ഹൃദയത്തില്‍തൊട്ട അധ്യാപകന്‍
text_fieldsനീണ്ട 65 വര്‍ഷം മതാധ്യാപനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കാന്‍ സൗഭാഗ്യം ലഭിച്ച സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സംഘടനയുടെ അമരത്ത് രണ്ടു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, ആയിരക്കണക്കിന് പണ്ഡിതപ്രതിഭകളുടെ അഭിവന്ദ്യഗുരുവും ലക്ഷക്കണക്കിന് ഇസ്ലാംമത വിശ്വാസികളുടെ അവസാന വാക്കുമായി. കേരളത്തിലെ അറിയപ്പെട്ട പണ്ഡിതകുടുംബത്തില്‍ ജനിച്ച്, അസാമാന്യ പണ്ഡിതനായി വളര്‍ന്ന സൈനുദ്ദീന്‍ മുസ്ലിയാര്‍ അത്യപൂര്‍വ സൗഭാഗ്യത്തിനുടമയായി.22ാമത്തെ വയസ്സില്‍തന്നെ മതാധ്യാപനരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം 20 വര്‍ഷം കൊണ്ടോട്ടിക്കടുത്ത് കോടങ്ങാട് ദര്‍സിലും 18 വര്‍ഷത്തോളം ചെമ്മാട് ദര്‍സിലും അധ്യാപനം നടത്തി.
നൂറുകണക്കിന് പണ്ഡിതരാണ് ദര്‍സിലേക്ക് ജ്ഞാനദാഹം തീര്‍ക്കാന്‍ എത്തിയിരുന്നത്. ഇസ്ലാമിക വിജ്ഞാന ശാഖകളിലെല്ലാം അതുല്യ അവഗാഹമുണ്ടായിരുന്ന സൈനുദ്ദീന്‍ മുസ്ലിയാര്‍ കര്‍മശാസ്ത്ര വിഷയങ്ങളില്‍ അതീവ നിപുണനായിരുന്നു. അധ്യാപനരംഗത്തെ അദ്ദേഹത്തിന്‍െറ രീതികളും പ്രത്യേക ശൈലികളും ഏറെ ഹൃദ്യമായി. ചെറുപ്പകാലത്തുതന്നെ കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഏറെ ശ്രദ്ധേയനായി മാറിയിരുന്നു സൈനുദ്ദീന്‍ മുസ്ലിയാര്‍. വാക്കുകള്‍ക്കതീതമായ വിനയവും താഴ്മയും പ്രകടിപ്പിക്കുമ്പോള്‍തന്നെ ഉറച്ച നിലപാടുകളും വിശാല കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. സമന്വയ വിദ്യാഭ്യാസ രംഗത്ത് സമസ്ത കൈവരിച്ച വിപ്ളവകരമായ മുന്നേറ്റത്തിനുമുന്നില്‍ സൈനുദ്ദീന്‍ മുസ്ലിയാരുടെ സുദൃഢമായ നിലപാടുകള്‍ക്ക് വലിയ പങ്കുണ്ട്.
വിദ്യാര്‍ഥികളെ ഏറെ ആകര്‍ഷിക്കുന്ന അധ്യാപനവും അഗാധമായ ജ്ഞാനവുമാണ് അദ്ദേഹത്തിന്‍െറ എല്ലാ ഉയര്‍ച്ചക്കും നിമിത്തമായത്. സംഘാടനത്തിലും നേതൃത്വത്തിലുമുള്ള അദ്ദേഹത്തിന്‍െറ പാടവം സമസ്തയുടെ വളര്‍ച്ചയില്‍ വലിയ മുതല്‍ക്കൂട്ടാവുകയുണ്ടായി. കര്‍മപഥത്തില്‍ 90 വര്‍ഷം പൂര്‍ത്തിയാക്കിയ സമസ്തയുടെ നാലാമത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. സര്‍വശക്തന്‍ അദ്ദേഹത്തെയും നമ്മെയും അവന്‍െറ സ്വര്‍ഗീയാരാമത്തില്‍ ഒരുമിച്ചുകൂട്ടുമാറാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.