Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉന്മാദ ദേശീയതയുടെ...

ഉന്മാദ ദേശീയതയുടെ കാലത്തെ ജെ.എന്‍.യു

text_fields
bookmark_border
ഉന്മാദ ദേശീയതയുടെ കാലത്തെ ജെ.എന്‍.യു
cancel

കഴിഞ്ഞ കുറെ ദിവസങ്ങളായി ജെ.എന്‍. യുവിനെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങള്‍ പറയാനും കേള്‍ക്കാനും   അത്ര സുഖമുള്ളതല്ല. ചില ദൈനംദിന അനുഭവങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം :  കാമ്പസിലേക്ക് വരാന്‍ ടാക്സി ഡ്രൈവര്‍മാര്‍ വിസമ്മതിക്കുന്നു. അവര്‍ ചോദിക്കുന്നത് നിങ്ങള്‍ക്ക് പാകിസ്താനിലേക്ക് പോയ്ക്കൂടെയെന്നാണ്. നിന്നെ കണ്ടാല്‍  ജെ.എന്‍.യുക്കാരെപ്പോലെയുണ്ടെന്ന് പറഞ്ഞ് യുവാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുന്നു. ഡല്‍ഹിയില്‍ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് താമസസ്ഥലം നല്‍കാന്‍ പലരും മടിക്കുന്നു. പണ്ടൊക്കെ  ഇത്  കശ്മീരി വിദ്യാര്‍ഥികളുടെയോ ചില മുസ്ലിം വിദ്യാര്‍ഥികളുടെയോ മാത്രം അനുഭവമായിരുന്നു. ഈ ഉന്നത വിദ്യാഭ്യാസ  സ്ഥാപനത്തിന്‍െറ ലൈബ്രറി വെബ്സൈറ്റടക്കം ഹാക്ക് ചെയ്യപ്പെടുന്നു.  ജെ.എന്‍.യുവില്‍ നിന്നുള്ള പ്രഫസറെ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിലെ പരിപാടിക്കിടെ എ.ബി.വി.പിക്കാര്‍ ആക്രമിക്കുന്നു. കോടതിയില്‍ ജാമ്യാപേക്ഷക്ക് ഹാജരായ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റിനെയും അധ്യാപകരെയും കോടതിവളപ്പില്‍ ആര്‍.എസ്.എസ് അനുകൂല അഭിഭാഷകരും ഗുണ്ടകളും ചേര്‍ന്ന് മര്‍ദിക്കുന്നു. ജെ.എന്‍.യു അധ്യാപകരുടെ വീടിനു ചുറ്റുമാവട്ടെ സംഘം ചേര്‍ന്ന്  നിലക്കാത്ത തെറിവിളികള്‍ അഴിച്ചുവിടുന്നു. ‘ജെ.എന്‍.യു അടച്ചുപൂട്ടുക’ എന്ന സംഘ്പരിവാര്‍ കാമ്പയിന്‍െറ ചില  അനുഭവങ്ങള്‍ മാത്രമാണ് ഇപ്പറഞ്ഞതൊക്കെയും.

