കശ്മീരില്‍ ആശയക്കുഴപ്പങ്ങളുടെ ദിനങ്ങള്‍
text_fieldsജനുവരി എട്ടിനായിരുന്നു ജമ്മു-കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. ഏഴാം തീയതി മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചതോടെ രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് ഭരണഘടന അനുശാസിക്കുന്ന താല്‍ക്കാലിക സംവിധാനം എന്ന നിലയിലായിരുന്നു അത്. എന്നാല്‍, മാസം ഒന്നു തികയുമ്പോഴും പ്രതിസന്ധിയുടെ അന്തരീക്ഷത്തില്‍ അയവില്ല. വിരമിച്ച രണ്ട് ഐ.എ.എസ് ഓഫിസര്‍മാരെ -പര്‍വേസ് ദീവാന്‍, ഖുര്‍ശിദ് ഗനായ് -ഉപദേഷ്ടാക്കളായി നിയമിച്ച്, ഗവര്‍ണര്‍ എന്‍.എന്‍. വോറ ഈ മാസം നാലിന് പുറത്തുവിട്ട വിജ്ഞാപനവും ഇപ്പോഴത്തെ അനിശ്ചിതത്വം ഉടനെ അവസാനിക്കാന്‍ പോകുന്നില്ല എന്ന സന്ദേശം തന്നെയാണ് നല്‍കുന്നത്. ബി.ജെ.പി, പി.ഡി.പി എന്നീ കക്ഷികള്‍ പരസ്പര ഭിന്നത തീര്‍ക്കാതെ തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സഖ്യ സര്‍ക്കാര്‍ പുനരവരോധിക്കപ്പെടുമോ എന്ന ചിന്തയും അസ്ഥാനത്താവുകയാണ്. ഒരുപക്ഷേ, സംസ്ഥാനം ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് ചുവടുവെക്കുകയാകാം.
മുഫ്തിയുടെ മകള്‍ മെഹ്ബൂബ മുഖ്യമന്ത്രിപദം സ്വീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍വരും. എന്നാല്‍, ഫാറൂഖ് അബ്ദുല്ല, രാജീവ് ഗാന്ധി എന്നിവരില്‍നിന്ന് തികച്ചും വ്യത്യസ്തയാണവര്‍. പിതാവ് ശൈഖ് അബ്ദുല്ല മുഖ്യമന്ത്രി പദത്തിലിരിക്കെ അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു ഫാറൂഖ് അബ്ദുല്ല ആ പദവിയിലേക്കുയര്‍ന്നത്. ഇന്ദിര ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ പുത്രന്‍ രാജീവ് ഗാന്ധിയും പ്രധാനമന്ത്രിപദവി സ്വീകരിച്ചു.
എന്നാല്‍, തിടുക്കത്തില്‍ പിതാവ് മുഫ്തി മുഹമ്മദ് സഈദിന്‍െറ കസേരയില്‍ ഉപവിഷ്ടയാകേണ്ടെന്ന തീരുമാനമാണ് മെഹ്ബൂബ കൈക്കൊണ്ടത്. സംസ്ഥാനത്തെ ഭരണപ്രതിസന്ധിയിലേക്കാണിത് നയിച്ചത്.
പിതൃവിയോഗം മൂലമുണ്ടായ ദു$ഖം മാത്രമാണ് അധികാരോഹണത്തിനുള്ള മെഹ്ബൂബയുടെ വൈമുഖ്യത്തിന് കാരണമെന്ന് പി.ഡി.പി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ പിതാവുമായുള്ള വൈകാരിക ബന്ധത്തിന്‍െറ തീവ്രത അവര്‍ പല സന്ദര്‍ഭങ്ങളിലും വെളിപ്പെടുത്തുകയുമുണ്ടായി. അതേസമയം, മുഫ്തിയുടെ വിയോഗശേഷം പഴയ മുന്നണി പുന$സ്ഥാപനത്തില്‍ തങ്ങള്‍ക്ക് വേണ്ടത്ര ആഭിമുഖ്യം ഇല്ളെന്ന മട്ടിലായിരുന്നു ബി.ജെ.പി നേതാക്കളുടെ പെരുമാറ്റ രീതികള്‍.
പിതാവിന്‍െറ വിയോഗ ദു$ഖം മാത്രമല്ല, മെഹ്ബൂബയുടെ തീരുമാനങ്ങള്‍ക്ക് പിന്നിലെ പ്രധാന പ്രേരണയെന്നാണ് ലഭിച്ചുകൊണ്ടിരിക്കുന്ന സൂചനകള്‍. തന്‍െറ പിതാവിന്‍െറ മുന്‍കൈയില്‍ രൂപം കൊണ്ട ഭരണസഖ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംതൃപ്തികരമല്ളെന്ന് ജനുവരി 17ന് മെഹ്ബൂബ സ്പഷ്ടമാക്കിയിരുന്നു.
