സിറിയയുടെ ശവപ്പറമ്പില്‍ ഏറ്റുമുട്ടുന്ന വന്‍ശക്തികള്‍
text_fieldsഅമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്ക് നാലു വര്‍ഷംകൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനു നാലു മാസംകൊണ്ട് നേടാനായപ്പോള്‍ സിറിയ അക്ഷരാര്‍ഥത്തില്‍ ചുടലക്കളമായി മാറിയത് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ്. സിറിയയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് അഞ്ചുലക്ഷത്തോളം മനുഷ്യര്‍ കൊല്ലപ്പെടുകയും 1.88 ദശലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. മൊത്തം ജനസംഖ്യയുടെ 45 ശതമാനം ആവാസവ്യവസ്ഥയില്‍നിന്ന് പിഴുതെറിയപ്പെട്ട് അഭയാര്‍ഥികളായി അലയുകയാണ്. എന്നിട്ടും ജനീവയിലും മ്യൂണിക്കിലും പലതവണ കൂടിയിരുന്ന ലോകനേതാക്കള്‍ക്ക് വെടിനിര്‍ത്തുന്നതിനെ കുറിച്ച് അഭിപ്രായൈക്യത്തിലത്തൊന്‍ സാധിക്കാതെപോയത് ആഗോള രാഷ്ട്രീയ ചൂതാട്ടകേന്ദ്രമായി സിറിയ പരിണമിച്ചതുകൊണ്ടാണ്. അമേരിക്കക്കും റഷ്യക്കും ശാക്തികപരീക്ഷണം നടത്താനുള്ള പുതിയ ഭൂമികയായി റോമന്‍-ഇസ്ലാമിക പൈതൃകങ്ങള്‍ കൊണ്ട് സമ്പന്നമായ ലവാന്‍റിന്‍െറ മണ്ണും വിണ്ണും വിട്ടുകൊടുക്കേണ്ടിവന്നപ്പോള്‍ പശ്ചിമേഷ്യയിലെ എറ്റവും ദുരന്തപൂര്‍ണമായ പുതിയൊരു അധ്യായമാണ് എഴുതിച്ചേര്‍ക്കേണ്ടിവന്നിരിക്കുന്നത്. സമീപകാല ലോകചരിത്രത്തില്‍ ഒരു രാജ്യത്തെ ബോംബിട്ട് ധൂമപടലങ്ങളാക്കാനും ജീവജാലങ്ങളെ കൊന്നൊടുക്കാനും വന്‍ശക്തികളും ചെറുശക്തികളും ഒരുപോലെ മത്സരിച്ച് രംഗത്തിറങ്ങിയ അനുഭവം ഇതുപോലെ എടുത്തുകാട്ടാനുണ്ടാവില്ല. തുനീഷ്യയില്‍നിന്ന് ഉയിര്‍കൊണ്ട മൂല്ലപ്പൂവിപ്ളവം അറബ് വസന്തത്തിന്‍െറ സുഗന്ധംവീശി നൈല്‍ത്തടത്തിലൂടെ സിറിയയിലേക്ക് ആഞ്ഞടിക്കുകയാണെന്നും ബശ്ശാര്‍ അല്‍അസദിന്‍െറ സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിക്കാനുള്ള അവസരം സംജാതമായിരിക്കുകയാണെന്നും പറഞ്ഞ് ഡമസ്കസിലേക്ക്് തുറന്നുവിട്ട കാലുഷ്യവും അരാജകത്വവും ഇമ്മട്ടില്‍ ഒരു നാഗരികസമൂഹത്തെ തകര്‍ത്തെറിയുമെന്ന് ആരെങ്കിലും നിനച്ചിരുന്നുവോ എന്ന ചോദ്യത്തിനുപോലും ഇനി പ്രസക്തിയില്ല. കാരണം, സിറിയ എന്ന പുരാതന സംസ്കൃതിയെ ലോകശക്തികള്‍ ഒത്തൊരുമിച്ചുകൊണ്ട് തകര്‍ത്തെറിഞ്ഞിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന തീവ്രവാദിഗ്രൂപ്പിനെ ഉന്മൂലനംചെയ്യാന്‍ എന്നപേരില്‍ സിറിയയിലേക്ക് കടന്നുചെന്ന ശക്തികള്‍ യഥാര്‍ഥത്തില്‍ പശ്ചിമേഷ്യയുടെ കടിഞ്ഞാണ്‍ പിടിച്ചെടുക്കുന്ന കാര്യത്തില്‍ മാത്രമല്ല, ശീതസമരാനന്തര ലോകത്തിന്‍െറ ഗതി തന്നെ തിരിച്ചുവിടുന്നതിനുള്ള കരുക്കളാണ് നീക്കുന്നത്. സിറിയയില്‍ ആധിപത്യം സ്ഥാപിച്ച് പശ്ചിമേഷ്യയുടെ ശാക്തിക ബലാബലത്തില്‍ പുതിയ സൂത്രവാക്യം രചിക്കുക എന്നതിനപ്പുറം അങ്കിള്‍സാമിനെ വരുതിയിലേക്ക് കൊണ്ടുവരുക എന്ന അജണ്ടപോലും റഷ്യന്‍ പ്രസിഡന്‍റിനുണ്ട് എന്നാണ് നിരീക്ഷകര്‍ ഇപ്പോള്‍ പറയുന്നത്.
