Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവേറിട്ട പാതയിലെ...

വേറിട്ട പാതയിലെ ഒറ്റയാന്‍

text_fields
bookmark_border
വേറിട്ട പാതയിലെ ഒറ്റയാന്‍
cancel

ഈ ജനുവരി ഒന്നിന് മുഖ്യമന്ത്രി പദത്തിന്‍െറ രണ്ടാം ഊഴത്തില്‍ മുഫ്തി മുഹമ്മദ് സഈദ് പത്തുമാസം പൂര്‍ത്തിയാക്കുകയുണ്ടായി. എന്നാല്‍, എല്ലാ ആഘോഷങ്ങളില്‍നിന്നും മാറിനില്‍ക്കാന്‍ നവവത്സരം ആഘോഷിക്കുന്നതില്‍ സദാ ആഭിമുഖ്യം കാട്ടാറുള്ള അദ്ദേഹം ഇത്തവണ നിര്‍ബന്ധിതനായി. രോഗബാധിതനായി ന്യൂഡല്‍ഹിയിലെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മുഫ്തി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡിസംബര്‍ 24നാണ് അദ്ദേഹത്തെ വിമാനമാര്‍ഗം ന്യൂഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. കൂസലില്ലാത്ത പ്രകൃതം ഈ 79കാരന്‍െറ സവിശേഷതയായിരുന്നു. ഡിസംബര്‍ മൂന്നാംവാരം രക്തമുറക്കുന്ന ശൈത്യം വകവെക്കാതെ ശ്രീനഗറിലൂടെ  നടത്തിയ ആറ് മണിക്കൂര്‍ നീണ്ട പര്യടനവേളയിലും ആ ചങ്കൂറ്റം ജനങ്ങള്‍ കണ്ടു. പക്ഷേ, അന്ത്യയാത്രയുടെ ചുവടുകള്‍ ആയിരുന്നു അത്. വയോധികനായ മുഫ്തിയുടെ ദേഹബലം ക്ഷയിപ്പിച്ച പര്യടനം.

അസുഖബാധയെതുടര്‍ന്ന് അധികാരം മകള്‍ മെഹബൂബക്ക് കൈമാറുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പടര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് നേരെ മൗനിയായിരുന്നു മുഫ്തി. താന്‍ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മെഹബൂബയില്‍ സദാ വിശ്വാസമര്‍പ്പിച്ചിരുന്നു അദ്ദേഹം. കോണ്‍വെന്‍റ്  സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം സ്വകാര്യ ജോലിയില്‍ മുഴുകിയിരുന്ന മകളെ 1996ല്‍ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അദ്ദേഹത്തിന് ജനസമ്പര്‍ക്ക  കലയില്‍ മകള്‍ തന്നെ പിന്നിലാക്കുന്നതായി ബോധ്യപ്പെട്ടിരുന്നു.

നാഷനല്‍ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രീയ  അരങ്ങേറ്റം കുറിച്ച മുഫ്തി കോണ്‍ഗ്രസ്, ജനതാദള്‍ എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് 1999ലാണ് പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) എന്ന സ്വന്തം പാര്‍ട്ടിക്ക് രൂപം നല്‍കിയത്. മുഖ്യധാരാ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുമ്പോഴും സ്വകീയ നിലപാടുകളാല്‍ അദ്ദേഹം വേറിട്ടുനിന്നു. ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ലമാരുടെ കുടുംബ വാഴ്ചക്കെതിരെ നിലകൊണ്ട അദ്ദേഹം പിന്നീട് സ്വന്തം കുടുംബവാഴ്ചക്ക് സ്ഥാനം നല്‍കാന്‍ നിര്‍ബന്ധിതനായി. മകള്‍ മാത്രമല്ല, ഭാര്യയെയും ഇതര ബന്ധുക്കളെയും അദ്ദേഹം രാഷ്ട്രീയ ഗോദയില്‍ കൊണ്ടുവന്നു.

