Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരാഷ്ട്രീയം മാത്രം...

രാഷ്ട്രീയം മാത്രം കാണുന്ന ബജറ്റ്

text_fields
bookmark_border
രാഷ്ട്രീയം മാത്രം കാണുന്ന ബജറ്റ്
cancel

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലത്തെിനില്‍ക്കുമ്പോള്‍ അവതരിപ്പിക്കുന്ന ബജറ്റിന് പരിമിതികള്‍ സ്വാഭാവികമാണ്. രാഷ്ട്രീയസാഹചര്യം സാമ്പത്തികമായ യാഥാര്‍ഥ്യങ്ങളിലേക്ക് കടന്നുചെല്ലുന്നതിനും പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിനും ബജറ്റിന് വിലങ്ങുതടിയാകുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ അവതരിപ്പിച്ച ബജറ്റിനും ഈ പരിമിതികള്‍ മറികടക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് സംസ്ഥാനത്തിന്‍െറ സാമ്പത്തികമേഖല നേരിടുന്ന വെല്ലുവിളികള്‍ക്ക് ഉത്തരംതേടുന്നതിന് ബജറ്റ് ശ്രമിക്കുന്നേയില്ല. മറിച്ച് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് എല്ലാവരെയും സുഖിപ്പിക്കുന്നവിധത്തില്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തി ബജറ്റ് അവതരിപ്പിക്കുകയാണുണ്ടായത്. കേരളം നിലവില്‍ വലിയ സാമ്പത്തികപ്രതിസന്ധിയെ ഉറ്റുനോക്കുകയാണ്. വ്യാഴാഴ്ച അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കാര്‍ഷികമേഖലയിലെ വളര്‍ച്ച നെഗറ്റീവായി എന്നതിന് പുറമേ റവന്യൂ കമ്മി 2.78 ശതമാനമായും ധനക്കമ്മി 3.75 ശതമാനമായും ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സംസ്ഥാനത്തിന്‍െറ വരുമാനത്തിനുള്ള പ്രകടമായ ഇടിവും ഇത് വ്യക്തമാക്കുന്നുണ്ട്. വില്‍പനനികുതി ഇനത്തില്‍ 46,390.21 കോടി രൂപ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് പുതുക്കിയ കണക്കുകള്‍പ്രകാരം പ്രതീക്ഷിക്കുന്നത് 42,083.34 കോടിയാണ്. ഇതര ഇനങ്ങളിലുള്ള വരുമാനത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ആകെ 77,427 കോടി വരവ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത് 71,019.72 കോടിയാണ്. മൊത്തം ചെലവാകട്ടെ 8,18,342 കോടിയുമാണ്. അതായത്, ധന കമ്മി 10,814.48 കോടിയായി ഉയരുന്നു. ഇതിനര്‍ഥം മാസംതോറും ആയിരംകോടിയുടെ കമ്മിയിലാണ് സംസ്ഥാന ഖജനാവ് നീങ്ങുന്നതെന്നാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധിയാണ് വരുമാനചോര്‍ച്ചക്ക് മുഖ്യകാരണം.