റഷ്യയുടെ രംഗപ്രവേശം
യു.എസിനോട് വെല്ലാന്‍ ത്രാണിയുള്ള മറ്റൊരു സൂപ്പര്‍പവറായി തിരിച്ചുവരാന്‍ സിറിയയിലെ പ്രക്ഷുബ്ധാവസ്ഥ റഷ്യക്ക് അവസരമൊരുക്കിക്കൊടുത്തു. സിറിയയില്‍ അമേരിക്ക അമ്പേ പരാജയപ്പെട്ടതാണ് കാരണം. ബശ്ശാര്‍ അല്‍അസദിന്‍െറ കരങ്ങള്‍ക്ക് ശക്തിപകരുന്നതില്‍ പുടിന്‍ വിജയിച്ചതിന്‍െറ ആരവമാണ് രാജ്യത്തിന്‍െറ വാണിജ്യകേന്ദ്രമായ അലപ്പോയില്‍നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത്്. അലപ്പോ തങ്ങളുടെ വരുതിയില്‍ വരുന്നതോടെയാണ് വര്‍ധിതവീര്യത്തോടെ ശത്രുനിഗ്രഹത്തിന് അസദ്-പുടിന്‍-ഇറാന്‍ അച്യുതണ്ട് വന്‍സൈനിക മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. റഷ്യന്‍ പോര്‍വിമാനങ്ങള്‍ ദിനംപ്രതി നൂറുകണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ ക്രൂരതകളെയും കൈരാതങ്ങളെയും കുറിച്ച് മുറവിളികൂട്ടിയ ആഗോളമാധ്യമങ്ങള്‍ക്ക് തകര്‍ന്നുവീഴുന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കിടന്ന് ശ്വാസംമുട്ടി മരിക്കുന്ന നൂറുകണക്കിന് പൈതങ്ങളുടെ നിലവിളി കേള്‍ക്കാന്‍ കഴിയുന്നില്ല എന്നുമാത്രം. കഴിഞ്ഞ തിങ്കളാഴ്ച അലപ്പോ, ഇദ്ലിബ് നഗരങ്ങളിലെ ആശുപത്രികള്‍ക്കും സ്കൂളുകള്‍ക്കും നേരെ ബോംബ് വര്‍ഷിക്കപ്പെട്ടപ്പോള്‍ കുഞ്ഞുങ്ങളടക്കം 50 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. യുദ്ധക്കുറ്റമാണ് റഷ്യ അനുവര്‍ത്തിക്കുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ധര്‍മരോഷം കൊണ്ടപ്പോള്‍ അമേരിക്കയാണ് ക്രൂരത കാട്ടിയതെന്നും തകര്‍ക്കപ്പെടാന്‍ അവിടെ യു.എസ് പട്ടാളം ഒന്നും ബാക്കിവെച്ചിട്ടില്ളെന്നുമായിരുന്നു റഷ്യയുടെ പ്രതികരണം. ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് മ്യൂണിക്കില്‍ ചേര്‍ന്ന സമാധാനസമ്മേളനത്തില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ ഉടമ്പടിയോട് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് തണുപ്പന്‍ മട്ടില്‍ പ്രതികരിച്ചത് തങ്ങള്‍ക്കിനി അതിന്‍െറ ആവശ്യമില്ല എന്ന സന്ദേശം കൈമാറിയായിരുന്നു. ലോകനേതാക്കള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ മാത്രം റഷ്യന്‍ പോര്‍വിമാനങ്ങള്‍ 320 തവണ അലപ്പോയിലെ സിവിലിയന്‍ കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നുണ്ടായിരുന്നു. സിറിയന്‍സൈന്യം നഗരം വളഞ്ഞുവെച്ചിരിക്കയാണ്. അലപ്പോ സിറിയയുടെ സരയോവയായി മാറുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പ്രവചിക്കുന്നത്. ഐ.