പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്ന ഇന്ത്യന്‍ ഫാഷിസം
text_fieldsപൊതുസമൂഹത്തില്‍ ഫാഷിസ്റ്റുകള്‍ ഇടപെടുന്ന രീതികളെക്കുറിച്ച് സമഗ്രനിരീക്ഷണം നടത്തിയവരില്‍ കഴിഞ്ഞദിവസം അന്തരിച്ച വിശ്വസാഹിത്യകാരന്‍ ഉംബര്‍ട്ടോ എക്കോ മുതല്‍ ജോര്‍ജ് ഓര്‍വല്‍ വരെയുണ്ട്. ജോണ്‍ ടി ഫ്ളയര്‍, എമിലോ ജെന്‍റില്‍, റോജര്‍ ഗ്രിഫിന്‍, എഫ്.എ ഹയക്ക് തുടങ്ങിയവരൊക്കെ ഫാഷിസത്തിന്‍െറ ലക്ഷണങ്ങള്‍ കുറിച്ചവരാണ്്. മാര്‍ക്സിസ്റ്റ് ചിന്തകരുടെ ധാരാളം രചനകള്‍ വേറെയുമുണ്ട്. 1995ല്‍ ‘നിതാന്തഫാഷിസം’ എന്ന ലേഖനത്തില്‍ ഉംബര്‍ട്ടോ എക്കോയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. 2003ല്‍ ലോറന്‍സ് ബ്രിട്ടിന്‍െറ 14 നിരീക്ഷണങ്ങള്‍ എക്കോയുടെ കണ്ടത്തെലുകള്‍ക്ക് സമാനമാണ്. ഏകാധിപതികളായ ഹിറ്റ്ലര്‍, മുസോളിനി, ഫ്രാങ്കോ, സുഹാര്‍തോ എന്നിവരുടെ ഭരണശൈലിയെ അടിസ്ഥാനമാക്കിയാണ് മിക്കപഠനങ്ങളും.
സമകാലിക ഇന്ത്യന്‍ സാഹചര്യത്തിലെ ഫാഷിസ്റ്റ് ഇടപെടലുകള്‍ തിരിച്ചറിയാന്‍ ഈ രചനകളുടെ ആവശ്യമില്ല. സംഘ്പരിവാറിന്‍െറ രൂപത്തില്‍, പൂര്‍ണവളര്‍ച്ചയത്തെിയ സത്വമായി അത് ഇര വിഴുങ്ങിത്തുടങ്ങിയ കാലത്ത് ലക്ഷണം നോക്കിയിരുന്നിട്ട് കാര്യമില്ല. പക്ഷേ, നിശ്ശബ്ദത പാലിക്കുന്നത് രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ആദിവാസി ദലിത് മുസ്ലിം വിഭാഗങ്ങളോടുചെയ്യുന്ന മാപ്പര്‍ഹിക്കാത്ത നെറികേടാവും. ഇന്ത്യയില്‍ എക്കോയുടെ നിരീക്ഷണങ്ങള്‍ക്കൊപ്പം ഫാഷിസത്തിന്‍െറ മറ്റെല്ലാ ലക്ഷണങ്ങളും ഇഴചേരുന്നതുകാണാം.
