മണ്ണിന്‍െറ മക്കള്‍ വീണ്ടെടുക്കപ്പെടുന്നു
text_fieldsലോകത്ത് പലയിടത്തുമുള്ള ആദിവാസികള്‍ അവരുടെ സ്വത്വവും ജീവിതചര്യയും ഭൂമിയിലും വിഭവങ്ങളിന്‍മേലുമുള്ള പരമ്പരാഗത അവകാശങ്ങളും നിലനിര്‍ത്തുന്നതിനുള്ള സമരത്തിലാണ്. ഈ അവകാശങ്ങള്‍ക്കുമേല്‍ ശക്തമായ കടന്നാക്രമണങ്ങള്‍ നടക്കുമ്പോള്‍ പ്രതിരോധിക്കാനാവാതെ നിസ്സഹായരായി നിലവിളിക്കുന്നവരുമുണ്ട്. ആറു പതിറ്റാണ്ടായി കേരളത്തിലെ സാമ്പത്തികവളര്‍ച്ചയില്‍ ഇടംകിട്ടാതെപോയ വിഭാഗമാണ് ആദിവാസികള്‍. പുതു വികസനത്തിന്‍െറ ആരക്കാലുകള്‍ക്കുള്ളില്‍ അവരുടെ പാരമ്പര്യജീവിതം തകര്‍ന്നു. വനത്തിനും വനവിഭവങ്ങള്‍ക്കുംമേല്‍ ആദിവാസികള്‍ക്കുണ്ടായിരുന്ന പരമ്പരാഗത അവകാശം നഷ്ടമായി. ഇക്കാര്യം തിരിച്ചറിഞ്ഞ ഐക്യരാഷ്ട്രസഭ ഇന്ത്യയിലെ ആദിവാസികളുടെ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് പല പ്രഖ്യാപനങ്ങളും നടത്തി. എന്നാല്‍, കേരളത്തിലെ ആസൂത്രണവിദഗ്ധരും രാഷ്ട്രീയ നേതൃത്വങ്ങളും അവയെല്ലാം അവഗണിച്ചു.
ഇത്തരം അവഗണനകളും അവകാശ നിഷേധങ്ങളും അവസാനിപ്പിച്ച് മണ്ണിന്‍െറ മക്കള്‍ക്ക് സ്വന്തം പ്രദേശങ്ങളില്‍ ബാഹ്യശക്തികളുടെ പങ്കില്ലാതെ ഗ്രാമസഭകള്‍ രൂപവത്കരിച്ച് ഭരണം നടത്താന്‍ വ്യവസ്ഥ ചെയ്യുന്ന ‘പെസ’ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്.
നമ്മുടെ ഭരണഘടനയുടെ 244ാം വകുപ്പിലെ 6ാം ഖണ്ഡികയിലെ ഉപവകുപ്പ് (2) അനുസരിച്ച് ആദിവാസികളുടെ ഭൂമിയും സംസ്കാരവും ജീവിതവും സംരക്ഷിക്കുന്നതിന് അവരുടെ ആവാസമേഖലകളെ പട്ടികവര്‍ഗ പ്രദേശങ്ങളായി (ഷെഡ്യൂള്‍ ഏരിയകള്‍) പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ പ്രസിഡന്‍റിന് അധികാരമുണ്ട്. ഈ നിയമമുപയോഗിച്ച്് രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളില്‍ പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, ഒഡിഷ, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഞ്ചാം പട്ടികയുടെ സംരക്ഷണംലഭിച്ചിട്ടുണ്ടെന്ന് കേരളം അറിയുന്നത് 2001ലെ കുടില്‍കെട്ടി സമരകാലത്താണ്. സമരത്തില്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യമായിരുന്നു സ്വയംഭരണത്തിന് ആദിവാസികള്‍ക്ക് അധികാരംനല്‍കുന്ന പെസ. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന് കത്തുനല്‍കാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍, ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ആദിവാസി കരാര്‍ അലമാരിക്കുള്ളില്‍ ഉറങ്ങി. ഇതിനിടയില്‍ ആദിവാസിഭൂമി കൈയേറി ഊരുകള്‍ക്ക് സമീപം പലയിടത്തും കരിങ്കല്‍ ക്വാറികളും റിസോര്‍ട്ടുകളും ആരംഭിച്ചു. അതാകട്ടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖനേതാക്കളുടെ മക്കളും ബന്ധുക്കളും അടങ്ങിയ സംഘം. ഇവരെല്ലാംചേര്‍ന്ന് പെസകുഴിച്ചുമൂടി. അട്ടപ്പാടിയില്‍ ശിശുമരണത്തിന്‍െറ തോതുകൂടി. പുനരധിവാസകേന്ദ്രങ്ങളില്‍പോലും കൈയേറ്റമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സെക്രട്ടറിയേറ്റിനുമുന്നില്‍ ഗോത്രമഹാസഭ നില്‍പ്സമരം തുടങ്ങിയത്. സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ പെസ നടപ്പാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പട്ടികവര്‍ഗ വകുപ്പിലേതടക്കം ഉന്നതോദ്യോഗസ്ഥര്‍ സംസ്ഥാനത്ത് ഇത് നടപ്പാക്കാന്‍ കഴിയില്ളെന്ന് ആദ്യം വാദിച്ചു. ഒടുവില്‍ സര്‍ക്കാറിന് പെസ നടപ്പാക്കാമെന്ന് സമ്മതിക്കേണ്ടിവന്നു.
