ജെയ്റ്റ്ലിയുടെ കണക്കുകൂട്ടലുകള്‍
text_fieldsബജറ്റ്ദിനം അടുത്തതോടെ എല്ലാ മേഖലകളിലും കണക്കുകൂട്ടലുകള്‍ സജീവമായിക്കഴിഞ്ഞു. ഇക്കുറി ധനമന്ത്രി ആരെയെല്ലാമാവും തുണക്കുക, പ്രഹരം എവിടെയാവും... ചര്‍ച്ചകള്‍ ഇങ്ങനെ തുടരുമ്പോഴും നോര്‍ത് ബ്ളോക്കിലെ ഉദ്യോഗസ്ഥര്‍ക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും ഉറക്കമില്ലാരാവുകളാണ്. സാമ്പത്തികപ്രശ്നങ്ങള്‍ക്കൊപ്പം രാജ്യത്തിന്‍െറ വിവിധ മേഖലകളിലെ രാഷ്ട്രീയ വെല്ലുവിളികളും ശക്തമായതോടെ ഇക്കുറി ബജറ്റ് അവതരണം കടുത്ത വെല്ലുവിളിയായി മാറുകയാണ്. സാമ്പത്തിക അച്ചടക്കം പാലിച്ച് ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനൊപ്പം 120 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ അഭിലാഷങ്ങള്‍ക്ക് നിറം പകരുക ഏതു ധനമന്ത്രിക്കും അത്ര സുഖകരമാവില്ല.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്‍െറ 3.5 ശതമാനത്തില്‍ ഒതുക്കുകയെന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. ഇതോടൊപ്പം കഴിഞ്ഞ ഏതാനും വര്‍ഷമായി കുത്തനെ ഇടിയുന്ന സാമ്പത്തികവളര്‍ച്ച എങ്ങനെയും ഉയര്‍ത്തിക്കൊണ്ടുവരുകയും വേണം. പിന്നെ ആദായനികുതി ഇളവ് മുതല്‍ പ്രതീക്ഷിച്ചിരിക്കുന്ന പൊതുജനവും വമ്പന്‍ ഇളവുകള്‍ക്കായി കാതോര്‍ക്കുന്ന കോര്‍പറേറ്റ് മേഖലയും. ഇവരെയെല്ലാം തൃപ്തരാക്കാന്‍ അരുണ്‍ ജെയ്റ്റ്ലിക്ക് കഴിയുമോ എന്നാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.
2015-16 സാമ്പത്തികവര്‍ഷത്തില്‍ ധനക്കമ്മി ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്‍െറ 3.9 ശതമാനത്തില്‍ (5.6 ലക്ഷം കോടി രൂപ) ഒതുക്കാനാണ് കേന്ദ്രബജറ്റ് ലക്ഷ്യമിട്ടിരുന്നത്. പ്രത്യക്ഷ നികുതിപിരിവ് കുറയുകയും ഓഹരി വില്‍പന വഴി സമാഹരിക്കാന്‍ ലക്ഷ്യമിട്ട പണം ലഭിക്കാതെവരുകയും ചെയ്തിട്ടും മറ്റ് നിരവധി അനുകൂല സാഹചര്യങ്ങള്‍ ഒത്തുവന്നതോടെ ധനക്കമ്മി ലക്ഷ്യമിട്ട 3.9 ശതമാനത്തിനടുത്ത് എത്തിക്കുന്നതില്‍ ധനമന്ത്രി വിജയിച്ചേക്കും. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ പെട്രോളിനും ഡീസലിനും നികുതി കുത്തനെ ഉയര്‍ത്തി വന്‍ നികുതി വരുമാനം നേടാന്‍ ധനമന്ത്രിക്ക് കഴിഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചതുവഴി കഴിഞ്ഞ മാസം മാത്രം കേന്ദ്ര ഖജനാവിന് അധികം ലഭിച്ചത് 2500 കോടി രൂപയോളമാണ്. ഇതോടൊപ്പം രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞതോടെ പെട്രോള്‍, ഡീസല്‍ എന്നിവക്ക് നല്‍കിവന്ന സബ്സിഡി പാടെ ഇല്ലാതായി. പാചകവാതകത്തിന് ഇപ്പോള്‍ നല്‍കേണ്ടിവരുന്നത് നാമമാത്ര സബ്സിഡിയും. ഇത്തരം ചെലവുകള്‍ കുറഞ്ഞതിനു പുറമെ അടിസ്ഥാനസൗകര്യ വികസനം ഉള്‍പ്പെടെയുള്ള മൂലധന ചെലവുകളിലും കഴിഞ്ഞ സാമ്പത്തികവര്‍ഷം കാര്യമായ വെട്ടിക്കുറച്ചിലുകള്‍ വരുത്തി.