1. തീവ്രദേശീയത
രൂക്ഷമായ മുദ്രാവാക്യങ്ങളും പ്രചാരണങ്ങളുംകൊണ്ട് ദേശീയതയെ ഞെക്കിപ്പഴുപ്പിക്കാനാണ് ശ്രമം. ഒരുവിഭാഗം ജനങ്ങളെ സംശയത്തിന്‍െറയും ഭയത്തിന്‍െറയും പുകമറക്കുപിന്നില്‍ മാറ്റിനിര്‍ത്തിയുള്ള കപടദേശീയതയുടെ കുപ്രചാരണത്തിന് ഇന്ത്യയില്‍ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത്തരത്തില്‍ ഇന്ത്യന്‍ പൊതുബോധം പരുവപ്പെടുത്താന്‍ ഫാഷിസ്റ്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നതിന് ജെ.എന്‍.യു തന്നെ തെളിവ്. ജെ.എന്‍.യു സംഭവത്തിനുശേഷം നടക്കുന്ന ദേശീയതയിലൂന്നിയ ചര്‍ച്ചകളും മോഹന്‍ലാലിന്‍െറ ബ്ളോഗുമൊക്കെ ഈ പൊതുബോധത്തിന്‍െറ ബാക്കിയാണ്. ലോറന്‍സ് ബ്രിട്ട് രേഖപ്പെടുത്തിയ ദേശീയപതാകയുള്‍പ്പെടെയുള്ള ചിഹ്നങ്ങളുടെ സമര്‍ഥമായ ഉപയോഗം പട്യാല കോടതി വളപ്പില്‍ ഈ ഘട്ടത്തില്‍ കണ്ടു. രാജ്യത്തെ കലാലയങ്ങളില്‍ 270 അടി ഉയരത്തില്‍ ദേശീയപതാക സ്ഥാപിക്കാനുള്ള മാനവശേഷി മന്ത്രാലയത്തിന്‍െറ തീരുമാനം ശരിവെക്കുന്നത് ഉംബര്‍ട്ടോ എക്കോയുടെ നിരീക്ഷണങ്ങളെയാണ്.
2. മനുഷ്യാവകാശ അപഹരണം
ദേശസുരക്ഷയുടെ പേരില്‍ മനുഷ്യന്‍െറ ചെറുതുംവലുതുമായ അധികാരങ്ങളും അവകാശങ്ങളും ഭരണകൂടം ഹനിക്കും. എന്നിട്ട് സംഘടിതമായ കുപ്രചാരണങ്ങളിലൂടെ ഈ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ന്യായീകരണം കണ്ടത്തെും. കനയ്യ കുമാറിനെതിരെ വ്യാജ വിഡിയോ നിര്‍മിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയതും മുസ്ലിം നാമധാരിയായതിന്‍െറ പേരില്‍ ഉമര്‍ ഖാലിദിനെ ഭീകരനാക്കിയതും കേന്ദ്രമന്ത്രി തന്നെ നിരുത്തരവാദപരമായ നുണപ്രസ്താവന നടത്തിയതുമൊന്നും വെറുതെയല്ല. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍െറ ഭീകരബന്ധം സ്ഥാപിച്ചെടുക്കാനുള്ള നിരന്തരശ്രമങ്ങള്‍ ഒരു വശത്ത് തുടരുന്നു. വിഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള ചോദ്യംചെയ്യലുകള്‍ക്കിടയില്‍ ഡേവിഡ് ഹെഡ്ലിയുടെ വാക്കുകള്‍ ഇസ്രത്തുമായി ബന്ധിപ്പിക്കാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം സമര്‍ഥമായാണ് കരുക്കള്‍ നീക്കിയത്. 2001 ഡിസംബര്‍ 12നാണ് ഡല്‍ഹിയില്‍ ഒരുബസില്‍ പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ അഫ്സല്‍ ഗുരുവിനെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് 12 വര്‍ഷത്തോളം നീണ്ട വിചാരണയുടെ വലിയൊരു കാലയളവിലും അയാള്‍ക്കുവേണ്ടി വാദിക്കാന്‍ ഒരു വക്കീലുണ്ടായിരുന്നില്ല.
