ആഫ്രിക്ക: അമേരിക്കന്‍ ‘രഹസ്യ’ അധിനിവേശങ്ങള്‍
text_fieldsആഫ്രിക്കയില്‍ അമേരിക്ക നടത്തുന്ന രഹസ്യ സൈനിക ഇടപെടലുകള്‍ തുറന്നു കാട്ടുന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ നിക് ടെഴ്സിന്‍െറ ഒരു പഠനം പുറത്തുവന്നിരിക്കുന്നു. അമേരിക്കന്‍ മിലിട്ടറിയെ കുറിച്ച് പഠിക്കുന്ന അദ്ദേഹത്തിന്‍െറ പുതിയ പുസ്തകമായ Tomorrow’s Battlefield : US Proxy Wars and Secret Ops in Africaയുടെ ആഫ്രിക്കന്‍ എഡിഷനിലാണ് അമേരിക്ക ആഫ്രിക്കയില്‍ നടത്തുന്ന രഹസ്യ അധിനിവേശങ്ങളെ തുറന്നുകാട്ടുന്നത്. കിഴക്കനേഷ്യ മാത്രമല്ല, ആഫ്രിക്കന്‍ വന്‍കരയും അമേരിക്കയുടെ നവലോക ക്രമത്തിന്‍െറ ഭാഗമാക്കുന്ന നടപടികള്‍ക്ക് ഇപ്പോള്‍ ആക്കംകൂടിയിരിക്കുന്നു. ആഫ്രിക്കയില്‍ ഇപ്പോള്‍ വ്യാപകമാകുന്ന നോണ്‍ സ്റ്റേറ്റ് മിലിറ്റന്‍സി തന്നെ ഒരേസമയം അമേരിക്കന്‍ രഹസ്യ ഇടപെടലുകളുടെ ഭാഗമായും അതിനോടുള്ള പ്രതികരണമായും കാണണമെന്ന വാദമുള്ളയാളാണ് നിക് ടെഴ്സ്.
ആഫ്രിക്കന്‍ വന്‍കരയില്‍ അമേരിക്ക നടത്തുന്ന രഹസ്യ മിലിട്ടറി ഓപറേഷനുകളും അതിനായി അവര്‍ സ്ഥാപിച്ച അമേരിക്കന്‍ രഹസ്യ സൈനികതാവളങ്ങളും അധികമൊന്നും വിശദമായി പുറത്തു വന്നിട്ടില്ല. ഈ പുതിയ അന്വേഷണപുസ്തകം ആ കുറവ് നികത്തുന്നു.
2013ല്‍ ഒരു ദിവസം ഒന്ന് എന്നതായിരുന്നു ആഫ്രിക്കയിലെ അമേരിക്കന്‍ രഹസ്യ സൈനികനീക്കത്തിന്‍െറ ശരാശരി എണ്ണം. എന്നാല്‍, 2014ല്‍ ഇത് ഒന്നരയും 2015ല്‍ രണ്ടും ആയിട്ടുണ്ട്. ഇതില്‍ ഡ്രോണ്‍ മുതല്‍ നേരിട്ടുള്ള ആക്രമണം വരെ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, മുഖ്യധാരാമാധ്യമങ്ങളില്‍ ഈ വിവരങ്ങള്‍ വളരെ കുറച്ചേ കാണുന്നുള്ളൂ. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ കടിഞ്ഞാണിടാന്‍ അമേരിക്കന്‍ സൈന്യത്തിന്‍െറ പബ്ളിക് റിലേഷന്‍സ് വിഭാഗം ശ്രമിക്കുകയും ചെയ്യുന്നു.
2016ന്‍െറ തുടക്കംവരെയുള്ള കണക്കനുസരിച്ച് ആഫ്രിക്കയില്‍ ആകമാനം അമേരിക്കക്ക് 60 രഹസ്യ സൈനികതാവളങ്ങളുണ്ട്. 88 ഏക്കര്‍ മുതല്‍ 600 ഏക്കര്‍വരെയാണ് ഓരോ താവളത്തിന്‍െറയും വലുപ്പം. ആവശ്യമനുസരിച്ച് 500 മുതല്‍ 5000 വരെ സൈനികര്‍ ഓരോ താവളത്തിലുമുണ്ടാകും. ആഫ്രിക്കയിലെ തന്ത്രപ്രധാനമേഖലകളില്‍ അതത് ഭരണകൂടങ്ങളെ ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചുമാണ് അവര്‍ ഈ താവളങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, സ്വന്തം പ്രജകളില്‍നിന്ന് മറച്ചുവെച്ചാണ് മിക്ക ആഫ്രിക്കന്‍ ഭരണകൂടങ്ങളും ഇതൊക്കെ ചെയ്യുന്നത്. അനുസരിച്ചില്ളെങ്കില്‍ രാജ്യത്തിനകത്തുതന്നെ റെബലുകളെ നിര്‍മിച്ച് അസ്ഥിരത വളര്‍ത്തുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനു വഴങ്ങാത്ത ദക്ഷിണാഫ്രിക്കപോലുള്ള രാജ്യങ്ങളെ ആഫ്രികോം പോലുള്ള കുറെകൂടി സുതാര്യമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെവഴിക്ക് കൊണ്ടുവരാന്‍ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സൈനികതാവളങ്ങള്‍ക്ക് പുറമേ വിപുലമായ ആകാശ ചാരവലയവും അമേരിക്ക ആഫ്രിക്കയില്‍ വികസിപ്പിച്ചിട്ടുണ്ട്. 2012ല്‍ ‘വാഷിങ്ടണ്‍ പോസ്റ്റ്’ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്ക സ്വകാര്യ കമ്പനികള്‍ക്ക് ആഫ്രിക്കയില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ക്വെട്ടേഷന്‍ കൊടുത്തിരിക്കുന്നു. ടസ്കര്‍ സാന്‍ഡ് എന്ന് പേരിട്ട ഈ ഓപറേഷന്‍ യുഗാണ്ടയിലെ എന്‍െറബ്ബെ വിമാനത്താവളത്തില്‍നിന്നാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. എന്നാല്‍, ഈ കമ്പനികള്‍ പലപ്പോഴും സ്വന്തം സാമ്പത്തികതാല്‍പര്യത്തിനും ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പലപ്പോഴും ആഫ്രിക്കയിലെതന്നെ പ്രകൃതിവിഭവങ്ങളെ ലക്ഷ്യമിടാന്‍ ഈ ഡാറ്റകള്‍ കുത്തക കമ്പനികള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
