നഷ്ടസൗഭാഗ്യം
text_fieldsഉദാരമതികളുടെ പാര്‍ട്ടിയാണ് ബി.ജെ.പി എന്നു പറയേണ്ടതില്ലല്ളോ. ആശ്രിതവത്സലനാണ് അമിത് ഷാ. അദ്ദേഹം ഉദാരമായാണ് എല്ലാവര്‍ക്കും സ്ഥാനമാനങ്ങള്‍ വീതിച്ചുനല്‍കുന്നത്. പാര്‍ട്ടിയില്‍ എത്രകൊല്ലം തപസ്സനുഷ്ഠിച്ചു എന്നു നോക്കിയല്ല അദ്ദേഹത്തിന്‍െറ വരപ്രസാദം. അതിന് പരിഗണനകള്‍ വേറെയുണ്ട്. സിനിമയില്ലാതെ വീട്ടിലിരിക്കുമ്പോള്‍ വെളിപാടുണ്ടായി സനാതനധര്‍മം പുലര്‍ത്താന്‍ പാര്‍ട്ടിയിലിറങ്ങിയ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയെ അങ്ങ് രാജ്യസഭ വരെ എത്തിച്ചത് ആ വിശാലമനസ്സിന്‍െറ ഉദാരത തന്നെ. ഇന്നലെ വന്നുകയറിയവര്‍ക്ക് വലിയ വലിയ സ്ഥാനമാനങ്ങള്‍ കൊടുക്കുമ്പോള്‍ സങ്കടപ്പെട്ടു നില്‍ക്കുന്നത് പതിറ്റാണ്ടുകളായി പാര്‍ട്ടിക്കുവേണ്ടി അലഞ്ഞുനടന്നവരാണ്. പാര്‍ലമെന്‍റില്‍ പാര്‍ട്ടിക്ക് രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന കാലംതൊട്ട് താമര നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നവരുണ്ട്. അവരോടുമാത്രമില്ല ഈ ഉദാരത എന്നാണ് അണികളുടെ സങ്കടം. അല്‍ഫോണ്‍സ് കണ്ണന്താനത്തെ ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്ററായി നിയമിക്കാന്‍ പോവുന്നു എന്നു കേട്ടപ്പോള്‍ അമര്‍ഷം ഉള്ളിലൊതുക്കിയ അണികള്‍ക്ക് സന്തോഷമായത് നിയമനം മരവിപ്പിച്ചപ്പോഴാണ്. എം.ജെ. അക്ബറിനെയും മുഖ്താര്‍ അബ്ബാസ് നഖ്വിയെയും പോലെ ബി.ജെ.പിയുടെ ന്യൂനപക്ഷമുഖമായതുകൊണ്ട് പദവികള്‍ എളുപ്പം തേടിവരും. എന്നാലും ,സുരേഷ് ഗോപിക്ക് എന്‍.എഫ്.ഡി.സി ചെയര്‍മാന്‍ പദവി കൊടുക്കുമെന്നു പറഞ്ഞ് മോഹിപ്പിച്ചതുപോലെയായിപ്പോയി. വിശിഷ്ടപൗരന്മാര്‍ക്കായുള്ള നോമിനേറ്റഡ് അംഗത്വം കൊടുത്ത് രാജ്യസഭയിലിരുത്തിയാണ് പഴയ രോഷാകുലനായ യുവാവിനെ ആശ്വസിപ്പിച്ചത്. ഇനി കണ്ണന്താനത്തിനും വേണ്ടിവരും അതുപോലൊരു ആശ്വാസപദവി.