ജെ.എന്‍.യുവില്‍ എ.ബി.വി.പിയുടെ അജണ്ട
ഇന്ത്യന്‍ സമൂഹത്തിലെ അനീതികളുടെ എല്ലാ ബലതന്ത്രങ്ങളും ജെ.എന്‍.യു എന്ന പുരോഗമന കാമ്പസിലുമുണ്ട്. ജെ .എന്‍.യുവില്‍ എ.ബി.വി.പി പയറ്റുന്ന രാഷ്ട്രീയ തന്ത്രം സാമൂഹികനീതിക്കായുള്ള പോരാട്ടത്തെ ഇല്ലാതാക്കാന്‍കൂടിയാണ്.  ഇപ്പോഴത്തെ സംഘര്‍ഷത്തിന് ആഴ്ചകള്‍ക്കുമുമ്പ് ജെ.എന്‍.യു ചര്‍ച്ചചെയ്തത് എസ്.സി, എസ്.ടി, ഒ.ബി.സി സംവരണ സീറ്റുകളില്‍ ഈ വിദ്യാഭ്യാസ സ്ഥാപനം നടത്തിയ അട്ടിമറിയുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ മാസമാണ് ‘അന്താരാഷ്ട്ര പഠന വിഭാഗത്തിലെ’ ദലിത് ഗവേഷക വിദ്യാര്‍ഥി മദന്‍ മെഹര്‍ വൈസ് ചാന്‍സലര്‍ക്ക് തുറന്ന ആത്മഹത്യാക്കുറിപ്പെഴുതിയത്. അധ്യാപകര്‍ തനിക്ക് സ്കോളര്‍ഷിപ് നിഷേധിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും പ്രശ്നം പരിഹരിക്കപ്പെട്ടില്ളെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു കത്തിന്‍െറ ഉള്ളടക്കം. ഞങ്ങള്‍ കൊടുത്ത വിവരാവകാശ നിയമ പ്രകാരം അറിഞ്ഞത് പ്രസ്തുത പഠനവിഭാഗത്തില്‍ ഇന്നേവരെ എസ്.സി വിഭാഗത്തില്‍പെട്ട ഒരു വിദ്യാര്‍ഥിക്കുപോലും പിഎച്ച്.ഡി നല്‍കിയിട്ടില്ല എന്നാണ്.

ഈ സമരങ്ങളോട് എ.ബി.വി.പി ഒരിക്കലും അനുഭാവപൂര്‍വമായല്ല പ്രതികരിച്ചത്. മാത്രമല്ല, എ.ബി.വി.പിയുടെ ജാതി അജണ്ടകളെ തുറന്നുകാട്ടി  കാമ്പസില്‍ ഉയര്‍ന്നുവരുന്ന അംബേദ്കറേറ്റ് വിദ്യാര്‍ഥി സംഘടനകളെ വളരാന്‍ അനുവദിക്കാതിരിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഈ സംഘടനകള്‍ ‘കാസ്റ്റ് ഓണ്‍ മെനു കാര്‍ഡ്’, ‘മുസഫര്‍നഗര്‍ ബാക്കി ഹെ’ എന്നീ ഡോക്യുമെന്‍ററികള്‍ കാമ്പസില്‍ പ്രദര്‍ശിച്ചപ്പോള്‍ ആക്രമണമഴിച്ചുവിട്ടത് എ.ബി.വി.പിയായിരുന്നു. കേന്ദ്രഭരണം   മുതലെടുത്തുള്ള ഉന്മാദ ദേശീയതയുടെ ഈ കടന്നുവരവിന്  കീഴാളരുടെ സാമൂഹികനീതിക്കായുള്ള അന്വേഷണങ്ങളെ  അപ്രത്യക്ഷമാക്കാന്‍ കഴിയുമെന്ന് എ.ബി.വി.പി കണക്കുകൂട്ടുന്നുണ്ട്. അധീശ ദേശീയതക്കുള്ളില്‍ നിലനില്‍കുന്ന സാമൂഹിക നീതിയുടെ പ്രശ്നങ്ങള്‍  സംസാരിക്കുന്ന  വിദ്യാര്‍ഥികളെയും സ്വതന്ത്ര കൂട്ടായ്മകളെയും  ഭയപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ട് ജെ.എന്‍.യുവില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ വേട്ടയാടപ്പെടുകയോ ചെയ്യുന്ന  വിദ്യാര്‍ഥികളുടെ സാമൂഹികസ്ഥാനം ഒന്നുകില്‍ ബഹുജനോ ദലിതോ മുസ്ലിമോ  ആകുന്നത് ഒട്ടും യാദൃച്ഛികമല്ല.