3. ശത്രുനിര്‍വചനം
ഭരണക്രമത്തിന്‍െറ പതനത്തിന് കാരണമാകുന്ന ശത്രുക്കളെ ഭരണകൂടം തന്നെ കണ്ടത്തെുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിംകളും ദലിതരുമുള്‍പ്പെടുന്ന ന്യൂനപക്ഷമാണ് ഫാഷിസത്തിന്‍െറ മുഖ്യ ശത്രുബിംബങ്ങള്‍. ജെ.എന്‍.യു സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം ന്യൂനപക്ഷ പിന്നാക്ക ദലിത് വിഭാഗക്കാരായ വിദ്യാര്‍ഥികളാണ്. പിന്നാക്കക്കാരനായ കനയ്യ കുമാറിനെ കൂടാതെ പേരുകൊണ്ടു മാത്രം രാജ്യദ്രോഹിയെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്ന ഉമര്‍ ഖാലിദ്, ദലിതരായ രാമനാഗ, ആനന്ദ പ്രകാശ്, പിന്നാക്ക സമുദായക്കാരനായ അശുതോഷ് കുമാര്‍ എന്നിവര്‍. ഇവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ പൊലീസ് പറയുന്ന കാര്യങ്ങള്‍ ഒരേസമയം ഞെട്ടിപ്പിക്കുന്നതും കൗതുകമുണര്‍ത്തുന്നതുമാണ്. പ്രതികള്‍ അസുരാരാധന നടത്തുന്നവരാണ്, ബീഫ് കഴിച്ചിരുന്നു തുടങ്ങിയവയാണ് തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്!
രോഹിത് വെമുലയുടെ മരണത്തിനുമുമ്പും ശേഷവും നടന്ന കള്ളപ്രചാരണങ്ങള്‍ക്ക് പിന്നാലെ പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിലെ ചില സംഭവങ്ങള്‍ സംഘ്പരിവാറിന്‍െറ കുത്സിതനീക്കങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. യൂനിവേഴ്സിറ്റിയില്‍ വന്‍ ‘ഇസ്ലാമികവത്കരണം’ നടക്കുകയാണെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പാട്രിയറ്റ്സ് ഫോറം എന്ന സംഘടന മാനവവിഭവശേഷി വകുപ്പിന് പരാതിക്കത്തയച്ചു. കശ്മീരില്‍നിന്ന് ധാരാളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു, കാന്‍റീനില്‍ ഹലാല്‍ ഭക്ഷണം വിളമ്പുന്നു, കാമ്പസില്‍ പള്ളിയുണ്ടാക്കാനുള്ള നീക്കംനടക്കുന്നു തുടങ്ങിയവയായിരുന്നു കത്തിലെ പരാതികള്‍. പുതുച്ചേരിയിലും പരിസരപ്രദേശങ്ങളിലും ഒരു ‘ശുദ്ധീകരണം’ കൂടി ആവശ്യപ്പെട്ടുള്ള എഴുത്തുകിട്ടിയ ഉടന്‍ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി സംഗതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്സിറ്റിക്ക് കത്തയച്ചു. വൈസ് ചാന്‍സലര്‍ വിഷയം പഠിക്കാന്‍ അടിയന്തരമായി നിയമിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് നുണപ്രചാരണങ്ങളുടെ ചുരുളഴിഞ്ഞത്. പരാതിയിലെ ആരോപണങ്ങള്‍ മുഴുവന്‍ വ്യാജമാണെന്നായിരുന്നു അധ്യാപകരടങ്ങിയ അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. യൂനിവേഴ്സിറ്റിയിലെ മുസ്ലിം അധ്യാപകര്‍ വെറും 5.9 ശതമാനവും മുസ്ലിം വിദ്യാര്‍ഥികള്‍ ആറ് ശതമാനത്തില്‍ കുറവും മാത്രമേ ഉള്ളൂവെന്ന് കമ്മിറ്റി മന്ത്രാലയത്തെ ബോധിപ്പിച്ചു.