ഇത്തരത്തില്‍ വരുമാനം കുറയുന്നതിനുപുറമേ പുതിയ വരുമാനമാര്‍ഗങ്ങള്‍ തേടുന്നതിനും കാര്യമായ ശ്രമങ്ങള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ ഉരുണ്ടുകൂടുന്ന സാമ്പത്തികപ്രതിസന്ധി കേരളത്തെ തുറിച്ചുനോക്കുകയാണ്. വിദേശപണത്തിന്‍െറ പകിട്ടില്‍ കേരളത്തിന്‍െറ സമ്പദ്വ്യവസ്ഥ ഉലയാതെ മുന്നോട്ടുപോയിരുന്നു. എന്നാല്‍, ആ സ്ഥിതിക്ക് മാറ്റംവരും എന്നുതന്നെയാണ് കരുതേണ്ടത്. കാരണം, ഗള്‍ഫില്‍നിന്നുള്ള തിരിച്ചുവരവ് അനിവാര്യമായ ഒരു യാഥാര്‍ഥ്യമാണ്. അതുകൊണ്ട് ഒരു റെമിറ്റന്‍സ് ഇക്കോണമി എന്നനിലയില്‍ നീങ്ങിയിരുന്ന കേരളസമൂഹം ഗുരുതരമായ പ്രതിസന്ധിയെയാണ് നേരിടാന്‍ പോകുന്നത്. മലയോരമേഖല കാര്‍ഷികപ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ തീരദേശം മത്സ്യസമ്പത്തിന്‍െറ ലഭ്യതക്കുറവുമൂലം നിലനില്‍പ് ഭീഷണിയിലാണ്.
അടുത്ത സാമ്പത്തികവര്‍ഷത്തിലും 9400 കോടിയുടെ ധന കമ്മി പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്‍െറ പൊതുകടം ഇതിനകം 1,35,440 കോടിയായി ഉയര്‍ന്നു. ഈ നിലക്ക് മുന്നോട്ടുപോകുമ്പോള്‍ കൂടുതല്‍ കടമെടുപ്പ് അനിവാര്യമായിവരുകയാണ്. ഇപ്പോള്‍ പ്രതീക്ഷിക്കുന്ന ധന കമ്മി അടുത്ത സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 20-30 ശതമാനമെങ്കിലും ഉയരുമെന്ന് കണക്കാക്കേണ്ടിയിരിക്കുന്നു. അതായത് ഗൗരവതരമായ കടക്കെണിയിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമേ ശമ്പളപരിഷ്കരണം അനുസരിച്ചുള്ള പുതുക്കിയ ശമ്പളം നല്‍കുന്നതിന് 7200 കോടിയുടെ അധികചെലവാണ് വേണ്ടിവരുന്നത്. ഇത്തരത്തില്‍ വരുമാനത്തിന്‍െറ തോത് കുറയുകയും ചെലവ് കുത്തനെ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവതരിപ്പിക്കപ്പെടേണ്ട ബജറ്റല്ല ഇന്നലെ കണ്ടത്.

ചെലവുകള്‍ ഉയരുമ്പോള്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് വേണ്ടത്. എന്നാല്‍, പുതിയ ബജറ്റ് 1575 കോടിയുടെ അധിക ചെലവ് കണക്കാക്കുമ്പോള്‍ ആകെ 112 കോടിയാണ് അധിക വരുമാനമായി കണ്ടത്തെിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് വിഭവസമാഹരണത്തിന് കാര്യമായ ഒരുശ്രമവും ബജറ്റ് നടത്തുന്നില്ല. പോളി പ്രൊപ്പലിന്‍ പ്ളാസ്റ്റിക് ബാഗുകളുടെ നികുതി 20 ശതമാനമാക്കിയതുവഴിയും പ്ളാസ്റ്റിക് ബോട്ടിലിലുള്ള ശീതളപാനീയങ്ങള്‍, സോഡ, കുപ്പിവെള്ളം തുടങ്ങിയവക്ക് അഞ്ചുശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ടും 10 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. രജിസ്ട്രേഷന്‍ വകുപ്പിലെ അണ്ടര്‍ വാലുവേഷന്‍ കേസുകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിവഴി 100 കോടിയും ബജറ്റ് പ്രതീക്ഷിക്കുന്നു. ഇത് ഏറക്കുറെ ഇരുട്ടുമുറിയില്‍ കറുത്തപൂച്ചയെ തിരയുന്നതുപോലെയായിരിക്കും. 3030 കോടി  ക്ഷേമപദ്ധതികള്‍ക്കായും ചെലവഴിക്കപ്പെടും. അതായത്, ധന കമ്മി അടുത്ത സാമ്പത്തികവര്‍ഷത്തിലും കുതിച്ചുയരും എന്നുതന്നെ കരുതാം.