വിവിധ കമീഷനുകള്‍
ഇന്ത്യയുടെ ചരിത്രത്തില്‍ 1960ലെ ധേബര്‍ കമീഷനാണ് ആദിവാസികളുടെ അധിവാസകേന്ദ്രങ്ങളെ പട്ടികവര്‍ഗപ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് ആദ്യം നിര്‍ദേശിച്ചത്. വനമേഖലയുള്‍പ്പെടെ 1624 ച.കി.മീ. പ്രദേശം പട്ടികവര്‍ഗപ്രദേശമാണെന്ന് കമീഷന്‍ കണ്ടത്തെുകയും ചെയ്തു. 1960കളുടെ ഒടുവില്‍ നടന്ന നക്സല്‍ബാരി, ശ്രീകാകുളം അടക്കമുള്ള ഗോത്രവര്‍ഗ കലാപങ്ങളത്തെുടര്‍ന്നാണ് 1970ല്‍ കേന്ദ്രസര്‍ക്കാര്‍ ഗിരിവര്‍ഗ ഉപപദ്ധതി (ടി.എസ്.പി) നടപ്പാക്കാന്‍ തുടങ്ങിയത്. പിന്നീട് 1994ല്‍ പഞ്ചായത്തീരാജ് നിയമം നടപ്പാക്കിയപ്പോഴാകട്ടെ ആദിവാസികളുടെ പ്രത്യേക അവകാശത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഗൗരവപൂര്‍വം ആലോചിച്ചിരുന്നില്ല. പാര്‍ലമെന്‍റും ഇതിനുവേണ്ട പരിഗണന നല്‍കിയില്ല. ആദിവാസികളുടെ പാരമ്പര്യ ജീവിതാവസ്ഥ പരിശോധിക്കാതെയും വിലയിരുത്താതെയുമാണ് പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കിത്തുടങ്ങിയത്. കോടതി ഈ വിഷയത്തില്‍ ഇടപെടുകയും ആദിവാസികളുടെ പാരമ്പര്യ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമനിര്‍മാണം നടത്തണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്യപ്പോഴാണ് പി.വി. നരസിംഹ റാവു സര്‍ക്കാര്‍ 1994ല്‍ ദിലീപ് സിങ് ഭൂരിയ അധ്യക്ഷനായ ഇരുപതംഗ കമ്മറ്റിയെ നിയോഗിച്ചത്. അഞ്ചാം പട്ടികയില്‍ വരുന്ന പ്രദേശങ്ങളില്‍ പഞ്ചായത്തീരാജ് നടപ്പാക്കേണ്ടത് എങ്ങനെയാണെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു കമ്മിറ്റിയുടെ ദൗത്യം.
ഭൂരിയ കമീഷന്‍ 1995ല്‍ സര്‍ക്കാറിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും സര്‍ക്കാര്‍ അതംഗീകരിക്കുകയും ചെയ്തു. അങ്ങനെ പഞ്ചായത്തീരാജ് (പട്ടികവര്‍ഗ മേഖലയിലേക്ക് വ്യാപിപ്പിക്കല്‍) നിയമം അഥവാ പെസ(PESA) 1996ല്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കി. ഇതുവഴി അഞ്ചാം പട്ടികക്ക് മൂര്‍ത്ത രൂപം ലഭിച്ചു. ആദിവാസികള്‍ക്ക് സ്വയംഭരണത്തിന് അധികാരംനല്‍കുന്ന നിയമമാണിത്. ഇതിനുശേഷം ഇന്ത്യയിലെ പല ഭാഗങ്ങളിലും ആദിവാസികള്‍ തങ്ങളുടെ അധിവാസമേഖലകള്‍ പട്ടികവര്‍ഗപ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, ബിഹാര്‍, ഒഡിഷ, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിച്ചു.