4. സ്ത്രീ/ ശാസ്ത്രവിരുദ്ധത
ഫാഷിസം പുരുഷകേന്ദ്രീകൃതമാണെന്നതിന് തെളിവായി എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ ചൂണ്ടിക്കാട്ടുന്നത് ബംഗ്ളാദേശ് വനിതാ പ്രധാനമന്ത്രി ശൈഖ് ഹസീനയെ പുകഴ്ത്താന്‍ നരേന്ദ്ര മോദി ഉപയോഗിച്ച വാചകങ്ങളാണ്. ‘ഒരു സ്ത്രീ ആണെങ്കിലും അവര്‍ ധീരയായിരുന്നു’ എന്നായിരുന്നു മോദിയുടെ കമന്‍റ്! ജെ.എന്‍.യുവിലെ വിദ്യാര്‍ഥിനികളെ ബി.ജെ.പി എം.എല്‍.എ ജ്ഞാന്‍ദേവ് അഹൂജ വേശ്യകളെന്ന് വിളിച്ചാണ് അപഹസിച്ചത്. കാമ്പസിനകത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രതിദിനം 3000ത്തോളം ഗര്‍ഭനിരോധ ഉറകളും 500ഓളം ഉപയോഗിക്കപ്പെട്ട ഗര്‍ഭഛിദ്രത്തിനുള്ള സിറിഞ്ചുകളും കണ്ടത്തെിയെന്ന അഹുജയുടെ വാക്കുകള്‍ പ്രകടമായ സ്ത്രീ വിരുദ്ധതക്കൊപ്പം എക്കോ പറഞ്ഞ നുണപ്രചാരണത്തിന്‍െറ തെളിവുകൂടിയാണ്. ഗുജറാത്തിലെ സൂരജ് ഗ്രാമത്തില്‍ അവിവാഹിതരായ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയിട്ട് ആഴ്ചയൊന്നു തികഞ്ഞതേയുള്ളൂ. നിരോധം ലംഘിച്ചാല്‍ 2100 രൂപയാണ് പിഴ. ലിംഗനിര്‍ണയ പരിശോധന നിര്‍ബന്ധമാക്കാനുള്ള നീക്കങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കണം. ലിംഗനിര്‍ണയം നിര്‍ബന്ധമായും നടത്തി കുഞ്ഞ് പെണ്ണാണെന്ന് ഉറപ്പുവരുത്തണമെന്നാണ് വകുപ്പ് മന്ത്രി മേനക ഗാന്ധിയുടെ ഭാഷ്യം.
5. സൈന്യത്തിന്‍െറ മഹത്ത്വവത്കരണം
ഭരണകൂടം സൈന്യത്തോട് ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കും; ദേശവിഭവങ്ങളുടെ വലിയൊരുപങ്കും സൈന്യത്തിനായി നീക്കിവെക്കും. ഇവ ഫാഷിസത്തിന്‍െറ ലക്ഷണപ്പട്ടികയിലെ സജീവവാചകങ്ങളാണ്. ജെ.എന്‍.യു സംഭവത്തെ വഴിതിരിച്ചുവിടാന്‍ ഭരണകൂടവും സ്ഥാപിതതാല്‍പര്യക്കാരും ശ്രമിക്കുന്നതും സൈന്യത്തിന്‍െറ പേരുപറഞ്ഞാണ്. ഓരോവര്‍ഷവും യൂനിയന്‍ ബജറ്റില്‍ പ്രതിരോധമേഖലക്ക് വകയിരുത്തുന്ന കോടിക്കണക്കിനുരൂപയെക്കുറിച്ചുള്ള യഥാര്‍ഥകണക്കുകള്‍ സി.എ.ജിക്കുപോലും അപ്രാപ്യമാണെങ്കില്‍ സാധാരണക്കാരന്‍െറ കാര്യം പിന്നെ പറയേണ്ടതില്ല. പക്ഷേ, കഴിഞ്ഞ ദിവസം പുറത്തുവന്ന സ്റ്റോക് ഹോം ഇന്‍റര്‍നാഷനല്‍ പീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി) പഠന റിപ്പോര്‍ട്ട് ചിന്തനീയമാണ്. അതുപ്രകാരം ലോകത്ത് ഏറ്റവുമധികം യുദ്ധോപകരണങ്ങള്‍ ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 2011-15 കാലയളവില്‍ ലോകത്തെ യുദ്ധോപകരണ ഇറക്കുമതിയുടെ 14 ശതമാനവും ഇന്ത്യയിലേക്കാണെന്ന് പഠനം പറയുന്നു. 2006-10ല്‍ നിന്ന് 90 ശതമാനം വര്‍ധന. പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളുടെ ഇറക്കുമതിയേക്കാള്‍ മൂന്നുമടങ്ങാണിതെന്നുകൂടി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