മുസ് ലിം എന്ന ഭീഷണിയുടെ നിര്‍മാണം
ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഭരണകൂടത്തിന്‍െറ  പ്രധാന ഉന്നം ഉമര്‍ ഖാലിദെന്ന മുന്‍ ഡി.എസ്.യു (ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് യൂനിയന്‍) പ്രവര്‍ത്തകനാണ്. എന്തുകൊണ്ട് ഉമര്‍ ഖാലിദ് ഇന്ന് ഇന്ത്യ മുഴുവന്‍ തീവ്രവാദിയായി അവതരിപ്പിക്കപ്പെടുന്നുവെന്ന ചോദ്യം ഇവിടെ പ്രധാനമാണ്. ഇത്   സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ മുസ്ലിംവിരുദ്ധതയെക്കൂടി തുറന്നുകാട്ടുന്നുണ്ട്. ഇന്ത്യയിലെ ആദിവാസികളുടെ സാമൂഹികാവസ്ഥയെക്കുറിച്ച് പഠനംനടത്തുന്ന ഒരു വിദ്യാര്‍ഥിയാണ് ഉമര്‍ ഖാലിദ്. അവനെയാണ് ഇപ്പോള്‍ ചിലര്‍ ഇന്ത്യാവിരുദ്ധനെന്ന് മുദ്രകുത്തുന്നത്. ദലിതരും ആദിവാസികളും സ്ത്രീകളും മറ്റു പിന്നാക്ക ജനവിഭാഗങ്ങളുമടക്കം അവഗണനയനുഭവിക്കുന്ന സമൂഹത്തിന് ഐക്യദാര്‍ഢ്യമായാണ്  ഉമര്‍ ഖാലിദെന്ന വിദ്യാര്‍ഥി സംസാരിച്ചതെന്നതിന് ഈ കാമ്പസിലെ വിദ്യാര്‍ഥികള്‍ മുഴുവന്‍ സാക്ഷിയാണ്. എന്നാല്‍, അവനെ കൊല്ലാനായി കാത്തുനില്‍ക്കുന്ന ഒരു ജനത്തെയാണ് വലതുപക്ഷ  മാധ്യമങ്ങളും സംഘ്പരിവാറും ഉണ്ടാക്കിയെടുത്തത്. അങ്ങനെ പൊതുസമൂഹവും മാധ്യമങ്ങളും ‘ഉമര്‍ കബ്’ (ഉമറിന്‍െറ അറസ്റ്റ് എപ്പോള്‍)  എന്നാണ് ആക്രോശിച്ചുകൊണ്ടിരിക്കുന്നത്. ഇന്നേവരെ സ്വന്തം പാസ്പോര്‍ട്ടുപോലുമില്ലാത്ത ഇയാള്‍ പാകിസ്താനില്‍ പോയെന്ന് കള്ളക്കഥകള്‍ പടച്ചുണ്ടാക്കുന്നു.

