സമര്‍പ്പണത്തിന്‍െറ പ്രതിരൂപം
text_fieldsഎണ്‍പതുകളുടെ അവസാനത്തോടെ രാജ്യത്ത് ശക്തിപ്പെട്ട ഫാഷിസ്റ്റ് വളര്‍ച്ച അന്തരിച്ച സി.പി.ഐ നേതാവ് എ.ബി. ബര്‍ദനെ അസ്വസ്ഥനാക്കിയിരുന്നു. രണ്ടോ മൂന്നോ പാന്‍റും അത്രതന്നെ ടീഷര്‍ട്ടുമായിരുന്നു അദ്ദേഹത്തിന്‍െറ വേഷം. വ്യക്തിപൂജയെ അദ്ദേഹം അംഗീകരിച്ചില്ല. വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ അദ്ദേഹം ഖിന്നനായിരുന്നു.
സോവിയറ്റ് യൂനിയന്‍െറ തകര്‍ച്ച ഇന്ത്യയിലെ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ ബിഹാര്‍ അസംബ്ളി തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകള്‍ സ്വീകരിച്ച നിലപാടില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. പത്തില്‍ കുറയാത്ത സീറ്റുകള്‍ ബി.ജെ.പിക്ക് ഈ നയംകൊണ്ട് നേടാനായിട്ടുണ്ട്. എനിക്ക് വ്യക്തിപരമായി എ.ബി. ബര്‍ദനില്‍നിന്നുണ്ടായ അനുഭവം പറയാം. ഞാന്‍ സി.പി.ഐയില്‍നിന്ന് പുറത്തുപോയതുമായി ബന്ധപ്പെട്ടാണത്.
2002ലെ പലക്കാട് പാര്‍ട്ടി സംസ്ഥാന സമ്മേളനവേദി. മുമ്പുനടന്ന ജില്ലാ സമ്മേളനത്തില്‍ ചില സംസ്ഥാനനേതാക്കളുടെ സ്വാധീനഫലമായി സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാനലില്‍നിന്ന് എന്നെ ഒഴിവാക്കിയിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളില്‍ ഒരാള്‍ എന്‍െറ പേര് നിര്‍ദേശിക്കുകയും മറ്റൊരാള്‍ പിന്താങ്ങുകയും ചെയ്തു. അതോടെ, തെരഞ്ഞെടുപ്പ് അനിവാര്യമായി. പാനലിന് പുറത്ത് ഒറ്റപ്പേരേയുള്ളൂ.
സമാധാനപരമായി സമ്മേളനം നടക്കണം. തെന്നിലാപുരം സഹകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. എങ്ങനെയെന്ന് ഞാനും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം. എന്നെ ഒഴിവാക്കുന്നതില്‍ പന്ന്യന്‍ രവീന്ദ്രന് പങ്കുണ്ടോയെന്ന് ഞാനന്വേഷിച്ചു.
ഇല്ല, ഒഴിവാക്കിയ ജില്ലാ കമ്മിറ്റിയുടെ തീരുമാനം ഉചതമായില്ല -പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എനിക്ക് പൊതു സെഷനില്‍ ചില കാര്യങ്ങള്‍ പറയാന്‍ അവസരംതന്നാല്‍ പിന്‍വലിക്കാം -ഞാന്‍ പറഞ്ഞു. വീണ്ടും സെഷന്‍ കൂടി. ഞാന്‍ പറഞ്ഞു -‘പാലക്കാട് നടക്കുന്ന സമ്മളനം ശുഭകരമായി അവസാനിക്കണമെന്നാഗ്രഹിക്കുന്നു. പിന്‍വാങ്ങിയാല്‍ ഇലക്ഷന്‍ ഒഴിവാകുമെന്നറിയാം. മത്സരിച്ച് ഈ കൗണ്‍സിലില്‍ വരണമെന്നാഗ്രഹമില്ല. ഈ സമ്മേളനം സാക്ഷിയാക്കി സംസ്ഥാനനേതാക്കളോട് ഒരുകാര്യം പറയണമെന്നുണ്ട്. വേദിയിലുള്ള അഖിലേന്ത്യാ സെക്രട്ടറി (എ.ബി. ബര്‍ദനും) ഇതറിയണം. അധികാരത്തിന്‍െറ ഗര്‍വ് പ്രകടിപ്പിച്ച് നീതിനിഷേധിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. എന്‍െറ പേര് നിര്‍ദേശിച്ചവര്‍ക്കും പിന്താങ്ങിയവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നു’. അന്ന് വൈകുന്നേരം സോണി ബി. തെങ്ങമം വന്ന് ഞാന്‍ പ്രസംഗിച്ചതിന്‍െറ ഇംഗ്ളീഷ് ഭാഷ്യം സെക്രട്ടറി എ.ബി. ബര്‍ദന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നറിയിച്ചു.
പ്രസംഗിച്ചത് ഒന്നുകൂടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി പറഞ്ഞു. തുടര്‍ന്ന്, ഏതാനും ദിവസങ്ങള്‍ക്കുശേഷം ബര്‍ദന്‍ എന്നെ വിളിച്ചു. സഖാവിന്‍െറ അഭിപ്രായം ഞാന്‍ മനസ്സിലാക്കുന്നു. ഏത് ഘടകത്തില്‍ ആര്‍ ഇല്ല എന്നതല്ല പ്രശ്നം. ഒരു പാര്‍ട്ടി കേഡറിനുവേണ്ടത് സമ്പൂര്‍ണമായ സമര്‍പ്പണമാണ്. കേരളത്തില്‍ വരുമ്പോള്‍ കാണണമെന്നും പറഞ്ഞു. ഈ ദീപ്ത സ്മരണയാണ് ബര്‍ദനെക്കുറിച്ചുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.