ഹജ്ജ് സാര്‍ഥകമാകാന്‍ ഈ മുന്‍കരുതലുകള്‍
text_fieldsജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന അത്യപൂര്‍വമായ സമ്മേളനമാണ് ഹജ്ജ്. സാമ്പത്തികമായ ശക്തിക്ക് പുറമെ ആരോഗ്യംകൂടി ഹജ്ജിന് പോകുന്നവര്‍ക്ക് കൂടിയേ തീരൂ. മാനസികാരോഗ്യവും അത്യന്താപേക്ഷിതമാണ്. ഹജ്ജിലെ അനുഷ്ഠാനങ്ങള്‍ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഉംറയിലെ ത്വവാഫ് ഒരു മണിക്കൂറിലധികം വട്ടം നടക്കുന്ന പ്രക്രിയയാണ്. തിക്കും തിരക്കും ഉന്തും തള്ളും സഹിച്ചാല്‍ പോരാ, പൊരിഞ്ഞ ചൂടും. സഅ്യ് രണ്ടു മണിക്കൂറോളം സമയം നീളത്തില്‍ നടന്നും ഓടിയും കഴിച്ചുകൂട്ടണം. പ്രായമായവര്‍ക്ക് ഒരു സുപ്രഭാതത്തില്‍ ഇത് ചെയ്തുപൂര്‍ത്തീകരിക്കുക ക്ഷിപ്രസാധ്യമല്ല. അതിനാല്‍, ഹജ്ജിന് പോകാനൊരുങ്ങിയാല്‍ ദിവസവും വ്യായാമമെടുക്കണം. രാവിലെയോ വൈകീട്ടോ ഒരു മണിക്കൂറില്‍ കുറയാത്ത നടത്തം ശീലിക്കുക, തൊടിയില്‍ കൈക്കോട്ടെടുത്ത് തടം തീര്‍ക്കുക തുടങ്ങിയ ചെറിയ ജോലികള്‍ നേരത്തേ ശീലിക്കാന്‍ കഴിഞ്ഞാല്‍ മെയ്വഴക്കവും കാലുറപ്പും ഇബാദത്തുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായകമാവും.
യാത്രാസന്നാഹം
അത്യാവശ്യ സാധനങ്ങള്‍ മാത്രം കൈവശം കരുതുക. അനാവശ്യവും അമിത ഭാരമുള്ളതുമായ ഭാണ്ഡങ്ങള്‍ വര്‍ജിക്കുക. പാകം ചെയ്ത ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടൊപ്പം കൂടെ കരുതുക. തലവേദന, പനി, ഛര്‍ദി, ജലദോഷം തുടങ്ങിയ സാധാരണ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കൈവശം സൂക്ഷിക്കേണ്ടതാണ്. മഹാഭൂരിപക്ഷം പേര്‍ക്കും കാലാവസ്ഥയിലെ മാറ്റങ്ങള്‍മൂലം മേല്‍പറഞ്ഞ അസുഖങ്ങള്‍ പിടികൂടുമെന്നതിനാല്‍ മെഡിസിന്‍കിറ്റ് നിര്‍ബന്ധമാണ്. ലഗേജില്‍ സ്വന്തം പേരും വിലാസവും വ്യക്തമാക്കണം. ഇഹ്റാമിനുള്ള രണ്ടു ജോടി വസ്ത്രമെങ്കിലും ഓരോ തീര്‍ഥാടകനും ബാഗില്‍ സൂക്ഷിക്കുക, രേഖകള്‍ സൂക്ഷിക്കാനുള്ള ഒരു ഹാന്‍ഡ്ബാഗ് തീര്‍ഥാടകര്‍ക്ക് പ്രയോജനം ചെയ്യും. പാസ്പോര്‍ട്ടിന്‍െറയും ടിക്കറ്റിന്‍െറയും ഒരു കോപ്പി വീട്ടിലും ഒരു കോപ്പി യാത്രയില്‍ കൊണ്ടുവരുന്ന ഹാന്‍ഡ് ബാഗിലും സൂക്ഷിക്കണം. പാസ്പോര്‍ട്ട്, ടിക്കറ്റ്, പണം, യാത്രോപയോഗത്തിനായി ബ്രഷ്, പേസ്റ്റ്, മുസല്ല, ബെഡ്ഷീറ്റ്, പുതപ്പ്, കാലുറ, രണ്ടു ജോടി ഹവായ് ചെരിപ്പ്, ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങള്‍ എന്നിവ ആവശ്യമാണ്. ഹറമില്‍ ആവശ്യത്തിന് ഖുര്‍ആന്‍െറ കോപ്പി ലഭിക്കുമെങ്കിലും റൂമിലും മറ്റുമുള്ള ആവശ്യത്തിനുപയോഗിക്കാന്‍ ഒരു മുസ്ഹഫ് ആവശ്യമാണ്.