ജെ.എന്‍.യുവിലെ മുസ്ലിം  തീവ്രവാദത്തിന്‍െറ ‘മാസ്റ്റര്‍ മൈന്‍ഡ്’ എന്നിത്യാദി വിശേഷണങ്ങള്‍ ആര്‍.എസ്.എസ് മാധ്യമങ്ങള്‍ ഉമറിനു പതിച്ചുനല്‍കുന്നു.  ഉമറിന് ജയ്ശെ മുഹമ്മദ്  ബന്ധമുണ്ടെന്നാണ് ഇന്‍റലിജന്‍സ് ബ്യൂറോയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് ആഭ്യന്തര മന്ത്രാലയം അത് തള്ളിക്കളഞ്ഞെങ്കിലും എത്രയാളുകളുടെ മനസ്സിലാണ് അവര്‍ സംശയത്തിന്‍െറ വിത്തുകള്‍ പാകിയത്.   ഉമര്‍ തീവ്രവാദിയാണെന്നും അവനെ കണ്ടാല്‍ കൊല്ലണമെന്നും പോസ്റ്ററുകള്‍ ഡല്‍ഹിയിലും മറ്റും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ‘ഇത് ഉമര്‍ ഖാലിദ്, മുസ്ലിം, അവന്‍ പാകിസ്താനെ സ്നേഹിക്കുന്നു, അവനെ കൊല്ലണം’ എന്നീ അടിക്കുറിപ്പുകളുമായി അവന്‍െറ ചിത്രങ്ങള്‍  സാമൂഹിക മാധ്യമങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു.
അതുകൊണ്ടുതന്നെ ഉമറിന്‍െറ കാര്യത്തില്‍  ഐസ/എസ്.എഫ്.ഐ/എ.ഐ.എസ്.എഫ്  പോലുള്ള  ഇടതുവിദ്യാര്‍ഥി സംഘടനകള്‍ ഇപ്പോഴും പുലര്‍ത്തുന്ന ‘തന്ത്രപരമായ മൗനം’ (Strategic Silence) ഒരിക്കലും ഫാഷിസത്തിനെതിരായ ഫലപ്രദമായ ചെറുത്തുനില്‍പിനെ സഹായിക്കുമെന്ന് തോന്നുന്നില്ല.  ഇത്ര വലിയ പ്രചാരണമുണ്ടായിട്ടും ഉമറിനെതിരെ നടക്കുന്ന യക്ഷിവേട്ട ജെ.എന്‍.യുവിനകത്തുപോലും വളരെ വൈകിയാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. അതും സാമൂഹിക മാധ്യമങ്ങളില്‍ നടന്ന വിമര്‍ശങ്ങള്‍ കാരണമായാണ് സംഭവിക്കുന്നത്.   

മാധ്യമവിചാരണ
ജെ.എന്‍.യു വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ചര്‍ച്ചകളും പത്രറിപ്പോര്‍ട്ടി ങ്ങുകളും മീഡിയ വിചാരണയുടെ ക്രൂരത വെളിപ്പെടുത്തുന്നതായിരുന്നു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും  അഭിപ്രായങ്ങളെ അവഗണിച്ച് സംഘ്പരിവാര്‍ പ്രോപഗണ്ടക്ക് നിലമൊരുക്കുകയായിരുന്നു മാധ്യമങ്ങള്‍. അര്‍നബ് ഗോസ്വാമി ജെ.എന്‍.യു വിദ്യാര്‍ഥികളെ ന്യൂസ് റൂമില്‍ ക്ഷണിച്ചിരുത്തി പറഞ്ഞത്  നിനക്കൊന്നും സംസാരിക്കാന്‍ അവകാശമില്ല, നീയൊക്കെ തീവ്രവാദിയാണ്, രാജ്യദ്രോഹിയാണ് എന്നൊക്കെയായിരുന്നു. ആര്‍.എസ്.എസിന് വലിയ സ്വാധീനമുള്ള ഹിന്ദി മാധ്യമങ്ങള്‍ പരിധിവിട്ട ദേശവികാരമാണ് പ്രകടിപ്പിക്കുന്നത്. ഞങ്ങളുടെ ഹോസ്റ്റല്‍ മെസില്‍ കയറിവന്ന ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ഭക്ഷണത്തിലേക്ക് കാമറ വെച്ച് പറഞ്ഞത് ഇതാണ് തീവ്രവാദികളായ ജെ.എന്‍.യുക്കാര്‍ കഴിക്കുന്ന സബ്സിഡി ഭക്ഷണം എന്നാണ്.  കോടതി വിചാരണക്കുമുമ്പേ മാധ്യമങ്ങള്‍ ആര്‍.എസ്.എസിനുവേണ്ടി ജെ.എന്‍.യു വിദ്യാര്‍ഥികളെ വിചാരണ ചെയ്തുകഴിഞ്ഞു എന്നത് മാധ്യമങ്ങളുടെ തീവ്രവലതു രാഷ്ട്രീയത്തെ  വെളിവാക്കുന്നുണ്ട്. ജെ.എന്‍.യുവില്‍ ശക്തിപ്പെടുന്ന സാമൂഹികനീതിയുടെ രാഷ്ട്രീയത്തെ ഉന്മാദ ദേശീയതയുടെ മറപിടിച്ച് ഇല്ലാതാക്കാനാണ് മാധ്യമങ്ങളും സംഘ്പരിവാറും ശ്രമിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള ഫാഷിസ്റ്റ് ഭീഷണിയെ എതിര്‍ത്തുതോല്‍പിക്കാന്‍ ഓരോ ജനാധിപത്യ വിശ്വാസിയും ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട സന്ദര്‍ഭമാണിത്.
(ജെ.എന്‍.യുവില്‍ ലോ ആന്‍ഡ് ഗവേണന്‍സ് വിഭാഗത്തില്‍ ഗവേഷകനാണ് ലേഖകന്‍)

