Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതെരുവുനായ്ക്കള്‍ പുതിയ...

തെരുവുനായ്ക്കള്‍ പുതിയ നരഭോജികള്‍

text_fields
bookmark_border
തെരുവുനായ്ക്കള്‍ പുതിയ നരഭോജികള്‍
cancel

നേരം ഇരുട്ടിത്തുടങ്ങിയാല്‍ ആളുകള്‍  പുറത്തേക്കിറങ്ങുന്നത്  അല്‍പം ഭീതിയോടുകൂടിയാണ്.  കാരണം കേരളം ഇപ്പോള്‍ തെരുവു നായ്ക്കളുടെ സിരാകേന്ദ്രമായി മാറിയിരിക്കുന്നു.   സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും  തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരകളാവുന്നത്.  വെള്ളിയാഴ്ച രാത്രി തലസ്ഥാനത്തെ  തീരപ്രദേശമായ പുല്ലുവിളയില്‍ ശീലുവമ്മ എന്ന വൃദ്ധയെ തെരുവു നായ്ക്കള്‍ കടിച്ചു കീറി കൊലപ്പെടുത്തിയ സംഭവം ആരെയും ഞെട്ടിപ്പിക്കുന്നതാണ്.  പ്രാണനുവേണ്ടി നിലവിളിക്കുന്ന അമ്മയെ രക്ഷിക്കാന്‍ എത്തിയ മകനുനേരെയും നായ്ക്കൂട്ടത്തിന്‍െറ ആക്രമണം ഉണ്ടായി. ഒടുവില്‍ കടലില്‍ ചാടിയാണ് ആ മകന്‍ സ്വന്തം ജീവന്‍ രക്ഷപ്പെടുത്തിയത്. എന്നാല്‍, പുല്ലുവിള സ്വദേശികളെ  നായ ആക്രമിക്കുന്നത് ഇത് ആദ്യമായല്ല. ഇരകളെ വളഞ്ഞ് ആക്രമിക്കുന്ന നായ്ക്കളുടെ കടിയേറ്റവര്‍ പ്രദേശത്ത് 50ഓളം വരും.  ഇത്  കേരളത്തിലുടനീളമുള്ള ഗുരുതര പ്രശ്നമാണ്.  നായ്ക്കളാല്‍ ഗുരുതരമായി ആക്രമിക്കപ്പെടുമ്പോള്‍മാത്രം  ചര്‍ച്ചകള്‍ ഉയര്‍ന്നു വരികയും  അതിനുശേഷം  വിസ്മൃതിയിലേക്ക് മറയുകയും  ചെയ്യുകയാണ് പതിവ്. ഇതിനപ്പുറത്തേക്ക്  തെരുവു നായ്ക്കളുടെ കാര്യത്തില്‍  ഫലപ്രദമായ ഒരിടപെടലിന് സര്‍ക്കാറും സന്നദ്ധ സംഘടനകളും ആവശ്യമായ രീതിയില്‍ നടപടികള്‍ കൈക്കൊണ്ടെങ്കില്‍ ഇത്തരം ഭീതിപ്പെടുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമായിരുന്നില്ല.

അറുപതോളം നായ്ക്കള്‍ ഒരു വൃദ്ധയെ കടിച്ചുകൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി   മേനക ഗാന്ധിയുടെ  പ്രതികരണം ഏറെ അമ്പരപ്പിക്കുന്നതാണ്. ബീച്ചിലേക്ക് പോയ സ്ത്രീയുടെ കൈവശം മാംസഭാഗം എന്തോ ഉണ്ടായിരിക്കണം, അല്ലാതെ നായ്ക്കള്‍ വെറുതെ   ആക്രമിക്കില്ല. മാത്രമല്ല, നായ്ക്കളെ വന്ധ്യംകരിക്കാത്തതിനാലാണ് ആക്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. നല്ല വീടും ഗേറ്റും സഞ്ചരിക്കാന്‍ കാറും  തുടങ്ങിയ സൗകര്യങ്ങളില്‍ ശീതീകരണ മുറികളില്‍വെച്ച് അധികാരികള്‍ക്ക് എന്തും വിളംബരം ചെയ്യാം. എന്നാല്‍, സായാഹ്ന സവാരിക്കോ കാറ്റുകൊള്ളാനോ അല്ല ആ വൃദ്ധ ബീച്ചിലേക്ക് പോയതെന്ന് ഓര്‍ക്കണം. മാസങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന തെരുവുനായ് പ്രശ്നത്തിന് ഉത്തരവാദികളാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടത്തൊതെ ഏതെങ്കിലും പ്രദേശത്ത് കടിയേല്‍ക്കുമ്പോള്‍ ചര്‍ച്ചചെയ്ത് മറക്കുന്നതിനാല്‍ തെരുവുനായ് ഭീഷണി നിത്യപ്രതിസന്ധിയായി നമുക്ക് മുന്നിലുണ്ടാകുന്നു. ഭരണകൂടത്തിന്‍െറ ഉദാസീനത  തെരുവു നായ്ക്കളുടെ ആക്രമണത്തിന്‍െറ അളവ് വലിയ രീതിയില്‍ വര്‍ധിക്കുന്നതിന് കാരണമാണ്. കൃത്യമായതും വ്യക്തമായതുമായ പദ്ധതികളുടെ ആസൂത്രണത്തോടെ മാത്രമേ വര്‍ധിച്ചുവരു ആക്രമണങ്ങള്‍ തടയിടാനാവൂ.