കണ്ണന്താനത്തിന് ഇത് നഷ്ടസൗഭാഗ്യം. ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ പദവിയാണ് നഷ്ടപ്പെട്ടത്. മോദി സര്‍ക്കാര്‍ അധികാരത്തിലത്തെിയതിനുശേഷം ഒരു മലയാളിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പദവി. ന്യൂനപക്ഷങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ അംഗീകാരമാണ് തനിക്ക് ലഭിച്ച പദവിയെന്നൊക്കെ മാധ്യമങ്ങളോട് തട്ടിവിട്ടിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഇങ്ങനെയൊരു ബെര്‍ത്ത് പാര്‍ട്ടിയില്‍ ഉള്ളതുകൊണ്ട് ഇതില്‍ ചേരുന്നവര്‍ക്ക് എളുപ്പം പദവി കിട്ടും എന്ന് സൂചിപ്പിക്കാനാണ് അമിത് ഷാ നിയമനത്തിലൂടെ ഉദ്ദേശിച്ചത്. രണ്ടുകൊല്ലം മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്ന എം.ജെ. അക്ബര്‍ എത്ര പെട്ടെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായത്. ഹിന്ദുവര്‍ഗീയപാര്‍ട്ടി എന്ന ദുഷ്പ്പേര് മാറ്റിക്കിട്ടാനുള്ള തന്ത്രത്തിന് അനുസരിച്ചു നീങ്ങുന്ന കളിപ്പാവകളിലൊന്നാണ് കണ്ണന്താനം. സ്ഥാനമാനങ്ങള്‍ എവിടെ കിട്ടും, അവിടേക്കുപോവും. സ്വന്തമായി ആശയമോ ആദര്‍ശമോ ഇല്ല. രാഷ്ട്രീയ നിലപാടുപോലുമില്ല. പ്രത്യയശാസ്ത്രം ഒരു ഭാരമല്ല. ഭാരമുള്ള പദവിമാത്രം മുഖ്യം. ഇടതുസ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയില്‍നിന്ന് നിയമസഭയിലത്തെിയിട്ട് അഞ്ചുകൊല്ലം തികയുംമുമ്പ് നിതിന്‍ ഗഡ്കരിയുടെ കൈയില്‍നിന്ന് മെംബര്‍ഷിപ് വാങ്ങിയത് വലിയ പദവികള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. കേരളത്തിലിരിക്കുന്നവര്‍ കാലങ്ങളായി കാവിയുടുത്തുനടന്നിട്ടും കിട്ടാത്ത ദേശീയ നിര്‍വാഹകസമിതി അംഗത്വം കിട്ടിയപ്പോള്‍ തന്നെ ഉറപ്പായിരുന്നു വര്‍ഗീയപാര്‍ട്ടിയുടെ ദുഷ്പ്പേര് മാറ്റാന്‍ ഉതകുന്ന പേരും വംശവുമാണ് തന്‍േറതെന്ന്.
ചണ്ഡിഗഢില്‍ പോയി ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കണമെന്നൊക്കെ വിചാരിച്ചതാണ്. നടന്നില്ല. കോട്ടയം കലക്ടറായിരുന്നപ്പോള്‍ നടപ്പാക്കിയ പരിപാടിയാണ് ജനസമ്പര്‍ക്കം. സിവില്‍ സര്‍വിസ് വിട്ട് രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ കൊടിപിടിച്ച് ജനമധ്യത്തില്‍ നടക്കുന്ന നേതാവാകാനല്ല ആഗ്രഹിച്ചത്. ഇതുപോലുള്ള അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളാണ്. പക്ഷേ ,പഞ്ചാബിലെ ഭരണകക്ഷിയും പ്രതിപക്ഷവും സമ്മതിച്ചില്ല. പഞ്ചാബിനും ഹരിയാനക്കും കൂടി ആകെയുള്ള തലസ്ഥാനമാണ് ചണ്ഡിഗഢ്. രണ്ടു സംസ്ഥാനങ്ങളും അവരവരുടേതെന്ന് അവകാശവാദം ഉന്നയിക്കുന്ന ഇടം. പത്തു മുപ്പതുകൊല്ലം മുമ്പ് അവിടെ അഡ്മിനിസ്ട്രേറ്റര്‍ ഉണ്ടായിരുന്നു. പിന്നെ ഭരിക്കുന്ന പണി പഞ്ചാബ് ഗവര്‍ണര്‍ക്ക് കൊടുത്തു. ഭരണം പഞ്ചാബ് ഗവര്‍ണറില്‍നിന്ന് മാറ്റി പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചാല്‍ പഞ്ചാബിലെ ജനങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് വിട്ടുപോകുമെന്ന് പേടിപ്പിച്ചത് പ്രകാശ് സിങ് ബാദല്‍. സഖ്യകക്ഷി ശിരോമണി അകാലിദളിന്‍െറ നേതാവും മുഖ്യമന്ത്രിയുമാണ്. അടുത്ത കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈയൊരൊറ്റ കാരണംകൊണ്ട് പാര്‍ട്ടി തോറ്റു തൊപ്പിയിടുമെന്നു പേടിപ്പിച്ചപ്പോള്‍ അമിത് ഷാക്ക് അനുസരിക്കാതെ നിവൃത്തിയില്ലായിരുന്നു. പഞ്ചാബില്‍നിന്ന് ചണ്ഡിഗഢിനെ തട്ടിയെടുക്കാന്‍ വന്ന ആളായാണ് പ്രതിപക്ഷ പാര്‍ട്ടികളും കണ്ണന്താനത്തെ കണ്ടത്.