എന്നാല്‍, 2016-17 സാമ്പത്തിക വര്‍ഷത്തില്‍ നികുതി വരുമാനം ഗണ്യമായി വര്‍ധിപ്പിച്ചില്ളെങ്കില്‍ കാര്യങ്ങള്‍ പാളുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
കേന്ദ്രസര്‍ക്കാറിന്‍െറ പ്രഖ്യാപിതലക്ഷ്യം അനുസരിച്ച് അടുത്ത സാമ്പത്തികവര്‍ഷം ധനക്കമ്മി ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്‍െറ 3.5 ശതമാനത്തില്‍ എത്തിക്കണം. ആഭ്യന്തര മൊത്ത ഉല്‍പാദനം നടപ്പുവര്‍ഷത്തെ 140 ലക്ഷം കോടി രൂപ എന്നനിലയില്‍ അടുത്ത സാമ്പത്തികവര്‍ഷവും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്നെ കേന്ദ്ര സര്‍ക്കാറിന്‍െറ ലക്ഷ്യം നേടണമെങ്കില്‍ ധനക്കമ്മിയില്‍ 30,000 കോടി രൂപയോളം കുറവുവരുത്തണം. പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതിവര്‍ധന വഴി അടുത്ത വര്‍ഷം 30,000 കോടി രൂപയോളം അധിക നികുതി വരുമാനം ഉണ്ടാവുകയും ചെയ്യും. എന്നാല്‍, പ്രശ്നം അവിടെയല്ല. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശയും വിരമിച്ച സൈനികര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കുന്നതിനുമായി അടുത്ത സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപയോളം അധികം വേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ ധനമന്ത്രിക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും ഈ ഭീമമായ ചെലവാണ്. ഇത് എങ്ങനെ പരിഹരിക്കും എന്നതാവും ബജറ്റ്ദിനത്തില്‍ സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുക. ഒരു ലക്ഷം കോടി രൂപപോലുള്ള ഭീമമായ വരുമാനക്കമ്മി പരിഹരിക്കുന്നതിന് ധനമന്ത്രിക്ക് മുന്നിലുണ്ടാവുന്ന ഏകമാര്‍ഗം നികുതി നിരക്കിലെ വര്‍ധനയായിരിക്കും. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില സ്ഥിരത നേടുന്ന ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ ഇനി പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തി നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞേക്കില്ല. അത്തരമൊരു നീക്കം സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശം ക്ഷണിച്ചുവരുത്തുമെന്നതുതന്നെ കാരണം. രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്‍െറ അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ എക്സൈസ് തീരുവകളില്‍ വര്‍ധനയും സാധാരണഗതിയില്‍ പ്രായോഗികമല്ല. പിന്നെ അവശേഷിക്കുന്നത് സേവനനികുതിയാണ്.
കഴിഞ്ഞ ഏതാനും വര്‍ഷമായി സേവനനികുതി ധനമന്ത്രിമാരുടെ കറവപ്പശുവായി മാറിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ അരുണ്‍ ജെയ്റ്റ്ലി സേവനനികുതിയില്‍ ഒന്നര ശതമാനത്തിന്‍െറ വര്‍ധനയാണ് വരുത്തിയത്. ഇക്കുറിയും അത്തരമൊരു ശ്രമം അദ്ദേഹത്തിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടായ്കയില്ല. ഒപ്പം കൂടുതല്‍ മേഖലകളെ സേവനനികുതിയുടെ പരിധിയില്‍ കൊണ്ടുവരുകയും ചെയ്തേക്കാം. ഇതോടൊപ്പം പൊതുമേഖലാ ഓഹരി വില്‍പന കൂടുതല്‍ ത്വരിതപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ധനമന്ത്രി തേടിയേക്കം.
ധനക്കമ്മി നിയന്ത്രിക്കുന്നതിന് ബജറ്റില്‍ കാര്യമായ പ്രധാന്യം നല്‍കുന്നതിന് മറ്റൊരു കാരണംകൂടിയുണ്ട്. ധനക്കമ്മി ഉയരുന്നത് പണപ്പെരുപ്പം ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്‍െറ അഞ്ചു ശതമാനത്തില്‍ പിടിച്ചുനിര്‍ത്താമെന്ന റിസര്‍വ് ബാങ്കിന്‍െറ ലക്ഷ്യത്തിനും തിരിച്ചടിയാണ്. ഇതോടെ സമീപഭാവിയില്‍ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷകളും തകരും. ഇത് സമ്പദ്വ്യവസ്ഥക്ക് ആകത്തെന്നെ കനത്ത പ്രഹരമേല്‍പിക്കുകയും ചെയ്യും. മോദിസര്‍ക്കാറിനെതിരെ രാജ്യത്തിന്‍െറ പല കോണുകളിലും ഉയരുന്ന ശക്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ വെളിച്ചത്തില്‍ ഇക്കുറി കാര്‍ഷിക, ഗ്രാമീണ മേഖലകളിലേക്കും സാമൂഹിക സുരക്ഷാപദ്ധതികളിലും ധനമന്ത്രി കാര്യമായി ശ്രദ്ധിച്ചേക്കും. തുടര്‍ച്ചയായി രണ്ടു വര്‍ഷം കാലവര്‍ഷം ചതിച്ചതോടെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഇത് ഗ്രാമങ്ങളെ തളര്‍ച്ചയുടെ പടുകുഴിയിലേക്ക് തള്ളി. നിലവില്‍ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തിയിരിക്കുന്നത് നഗരങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചെലവിടുന്ന പണവും മാത്രമാണ്. ഇതുവഴി മാത്രം സാമ്പത്തികവളര്‍ച്ച നിലനിര്‍ത്താനാവില്ളെന്ന് ധനമന്ത്രിക്കും നന്നായി അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.