ആ പ്രദേശങ്ങള്‍ക്ക് പെസയുടെ പരിരക്ഷയും ആനുകൂല്യങ്ങളും ലഭിച്ചു. ഭൂരിയ കമീഷന്‍ കേരളത്തിലും പശ്ചിമബംഗാളിലും ആദിവാസി അധിവാസമേഖലകള്‍ പട്ടികവര്‍ഗപ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. കൊളോണിയല്‍ കാലത്ത് നടത്തിയ ഭൂമിശാസ്ത്ര അതിര്‍ത്തികളാണ് ഭരണപരമായി ഇന്നും തുടരുന്നത്. ആദിവാസികളെ ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ടതിനാല്‍ ഭൂമിശാസ്ത്രപരവും ജനസംഖ്യാ അധിഷ്ഠിതവുമായ പരിഗണനകളുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തികള്‍ രണ്ടുവര്‍ഷത്തിനകം പുന$ക്രമീകരിക്കണമെന്നാണ് ഭൂരിയ കമീഷന്‍ ആവശ്യപ്പെട്ടത്. റവന്യൂ ഗ്രാമങ്ങളില്‍നിന്ന് വ്യത്യസ്തമായി ഊരിനെയോ ഊരുകൂട്ടത്തെയോ അടിസ്ഥാന ഏകകമായി പരിഗണിക്കണമെന്നാണ്് കമീഷന്‍ നിര്‍ദേശിച്ചത്. കേരളത്തില്‍ എല്‍.ഡി.എഫ് പഞ്ചായത്തീരാജിന്‍െറയും ജനകീയാസൂത്രണത്തിന്‍െറയും കൊട്ടിക്കലാശം അരങ്ങുതകര്‍ത്തപ്പോള്‍ ഡോ. തോമസ് ഐസക്കിനെപ്പോലുള്ള ആസൂത്രണവിദഗ്ധര്‍ പെസ നിയമം തമസ്കരിച്ചു. ഭരണഘടനയുടെ 244ാം വകുപ്പ് ബോധപൂര്‍വം ലംഘിച്ചു. പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിക്കാന്‍ അവര്‍ തയാറായില്ല.
അതുകൊണ്ട് ആദിവാസികളുടെ പഞ്ചായത്ത് രൂപവത്കരണം നടന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇവിടെ മറന്നു പോയത് ഭരണഘടനാപരമായ അവരുടെ ബാധ്യതയാണ്. അതേസമയം, അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറക്കുനടന്നു. അവിടെയൊന്നും ആദിവാസികള്‍ക്ക് ഇടംലഭിച്ചില്ല.
നില്‍പുസമരത്തിന്‍െറ വിജയം
അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയാര്‍ എന്നീ പഞ്ചായത്തുകളിലായി 745 സ്ക്വയര്‍ കി.മീ. പ്രദേശം ഒരുകാലത്ത്് ആദിവാസികളുടെമാത്രം ആവാസകേന്ദ്രമായിരുന്നു. 187 ഊരുകളിലായി 10,000 ആദിവാസികുടുംബങ്ങള്‍ ഉണ്ടായിരുന്ന പ്രദേശം. അട്ടപ്പാടിയില്‍ ആദിവാസികള്‍ 1951ല്‍ ജനസംഖ്യയില്‍ 90.32 ശതമാനമായിരുന്നു. പിന്നീട് 1961ല്‍ 60.45, 1971ല്‍ 41.2, 1991ല്‍ 39.06 എന്നിങ്ങനെ ജനസംഖ്യ കുറഞ്ഞു. അട്ടപ്പാടിയെ പട്ടികവര്‍ഗപ്രദേശമായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ അവരുടെ ഭൂമി അന്യാധീനപ്പെടില്ലായിരുന്നു. ആദിവാസികളുടെ ഭൂമി കൈയേറിയവര്‍ക്ക് പരിരക്ഷയൊരുക്കിയ സര്‍ക്കാര്‍ വംശീയമായി ഒരു ജനതയെ തുടച്ചുനീക്കി. ഭരണഘടനയെ പിടിച്ച് 1000 തവണ ആണയിടുന്ന മന്ത്രിമാര്‍ ആദിവാസികളുടെ കാര്യത്തിലത് ബാധകമല്ളെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഒടുവില്‍ ആദിവാസികളുടെ നില്‍പ് സമരത്തിലെ ഒത്തുതീര്‍പ്പനുസരിച്ച് കേരളത്തിലെ അഞ്ചുജില്ലകളിലെ 31 ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ആദിവാസിമേഖലകളായി കേന്ദ്രം വിജ്ഞാപനം ചെയ്യണമെന്നാണ് സംസ്ഥാനം റിപ്പോര്‍ട്ട് നല്‍കിയത്. നിര്‍ദേശം ആദിവാസി ക്ഷേമമന്ത്രാലയം കേന്ദ്രമന്ത്രിസഭക്ക് സമര്‍പ്പിച്ചു. രണ്ടാഴ്ചക്കുള്ളില്‍ മന്ത്രിസഭ വിഷയം പരിഗണിക്കും. അംഗീകാരംലഭിച്ചാല്‍ ഈ പ്രദേശങ്ങളെ 1996ലെ ‘പെസ’ നിയമത്തിന്‍െറ (പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്ട്) പരിധിയിലാവും. ഈ പ്രദേശങ്ങളില്‍ ആദിവാസികള്‍ രൂപംനല്‍കുന്ന ഗ്രാമസഭകള്‍ക്ക് സ്വതന്ത്ര അധികാരം ലഭിക്കും. ഈ പ്രദേശങ്ങളില്‍ പഞ്ചായത്തീരാജ് നിയമം ബാധകമാവില്ല. ഷെഡ്യൂള്‍ഡ് ഏരിയാസ് (കേരള സ്റ്റേറ്റ്) ഓര്‍ഡര്‍ 2015 എന്ന പേരിലാണ് പുതിയനിയമം അറിയപ്പെടുക.
പ്രത്യേകമേഖലകള്‍ വിജ്ഞാപനംചെയ്യുന്നതോടെ, ആദിവാസി ഭൂരിപക്ഷപ്രദേശങ്ങളുടെ ഭരണസംവിധാനം അവരുടെ കൈകളില്‍ ഉറപ്പുവരുത്താനും ഭൂമി അന്യാധീനപ്പെടുന്നത് തടയാനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടരീതിയില്‍ നടത്താനും സാധിക്കും. നിയംഗിരി മലകളില്‍ ബോക്സൈറ്റ് ഖനനത്തിനത്തെിയ വേദാന്തകമ്പനിക്ക് ആദിവാസികള്‍ക്കുമുന്നില്‍ മുട്ടുകുത്തേണ്ടത് പെസയുടെ പരിരക്ഷയുള്ളതുകൊണ്ടാണ്. വയനാട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ പട്ടികവര്‍ഗമേഖലകള്‍ പ്രഖ്യാപിക്കും.
കുടില്‍കെട്ടി സമരത്തെ തുടര്‍ന്നാണ് ഊരുസഭകള്‍ക്ക് സാങ്കേതിക അധികാരംനല്‍കിയത്. ഐ.ടി.ഡി.പി അംഗീകരിക്കുകയും സഭകൂടുന്നതിന് പ്രത്യേക തുക ടി.എസ്.പി ഫണ്ടില്‍നിന്ന് വകയിരുത്തുകയും ചെയ്തു. എന്നാല്‍, ഊരുസഭകള്‍ വിളിച്ചുചേര്‍ത്തെന്ന് വൗച്ചറുണ്ടാക്കി ഉദ്യോഗസ്ഥര്‍ പണംതട്ടിയെടുത്തത് മറ്റൊരു കാര്യം. അതുപോലെ അട്ടപ്പാടിയില്‍ അഹാഡ്സ് ഊരുവികസന സമിതികള്‍ രൂപവത്കരിച്ചിരുന്നു. വനാവകാശനിയമം നടപ്പാക്കിയ സ്ഥലങ്ങളില്‍ ഊരുകൂട്ടങ്ങള്‍ക്ക് ഗ്രാമസഭയുടെ പദവിനല്‍കിയിട്ടുണ്ട്. ആദിവാസികളുടെ ഏതൊരു വാസസ്ഥലവും ഗ്രാമസഭയാണ്. ആ സഭക്ക് പ്രകൃതി വിഭവങ്ങള്‍ക്കുമേല്‍ അധികാരവുമുണ്ട്. ആദിവാസികളുടെ ശാക്തീകരണം, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക ജീവിത പുരോഗതിയാണ് പെസ ലക്ഷ്യമിടുന്നത്. ഇത് ഫലപ്രദമായി നടപ്പാക്കിയാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദിവാസികളുടെ മേലുള്ള മാടമ്പി ഭരണത്തിന് അടിസ്ഥാനപരമായ ആഘാതങ്ങളുണ്ടാവും. അതുകൊണ്ടായിരുന്നു പെസ നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ വിമുഖത കാട്ടിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.