വധശിക്ഷാര്‍ഹമായ കുറ്റം
സൗദിയില്‍ മയക്കുമരുന്ന് കടത്തുന്നത് വധശിക്ഷ അര്‍ഹിക്കുന്ന മഹാപാതകമാണ്. മലയാള നാടിന്‍െറ വിവിധ പ്രദേശങ്ങളും കോഴിക്കോട്, മുംബൈ, ചെന്നൈ തുടങ്ങിയ വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച്, സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്ന ശക്തമായ ലോബി പ്രവര്‍ത്തിച്ചുവരുന്നതായി പലരും ചൂണ്ടിക്കാട്ടുന്നു. ഈ അധോലോക നായകന്മാരുടെ കെണിയില്‍പെട്ട് സ്വയം അറിയാതെ മയക്കുമരുന്ന് വാഹകരാകാനുള്ള സാധ്യത ഏറെയാണ്. ഹാജിമാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പിടിക്കപ്പെട്ടാല്‍ തങ്ങളുടെ നിരപരാധിത്വം വിശദീകരിക്കാനുള്ള സാവകാശമോ സന്ദര്‍ഭമോപോലും ലഭിക്കില്ല. അതിനാല്‍, യാത്രക്കിടയില്‍ അപരിചിതര്‍ നല്‍കുന്ന കെട്ടുകളോ പൊതികളോ കവറുകള്‍ പോലുമോ സ്വീകരിക്കാതിരിക്കുക. സ്ത്രീ യാത്രികരുടെ നിസ്സഹായാവസ്ഥയും പരിചയക്കുറവും ചൂഷണംചെയ്ത്, എയര്‍പോര്‍ട്ടിനകത്തുവെച്ചുപോലും കബളിപ്പിക്കപ്പെടാന്‍ നല്ല സാധ്യതയുള്ളതിനാല്‍ അവര്‍ യാത്രാവസാനം വരെ അനുഗമിക്കുന്ന സ്വന്തക്കാരോ വിശ്വസ്തരോ ആയ സഹയാത്രികരില്ലാതെ ഒറ്റക്കാവരുത്.
എയര്‍പോര്‍ട്ടുകളില്‍
ഉറ്റവരോടും ഉടയവരോടും യാത്രപറഞ്ഞ് നാട്ടിലെ വിമാനത്താവളത്തില്‍ പ്രവേശിച്ച് എയര്‍ലൈന്‍സിന്‍െറ കൗണ്ടറില്‍ ചെന്ന്ബാഗേജ് തൂക്കുക. ടിക്കറ്റ് ഹാജരാക്കി ബോര്‍ഡിങ് പാസ് കരസ്ഥമാക്കുകയാണ് ആദ്യപടി. സഹായത്തിന് നിങ്ങള്‍ മാത്രമേ ഉണ്ടാവൂ എന്ന് മനസ്സിലാക്കി കൗണ്ടറില്‍ സമീപിച്ച് ബോര്‍ഡിങ് പാസ് കരസ്ഥമാക്കി സെക്യൂരിറ്റി ചെക്കിന്‍െറ സമയമാവുമ്പോള്‍ ഇവിടെ സ്ക്രീനിങ്ങിന് വിധേയമാക്കുക.
ഇഹ്റാമില്‍ പ്രവേശിക്കും മുമ്പ് ഹജ്ജ് ക്യാമ്പുകളില്‍വെച്ചാണ് ഇഹ്റാമില്‍ പ്രവേശിക്കേണ്ടത്. വിമാനത്തില്‍ മീഖാത്ത് എത്തുന്നതിന് 30 മിനിറ്റ്് മുമ്പ് അറിയിപ്പ് ഉണ്ടാവുകയാണെങ്കില്‍ നിയ്യത്ത് പുതുക്കുകയുമാവാം. ഏറ്റവും വലിയ എയര്‍പോര്‍ട്ടുകളിലൊന്നായ മലിക് അബ്ദുല്‍ അസീസ് ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഹാജിമാര്‍ക്ക് മാത്രമുള്ള ടെര്‍മിനലുണ്ട്. ജിദ്ദ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൗണ്ടറില്‍നിന്ന് പാസ്പോര്‍ട്ട് സീലടിച്ചു കിട്ടിയാലുടന്‍ ലഗേജുകള്‍ തിരിച്ചറിഞ്ഞ് അവ കരസ്ഥമാക്കി കസ്റ്റംസ് പരിശോധനയും കഴിച്ച് വിശ്രമത്തിനായുള്ള വിശാലമായ സ്ഥലത്തേക്ക് എത്തിച്ചേരാം.
