ജെ.എന്‍.യു വിവാദത്തില്‍ ലാഭംകൊയ്യുന്നവര്‍
text_fieldsജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ ഡോ. കെ.ആര്‍. നാരായണന്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്‍റായിരിക്കെ സര്‍വകലാശാലയില്‍ ഒരു ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്. ‘ജെ.എന്‍.യു ഇന്നെന്താണോ ചിന്തിക്കുന്നത് രാഷ്ട്രം അത് നാളെ ചിന്തിക്കും’. രാജ്യത്തിന്‍െറ അഭിമാനസ്തംഭങ്ങളിലൊന്നായ ഈ വിശ്വോത്തര സര്‍വകലാശാലയില്‍ നടത്തുന്ന ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ആഴവും പരപ്പും പ്രാധാന്യവും ഉള്‍ക്കൊള്ളുന്നതാണ് ഡോ. കെ.ആര്‍. നാരായണന്‍െറ വാക്കുകള്‍. നിരന്തരമായ സംവാദങ്ങളും ചര്‍ച്ചകളും ജെ.എന്‍.യുവിന്‍െറ അസ്തിത്വത്തിന്‍െറ ഭാഗമാണ്. ചര്‍ച്ചകള്‍ക്ക് മിക്കപ്പോഴും ഒൗപചാരികതകള്‍ നന്നേ കുറവായിരിക്കും. അധ്യാപക-വിദ്യാര്‍ഥി വേര്‍തിരിവുകളില്ലാതെ അക്കാദമികസമൂഹമാണ് വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുന്നത്. ചര്‍ച്ചയുടെ ‘ഇടങ്ങള്‍’ ഗംഗാദാബയും സബര്‍മതി ദാബയും (ദാബ=പെട്ടിക്കട) ആകാം, അതല്ളെങ്കില്‍ കാവേരി, പെരിയാര്‍ ഹോസ്റ്റലുകളുടെ മെസ്ഹാള്‍ ആകാം. രാജ്യത്തെ മറ്റു സര്‍വകലാശാലകളിലെ സെമിനാറുകള്‍ക്ക് ദേശീയപ്രാധാന്യം കിട്ടാന്‍ വേണ്ടി സംഘാടകര്‍ ഡേറ്റ് കാത്തിരിക്കുന്ന പ്രഗല്ഭരായിരിക്കാം ഒരുപക്ഷേ, ഡൈനിങ് ടേബ്ളില്‍ ചമ്രംപടിഞ്ഞിരുന്ന് ചര്‍ച്ചകള്‍ നയിക്കുന്നത്.
വിദ്യാര്‍ഥികളില്‍ പകുതിപേരും ഗവേഷകരാണെന്നതുകൊണ്ടുതന്നെ ഏതു ചര്‍ച്ചയും സജീവമാക്കാന്‍ അതേ വിഷയത്തിലെ ഒരുപിടി ഗവേഷകര്‍തന്നെ മുന്‍നിരയില്‍ ഇടംപിടിച്ചിട്ടുണ്ടാകും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിവില്‍ സര്‍വിസുകാരെ സംഭാവനചെയ്യുന്ന ഈ സര്‍വകലാശാലയില്‍ ഇക്കൂട്ടരും ഓരോ ചര്‍ച്ചയിലും സജീവമായിരിക്കും. ജെ.എന്‍.യുവിന്‍െറ പ്രശസ്തിയും പ്രസക്തിയും മാനവികവിഷയങ്ങളാണെന്നതുകൊണ്ടുതന്നെ ക്ളാസുകള്‍ കഴിഞ്ഞാല്‍ ലാബുകളിലേക്കല്ല -മറിച്ച് ഇത്തരം ചര്‍ച്ചാവേദികളിലേക്കാണ് വിദ്യാര്‍ഥികള്‍ കൂട്ടമായി ഒഴുകുന്നത്.
