ദേശദ്രോഹ മുദ്രയുടെ ആഘാതങ്ങള്‍
text_fieldsജെ.എന്‍.യു സംഭവത്തെ ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി വങ്കത്ത പരമ്പരകളുടെ മികച്ച ഉദാഹരണമായി കണക്കാക്കാം. അഫ്സല്‍ ഗുരുവിനെ അനുസ്മരിക്കാന്‍ കാമ്പസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുറത്തുനിന്നുള്ളവര്‍ സംബന്ധിച്ചിരുന്നുവെന്നും ചടങ്ങില്‍ ദേശദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നുമുള്ള ആരോപണമാണ് വിവാദ കോലാഹലങ്ങള്‍ക്ക് നിമിത്തമായത്. ഇത്തരം മുദ്രാവാക്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നില്ളെന്നും മുദ്രാവാക്യങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി നേതാക്കള്‍ പ്രസ്താവന ഇറക്കിയിരുന്നു. സാധാരണ ഗതിയില്‍ ഇതോടെ കെട്ടടങ്ങേണ്ടതായിരുന്നു ഈ വിവാദം. എന്നാല്‍, ആസൂത്രിതമെന്ന് കരുതാവുന്ന നീക്കങ്ങളിലൂടെ ബി.ജെ.പി പ്രശ്നത്തെ പര്‍വതീകരിക്കുന്നതിനാണ് രാഷ്ട്രം സാക്ഷിയായത്. സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെട്ട രീതിയില്‍ നിയമപാലകരും ഏകപക്ഷീയമായ നടപടികള്‍ കൈക്കൊണ്ടു. ദേശദ്രോഹക്കേസ് എന്ന ഊരാക്കുടുക്കില്‍ വിദ്യാര്‍ഥികളെ കുരുക്കിയിടാനാണിപ്പോഴത്തെ ശ്രമങ്ങള്‍.
വാസ്തവത്തില്‍ കുത്സിത പ്രചാരണങ്ങള്‍ വഴി ദേശീയ വികാരങ്ങള്‍ ഉണര്‍ത്തിവിട്ട് ജെ.എന്‍.യു സംഭവത്തെ തന്ത്രപരമായി ചൂഷണം ചെയ്യുകയായിരുന്നു ബി.ജെ.പി. ഇത്തരം പ്രചാരണങ്ങള്‍ ജെ.എന്‍.യു എന്ന വിശിഷ്ട സര്‍വകലാശാലയുടെ അന്തസ്സിന് പരിക്കേല്‍പിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തകയെയും വിദ്യാര്‍ഥികളെയും ജനങ്ങളെയും പരസ്യമായി കൈയേറ്റം ചെയ്ത് രാജ്യത്തിനും കോടതി വ്യവഹാരങ്ങള്‍ക്കും കൂടുതല്‍ നാണക്കേട് സമ്മാനിക്കുന്നതില്‍ ബി.ജെ.പി അനുകൂല അഭിഭാഷകര്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. ജെ.എന്‍.യു സംഭവത്തെ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് നിയുക്തരായ അഭിഭാഷക സംഘവും വക്കീല്‍ ഗൗണണിഞ്ഞവരുടെ മര്‍ദനങ്ങള്‍ക്കിരയായി. സുപ്രീംകോടതി നിയോഗിച്ച അന്വേഷണസംഘത്തിനുപോലും കൃത്യനിര്‍വഹണം അസാധ്യമാക്കുന്ന ഇത്തരം ഹീനതകള്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ പിന്‍ബലമില്ലാതെ അരങ്ങേറുമെന്ന് വിശ്വസിക്കാനാകുമോ? നമ്മുടെ നീതിന്യായ വ്യവസ്ഥയെ അത്യധികം കളങ്കപ്പെടുത്തിയ അഭിഭാഷകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോ?
രാജ്യമൊന്നടങ്കം ഭീതി പടര്‍ത്താന്‍ ബി.ജെ.പി അനുയായികള്‍ നടത്തിവരുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ ഫെബ്രുവരി 13ന് ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങ് അതിനിസ്സാരമായി മാറുകയാണ്. നിയമം കൈയിലെടുക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് അധികാരമോ അവകാശമോ ഇല്ല. വ്യാജ ദേശഭക്തന്മാരുടെ സംഘങ്ങള്‍ക്ക് ജനങ്ങളെ ആക്രമിക്കാന്‍ ആരാണ് അനുവാദം നല്‍കിയത്. നടപടികള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥരായ നിയമപാലകരുടെ വൈരനിര്യാതന സമീപനവും നാം കാണുകയുണ്ടായി. സര്‍ക്കാറിനെതിരെ എത്ര ഘോരമായ വിമര്‍ശപ്രഭാഷണങ്ങള്‍ നടത്തിയാലും അത് രാജ്യദ്രോഹമാകില്ളെന്നാണ് സുപ്രീംകോടതിയുടെ തീര്‍പ്പ്. ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മാത്രമാണ് അവ കുറ്റകൃത്യമോ ദേശദ്രോഹപരമോ ആയിത്തീരുന്നത്. 1922ല്‍ മഹാത്മാ ഗാന്ധിക്കെതിരെ ഒരു ദേശദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയുണ്ടായി. കേസിനോടുള്ള പ്രതികരണത്തില്‍ ഗാന്ധിജി ഇങ്ങനെ ചൂണ്ടിക്കാട്ടി: ‘പൗരന്മാരുടെ സ്വാതന്ത്യം അമര്‍ച്ചചെയ്യുക മാത്രമാണ് ദേശദ്രോഹ ചട്ടത്തിന്‍െറ ഉന്നം. നിയമങ്ങളോ ചട്ടങ്ങളോ വഴി പൗരന്മാരില്‍ സ്നേഹം അങ്കുരിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസം എനിക്കില്ല. സ്നേഹമില്ളെങ്കില്‍ അതു പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അനുവദിക്കപ്പെടണം, അത് ആക്രമണങ്ങള്‍ക്കും ഹിംസക്കും പ്രേരണയാകാത്ത കാലത്തോളം.’ദേശസ്നേഹത്തെ സംബന്ധിച്ച് ആംഗലേയ എഴുത്തുകാരന്‍ സാമുവല്‍ ജോണ്‍സണ്‍ നടത്തിയ നിരീക്ഷണം നോക്കുക: ‘തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണ് ദേശസ്നേഹം’.