ദേശീയതയല്ല; തെമ്മാടിത്തം


ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്‍െറ നേതൃത്വത്തില്‍ തുടക്കമിട്ട അനിഷ്ടസംഭവങ്ങളില്‍ പ്രതിഷേധിച്ച് സംഘടനയില്‍നിന്ന് രാജിവെച്ച എ.ബി.വി.പി ജോ. സെക്രട്ടറി പ്രദീപ്, ഭാരവാഹികളായ രാഹുല്‍ യാദവ്, അന്‍കിത് ഹാന്‍സ് എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവന:

ഞങ്ങള്‍, താഴെ പറയുന്ന വിഷയങ്ങളിലെ അഭിപ്രായഭിന്നത കാരണം എ.ബി.വി.പിയില്‍നിന്നു രാജിവെക്കുകയും അതിന്‍െറ ഭാവിപ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ഒന്ന്, ജെ.എന്‍.യുവില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവം. രണ്ട്, മനുസ്മൃതി, രോഹിത് വെമുല പ്രശ്നങ്ങളില്‍ പാര്‍ട്ടിയുമായി നിലനിന്ന നീണ്ട നാളത്തെ അഭിപ്രായവ്യത്യാസം. ഫെബ്രുവരി ഒമ്പതിന് കലാശാല കാമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ന്നത് നിര്‍ഭാഗ്യകരവും ഹൃദയഭേദകവുമാണ്. ആ ചെയ്തിക്ക് ഉത്തരവാദികളാരായിരുന്നാലും നിയമാനുസൃതം ശിക്ഷിക്കപ്പെടേണ്ടതാണ്. എന്നാല്‍, ഈ വിഷയം എന്‍.ഡി.എ കൈകാര്യം ചെയ്ത രീതി, പ്രഫസര്‍മാരെ അടിച്ചൊതുക്കിയത്, കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും കനയ്യക്കുമെതിരെ  നടന്ന ആവര്‍ത്തിച്ചുള്ള അതിക്രമം - ഇതൊന്നും ന്യായീകരണമര്‍ഹിക്കുന്നില്ല. കുറ്റവിചാരണയും ഇടിച്ചുനിരത്തല്‍ തത്ത്വശാസ്ത്രവും മുഴുവന്‍ ഇടതുകാരെയും ദേശദ്രോഹികളാക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

ജെ.എന്‍.യു അടച്ചുപൂട്ടുക എന്ന സന്ദേശമാണിപ്പോള്‍ ആളുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനു പകരം ‘സീ ന്യൂസ് അടച്ചുപൂട്ടുക’ എന്ന ടാഗ് ആയിരുന്നു അവര്‍ പ്രചരിപ്പിക്കേണ്ടിയിരുന്നത്. ഈ വിശ്വോത്തര സ്ഥാപനത്തെ താറടിച്ചത് അവരാണ്. ഒരു പറ്റം വിദ്യാര്‍ഥികള്‍ ചെയ്ത പ്രവൃത്തിയെ സാമാന്യവത്കരിച്ച് മുഴുവന്‍ ജെ.എന്‍.യു വിദ്യാര്‍ഥികളെയും പഴിചാരുകയാണ് തെറിച്ച ‘സീ ന്യൂസ്’ ചെയ്യുന്നത്. പുരോഗമനാത്മക ജനാധിപത്യ സ്വഭാവമുള്ള സ്ഥാപനമാണ് ജെ.എന്‍.യു. വരുമാനത്തില്‍ ഉയര്‍ന്നവരും താഴ്ന്നവരും ഒന്നിച്ചൊന്നായി പഠിച്ചുനീങ്ങുന്ന സമത്വത്തിന്‍െറ കലാലയമാണിത്.

