എസ്.എന്‍.ഡി.പിയെ ഉപയോഗപ്പെടുത്തി വളരാന്‍ ബി.ജെ.പി ശ്രമം
text_fieldsനവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രംഗപ്രവേശം ചെയ്യുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്ത എസ്.എന്‍.ഡി.പി പോലുള്ള സംഘടനകള്‍ വിദ്വേഷ രാഷ്ട്രീയത്തിന്‍െറ വക്താക്കളായ ബി.ജെ.പിയുമായി കൂടുന്നത് രാഷ്ട്രീയനേട്ടം മുന്‍ നിര്‍ത്തിയാണെന്ന് പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. രാം പുനിയാനി. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തില്‍ കാര്യമായി നേട്ടം കൊയ്യാനാവാത്തത് മലയാളികള്‍ ഉദ്ബുദ്ധരായതിനാലാണെന്നും ‘മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു...
നിയമസഭയിലോ ലോക്സഭയിലോ ഇനിയും അക്കൗണ്ട് തുറക്കാത്ത ബി.ജെ.പി കേരളത്തില്‍ വളരുകയാണോ?
കേരളത്തില്‍ ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ആര്‍.എസ്.എസ് ഇവിടെ ശക്തമാണ്. ഇതും എസ്.എന്‍.ഡി.പി പോലുള്ള സമുദായ സംഘടനകളെയും ഉപയോഗപ്പെടുത്തി വളരാനാണ് ശ്രമം. വിദ്യാഭ്യാസപരവും സാമൂഹികപരവുമായി ഒരുപാട് മുന്നിലാണ് കേരളം. ബി.ജെ.പിക്ക് ഇവിടെ വേരുറപ്പിക്കാന്‍ കഴിയാത്തതിന്‍െറ പ്രധാന കാരണം ഇതുതന്നെ. ബി.ജെ.പിക്ക് ഇതുവരെ എം.എല്‍.എയോ എം.പിയോ ഉണ്ടായിട്ടില്ല. എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവര്‍ നേട്ടമുണ്ടാക്കി. ഇതിന് കാരണം ആര്‍.എസ്.എസിന്‍െറ ശക്തിയാണ്. കൂടാതെ ചില ഹിന്ദുസംഘടനകളുടെ അകമഴിഞ്ഞ പിന്തുണയും ബി.ജെ.പിക്ക് ലഭിച്ചു.
ഹിന്ദുത്വരാഷ്ട്രീയത്തിന് വേരുറപ്പിക്കാവുന്ന തരത്തിലേക്ക് എസ്.എന്‍.ഡി.പി സഖ്യം മാറുമോ?
കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ജനങ്ങളുടെ അവകാശത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് പറയുമ്പോള്‍ സ്വത്വരാഷ്ട്രീയത്തില്‍ അധിഷ്ഠിതമാണ് ബി.ജെ.പി. ഒരു ഭാഗത്ത് ഹിന്ദുസംരക്ഷണം പറഞ്ഞ് സ്വന്തംനിലക്കും മറുഭാഗത്ത് സമുദായ സംഘടനകളുടെ തണലിലും അവര്‍ വളര്‍ച്ച തേടുന്നു. ചില ദലിത് സംഘടനകളെ വരെ അവര്‍ക്ക്് കൈയിലെടുക്കാന്‍ കഴിഞ്ഞു. സാമൂഹിക പരിഷ്കരണത്തിന് നേതൃത്വം നല്‍കിയവരാണ് എസ്.എന്‍.ഡി.പി. എന്നാല്‍, ബി.ജെ.പി സാമൂഹികമാറ്റത്തിന് എതിരാണ്. ബി.ജെ.പിയോടൊപ്പം കൂടുന്നതോടെ സമൂഹത്തെ പിറകോട്ടു വലിക്കുകയായിരിക്കും ഇത്തരം സംഘടനകള്‍ ചെയ്യുക. ബി.ജെ.പിയുടെ രാഷ്ട്രീയവും ഇവര്‍ ഉണ്ടാക്കിയെടുത്ത മാറ്റവും ഒത്തുപോവില്ല.
കേരളത്തില്‍ നിര്‍ണായക സ്വാധീനമുള്ള മുസ്ലിം ലീഗിനെ കാണിച്ചാണല്ളോ ബി.ജെ.പിയുടെ പ്രചാരണം?