കേരളത്തില്‍ 2.5 ലക്ഷം തെരുവു നായ്ക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്.  എന്നാല്‍, 2016ലെ കണക്കുകള്‍മാത്രം എടുത്തു പരിശോധിച്ചാല്‍ 31334 പേര്‍ക്ക്  പേവിഷബാധയേറ്റിട്ടുണ്ട്.  ലോകത്താകെ  പേവിഷബാധമൂലം മരിക്കുന്നവരുടെ  മൂന്നിലൊന്നും ഇന്ത്യയിലാണ്. റോഡുകളില്‍, പാര്‍ക്കുകളില്‍, ബീച്ചുകളില്‍, കളിസ്ഥലങ്ങളില്‍, വിദ്യാലയങ്ങളില്‍, ആശുപത്രികളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കള്‍ തന്നെയാണ് ഓരോ ജീവനും ഭീഷണിയായി മാറുന്നത്.   നായ്ക്കളെ  കൊല്ലാന്‍  കേന്ദ്രനിയമവും  സുപ്രീംകോടതി വിധിയുമെല്ലാം ലംഘിക്കണം.  സംസ്ഥാന സര്‍ക്കാറിന്  സ്വന്തം പരിധിയില്‍നിന്നുകൊണ്ടുതന്നെ എന്തൊക്കെ ചെയ്യാന്‍  കഴിഞ്ഞുവെന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു.

കോടികള്‍ ചെലവിടുന്നു

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍  പേവിഷബാധക്കെതിരെ  സംസ്ഥാനം ചെലവഴിച്ചത് 20 കോടിയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  2014, 2015 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍  സംസ്ഥാനത്ത് ഒരുലക്ഷത്തി ഇരുപതിനായിരം ആളുകള്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. കണക്കുകള്‍ എന്തുതന്നെയായാലും മനുഷ്യരെ തെരുവു നായ്ക്കളില്‍നിന്ന് സംരക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കം ഭരണകൂടങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്.  തെരുവുനായ്  പ്രശ്നം പഠിക്കാനായി  സുപ്രീംകോടതി നിയോഗിച്ച  റിട്ട. ജസ്റ്റിസ് എസ്. സിരിജഗന്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് മലയാളികളുടെ ജീവന് തെരുവു നായ്ക്കള്‍  എത്രമാത്രം ഭീഷണിയാകുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.  സംസ്ഥാനത്ത് രണ്ടര ലക്ഷം തെരുവു നായ്ക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ 2015ല്‍ പത്തുപേര്‍ മരിച്ചതിന് പുറമേ കടിയേറ്റവര്‍ 1,22,286.  2014ല്‍ 1,19,191 പേര്‍ക്കും 2013ല്‍ 62,280 പേര്‍ക്കും കടിയേറ്റെന്നാണ് റിപ്പോര്‍ട്ട്. 2014ല്‍ പേവിഷ ബാധയേറ്റ് പത്തുപേരും 2013ല്‍ 11 പേരും ഈ വര്‍ഷം മേയ് നാലുവരെ നാലുപേരും മരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തെരുവു നായ്ക്കളുടെ കടിയേറ്റത് തിരുവനന്തപുരത്താണ്. 29,020 പേര്‍ക്കാണ് ഇവിടെ കഴിഞ്ഞ വര്‍ഷം കടിയേറ്റത് സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തെരുവുനായ് ആക്രമണത്തിന് ഇരയാവുന്നത് പതിനഞ്ചു വയസ്സില്‍ താഴെയുള്ളവരാണ് എന്നതാണ് ഇതില്‍ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. കഴിഞ്ഞ ഏഴുമാസത്തില്‍ സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം അരലക്ഷം കവിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുമ്പോള്‍ തന്നെ ഇതിലെ ഭീകരത മനസ്സിലാക്കാം.