കടമെടുപ്പ് തുടര്‍ക്കഥ
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം എല്ലാമാസവും ശരാശരി 750 കോടി വീതം പൊതുകടം എടുത്തിട്ടുണ്ട്. ഈ കടമെടുപ്പുകളുടെ തുക അത്രയും ദൈനംദിന ചെലവുകളിലേക്ക് വഴിമാറിപ്പോകുന്നു. വികസനോന്മുഖമായ, പ്രത്യുല്‍പാദനപരമായ നിക്ഷേപങ്ങള്‍ പരിമിതമാകുന്നു എന്ന് സാരം. 2016-17ലെ ബജറ്റില്‍ 84,092.61 കോടിയാണ് റവന്യൂ വരുമാനം പ്രതീക്ഷിക്കുന്നത്. റവന്യൂ ചെലവാകട്ടെ 93,990.06 കോടിയും. 9897.45 കോടിയുടെ റവന്യൂ കമ്മി ബജറ്റ് എസ്റ്റിമേറ്റ് ചെയ്യുന്നു. ഇതും കടമെടുപ്പും മറ്റെല്ലാം ചേര്‍ത്ത് വരുമ്പോള്‍ ധന കമ്മി ധന ഉത്തരവാദിത്ത നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ നിയന്ത്രണവിധേയമാക്കുക ഏറക്കുറെ അസാധ്യമായിമാറും. ഈ സാഹചര്യത്തിലാണ് ബജറ്റ് വെറും ഇലക്ഷന്‍ ബജറ്റായി തരംതാണിരിക്കുന്നത്.

സംസ്ഥാനത്തിന്‍െറ സാമ്പത്തികപ്രതിസന്ധിയെ ചെറിയൊരളവോളം മറികടക്കാനോ റവന്യൂ വരുമാനം ഉയര്‍ത്താനോ ശ്രമിക്കാതെ ആരെയും നോവിപ്പിക്കാതെ എല്ലാവര്‍ക്കും വാരിക്കോരി കൊടുത്തു എന്ന പ്രതീതി ജനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതുതന്നെയാണ് ഒരു ഇലക്ഷന്‍ ബജറ്റിന്‍െറ ക്ളാസിക് ഉദാഹരണം.ഒരുപക്ഷേ, തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഒരു ഗവണ്‍മെന്‍റ് ഇങ്ങനെയൊക്കെ തന്നെയായിരിക്കും ബജറ്റ് കൊണ്ടുവരുക. ഇത് പൊളിച്ചെഴുതി സംസ്ഥാനത്തിന്‍െറ സാമ്പത്തികനില നേരെയാക്കുക എന്ന ചുമതല മുഖ്യമന്ത്രി അടുത്ത ഗവണ്‍മെന്‍റിന് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.

2016-17 സാമ്പത്തികവര്‍ഷത്തില്‍ 24,000 കോടിയുടെ വാര്‍ഷികപദ്ധതിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന് പുറമേ ലഭിക്കുന്ന 6534.17 കോടിയുടെ കേന്ദ്രസഹായംകൂടി ചേര്‍ത്ത് 30,534.17 കോടിയാണ് ആകെ പദ്ധതിവിഹിതമായി ചെലവഴിക്കുക. 17 പ്രധാന പദ്ധതികള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന പൊതുഫണ്ടിലേക്ക് 2536.07 കോടി വകയിരുത്തിയിരിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവക്കാണ് ഇതിന്‍െറ ഗുണം ലഭിക്കുക. കാര്‍ഷികമേഖലയിലെ നെഗറ്റീവ് വളര്‍ച്ചയെക്കുറിച്ച് പറയുമ്പോഴും കേവലം 764.21 കോടി മാത്രമാണ് ഈ വിഭാഗത്തിനായി മാറ്റിവെച്ചിരിക്കുന്നത്. റബറിന്‍െറ വിലത്തകര്‍ച്ചയെ കുറിച്ച് കെ.എം. മാണിയുടെ കഴിഞ്ഞ ബജറ്റില്‍ ഏറെ പരിതപിച്ചിരുന്നു. 150 രൂപ വില ഉറപ്പുവരുത്താന്‍ 300 കോടി അന്ന് മാറ്റിവെച്ചുവെങ്കിലും വില 90 രൂപക്ക് താഴെയത്തെി. ഇപ്പോഴും 150 രൂപ താങ്ങുവില നല്‍കാന്‍ 200 കോടി മാത്രമാണ് അധികമായി ബജറ്റ് വകയിരുത്തിയിരിക്കുന്നത്. കേന്ദ്രസഹായം ലഭിക്കുമെന്ന പ്രതീക്ഷയും ബജറ്റ് പുലര്‍ത്തുന്നു. 1000 കോടി ചെലവഴിച്ചാലും നിര്‍ദിഷ്ടവിലയിലേക്കത്തെിക്കാന്‍ സാധിക്കില്ളെന്നത് വസ്തുതയാണ്. അതുകൊണ്ട്, റബറിന്‍െറ കാര്യത്തില്‍ യാഥാര്‍ഥ്യബോധത്തിന് നിരക്കാത്ത പ്രഖ്യാപനങ്ങള്‍ക്കാണ് ഈ ബജറ്റും മുതിര്‍ന്നിരിക്കുന്നത്. ഓരോ വ്യത്യസ്ത മേഖലകള്‍ക്കായി ഇത്ര ഇത്ര രൂപ നീക്കിവെക്കുന്നു എന്നതുമാത്രമാണ് രണ്ടുമണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗത്തിന്‍െറ സിംഹഭാഗവും.