1953 ആഗസ്റ്റ് എട്ടിന് കോട്ടയം ജില്ലയിലെ മണിമലയില്‍ ജനനം. പിതാവ് കെ.വി .ജോസഫ്. മാതാവ് ബ്രിജിത്ത് ജോസഫ്. പിതാവ് രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരനായിരുന്നു. യുദ്ധത്തിനുശേഷം നാട്ടില്‍ വന്ന് സ്കൂള്‍ അധ്യാപകനായി. ഒമ്പതുകുട്ടികളില്‍ ഒരാളായിരുന്നു അല്‍ഫോണ്‍സ്. രണ്ടു കുട്ടികളെ അവര്‍ അനാഥാലയത്തില്‍നിന്ന് ദത്തെടുക്കുകയും ചെയ്തിരുന്നു. വൈദ്യുതി പോലും ചെന്നത്തെിയിട്ടില്ലാത്ത കുഗ്രാമത്തിലെ മലയാളം മീഡിയം സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. പത്താംക്ളാസ് പാസാവില്ളെന്ന് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ പിതാവിനോടു പറഞ്ഞിരുന്നതാണ്. പക്ഷേ ,42 ശതമാനം മാര്‍ക്കോടെ വിജയിച്ചത് വലിയ അദ്ഭുതമായി. അന്ന് മണിമലയാറിന്‍െറ തീരത്തുപോയിരുന്ന് സ്വയം ചോദിച്ചു, ‘എന്തിനാണ് ഞാന്‍ ജനിച്ചത്?’ ഈ ലോകത്തെ മാറ്റിമറിക്കാന്‍ എന്നാണ് കണ്ടത്തെിയ ഉത്തരം. അന്നുമുതല്‍ ഈ ലോകത്തെ മാറ്റിമറിക്കാന്‍ ശ്രമിച്ചുവരുകയാണ്. സിവില്‍ സര്‍വിസു വഴി ലോകത്തെ മാറ്റിമറിക്കാന്‍ കുറേ ശ്രമിച്ചു. അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയപ്പോള്‍ ഡിമോലിഷന്‍ മാന്‍, മിറാക്കിള്‍ മാന്‍ എന്നൊക്കെ ഇംഗ്ളീഷ് മാധ്യമങ്ങള്‍ സ്തുതി പാടി. ഇടതുപിന്തുണയോടെ നിയമസഭയിലേക്കു കടന്നുചെന്നത് കേരളത്തെ അടിമുടി മാറ്റിക്കളയാം എന്നു വിചാരിച്ചായിരുന്നു. വിചാരിച്ചതുപോലെ നടക്കാതിരുന്നതുകൊണ്ടാണ് 2011 മാര്‍ച്ച് 24ന് ബി.ജെ.പിയില്‍ ചേര്‍ന്നത്.
1979ല്‍ സിവില്‍ സര്‍വിസ് പരീക്ഷ പാസായി. 1988ല്‍ കോട്ടയം ജില്ലാ കലക്ടറായപ്പോഴാണ് ജനശ്രദ്ധ നേടിയത്. കോട്ടയത്തെ സമ്പൂര്‍ണ സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ഡല്‍ഹി ഡെവലപ്മെന്‍റ് അതോറിറ്റി കമീഷണറായി നിയമിക്കപ്പെട്ടപ്പോഴാണ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി പതിനായിരം കോടി രൂപയുടെ ഭൂമി തിരിച്ചുപിടിച്ചു.1994ല്‍ ടൈം മാഗസിന്‍െറ നൂറ് ആഗോള നേതാക്കളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ കണ്ണന്താനത്തെ സഹായിച്ചത് ഈ നടപടികളായിരുന്നു. 2009ല്‍ മികച്ച എം.എല്‍.എക്കുള്ള അംഗീകാരം നേടി. ‘മേക്കിങ് എ ഡിഫറന്‍സ്’ എന്ന പുസ്തകം ബെസ്റ്റ് സെല്ലറായി. ‘ഇന്ത്യ: മാറ്റത്തിന്‍െറ മുഴക്കം’ എന്ന പേരില്‍ ഇത് മലയാളത്തില്‍ വിവര്‍ത്തനംചെയ്യപ്പെട്ടിട്ടുണ്ട്. പ്രചോദനാത്മക പ്രസംഗങ്ങള്‍ നടത്തുന്ന പതിവുണ്ട്. ഭാര്യ ഷീല. രണ്ടു മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.