വിദ്യാര്‍ഥിസമൂഹത്തിനുനേരെ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുന്ന ഒരു ഭരണകൂടത്തിന്‍െറ നാവായിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ജെ.എന്‍.യുവിന്‍െറ നോര്‍ത് ഗേറ്റിനു മുന്നിലോ പട്യാല കോടതിവളപ്പിലോ ആകട്ടെ, വലതുപക്ഷ വര്‍ഗീയശക്തികളുടെ അഴിഞ്ഞാട്ടത്തിന് ഒ.പി . ശര്‍മയെപ്പോലുള്ള ജനപ്രതിനിധികളും കേന്ദ്ര ഭരണകൂടവും ഒത്താശ ചെയ്തു. ഓരോ ദിവസവും ആളുകള്‍ ദേശീയപതാകയുമായി നോര്‍ത് ഗേറ്റിനു മുന്നിലത്തെി ജെ.എന്‍.യു വിദ്യാര്‍ഥികളെ തല്ലുന്നു. ഇത് തെമ്മാടിത്തമാണ്; ദേശീയവാദമല്ല. നിങ്ങള്‍ക്ക് രാജ്യത്തിന്‍െറ പേരില്‍ ഒന്നും ചെയ്യാനാവില്ല. തെമ്മാടിത്തവും ദേശീയവാദവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

കാമ്പസിലോ രാജ്യത്തിന്‍െറ ഇതര ഭാഗങ്ങളിലോ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ല. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയനും ചില ഇടത് സംഘടനകളും പറയുന്നത് കാമ്പസില്‍ ഒന്നും നടന്നില്ളെന്നാണ്. എന്നാല്‍, മറക്കു പിന്നിലുള്ള ചിലയാളുകള്‍ ഡി.എസ്.യുവിന്‍െറ മുന്‍ ഭാരവാഹികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ ‘ഭാരതത്തെ വെട്ടിമുറിക്കും’ എന്നും മറ്റുമൊക്കെ മുദ്രാവാക്യം മുഴക്കിയിട്ടുണ്ട്. അതിന് വിഡിയോയില്‍ വ്യക്തമായ തെളിവുമുണ്ട്.
അത് ചെയ്തത് ആരായിരുന്നാലും നിയമാനുസൃതം ശിക്ഷിക്കണം.

അതോടൊപ്പം ഇതിന്‍െറ പേരില്‍ രാജ്യത്തുടനീളം ജെ.എന്‍.യു വിരുദ്ധ വികാരം ഇളക്കിവിടുന്ന തരത്തിലുള്ള മാധ്യമവിചാരണയെ ഞങ്ങള്‍ അപലപിക്കുകയും ചെയ്യുന്നു.  നമുക്ക് സ്വന്തമായൊരു അസ്തിത്വം നല്‍കിയ ജെ.എന്‍.യുവിനെ രക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. കക്ഷിഭേദാതീതമായി ഈ സ്ഥാപനത്തിന്‍െറ യശസ്സ് വീണ്ടെടുക്കാന്‍, ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ചേരാത്ത 80 ശതമാനത്തോളം പേര്‍ പഠിക്കുന്ന ജെ.എന്‍.യുവിന്‍െറ ഭാവി രക്ഷപ്പെടുത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം. ജെ.എന്‍.യു സംസ്കാരത്തെ രക്ഷിക്കാന്‍ നമുക്ക് ഒന്നിക്കാം.

വന്ദേ മാതരം, ജയ് ഭീം, ജയ് ഭാരത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jnu protest
Next Story