എസ് പോകട്ടെ, യു.എസും പ്രതിപക്ഷപോരാളികളും കടുത്തവെല്ലുവിളിയാണ് നേരിടുന്നത്. വിഘടനവാദികള്‍ക്കും ഐ.എസ് ഇതര തീവ്രവാദികള്‍ക്കും ഇതുവരെ സി.ഐ.എ ആയുധമത്തെിച്ചുകൊണ്ടിരുന്ന പാതകളെല്ലാം ബ്ളോക് ചെയ്യുന്നതില്‍ സിറിയന്‍പട്ടാളം വിജയിച്ചതാണ് അങ്കിള്‍സാമിനെയും പിണിയാളുകളെയും ഞെട്ടിച്ചിരിക്കുന്നത്. വടക്കന്‍സിറിയയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതോടെ ബശ്ശാര്‍ അല്‍അസദ് മേല്‍ക്കൈ നേടി. സിറിയന്‍ കുര്‍ദുകളുടെ സഹായം ഈ ദിശയില്‍ റഷ്യക്ക് ലഭിക്കുന്നുവെന്നതാണ് തുര്‍ക്കിയെ പ്രകോപിതരാക്കുന്നത്. പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പുടിനെതിരെ രോഷംകൊള്ളാന്‍ കാരണം മറ്റൊന്നല്ല. അതേസമയം, തുര്‍ക്കിയുമായി ചേര്‍ന്ന് കരയുദ്ധത്തിന് തങ്ങള്‍ സന്നദ്ധമാണ് എന്ന് സൗദിയെക്കൊണ്ട് പറയിപ്പിക്കുന്നതും അസദ്-പുടിന്‍ കൂട്ടുകെട്ടിന്‍െറ ഈ മുന്നേറ്റമാണ്. ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ട ഒരുഘട്ടത്തില്‍ അല്‍ നുസ്റ, അഹ്റാര്‍ അല്‍ ശാം തുടങ്ങിയ തീവ്രവാദികളിലെ ‘മിതവാദികള്‍ക്ക്’ (അങ്ങനെ വിശേഷിപ്പിച്ചാലല്ളേ അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ആയുധസഹായം നല്‍കാന്‍ പറ്റൂ ) വടക്കന്‍സിറിയയിലെ ഇദ്ലിബ് പ്രവിശ്യയില്‍ നിര്‍ണായകമുന്നേറ്റം നടത്താന്‍ സാധിച്ചിരുന്നു. അസദിന്‍െറ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്ന് ലോകം വിധിയെഴുതിയ ആ ഘട്ടത്തിലാണ് (2015 സെപ്റ്റംബര്‍ 30ന്) റഷ്യ രണ്ടും കല്‍പിച്ച് കളത്തിലിറങ്ങിയത്. അസദിന് വെല്ലുവിളി ഉയര്‍ത്തുന്ന എല്ലാ ശക്തികളെയും ബോംബിട്ട് ഉന്മൂലനം ചെയ്യുക എന്നതായിരുന്നു പുടിന്‍െറ തന്ത്രം. അങ്ങനെയാണ് ഡമസ്കസിന് സമീപം ജയ്ശുല്‍ ഇസ്ലാമിനെയും കിഴക്ക് ഐ.