ഇത്രയും ഉന്നതമായ അക്കാദമികസംവാദങ്ങളുടെ വിളനിലത്തിലെ വിദ്യാര്‍ഥിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഇത്തരം അക്കാദമികമൂല്യങ്ങള്‍ സ്വാധീനം ചെലുത്തുക സ്വാഭാവികം. സര്‍വകലാശാലയില്‍ ചേര്‍ന്നശേഷമുള്ള ആദ്യവര്‍ഷം തെരഞ്ഞെടുപ്പിലെ ‘മീറ്റ് ദ കാന്‍ഡിഡേറ്റ്’ പ്രോഗ്രാം ഓര്‍ത്തുപോവുകയാണ്. പരിപാടി തുടങ്ങുമ്പോള്‍തന്നെ രാത്രി ഒമ്പതു കഴിഞ്ഞിരുന്നു. പുലര്‍ച്ചെ ഒന്നുവരെ പരിപാടി നീണ്ടു. ഗ്ളാസ്നോസ്റ്റും പെരിസ്ട്രോയിക്കയും അപഗ്രഥിച്ച് റഷ്യന്‍ കമ്യൂണിസത്തെയും ലോകത്തെ ഏറ്റവും കൂടുതല്‍ തൊഴിലാളി ചൂഷണമുള്ള മുതലാളിത്ത കമ്യൂണിസത്തിന്‍െറ സ്വര്‍ഗരാജ്യമെന്ന് ചൈനയെയും വിമര്‍ശിച്ചായിരുന്നു ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളെ മറ്റു സംഘടനകള്‍ കടന്നാക്രമിച്ചത്. അഫ്ഗാന്‍ ആക്രമണത്തില്‍ അമേരിക്കയെ പിന്തുണച്ച കോണ്‍ഗ്രസിന്‍െറ പോളിസിയെ മാത്രമല്ല, ദേശീയഗാനത്തില്‍ പശ്ചിമപൂര്‍വ ദേശക്കാര്‍ക്ക് ഇടംനല്‍കാത്തതിന് ടാഗോറിനെയും ‘ദലിത്വിരുദ്ധ മനോഭാവം’ കാട്ടിയതിന് ഗാന്ധിജിയെയും പോലും പച്ചക്ക് പൊരിച്ചെടുത്തായിരുന്നു കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐക്ക് കിട്ടിയ മറുപടി. സ്ഥാനാര്‍ഥികള്‍ സ്റ്റേജ് ഒഴിഞ്ഞുപോയിട്ടും ആവേശംകെടാതെ പുലരുവോളം ചര്‍ച്ച തുടര്‍ന്ന ശ്രോതാക്കളായിരുന്നു ഞങ്ങള്‍. കേരളത്തില്‍നിന്നുള്ള പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അദ്ഭുതംപകര്‍ന്നത് ജെ.എന്‍.യുവിന്‍െറ അക്കാദമിക വ്യക്തിത്വമാണ്. ഇത്തരം അന്ത$സത്തകളൊന്നും മനസ്സിലാക്കാതെയാണ് ചിലരെങ്കിലും ‘ഈ പിള്ളേര്‍ക്ക് പഠിക്കാനുള്ളത് പഠിച്ചുകഴിഞ്ഞാല്‍ അടങ്ങിയൊതുങ്ങി ഒരു മൂലയിലിരുന്നാല്‍ പേരേ’യെന്ന മട്ടില്‍ പ്രതികരിക്കുന്നത്.