ആഫ്രിക്കയില്‍ അമേരിക്കയുടെ പത്തോളം രഹസ്യ തടവറകളുണ്ട്്. ഇതിന്‍െറ പൂര്‍ണവിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. വിക്കിലീക്സ് പുറത്തുവിട്ടതുപ്രകാരം ബ്ളാക് സൈറ്റ് എന്നറിയപ്പെടുന്ന അമേരിക്കന്‍ജയിലുകള്‍ ഇപ്പോള്‍ ആഫ്രിക്കയില്‍ രണ്ടിടത്ത് പരസ്യമായി പ്രവര്‍ത്തിക്കുന്നു. ഒന്ന്, സോമാലിയയിലും മറ്റൊന്ന് ജിബൂതിയിലുമാണ്. അറബ് നാടുകളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ഭീകരവേട്ടയുടെ പേരുപറഞ്ഞ് നീതിയും വിചാരണയും നിഷേധിച്ച് ആളെ പിടിച്ചുകൊണ്ടു വന്നിട്ടിരിക്കുന്നത് ഇവിടെയാണ്.
എന്നാല്‍, ഇതിനെല്ലാം ന്യായമായി അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ പറയുന്നത് ഇസ്ലാമിക തീവ്രവാദമെന്ന ഭീഷണിയെ ചെറുക്കാനാണ് തങ്ങള്‍ ആഫ്രിക്കയില്‍ വരുന്നതെന്നാണ്. എന്നാല്‍, 2001ല്‍ ന്യൂയോര്‍ക്കില്‍ ലോകവ്യാപാരസമുച്ചയം ആക്രമിക്കപ്പെട്ടപ്പോള്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് തന്നെ പറഞ്ഞത് ആഫ്രിക്കയില്‍ ഇസ്ലാമിക ‘ഭീകരത’ ഇല്ല എന്നാണ്. എന്നാല്‍, ആഫ്രികോം എന്നപേരില്‍ 2008ല്‍ അമേരിക്ക ആഫ്രിക്കയില്‍ നടത്തിയ സായുധ ഇടപെടലിനുശേഷം 47 സായുധഗ്രൂപ്പുകളാണ് ആഫ്രിക്കയില്‍ മുളച്ചുപൊന്തിയത്. ബോകോ ഹറാം (നൈജീരിയ), അല്‍ ശബാബ് (സോമാലിയ) തുടങ്ങിയ സായുധസംഘങ്ങള്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധ മാറ്റി ആഫ്രിക്കയിലെ തന്നെ മറ്റു പ്രദേശങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങിയത് അമേരിക്കന്‍ സായുധ ഇടപെടലുകള്‍ക്കു ശേഷമാണ്. അതിനാല്‍ അമേരിക്ക നടത്തിയ രഹസ്യ ഇടപെടലുകള്‍ സൃഷ്ടിച്ചതാണ് ആഫ്രിക്കയിലെ മിലിറ്റന്‍സിയുടെ പ്രശ്നമെന്നാണ് നിക് ടെഴ്സ് പറയുന്നത്.
ഇങ്ങനെയൊരു രഹസ്യ സൈനികനീക്കം ആഫ്രിക്കയെ എങ്ങനെ ബാധിക്കും? ഇപ്പോള്‍ അമേരിക്ക ഇറാഖിലെയും സിറിയയിലെയും ഐ.എസ് കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ഒരു കൊച്ചു ആഫ്രിക്കന്‍ രാജ്യമായ ജിബൂതിയില്‍നിന്നാണ്. എന്നാല്‍, നാളെ ഐ.എസ് തന്നെ തങ്ങളെ ആക്രമിച്ചവര്‍ക്കെതിരെ പ്രതികാരം എന്നനിലയില്‍ ജിബൂതി ആക്രമിച്ചാല്‍ എന്തായിരിക്കും സ്ഥിതി? ആ രാജ്യത്തെ പൗരന്മാരുടെ സുരക്ഷ അന്യായമായി അപകടപ്പെടുത്താന്‍ അമേരിക്കക്ക് എന്താണധികാരം? എന്നാല്‍, ഇതിനൊന്നും അവര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സ്വന്തം സൈനിക-രാഷ്ട്രീയ താല്‍പര്യത്തിന് പകരം മറ്റു രാജ്യങ്ങളുടെ ആഭ്യന്തരസുരക്ഷയില്‍ ഒരു താല്‍പര്യവും അമേരിക്കക്ക് ഇല്ല എന്നുതന്നെ പറയാം.
അതുകൊണ്ടുതന്നെ അമേരിക്കന്‍ പൗരന്മാരുടെ പോലും അറിവോ സമ്മതമോ ഇല്ലാതെ നടത്തുന്ന ഈ രഹസ്യ അധിനിവേശങ്ങള്‍ ലോകത്തിന്‍െറ സുസ്ഥിരതക്കും സമാധാനത്തിനും തന്നെ ഭീഷണിയാണ് എന്നാണ് നിക് ടെഴ്സ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.