7. മാധ്യമങ്ങളെ വരുതിയിലാക്കല്‍
മുഖ്യധാരാമാധ്യമങ്ങളെ ഫാഷിസ്റ്റ് ശക്തികള്‍ നിലയ്ക്കുനിര്‍ത്തുന്നത് മിക്കവാറും ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്കൊപ്പം കോര്‍പറേറ്റ് മാതൃകയിലുള്ള സഹകരണത്തിലൂടെ മാധ്യമങ്ങളുമായി ചങ്ങാത്തംകൂടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മുതലാളിത്തത്തോടുള്ള ഫാഷിസത്തിന്‍െറ ചങ്ങാത്തം പ്രധാനപ്പെട്ട മറ്റൊരുലക്ഷണമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയതാണ്. ജെ.എന്‍.യു സംഭവത്തില്‍ സീ ന്യൂസ്, ടൈംസ് നൗ ചാനലുകള്‍ സ്വീകരിച്ച നിലപാടുകള്‍ ഈ ഒരു സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സീ ന്യൂസ് പുറത്തുവിട്ട വിഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ വിഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ചാനല്‍ പ്രൊഡ്യൂസര്‍ വിശ്വദീപക് രാജിവെച്ചതും ശ്രദ്ധേയമാണ്. അദാനിയോട് സമാനമായ ചങ്ങാത്തം ചില മാധ്യമങ്ങളോട് കാണിക്കുമ്പോള്‍ വഴങ്ങാത്തവരെ വരുതിയിലാക്കാന്‍ മറ്റ് തന്ത്രങ്ങളും ഉപയോഗിക്കുന്നു.
8. പെട്ടെന്നുള്ള ശിക്ഷ
കുറ്റമുണ്ടാക്കി പെട്ടെന്നുശിക്ഷിക്കുക എന്ന ഫാഷിസ്റ്റ് മന$ശാസ്ത്രത്തിന്‍െറ പ്രത്യക്ഷമായ നടപ്പാക്കലാണ് പട്യാല ഹൗസ് കോടതി വളപ്പില്‍ കണ്ടത്. പൊലീസ് കസ്റ്റഡിയിലുള്ള മനുഷ്യനെ ഒരുകൂട്ടം അഭിഭാഷകര്‍ ചേര്‍ന്ന് കോടതി വളപ്പിലിട്ട് മര്‍ദിക്കുന്നത് അവിശ്വസനീയതയോടെ രാജ്യം കണ്ടു. ഒരാള്‍ വധശിക്ഷക്ക് അര്‍ഹനാണെങ്കില്‍ ദയാഹരജി തള്ളിക്കളഞ്ഞാല്‍ പോലും 15 ദിവസം അയാള്‍ക്ക് നല്‍കണമെന്നാണ് സുപ്രീംകോടതി വിധി. ഇത് കാറ്റില്‍പറത്തിയാണ് കണ്ണടച്ചുതുറക്കും മുമ്പ് യാകൂബ് മേമനെ കഴുവിലേറ്റിയത്. അപ്പോള്‍ ഞെട്ടാത്തവര്‍പോലും പൊലീസ് കസ്റ്റഡിയില്‍ കനയ്യ കുമാറിനെ മര്‍ദിച്ച് മൂത്രമൊഴിപ്പിച്ചെന്ന സംഘ്പരിവാറുകാരായ അഭിഭാഷകരുടെ വാക്കുകള്‍കേട്ട് നടുങ്ങിയെന്നത് വ്യവസ്ഥാപിത പൊതുബോധത്തിലും ഫാഷിസ്റ്റ് ഭീതി കയറിക്കൂടിയെന്നതിന്‍െറ ശുഭസൂചനയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.