ലോകത്തുനടക്കുന്ന വിവിധ സംഭവവികാസങ്ങളെയും നവംനവങ്ങളായ ആശയങ്ങളെയും തത്ത്വചിന്തകളെയും സംബന്ധിച്ച് ഇത്രമേല്‍ ഗഹനമായും ഗംഭീരമായും സംവദിക്കുന്ന മറ്റൊരു കാമ്പസ് രാജ്യത്തില്ല. അതുകൊണ്ടുതന്നെയാണ് ആളെണ്ണത്തില്‍ വളരെ പിന്നിലുള്ള ഈ സര്‍വകലാശാലയുടെ സന്തതികള്‍ രാജ്യത്തെ വിവിധ സംഘടനകളുടെ ദേശീയനേതൃത്വത്തിലും സിവില്‍ സര്‍വിസ് രംഗത്തും അക്കാദമികരംഗത്തുമെല്ലാം നിറഞ്ഞുനില്‍ക്കുന്നത്. ഒറ്റനോട്ടത്തില്‍ എത്രമാത്രം വിപ്ളവാത്മകവും ചിലപ്പോള്‍ രാജ്യദ്രോഹപരവും മറ്റു ചിലപ്പോള്‍ സാമൂഹിക വിരുദ്ധവുമായി തോന്നാവുന്ന വിഷയങ്ങള്‍ ഈ കാമ്പസ് സധൈര്യം ചര്‍ച്ചക്കെടുക്കാറുണ്ട്. അധികംവൈകാതെതന്നെ അവ രാജ്യത്താകമാനം കൂടുതല്‍ വിപുലമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെക്കാറുമുണ്ട്. അതിര്‍വരമ്പുകളില്ലാത്ത ഭൂപടങ്ങളെപറ്റിയും പുരുഷകേന്ദ്രീകൃതമല്ലാത്ത കുടുംബവ്യവസ്ഥയെ സംബന്ധിച്ചും ദേശീയവാദപ്രസ്ഥാനങ്ങളുടെ ചരിത്രപരമായ ആശയദൗര്‍ബല്യങ്ങളെക്കുറിച്ചുമെല്ലാം സധൈര്യം സംവദിക്കാനുള്ള ഒരിടം നല്‍കിവരുന്നുവെന്നതാണ് ജെ.എന്‍.യു രാഷ്ട്രത്തിന് നല്‍കുന്ന വലിയൊരു സംഭാവന; അതുതന്നെയാണ് പലര്‍ക്കും ജെ.എന്‍.യുവിന്‍െറ ഏറ്റവുംവലിയ പോരായ്മയും.
സംവാദാത്മക അക്കാദമിക പ്രവര്‍ത്തനമെന്ന ജെ.എന്‍.യുവിന്‍െറ സമീപനം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വീകരിച്ച നയംമാറ്റമല്ല; അതിന്‍െറ തുടക്കംമുതല്‍ പുലര്‍ത്തിപ്പോന്ന പാരമ്പര്യമാണ്. എങ്കില്‍ പിന്നെ, നാളിതുവരെ ബുദ്ധിരാക്ഷസന്മാരുടെ വിഹാരകേന്ദ്രമായി കണ്ടിരുന്ന ഒരു സര്‍വകലാശാലയെ പൊടുന്നനെ രാജ്യ ദ്രോഹികളുടെ ഒളിവുകേന്ദ്രമാക്കി ചിത്രീകരിച്ച് യുദ്ധം പ്രഖ്യാപിച്ചതിലൂടെ നേട്ടം കൊയ്യുന്നതാരാണ്?
ഏറെ പ്രതീക്ഷകളും അതിലേറെ സ്വപ്നങ്ങളും വാരിവിതറി അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടുവര്‍ഷം തികക്കാന്‍ പോവുകയാണ്. ‘60 വര്‍ഷം നിങ്ങള്‍ കോണ്‍ഗ്രസിന് നല്‍കിയില്ളേ? ആറുമാസം എനിക്കുനല്‍കൂ’ എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം നരേന്ദ്ര മോദി ഉയര്‍ത്തിയ അഭ്യര്‍ഥന. രൂപയുടെ തളര്‍ച്ച, പെട്രോള്‍ ഉല്‍പന്നങ്ങളുടെ വില, കള്ളപ്പണത്തിന്‍െറ സ്രോതസ്സുകള്‍ കണ്ടത്തെല്‍ തുടങ്ങിയ പല മര്‍മപ്രധാന വിഷയങ്ങളിലും കഴിഞ്ഞ യു.പി.എ സര്‍ക്കാറിനെ കടിച്ചുകീറിക്കൊണ്ടുള്ള തന്‍െറ പഴയ പ്രസ്താവനകളും ട്വീറ്റുകളും അദ്ദേഹത്തെ തിരിഞ്ഞുകൊത്താന്‍ തുടങ്ങിയിരിക്കുന്നു.