ഗിമ്മിക്കുകള്‍
കൈയടിക്കുവേണ്ടി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വിതരണംചെയ്യുന്ന അരി പൂര്‍ണമായും സൗജന്യമാക്കിയിരിക്കുന്നു. 55 കോടിയുടെ അധികബാധ്യത ഉള്‍പ്പെടെ മൊത്തം 500 കോടിയാണ് ഇതിനായി ചെലവഴിക്കേണ്ടിവരുക. വാസ്തവത്തില്‍ കേരളംപോലുള്ള സംസ്ഥാനത്ത് ഇത്തരത്തിലുള്ള  പദ്ധതി അനിവാര്യമാണോ അത് യഥാര്‍ഥത്തില്‍ പ്രയോജനപ്പെടുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പുനര്‍വായന ആവശ്യമാണ്. ഉയര്‍ന്ന വരുമാനമുള്ളവര്‍പോലും ബി.പി.എല്‍ റേഷന്‍കാര്‍ഡ് പ്രയോജനപ്പെടുത്തുന്നവരാണ്. മാത്രവുമല്ല, ഈ അരിയുടെ നല്ളൊരുപങ്ക് സ്വകാര്യ മില്ലുകളിലേക്ക് പോയി രൂപമാറ്റം വരുത്തി ഉയര്‍ന്ന വിലക്ക് പൊതുകമ്പോളത്തില്‍ വിപണനം ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ചില തെരഞ്ഞെടുപ്പ് ഗിമ്മിക്കുകള്‍ രാഷ്ട്രീയകക്ഷികള്‍ പുനരവലോകനംചെയ്യേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

2016-17 വര്‍ഷത്തില്‍ എല്ലാ കമ്പനികളെയും കാര്‍ഷിക ആദായനികുതിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുന്ന നിര്‍ദേശവും ബജറ്റിലുണ്ട്. ജയില്‍ തടവുകാര്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷണത്തിനും പാരമ്പര്യ കളിമണ്‍ പാത്രങ്ങള്‍ക്കും നികുതി പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു. ഇതോടൊപ്പം നഗരങ്ങളില്‍ ഓട്ടോമാറ്റഡ് റോബോട്ടിക് കാര്‍ പാര്‍ക്കിങ് സിസ്റ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഇതിന്‍െറ നികുതി 14.5 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. ജലമാര്‍ഗമുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ടണ്‍ ചരക്ക് ഒരു കിലോമീറ്റര്‍ നീക്കുന്നതിന് ഒരുരൂപ നിരക്കില്‍ സബ്സിഡിയും അനുവദിക്കുന്നു. ഏലം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് ലേലകേന്ദ്രങ്ങളിലൂടെ വില്‍ക്കുന്ന ഏലത്തിന്‍െറ വാറ്റ് പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു. കൈത്തറി ഉല്‍പാദന സഹകരണ സംഘങ്ങള്‍ക്ക് അടക്കുന്ന വാറ്റ് നികുതി തിരികെ നല്‍കുന്നതിനും നിര്‍ദേശമുണ്ട്. ജീവന്‍രക്ഷാ മരുന്നുകളുടെ സംസ്ഥാനതല വാറ്റ് വേണ്ടെന്നുവെക്കുന്നതിനും ബജറ്റ് നിര്‍ദേശം വെച്ചിട്ടുണ്ട്. ഇത്തരത്തില്‍ പൊതുവില്‍ ഏറെ ഉപകാരപ്രദമായ നിര്‍ദേശങ്ങളും അടങ്ങുന്നതാണ് മുഖ്യമന്ത്രിയുടെ പുതിയ ബജറ്റ്.