സാഹചര്യങ്ങള്‍ എത്ര കടുത്തതായാലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുകൂടാ. സെപ്റ്റംബര്‍ 11 ഭീകരാക്രമണ പശ്ചാത്തലത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട സന്ദേശം ശ്രദ്ധേയമായിരുന്നു: ‘അമേരിക്കന്‍ ജനതയുടെ സ്വാതന്ത്ര്യത്തെയും തുറസ്സിനെയും ലംഘിക്കാന്‍ ഭീകരര്‍ക്ക് അവസരമുണ്ടാകരുത്. അതോടൊപ്പം പൗരസ്വാതന്ത്ര്യത്തോട് അനാദരവ് കാട്ടാന്‍ ഭരണകൂടങ്ങള്‍ക്കും അനുമതി നല്‍കിക്കൂടാ’.
ഫിലഡെല്‍ഫിയ ഇന്‍ക്വയറര്‍ എഴുതിയതും ചിന്തോദ്ദീപകമായിരുന്നു: ‘സെപ്റ്റംബര്‍ സംഭവം നമ്മെ സംഭീതരാക്കിയിരിക്കുന്നു. നാം അമര്‍ഷംകൊള്ളുന്നു, അന്ധാളിക്കുന്നു. എന്നാല്‍, വികാരങ്ങളെ ആധാരമാക്കി ആകരുത് നമ്മുടെ തീരുമാനങ്ങള്‍. സ്വാതന്ത്ര്യത്തിന്‍െറയും സഹിഷ്ണുതയുടെയും മൂല്യങ്ങളെ ആധാരമാക്കി മാത്രമാകണം നമ്മുടെ പ്രതികരണങ്ങള്‍’.
ജോര്‍ജ് ബുഷ് പാട്രിയോട്ടിക് ആക്ടിന് രൂപംനല്‍കിയപ്പോള്‍ പ്രമുഖര്‍ വിമര്‍ശവുമായി രംഗപ്രവേശം ചെയ്തു. സിവില്‍ സ്വാതന്ത്ര്യങ്ങള്‍ ബലികഴിച്ചും സുരക്ഷ ഉറപ്പുവരുത്തണമെന്ന പിഴച്ച ചിന്താഗതിയായിരുന്നു ഇത്തരം ചട്ടങ്ങളുടെ അടിത്തറയെന്ന് ലോറ മര്‍ഫി ചൂണ്ടിക്കാണിച്ചതോര്‍ക്കുക. പൗരസ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയോടുള്ള ബി.ജെ.പിയുടെ വിപ്രതിപത്തിക്കെതിരെ സാര്‍വദേശീയ തലത്തില്‍നിന്നു പോലും വിമര്‍ശങ്ങള്‍ ഉയരുകയുണ്ടായി. ഈ സങ്കുചിത നിലപാടില്‍ പ്രതിഷേധിച്ച് തലസ്ഥാന നഗരിയിലും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലും റാലികള്‍ അരങ്ങേറി.
ഭരണകൂടങ്ങള്‍ കൊഴിഞ്ഞുപോകുമെന്ന് സ്വപ്നംകണ്ട കാള്‍ മാര്‍ക്സ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ആഹ്ളാദം പ്രകടിപ്പിക്കുമായിരുന്നു. കാരണം കനയ്യ കുമാറിനെ പട്യാല ഹൗസിലെ കോടതിയിലേക്ക് കൊണ്ടുവന്ന ദിവസം ഡല്‍ഹിയില്‍ ഭരണകൂടവും അധികാരവും കൊഴിഞ്ഞുവീഴുകയായിരുന്നു. മാവോയുടെ ചൈനയില്‍പോലും അസാധ്യമായ സ്വപ്നം ഡല്‍ഹിയില്‍ സാക്ഷാത്കരിക്കപ്പെട്ടു! സുരക്ഷാവിഭാഗം നോക്കിനില്‍ക്കെ അടിയും തൊഴിയുമേറ്റ് കനയ്യ വിലപിക്കാനിടയായി. ഈ സംഭവത്തില്‍ അധികാരത്തിന്‍െറ അപമാനകരമായ നിഷ്ക്രിയതയെ ഭരണകര്‍ത്താക്കള്‍ക്കും പാര്‍ട്ടിക്കും എങ്ങനെ സാധൂകരിക്കാന്‍ കഴിയും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.