കൈവശമുള്ള ഡ്രാഫ്റ്റുകള്‍ ആവശ്യമെങ്കില്‍ ബാങ്കുകളുടെ ടെര്‍മിനലില്‍ പാസ്പോര്‍ട്ട് സഹിതം കൊടുത്താല്‍ ഡ്രാഫ്റ്റ് മാറിക്കിട്ടും. റസ്റ്റാറന്‍റുകള്‍, ടോയ്ലറ്റ്, പള്ളി, ടെലിഫോണുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ധാരാളമുണ്ട്. എയര്‍പോര്‍ട്ടിലെ ടെര്‍മിനലില്‍ ബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ വന്ന് നിങ്ങളെ സ്വീകരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എയര്‍പോര്‍ട്ടിലെ നടപടിക്രമങ്ങളും മുത്വവ്വിഫിന്‍െറ വാഹനങ്ങളില്‍ മക്കയിലത്തെുന്നതുവരെ എല്ലാ കാര്യങ്ങളും തീര്‍ഥാടകര്‍ സ്വയം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആവശ്യമുള്ള മാര്‍ഗനിര്‍ദേശം നല്‍കാനായി ഹജ്ജ് വകുപ്പ് അധികൃതരും മുത്വവ്വിഫിന്‍െറ പ്രതിനിധികളും ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഹജ്ജ്സെല്‍ പ്രതിനിധികളുമുണ്ടാവും.
മക്കയിലേക്ക് മുത്വവ്വിഫിന്‍െറ വാഹനം
ജിദ്ദ വിമാനത്താവളത്തില്‍നിന്ന് മുത്വവ്വിഫിന്‍െറ വാഹനത്തിലാണ് തീര്‍ഥാടകര്‍ മക്കയിലേക്ക് യാത്രപോവുക. കയറാനുള്ള ബസ് എയര്‍പോര്‍ട്ടിലെ മുത്വവ്വിഫിന്‍െറ പ്രതിനിധികള്‍ കാണിച്ചുതരും. അവിടെ പാസ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് ബസ് ഡ്രൈവറെ ഏല്‍പിക്കുക. സ്വന്തം ലഗേജുകള്‍ നിങ്ങള്‍ സഞ്ചരിക്കുന്ന ബസില്‍ കയറ്റിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ലഗേജുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. നേരിട്ട് മക്കയിലെ താമസസ്ഥലത്തേക്ക് മുത്വവ്വിഫിന്‍െറ അറിവോടെ തീര്‍ഥാടകരെ എത്തിക്കുന്ന സംവിധാനമാണുള്ളത്. തീര്‍ഥാടകരുടെ യാത്ര, മക്കയിലെയും മദീനയിലെയും താമസം, പാസ്പോര്‍ട്ട് കാര്യങ്ങള്‍, മദീന, അറഫ, മിന യാത്രകള്‍ എന്നിവയൊക്കെ മുത്വവ്വിഫിന്‍െറ മേല്‍നോട്ടത്തിലാക്കണമെന്നത്രെ സൗദി അധികൃതര്‍ അനുശാസിക്കുന്നത്. മുത്വവ്വിഫ് നല്‍കുന്ന ബാഡ്ജുകള്‍ ധരിക്കുക. നിങ്ങളെ സഹായിക്കാനുള്ള വഴികാട്ടിയത്രെ ഇത്തരം കാര്‍ഡുകള്‍.
താമസ സൗകര്യങ്ങള്‍
ഹജ്ജ് തീര്‍ഥാടനത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ് മക്കയിലെ താമസ സൗകര്യം. പതിവുശീലങ്ങളും ശൈലികളും മാറ്റിവെച്ച് ഒരു പുതിയ ശയന രീതി അവലംബിക്കേണ്ടിവരും. സ്യൂട്ട്കേസ്, ബാഗ് തുടങ്ങിയവ ഈ സ്ഥലത്തുതന്നെ സൂക്ഷിക്കുകയും വേണം. മിനായിലാണെങ്കില്‍ പറയേണ്ടതുമില്ല. എത്ര സൗകര്യങ്ങള്‍ ഒരുക്കിയാലും മതിയാവാത്ത അവസ്ഥ. ഇവിടെ പ്രാഥമിക കാര്യങ്ങള്‍ക്ക് മണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവന്നേക്കാം. ഓരോ മുത്വവ്വിഫിനും പ്രത്യേകം പ്രത്യേകം ടെന്‍റുകള്‍. സ്വന്തം ടെന്‍റുകള്‍ സൂക്ഷ്മമായി നോക്കിവെച്ചില്ളെങ്കില്‍ വഴിതെറ്റും, തീര്‍ച്ച.