എസിനെയും വടക്കുകിഴക്കന്‍ മേഖലയില്‍ അല്‍ നുസ്റ, അഹ്റാര്‍ അശ്ശാര്‍ തുടങ്ങിയ ഗ്രൂപ്പുകളെയും ലക്ഷ്യമിട്ട് പോര്‍വിമാനങ്ങള്‍ പറന്നുയര്‍ന്നതും ബോംബുകള്‍ നിര്‍ബാധം വര്‍ഷിച്ചതും. അസദിന്‍െറ കൈരാതങ്ങള്‍ക്ക് പുടിന്‍െറ ആയുധമുഷ്ക് തുണയായപ്പോള്‍ അഞ്ചുവര്‍ഷംമുമ്പ് അവര്‍ തുടങ്ങിവെച്ച കൂട്ടഹത്യകളുടെയും നശീകരണപ്രക്രിയയുടെയും ആക്കംകൂടി എന്നു മാത്രമല്ല, ഒരുനിലക്കും ജീവിക്കാന്‍ കൊള്ളാത്ത ഇടമായി സിറിയ പരിണമിക്കുകയും ചെയ്തു. ഐ.എസ് ഭീകരവാദികളെ നശിപ്പിക്കുന്നതിലല്ല, മിതവാദികളായ സിറിയന്‍ പ്രതിപക്ഷഗ്രൂപ്പുകളെ കൊല്ലുന്നതിലാണ് റഷ്യയും അസദും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന പരിഭവം നേരത്തേ കേള്‍ക്കാന്‍ തുടങ്ങിയതാണ്. പുടിന്‍െറ കണ്ണില്‍ അസദിന്‍െറ ആളുകളെല്ലാത്തവരെല്ലാം രാജ്യദ്രോഹികളും തീവ്രവാദികളുമാണ്. സിറിയന്‍സമസ്യക്ക് രാഷ്ട്രീയപരിഹാരം കാണുകയേ നിര്‍വാഹമുള്ളൂവെന്ന് പറഞ്ഞുതുടങ്ങിയ യു.എസ് അധികൃതര്‍ക്ക് ഒടുവില്‍ സമ്മതിക്കേണ്ടിവന്നു; സൈനികപരിഹാരവും തള്ളിക്കളയേണ്ടതില്ളെന്ന്. എന്നാല്‍, അത് റഷ്യയുടേതാണ് എന്ന് പരോക്ഷമായെങ്കിലും സമ്മതിക്കുകയും ചെയ്യുന്നു. അതിനുശേഷമാണ്, ചുരങ്ങിയത് ഒരുഡസന്‍ പട്ടണങ്ങളിലെങ്കിലും ജനം ശത്രുക്കളാല്‍ വളഞ്ഞിരിക്കയാണെന്നും വിശന്നുമരിക്കുന്ന സിറിയന്‍ പൗരന്മാരുടെ ജീവന്‍ രക്ഷിക്കാന്‍ ‘ഹ്യുമാനിറ്റേറിയന്‍ കോറിഡോര്‍’ തുറക്കണമെന്നുമുള്ള മുറവിളി യു.എസ് ചേരിയില്‍നിന്ന് കേള്‍ക്കാന്‍ തുടങ്ങിയത്.
അസദ് എന്ന ഏകാധിപതിയെ അധികാരഭ്രഷ്ടനാക്കാന്‍ അമേരിക്കയോടൊപ്പം ഇറങ്ങിപ്പുറപ്പെട്ട അറബ് രാജ്യങ്ങള്‍ക്കും സിറിയയിലെ അനുഭവങ്ങള്‍ കൊടിയ നിരാശയാണ് സമ്മാനിച്ചത്. അസദിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള അധികാരക്കൈമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ കേള്‍ക്കാനില്ല. അമേരിക്ക നൂറുശതമാനം സിറിയയില്‍ പരാജയപ്പെട്ടുവെന്ന് യു.എസ് കേന്ദ്രങ്ങള്‍ക്കുതന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ‘അമേരിക്കയുടെ സിറിയയിലെ നാണക്കേട്’ എന്നാണ് റോഗന്‍ കോഹന്‍ ന്യൂയോര്‍ക് ടൈംസ് എഴുതിയ ലേഖനത്തിന്‍െറ തലക്കെട്ട്. റഷ്യ പറയുന്നതിന് തലയാട്ടുക എന്നല്ലാതെ അമേരിക്കക്ക് പോംവഴിയില്ളെന്നും റോഗന്‍ കോഹന്‍ തുറന്നടിച്ചു.