മാലിന്യം സൃഷ്ടിക്കുന്ന രക്തപ്പാടുകള്‍

കേരളത്തില്‍ തെരുവു നായ്ക്കളുടെ  എണ്ണം പെരുകുന്നതും ആക്രമിക്കുന്നതും  ഏതെങ്കിലും ഗൂഢാലോചനയുടെ ഫലമായല്ല. ഇതിന് പ്രധാന കാരണം നാം വലിച്ചെറിയു മാലിന്യങ്ങള്‍ മാത്രമാണ്.  നിരത്തുകളില്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ പ്രത്യേകിച്ച് മാംസാവശിഷ്ടങ്ങള്‍ നിറഞ്ഞതോടെ നായ്ക്കള്‍ ഇത് ഭക്ഷണമാക്കുകയും പെരുകിത്തുടങ്ങുകയുംചെയ്തു.  പച്ചമാംസങ്ങള്‍ വഴിയോരത്തെല്ലാം വലിച്ചെറിഞ്ഞിട്ട് നായ്ക്കള്‍ പെരുകുന്നുവെന്നും ആക്രമിക്കുന്നുവെന്നും  പറയുന്നതില്‍ എന്തു കാര്യം?  ഒഴിഞ്ഞ സ്ഥലങ്ങള്‍ കണ്ടത്തെി അവിടെ മാലിന്യങ്ങള്‍ നിക്ഷേപിച്ചു കടന്നു കളയുന്നവര്‍ തന്നെയാണ് ഇതിന് കാരണക്കാര്‍. കേരളത്തിലെ മിക്ക മാംസശാലകള്‍ക്കും ലൈസന്‍സുകളില്ല. സര്‍ക്കാര്‍ സര്‍വേ പ്രകാരം നിലവില്‍ 75.30 ശതമാനം അറവുശാലകളും ലൈസന്‍സ് എടുത്തിട്ടില്ല. 5000 കടകള്‍ക്ക് ആരോഗ്യകരമായ മാലിന്യ സംസ്കരണ ഇടങ്ങളില്ല. വീടുകളിലും വ്യവസായശാലകളിലും ജൈവ, അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച നായ്ക്കളുടെ വ്യാപനത്തിന് കാരണമാകുന്നു.
മാലിന്യങ്ങള്‍ തള്ളുന്നതില്‍ മലയാളികള്‍ കാണിക്കുന്ന അശാസ്ത്രീയ സമീപനത്തിന് മാറ്റം വരുത്തിയാല്‍ ഒരു പരിധിവരെ നായ്ക്കളുടെ വ്യാപനം തടയാനാവും. തെരുവുനായ് പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരത്തിനുള്ള അനുകരണീയ മോഡലാണ് ജയ്പുര്‍ സിറ്റി.  1994ല്‍ ആരംഭിച്ച വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ 2002 അവസാനിക്കുമ്പോള്‍ പൂജ്യം ശതമാനമായിരുന്നു തെരുവുനായ് ആക്രമണങ്ങള്‍. പ്രത്യേക പരിശീലനം ലഭിച്ചവര്‍ മുഖേന ഓരോ പ്രദേശങ്ങളിലെ നായ്ക്കളെ പിടികൂടി സജ്ജമാക്കിയ ആശുപത്രികളിലത്തെിച്ച് വെറ്ററിനറി സര്‍ജന്മാരുടെ നേതൃത്വത്തില്‍ കുത്തിവെപ്പുകള്‍ നടത്തുന്നു. ചികിത്സകള്‍ കഴിഞ്ഞ ശേഷം ആ പ്രദേശത്തേക്ക് തിരിച്ച് കൊണ്ടുപോകുന്ന രീതിയാണ് വിജയകരമായി ജയ്പുരില്‍ നടത്തിയതെന്നും മൃഗസ്നേഹികള്‍ ചൂണ്ടിക്കാട്ടുന്നു.