തിരക്കിലും മുന്‍പന്തിയില്‍
സര്‍വരാജ്യ പ്രതിനിധികള്‍ സമ്മേളിക്കുന്ന മനുഷ്യമഹാ സദസ്സാണ് ഹജ്ജ്. നിശ്ചിതസമയത്ത് നിര്‍ണിത സ്ഥലങ്ങളില്‍ എത്തിച്ചേരുന്ന വിശ്വാസികളുടെ സമൂഹം. എല്ലാ കര്‍മങ്ങളും നിശ്ചിത സ്ഥലത്തും സമയത്തും വെച്ചാവുമ്പോള്‍, വ്യക്തിഗതമായി ഓരോരുത്തരും അനുഷ്ഠിക്കേണ്ട കര്‍മമാവുമ്പോള്‍ വമ്പിച്ച തിരക്ക് എവിടെയും അനുഭവവേദ്യമാവും. അപ്രതീക്ഷിതമായി തിരക്കില്‍പെട്ടുപോയാല്‍ ശ്വാസതടസ്സം വരാതെ നോക്കണം. തിരക്കില്‍ നടന്നകലുമ്പോള്‍ ഇരുകൈകളും നെഞ്ചില്‍ ചേര്‍ത്തുപിടിക്കുക. തിരക്കിനെതിരെ പോവാതിരിക്കുക. പാദങ്ങള്‍ നിലത്തുറപ്പിച്ചു നടക്കുക. താഴെ വീഴാതെ ശ്രദ്ധിക്കണം. എന്തുതന്നെ താഴെ വീണുപോയാലും അതെടുക്കാനൊരുമ്പെടരുത്.
ആരോഗ്യപരിപാലനം
കൊടും ചൂടും തണുത്ത കാറ്റും ഏത് ആരോഗ്യവാന്‍െറയും താളം തെറ്റിക്കും. ജലദോഷം, പനി, ആലസ്യം, വരണ്ടുവറ്റിയ കണ്ഠനാളം പോലുള്ള അസുഖം ബാധിക്കാത്തവര്‍ വിരളം. ഏത് തരത്തിലുള്ള അനാരോഗ്യമുണ്ടായാലും സഹായിക്കാനുള്ള സുഹൃത്തിനെ അറിയിക്കുക. സമീപസ്ഥമായ ഡോക്ടറെയോ ഡിസ്പന്‍സറികളെയോ സമീപിക്കാം. സൗജന്യ പരിശോധനയും മരുന്നുകളും ഹജ്ജ് കമ്മിറ്റി വഴിയുള്ള യാത്രികര്‍ക്ക് ലഭ്യമാണ്. മസ്ജിദുല്‍ ഹറമിന് ചുറ്റുമായി അര ഡസനോളം താല്‍ക്കാലിക ഡിസ്പന്‍സറികള്‍ ഹജ്ജ്സമയത്ത് തുറന്നുപ്രവര്‍ത്തിക്കും.
പുകവലിയും തീപിടിത്തവും
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പുകവലി, വെറ്റില മുറുക്കല്‍ എന്നിവയിലൂടെ സഹയാത്രികരെ ദ്രോഹിക്കരുത്. മക്കയിലും പരിസരങ്ങളിലും അഗ്നിബാധയുണ്ടായ സംഭവങ്ങളധികവും തീര്‍ഥാടകരുടെ അറിവുകേടും അശ്രദ്ധയുംമൂലമാണ്. തീപിടിത്തം തടയാന്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുക. സ്വന്തത്തെയും സമൂഹത്തെയും കൊലചെയ്യുന്ന പുകവലിയില്‍നിന്ന് ഹാജിമാര്‍ ഒഴിഞ്ഞുനില്‍ക്കുക.
ജംറകളിലെ കല്ലേറ്
ദുല്‍ഹജ്ജ് 10 മുതല്‍ 13 വരെയാണ് ജംറകളിലെ കല്ളേറ്. വലിയ മുന്‍കരുതല്‍ വേണം. അഞ്ചോ ആറോ പേരുള്ള ചെറിയ ഗ്രൂപ്പുകളായി തിരിച്ചറിയാനുള്ള എന്തെങ്കിലും അടയാളവുമേന്തി കല്ളേറിന് പുറപ്പെടണം. ജംറയുടെ സമീപത്തത്തെിയാല്‍ രംഗനിരീക്ഷണം നടത്തി തിരക്കൊഴിഞ്ഞ ഭാഗം ഏതെന്ന് മനസ്സിരുത്തി ശ്രദ്ധിച്ചും ചിന്തിച്ചും തിരക്കൊഴിഞ്ഞ ഒഴിവിലൂടെ മന്ദംമന്ദം മുന്നോട്ടുനീങ്ങി തിരക്കുകൂട്ടാതെ കല്ലുകള്‍ എറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.