എന്നാല്‍, കാതലായപ്രശ്നം സാമ്പത്തിക യാഥാര്‍ഥ്യങ്ങളെ ഒട്ടും കണക്കിലെടുക്കാതെ ബജറ്റ് നീങ്ങുന്നു എന്നുള്ളതാണ്. ആദ്യമേ ചൂണ്ടിക്കാണിച്ചതുപോലെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്നതാണ് കാരണമെന്ന് ന്യായീകരിച്ചേക്കാം. പക്ഷേ, ഒട്ടേറെ പ്രതിസന്ധികള്‍ ഉരുണ്ടുകൂടുന്ന സാഹചര്യത്തില്‍, ആഗോള സാമ്പത്തികമേഖല മാന്ദ്യത്തില്‍നിന്ന് കരകയറാത്ത അവസ്ഥയില്‍ സാമ്പത്തിക വികസനത്തിന്‍െറ ദിശാസൂചകമാകേണ്ട ബജറ്റ് കേവലം ഓരോ ഡിപ്പാര്‍ട്മെന്‍റിനുമുള്ള തുക നീക്കിവെക്കലില്‍ മാത്രമായി ഒതുങ്ങുകയാണ്. അതായത്, ഞങ്ങള്‍ തെരഞ്ഞെടുപ്പിനുവേണ്ടി ഇങ്ങനെ ഒരു ബജറ്റ് മുന്നോട്ടുവെക്കുന്നു. സാമ്പത്തികനില നേരെയാക്കേണ്ടത്

അടുത്ത ഗവണ്‍മെന്‍റിന്‍െറ ചുമതലയാണെന്നുള്ള ധ്വനി ഇതില്‍ നിഴലിക്കുന്നു.കടമെടുത്ത് ശമ്പളവും പെന്‍ഷനും പലിശയും കൊടുത്ത് എത്രനാള്‍ ഒരു സംസ്ഥാനത്തിന് മുന്നോട്ടുപോകാന്‍ കഴിയും. കൂടുതല്‍ സര്‍ക്കാര്‍ നിക്ഷേപവും ചെലവും വേണ്ട സാഹചര്യത്തില്‍ വരുമാനം ഉയര്‍ത്താതെ മുന്നോട്ടുപോകുക അസാധ്യമായിത്തീര്‍ന്നിരിക്കുന്നു. ഓരോ ഗവണ്‍മെന്‍റും തങ്ങളുടെ അഞ്ചുവര്‍ഷം തട്ടിമുട്ടി നീക്കി രാഷ്ട്രീയനേട്ടത്തിനായി മാത്രം കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ആത്യന്തികമായി സംസ്ഥാനം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഏതെങ്കിലും രാഷ്ട്രീയകക്ഷിയൊ ഗവണ്‍മെന്‍േറാ മാറിച്ചിന്തിക്കുകയും മുന്നിലുണ്ടാവുന്ന സാമ്പത്തിക ദുര്‍ഘടങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അത്തരം ഒരു ഗവണ്‍മെന്‍റിനും ബജറ്റിനും വേണ്ടിയുള്ള പ്രതീക്ഷ ഒരുപക്ഷേ, വിദൂരമായിരിക്കാം.

(മുതിര്‍ന്ന സാമ്പത്തികകാര്യ പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budget-2016
Next Story