സ്വാതന്ത്ര്യത്തിനുമുമ്പ് മുസ്ലിം ലീഗ് നിലകൊണ്ടത് മതരാഷ്ട്രത്തിന് വേണ്ടിയായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ ലീഗ് പറയുന്നത് മുസ്ലിം രാജ്യമല്ല ലക്ഷ്യമെന്നാണ്. സമുദായത്തിന്‍െറ താല്‍പര്യം സംരക്ഷിക്കുകയാണ് അവരുടെ ലക്ഷ്യം. ലീഗിനെ പൂര്‍ണമായും പിന്തുണക്കാന്‍ ഞാനില്ല. എന്നാല്‍, ബി.ജെ.പിയില്‍നിന്ന് വ്യത്യസ്തമാണ് ലീഗ്. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നുവെന്നാണ് ലീഗ് പറയുന്നത്. ബി.ജെ.പിയുടെ കാര്യം അതല്ല. ആര്‍.എസ്.എസാണ് ബി.ജെ.പിയുടെ അടിത്തറ. അവര്‍ ഹിന്ദുരാഷ്ട്രത്തിനുവേണ്ടി വാദിക്കുന്നു. ലീഗ് മുസ്ലിം രാജ്യത്തിനുവേണ്ടി വാദിക്കാത്തിടത്തോളം ബി.ജെ.പിയെയും ലീഗിനെയും ഒരുപോലെ കാണാനാവില്ല.
രാജ്യത്തിന്‍െറ ഇന്നത്തെ അവസ്ഥയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്തുചെയ്യാനാവും?
രണ്ടു ശക്തികളാണ് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാറിനെ നയിച്ചുകൊണ്ടിരിക്കുന്നത്. കോര്‍പറേറ്റുകളും ഹിന്ദുത്വവാദികളും. രണ്ടിന്‍െറയും സ്വാധീനം ശക്തവും പ്രകടവുമാണ്. എല്ലാ മേഖലകളിലും കോര്‍പറേറ്റുകള്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. വര്‍ഗീയത അതിന്‍െറ മൂര്‍ധന്യാവസ്ഥയിലും. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് തുറന്നുപറഞ്ഞ കലാകാരന്മാരുടെ പേരു നോക്കി അവരോട് പാകിസ്താനില്‍ പോകാന്‍ പറയുന്നു. ഇവിടെ ഏറ്റവും കൂടുതല്‍ ചെയ്യാന്‍ കഴിയുക കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അവര്‍ കാര്യമായി ഇടപെട്ടില്ല. മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്നവരായിട്ടും വര്‍ഗീയതക്കെതിരായ പോരാട്ടം സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍ക്ക് വിട്ടുകൊടുത്ത് മാറിനില്‍ക്കുകയായിരുന്നു ഇതുവരെ. എന്നാല്‍, ഈയിടെയായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ രംഗത്ത് സജീവമാവുന്നത് ശ്ളാഘനീയമാണ്.
മോദിഭരണ കാലത്ത് ഉന്നതവിദ്യാഭ്യാസ മേഖലകലയിലെ ഇടപെടലുകളെ താങ്കള്‍ എങ്ങനെ വീക്ഷിക്കുന്നു?
നമ്മുടെ സര്‍വകലാശാലകളില്‍ നുഴഞ്ഞുകയറാനാണ് ആര്‍.എസ്.എസ് ശ്രമം. വൈസ് ചാന്‍സലര്‍മാരെ അവര്‍ വരുതിയിലാക്കുന്നു. അതേസമയം തന്നെ മാനവവിഭവശേഷി മന്ത്രാലയത്തിന്‍െറ നിയന്ത്രണവും കൈയാളുന്നു. ആര്‍.എസ്.എസ് വിദ്യാഭ്യാസരംഗത്തെ നിയന്ത്രിക്കുന്നത് അപകടകരമാണ്. കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാറില്‍ മുരളി മനോഹര്‍ ജോഷി ചെയ്തത് കാവിവത്കരണമായിരുന്നു. ഭരണഘടനാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കിടയില്‍ നിലനിന്നിരുന്ന അസംതൃപ്തിയാണ് ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ രോഹിത് വെമുലയുടെ മരണത്തിലും പ്രക്ഷോഭത്തിലും കലാശിച്ചത്. അംബേദ്കര്‍ സ്റ്റഡി സര്‍ക്കിളിനൊപ്പം ദലിത് സംഘടനകള്‍ മാത്രമല്ല ഇടതുവിദ്യാര്‍ഥികളും ന്യൂനപക്ഷ വിഭാഗക്കാരും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമെല്ലാം രംഗത്തുണ്ടെന്നത് പ്രതീക്ഷ നല്‍കുന്നു. അണ്ണാ ഹസാരെയുടെ സമരത്തെ പിന്തുണച്ചത് ആര്‍.എസ്.എസായിരുന്നു. ഇവിടെ നേരെ തിരിച്ചാണ്.
ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് ഖേദമുണ്ടോ?
ഗാന്ധി വധത്തില്‍ സംഘ്പരിവാര്‍ ഖേദംപ്രകടിപ്പിക്കുക എന്നത് മതലക്കണ്ണീരൊഴുക്കലാണ്. മഹാത്മാഗാന്ധി നിലകൊണ്ടത് ഇന്ത്യന്‍ ദേശീയതക്കു വേണ്ടിയായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത് ഹിന്ദു ദേശീയതക്കായും. ഗോദ്സെയാണ് ശരിയെന്ന് വിശ്വസിക്കുന്നവര്‍ ബി.ജെ.പിയില്‍ ധാരാളമുണ്ട്. ഗോദ്സെ ചെയ്തത് ശരിയാണെന്നും എന്നാല്‍, വധിക്കേണ്ടത് നെഹ്റുവിനെയായിരുന്നുവെന്നും ഒരു നേതാവ് പരസ്യമായി പറഞ്ഞു. ഗോദ്സെയുടെ പേരില്‍ ക്ഷേത്രവും അയാളുടെ പ്രതിമയും സ്ഥാപിക്കുന്ന തിരക്കിലാണ് ഹിന്ദുമഹാസഭ. ഗാന്ധിജിക്ക് ലഭിക്കുന്ന ആഗോള അംഗീകാരം കണ്ടാണ് ആര്‍.എസ്.എസ് അദ്ദേഹത്തെ പിന്തുണക്കുന്ന തരത്തില്‍ പെരുമാറുന്നത്.
അല്‍ ഖാഇദയും ഐ.എസും അമേരിക്ക ഉണ്ടാക്കിയതാണെന്ന് താങ്കള്‍ അഭിപ്രായപ്പെടുന്നത് എന്തു തെളിവിന്‍െറ അടിസ്ഥാനത്തിലാണ്?
അല്‍ ഖാഇദയും ഐ.എസും അമേരിക്കന്‍ സൃഷ്ടിയാണെന്നത് എന്‍െറ അഭിപ്രായമല്ല. അത് വസ്തുതയാണ്. നയതന്ത്ര രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്‍റന്‍ വരെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. റഷ്യയെ തളക്കാന്‍ അഫ്ഗാനിസ്താനില്‍ അമേരിക്ക വളര്‍ത്തിയതാണ് അല്‍ ഖാഇദയെ. ഇറാഖ് അധിനിവേശമാണ് ഐ.എസിന്‍െറ പിറവിക്കു പിന്നില്‍. ശ്രദ്ധിക്കേണ്ട കാര്യം ഐ.എസിനോ അല്‍ ഖാഇദക്കോ ഇസ്ലാമുമായി ഒരു ബന്ധവുമില്ളെന്നതാണ്. എണ്ണസമ്പത്തിന്‍െറ നിയന്ത്രണം കൈക്കലാക്കാന്‍ അമേരിക്ക ഇവരെ ഇറക്കി കളിക്കുകയാണ്.
ഹിന്ദുത്വ ശക്തികളുടെ ഹിറ്റ്ലിസ്റ്റിലുള്ള പേരാണ് താങ്കളുടേത് എന്തുപറയുന്നു?
(ചിരിക്കുന്നു). കല്‍ബുര്‍ഗി, ദാഭോല്‍കര്‍, പന്‍സാരെ തുടങ്ങി ഒരുപാട് പേരെ ഇല്ലാതാക്കി. ഞാനാരെയും ഭയപ്പെടുന്നില്ല. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി ഇ-മെയിലിലുള്‍പ്പെടെ നിരവധി സന്ദേശങ്ങള്‍ എനിക്ക് ലഭിക്കുന്നുണ്ട്. മിക്കതിന്‍െറയും ഭാഷ ഭീഷണിതന്നെ. അതിന്‍െറയൊന്നും പിന്നാലെ പോവാറില്ല. പരിപാടികളില്‍ പങ്കെടുക്കാന്‍ ചിലയിടങ്ങളില്‍ പോയാല്‍ സംഘാടകര്‍ എനിക്ക് സുരക്ഷയൊരുക്കുന്നതായി കാണാം. അതിന്‍െറയൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.