സിറിയന്‍ ജനതയുടെ ദുര്യോഗം
വന്‍ശക്തികളുടെ അബലപരീക്ഷണങ്ങള്‍ക്കിടയില്‍ ഐ.എസ് നടത്തുന്ന ഭീകരപ്രവൃത്തികള്‍ ലോകശ്രദ്ധയില്‍നിന്ന് വഴുതിപ്പോകുന്നതാണ് സിറിയന്‍ജനത അഭിമുഖീകരിക്കുന്ന മറ്റൊരു ദുര്യോഗം.ഭീകരവാദികളുടെ സ്വാധീനബലം കുറഞ്ഞുവരുന്നതായി സ്വയം ആശ്വസിക്കുന്നു. എന്നാല്‍, സിറിയയിലാവട്ടെ, ഇറാഖിലാവട്ടെ ഐ.എസ് ഉയര്‍ത്തുന്ന വെല്ലുവിളിയെ ഫലപ്രദമായി നേരിട്ടത് കുര്‍ദുമിലിഷ്യകളാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ആരും ധൈര്യപ്പെടുന്നില്ല. കാരണം, തുര്‍ക്കിയുടെ കണ്ണില്‍ ഇവരും ഭീകരവാദികളാണ്. പി.കെ.കെയെ ഭീകരവാദികളായി പ്രഖ്യാപിക്കാത്തതാണ് ഉര്‍ദുഗാനെ യു.എസിനെതിരെ രോഷാകുലനാക്കുന്നത്.
ചുരുക്കത്തില്‍ വന്‍ശക്തികളും അവരുടെ പിണിയാളുകളും ഒരുക്കിയ കെണിയില്‍ പാവം സിറിയന്‍ജനതക്ക് അവരുടെ ജീവിതവും സ്വപ്നവും ഹോമിക്കേണ്ടിവന്നിരിക്കയാണ്. പശ്ചിമേഷ്യന്‍ പ്രശ്നത്തിന്‍െറ മര്‍മം ഫലസ്തീനില്‍നിന്ന് സിറിയയിലേക്ക് പറിച്ചുനട്ടതിന്‍െറ ആശ്വാസത്തിലാണ് ഇസ്രായേലും സയണിസ്റ്റ് യജമാനന്മാരും. വന്‍ശക്തികള്‍ തമ്മിലുള്ള രാഷ്ട്രീയവിലപേശലിന്‍െറ എല്ലിന്‍കഷണമായി മാറിയ സ്ഥിതിക്ക് സമീപകാലത്തൊന്നും അവിടെ ശാന്തി പുലരുമെന്ന് ആരും പ്രതീക്ഷിക്കേണ്ട.
സാമ്രാജ്യത്വ മുട്ടനാടുകള്‍ക്ക് കൊമ്പുകോര്‍ക്കാനും രക്തം ചിന്താനും കബന്ധങ്ങള്‍ കുന്നുകൂട്ടാനും നാഗരികപൈതൃകങ്ങള്‍ ഉറങ്ങുന്ന ലവാന്‍റിന്‍െറ മണ്ണുതന്നെ വേണ്ടിവന്നു എന്നത് ആകസ്മികമാവാന്‍ തരമില്ല. കാരണം, കൃത്യം നൂറുവര്‍ഷം മുമ്പ് ഒന്നാം ലോകയുദ്ധത്തിന്‍െറ നിര്‍ണായക വഴിത്തിരിവുകള്‍ക്ക് സാക്ഷിയായതും ഈ മണ്ണായിരുന്നു. മൂന്നാം ലോക യുദ്ധത്തെക്കുറിച്ച് ആയുധനിര്‍മാതാക്കള്‍ക്ക് സ്വപ്നംകാണാന്‍ അവസരമൊരുക്കുന്ന പ്രധാനഘടകവും ഇതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.