യുവാക്കള്‍ക്കിടയില്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് ആക്കംകൂട്ടുന്നതാകട്ടെ നവസാമൂഹിക മാധ്യമങ്ങളിലെ 1000 തലയുള്ള പോസ്റ്റുകളും. ചാനലുകളാണെങ്കില്‍ വിലക്കെടുക്കാമെന്നുവെക്കാം, സാമൂഹികമാധ്യമങ്ങളെ എങ്ങനെ നിയന്ത്രിക്കും? ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കേന്ദ്രമാനവിക വികസനകാര്യ മന്ത്രാലയത്തിന്‍െറ പങ്കിനെപ്പറ്റി തെളിവുകള്‍ വന്നതോടെ രാജ്യത്തെ കാമ്പസുകളില്‍ ആകമാനം കേന്ദ്രസര്‍ക്കാറിനെതിരെ വൈകാരികമായ ഒരെതിര്‍പ്പുതന്നെ രൂപപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഈ വിവാദ ത്തിലാകട്ടെ പ്രതിപ്പട്ടികയില്‍ രണ്ടാം സ്ഥാനത്തുനിന്നത് എ.ബി.വി.പിയും.
രാജ്യവികസനവും പുരോഗതിയും വിമര്‍ശനാത്മകമായി ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ ഏതു ഭരണകൂടത്തിനും ധാരാളം ന്യായങ്ങള്‍ കൈവശമുണ്ടെങ്കില്‍ പോലും പിടിച്ചുനില്‍ക്കാന്‍ നന്നായി പണിപ്പെടേണ്ടിവരും. എന്നാല്‍, ശത്രുരാജ്യക്കാരോട് ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ ഭരണാധികാരി ആരായാലും രാജ്യത്തെ എല്ലാ പൗരന്മാരും കൂടെ നില്‍ക്കും. യഥാര്‍ഥശത്രുക്കള്‍ വന്ന് അതിസുരക്ഷാമേഖലയില്‍ കയറി നിരങ്ങിയപ്പോള്‍ ഫലപ്രദമായി നേരിടാന്‍ കഴിയാതിരുന്ന മോദിസര്‍ക്കാര്‍ ആ അവസരവും കളഞ്ഞുകുളിച്ചു. ഇനിയൊരു വഴിയേയുള്ളൂ. ഒരു സാങ്കല്‍പിക ശത്രുരാജ്യം സൃഷ്ടിച്ച് അവിടെ യുദ്ധംനയിച്ച് വിജയശ്രീലാളിതരായി സ്വയം രാജ്യരക്ഷകരായി അവതരിക്കുക.
ജെ.എന്‍.യു വിവാദം മുറുകിയതോടെ ഇപ്പോള്‍ രാജ്യത്ത് രണ്ടുതരം പൗരന്മാരേയുള്ളൂ. ഒന്ന് രാജ്യത്തെ ഉപ്പും ചോറും തിന്ന് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്ന (തെളിവു ചോദിക്കരുത്) ജെ.എന്‍.യുക്കാരും അവരെ അനുകൂലിക്കുന്നവരും. രണ്ട്, ഇത്തരക്കാരെ ചവിട്ടിയ രക്കാനും തുറുങ്കിലടക്കാനും പെടാപ്പാടുപെടുന്ന കുറേ ‘രാജ്യസ്നേഹികളും’ അവര്‍ക്കുവേണ്ടി നിലകൊള്ളുന്ന കേന്ദ്രസര്‍ക്കാറും. മറ്റെല്ലാ ചര്‍ച്ചകളും തല്‍ക്കാലം മറന്നേക്കൂ; ഇതിനുത്തരം പറയൂ! താങ്കള്‍ ആരോടൊപ്പം നില്‍ക്കും?
(ജെ.എന്‍.യു പൂര്‍വവിദ്യാര്‍ഥിയാണ് ലേഖകന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.