തെരുവുനായ് വിഷയത്തില്‍ പ്രതിഷേധങ്ങള്‍ ഒട്ടേറെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, തെരുവു നായ്ക്കളുടെ ഉന്മൂലനത്തിനായുള്ള യഥാര്‍ഥ തടസ്സം നിയമങ്ങളാണെന്നതാണ് വാസ്തവം. മേനക ഗാന്ധിയടക്കമുള്ളവരുടെ കടുംപിടിത്തങ്ങള്‍ ഈ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് തന്നെ തെരുവുനായ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുമുമ്പ് നിയമങ്ങളുടെ ഭേദഗതി വേണ്ടതുണ്ടെന്ന പ്രഖ്യാപനങ്ങളും ഉയര്‍ന്നുവരികയാണ്.
നിലവില്‍ തെരുവു നായ്ക്കള്‍ ഇത്ര രൂക്ഷമാവാന്‍ കാരണം നിയമങ്ങളിലുണ്ടായ ഭേദഗതികളും പ്രത്യേക ഉത്തരവുകളുമാണെന്ന് ഉത്തരവാദപ്പെട്ടവര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. ആദ്യമായി മൃഗങ്ങളോടുള്ള പെരുമാറ്റ നിയമം ഭരണഘടനയില്‍ വരുന്നത് 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലൂടെയാണ്. ഈ നിയമം ഭേദഗതി ചെയ്താണ് നായ്ക്കളുടെ ഹൃദയത്തില്‍ സ്റ്റിച്ചിനൈന്‍ കുത്തിവെച്ചോ മറ്റു അനാവശ്യമായ ക്രൂരരീതിയിലോ ഇവയെ കൊല്ലാന്‍ പാടില്ളെന്ന വകുപ്പ്.

കേരളത്തിലെ തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ മേനക ഗാന്ധി കേരള പൊലീസ് മേധാവിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.  ഭരണഘടന നല്‍കുന്ന സുപ്രധാനമായ ജീവിക്കാനുള്ള അവകാശത്തിന്‍െറ (ആര്‍ട്ടിക്ള്‍ 21) ലംഘനമാണിത്.  തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ അവയെ പിടികൂടി വന്ധ്യംകരിക്കുമെന്നും ഇതിനായി  പ്രത്യേക ക്യാമ്പുകള്‍ രൂപവത്കരിക്കുമെന്നും അധികാരികള്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് തുല്യമാവരുത്.  നായ്ശല്യം നേരിടുന്നതിന് സേഫ് കേരള പദ്ധതി, കടിയേറ്റവര്‍ക്ക് സൗജന്യ ചികിത്സ, നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് ജില്ലാ മൃഗാശുപത്രിയിലേക്കത്തെിച്ച് തിരിച്ചു കൊണ്ടുപോകുന്നവര്‍ക്ക് 250 രൂപ സര്‍ക്കാറിന്‍െറ വക എന്നിങ്ങനെയൊക്കെ പദ്ധതികള്‍ ഉണ്ടായിരുന്നു.

 തെരുവു നായ്ക്കളെ  നിയന്ത്രിക്കുകയെന്നാല്‍ അവ ക്രമാതീതമായി  പെറ്റുപെരുകുന്ന സാഹചര്യവും മാലിന്യങ്ങള്‍ നാടുനീളെ വലിച്ചെറിയുന്നതും  നിയന്ത്രിക്കേണ്ടതാണ്.  നായ്ക്കളെ  വളര്‍ത്തുന്നതിന് ലൈസന്‍സും  ചിപ് സംവിധാനവും കര്‍ക്കശമാക്കുകയും നായയെ ഉപേക്ഷിക്കുന്ന  ഉടമസ്ഥരെ കണ്ടത്തെി നടപടികള്‍ സ്വീകരിക്കുകയും വേണം.  തെരുവുനായ് ഭീഷണിയെക്കുറിച്ച് വാതോരാതെ  സംസാരിക്കുന്നതിനുപകരം ഇത് പെരുകുന്നതിന്‍െറയും ആക്രമിക്കുന്നതിന്‍െറയും ഉത്തരവാദിത്തം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടെന്ന് മനസ്സിലാക്കണം.

(ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog attack
Next Story