പി.ഡി.പി-ബി.ജെ.പി സഖ്യത്തിന് ‘ഇരുധ്രുവങ്ങളുടെ സംയോജനം’ എന്നായിരുന്നു മുഫ്തി നല്‍കിയ വിശേഷണം. മുസ്ലിം ഭൂരിപക്ഷ കശ്മീരില്‍ ജനങ്ങള്‍ക്ക് ഒട്ടും മതിപ്പില്ലാത്ത ബി.ജെ.പിയുമായി മുന്നണിബന്ധം സ്ഥാപിക്കുന്നതില്‍ മുഫ്തി പ്രകടിപ്പിച്ച അസാമാന്യ ധീരതയെ തുടക്കത്തില്‍ മകള്‍ വാനോളം പ്രശംസിക്കുകയും ചെയ്തിരുന്നു. 10 മാസത്തെ മുന്നണിഭരണം അവലോകനം ചെയ്ത ശേഷം മുന്നണി രൂപവത്കരണം ധീരമായിരുന്നെങ്കിലും ജനകീയമായിരുന്നില്ളെന്നാണ് അവരുടെ പുതിയ വിശദീകരണം. മുന്നണി ഭരണവുമായി മുന്നേറുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. എന്നാല്‍, ബി.ജെ.പി നേതാക്കള്‍ ചില ഉറപ്പുകള്‍ നല്‍കേണ്ടതുണ്ട്. രാഷ്ട്രീയ സാമ്പത്തിക ഭരണതലങ്ങളിലെ കേന്ദ്രസഹായത്തെ സംബന്ധിച്ച ഉറപ്പ്.
പുതിയ സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ച മെഹ്ബൂബ ‘മുന്നണി അജണ്ട’ അക്ഷരംപ്രതി നടപ്പാക്കാനും ആഹ്വാനം ചെയ്യുന്നു. മുഫ്തിയും പ്രധാനമന്ത്രിയും ഒപ്പുവെച്ച ഈ അജണ്ട കശ്മീരിന്‍െറ സര്‍വതോന്മുഖമായ വികസനത്തിനുള്ള കേന്ദ്ര സഹായം വ്യവസ്ഥ ചെയ്യുന്നതാണ്. ഈ മാസം രണ്ടിന് ഗവര്‍ണര്‍ മെഹ്ബൂബയെയും ബി.ജെ.പി പ്രസിഡന്‍റ് സത്പാല്‍ ശര്‍മയെയും ക്ഷണിച്ച് രാജ്ഭവനില്‍ പ്രത്യേക ചര്‍ച്ച നടത്തുകയുണ്ടായി. തന്‍െറ പിതാവിന് ബി.ജെ.പി വേണ്ടത്ര പരിഗണന നല്‍കിയില്ളെന്നാണ് ചര്‍ച്ചക്ക് ശേഷം മെഹ്ബൂബ പ്രസ്താവിച്ചത്. വിട്ടുവീഴ്ചകള്‍ ചെയ്ത് സഖ്യത്തിന് സന്നദ്ധനായ മുഫ്തിയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനത്തിന് സഹായം നല്‍കാന്‍ കേന്ദ്രം തയാറായില്ളെന്നായിരുന്നു അവരുടെ പരിഭവം.
സംസ്ഥാനത്തിന്‍െറ പ്രത്യേക പദവി നിലനിര്‍ത്തുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും പദവിക്കെതിരെ നിയമയുദ്ധം നടത്താനായിരുന്നു സംഘ്പരിവാര ശക്തികളുടെ നീക്കം.
2014ലെ പ്രളയഘട്ടത്തില്‍ വന്‍തോതിലുള്ള സാമ്പത്തിക സഹായമാണ് കേന്ദ്രത്തില്‍നിന്ന് മുഫ്തി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കോടികളുടെ പാക്കേജ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും പ്രളയം പ്രതിരോധിക്കുന്നതിനുള്ള ഭാവിനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു കൂടുതല്‍ തുകയും.
10 മാസത്തെ ഭരണകാലയളവില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധ്യമാകാത്ത സാഹചര്യത്തില്‍ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോട് മെഹ്ബൂബക്ക് താല്‍പര്യം ഉണ്ടാകാനിടയില്ളെന്ന് ഊഹിക്കാം. ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിക്കുന്നതുപോലും ഈ ഘട്ടത്തില്‍ ഫലപ്രദമാകില്ല. അതിനാല്‍ ഭരണത്തുടര്‍ച്ചയിലൂടെ ജനകീയ പദ്ധതികള്‍ നടപ്പാക്കുന്നതാകും അഭികാമ്യമെന്ന് മുഫ്തിയുടെ മകള്‍ കണക്കുകൂട്ടുന്നു.
സംസ്ഥാനതലത്തില്‍ ഒരു തീരുമാനവും കൈക്കൊള്ളാനാകില്ല എന്നതാണ് ബി.ജെ.പി അഭിമുഖീകരിക്കുന്ന പ്രതിസന്ധി. കേന്ദ്രത്തോട് ആരാഞ്ഞ ശേഷമേ തീരുമാനങ്ങള്‍ കൈക്കൊള്ളാനാകൂ എന്ന സ്ഥിതിവിശേഷം. ചരിത്രത്തിലാദ്യമായി ഭരണപങ്കാളിത്തം ലഭിച്ച ഒരു സംസ്ഥാനത്തെ കൈപ്പിടിയില്‍നിന്ന് ഊര്‍ന്നു പോകുന്നത് ബി.ജെ.പി ഇഷ്ടപ്പെടില്ല എന്ന അനുകൂലത തുണക്കുമെന്ന് ന്യായമായും മെഹ്ബൂബ പ്രതീക്ഷിക്കുന്നു.
അതിനിടയിലാണ് മെഹ്ബൂബക്ക് അന്ത്യശാസനവുമായി കഴിഞ്ഞദിവസം ബി.ജെ.പി രംഗപ്രവേശം ചെയ്തത്. പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന 23ന് മുമ്പായി കൃത്യമായ തീരുമാനം പുറത്തുവിടണമെന്നാണ് ബി.ജെ.പി ആവശ്യം.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.