ഡര്‍ അത് അന്യായമായി കൈയടക്കാന്‍ ശ്രമിക്കുന്ന വിവരം കഴിഞ്ഞ മന്ത്രിസഭയിലെ ഏതാണ്ടെല്ലാ മന്ത്രിമാര്‍ക്കും അറിവുള്ള കാര്യമായിരുന്നു. ഉദ്യോഗക്കയറ്റം തടഞ്ഞും അപ്രധാന തസ്തികയിലേക്ക് മാറ്റിയും നരേന്ദ്ര മോദി ഗുജറാത്തിലിട്ട് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ സാറിങ്ങ് കേരളത്തിലേക്ക് പോര് എന്ന് സ്നേഹബഹുമാനങ്ങളോടെ ക്ഷണിച്ചയാളാണ് പഴയ മുഖ്യമന്ത്രി ഉമ്മന്‍  ചാണ്ടി. പക്ഷേ, വര്‍ഷങ്ങളായി വാടകപോലും കൊടുക്കുന്നില്ളെന്നും ബില്‍ഡര്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു എന്നുമുള്ള വിവരം കേരള പൊലീസിലെ ചില മാന്യരായ ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം പതിവുപോലെ പുരികം ചൊറിയുക മാത്രമാണ് ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയോട് വേണ്ടതുചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് അദ്ദേഹത്തിന്‍െറ പാര്‍ട്ടിയുടെ ഉന്നതനായ സംസ്ഥാന അധ്യക്ഷനെക്കണ്ട് ചിലര്‍ ബോധിപ്പിച്ചിരുന്നു. താന്‍ ഉടനടി വേണ്ടതു ചെയ്യുമെന്ന് മന്ത്രി നേരിട്ട് ഉറപ്പും നല്‍കിയിരുന്നൂ. ഫലം നാസ്തി. പണ്ട് കേരളത്തില്‍ ജോലിചെയ്ത പരിചയം വെച്ചോ, ഗുജറാത്തില്‍ ചെയ്ത നന്മക്ക് പകരമായോ ഉള്ള ഇടപെടലല്ല ഇവരോട് ചോദിച്ചത്- വാടക നല്‍കുന്നില്ളെന്നും കരാറുകള്‍ ലംഘിക്കുന്നുവെന്നും നഗരസഭയുടെ അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കാണിച്ച് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ അനുകൂല വിധി ലഭിച്ച ശേഷം അതു നടപ്പാക്കിക്കിട്ടാനുള്ള സഹായമാണ് തേടിയത്.
സ്വന്തം വീട്ടില്‍നിന്നും നാട്ടില്‍നിന്നും ആട്ടിയോടിക്കപ്പെട്ട നൂറുകണക്കിന് മനുഷ്യര്‍ക്ക് നീതി ലഭിക്കാന്‍ തന്നത്തെന്നെ മറന്ന് പണിപ്പെട്ട ഈ മനുഷ്യന്‍ ഇക്കുറി അവധിക്ക് നാട്ടില്‍ വന്നിട്ടും സ്വന്തം വീട്ടില്‍ താമസിക്കാനാവാതെ പൊലീസ് ക്ളബിലും സുഹൃത്തുക്കളുടെ വീട്ടിലും താമസിച്ച് മടങ്ങിപ്പോയി. ഈ  കുറിപ്പുകാരനോട് ഇക്കാര്യം പങ്കുവെച്ച സാമൂഹിക പ്രവര്‍ത്തകന്‍ ചോദിച്ചത് വേണ്ടതിനും വേണ്ടാത്തതിനും ഇടപെടുകയും ഇന്‍റലക്ച്വല്‍ ചമയുകയും ചെയ്യുമെങ്കിലും നിങ്ങള്‍ മലയാളികള്‍ അടിസ്ഥാനപരമായി നന്ദിയില്ലാത്തവരാണ് അല്ളേ എന്നാണ്. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായിരുന്ന ഡോ. ഐ.എസ്. ഗുലാത്തിയുടെ വീട് ബില്‍ഡിങ് മാഫിയ നശിപ്പിച്ച കാര്യം കൂടി ഉദാഹരിച്ചപ്പോള്‍ എതിര്‍ത്തു പറയാന്‍ ന്യായങ്ങളില്ലായിരുന്നു.
മത-വ്യവസായ കാരണങ്ങളാല്‍ ഇടതുപാളയത്തില്‍നിന്ന് സലാം ചൊല്ലി മുസ്ലിം ലീഗിലത്തെിയ വ്യവസായപ്രമുഖനായ അലി മന്ത്രി കൈയാളിയ വകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് ഗുജറാത്ത് ദുരിതാശ്വാസത്തിനു പിരിച്ച  ഫണ്ടിലെ അപാകതയെച്ചൊല്ലി മുസ്ലിം ലീഗില്‍നിന്ന് കലഹിച്ച് പിരിഞ്ഞ് ഇടതുപക്ഷം ചേര്‍ന്ന ചരിത്രാധ്യാപകന്‍ ജലീലാണ്. അവിഹിതമായി ഒന്നും മന്ത്രിയോട് അഭ്യര്‍ഥിക്കാനില്ല. ആ കോടതി വിധി നടപ്പാക്കാന്‍ മന്ത്രിയെന്ന നിലയില്‍ വേണ്ട ഇടപെടലുകള്‍ നടത്തണം എന്നു മാത്രം,  മലയാളികള്‍ അത്ര  നന്ദികെട്ടവരല്ല എന്ന് നാം നമ്മെയെങ്കിലും ഒന്നു ബോധ്യപ്പെടുത്തേണ്ടതില്ളേ?

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rb sreekumar
Next Story