കശ്മീര്‍ ജനതയുടെ വികാരങ്ങള്‍ക്ക് തെല്ലും പരിഗണന നല്‍കാതിരുന്ന നാഷനല്‍ കോണ്‍ഫറന്‍സിന്‍െറ ഭരണക്കുത്തക 2002ലെ തെരഞ്ഞെടുപ്പില്‍ തകര്‍ത്ത മുഫ്തി അതേ വര്‍ഷം സംസ്ഥാനത്തെ പ്രഥമ കോണ്‍ഫറന്‍സേതര മുഖ്യമന്ത്രി എന്ന റെക്കോഡ് സ്വന്തമാക്കി. നിലപാടുകള്‍ ശക്തമായി ഉന്നയിക്കുന്നതിനാല്‍ നാഷനല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ അദ്ദേഹത്തെ മൃദുവിഘടനവാദിയെന്ന് പരിഹസിച്ചു. അതേസമയം, ശുദ്ധ ‘ഇന്ത്യാ അനുകൂലി’ എന്നായിരുന്നു ഹുര്‍റിയത്ത് കേന്ദ്രങ്ങളില്‍ മുഫ്തി നേടിയ വിശേഷണ മുദ്ര.

1936 ജനുവരി 12ന് കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാരയില്‍ ജനിച്ച മുഫ്തി ശ്രീനഗറിലെ എസ്.പി കോളജിലെ പഠനത്തിന് ശേഷം അലീഗഢില്‍നിന്ന് ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടി. കശ്മീരില്‍ ഏതാനം വര്‍ഷം കൃഷിമന്ത്രിയായ അദ്ദേഹം 1986ല്‍ രാജീവ് സര്‍ക്കാറിന് കീഴില്‍ ടൂറിസം മന്ത്രിയായി. 1989ല്‍ വി.പി. സിങ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി, രാജ്യത്തെ പ്രഥമ മുസ്ലിം ആഭ്യന്തരമന്ത്രിയെന്ന ഖ്യാതി നേടി.
തീവ്രവാദികള്‍ ഒരു വശത്തും രാഷ്ട്രീയ പ്രതിയോഗികള്‍ മറുവശത്തും ഉയര്‍ത്തിയ എതിര്‍പ്പുകള്‍ക്കിടയിലായിരുന്നു 2002ല്‍ മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമേറ്റത്. കശ്മീരിയത്ത് എന്ന സങ്കല്‍പം ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം വിനോദ സഞ്ചാര ഭൂപടത്തില്‍ സംസ്ഥാനത്തിന് ഉയര്‍ന്ന സ്ഥാനം നല്‍കാന്‍ തീവ്രശ്രമങ്ങള്‍ നടത്തി.

പക്ഷേ, 2014ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദവി ഒരിക്കല്‍ കൂടി സ്വന്തമാക്കാന്‍ സംഘ്പരിവാര ശക്തികളുമായി നടത്തിയ ഒത്തുതീര്‍പ്പുകളും മുന്നണി രൂപവത്കരണവും മുഫ്തിയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പിക്കുകയും വൈരുധ്യങ്ങളുടെ ഉപാസകനെന്ന വിമര്‍ശത്തിന്‍െറ പാത്രമാവുകയും ചെയ്തെങ്കിലും സൈന്യത്തിന്‍െറ പ്രത്യേകാധികാരം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ ധീരമായ നിലപാടുകളില്‍ ഉറച്ചുനിന്നു. സംഘര്‍ഷങ്ങളുടെ കെടുതികള്‍ മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ട കശ്മീര്‍ ജനതയുടെ ക്ഷേമം മാ
ത്രം ലക്ഷ്യം വെച്ചായിരുന്നു ഉത്തര -ദക്ഷിണ ധ്രുവങ്ങളെ ഒന്നിപ്പിക്കുന്നതുപോലെ ശ്രമകരമായ രാഷ്ട്രീയ സമവാക്യരചനക്ക് താന്‍ നിര്‍ബന്ധിതനായത്   എന്നായിരുന്നു വിമര്‍ശകര്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി. സാമ്പ്രദായിക രാഷ്ട്രീയ പൈതൃകങ്ങളെ വ്യത്യസ്ത നിലകളില്‍ പൊളിച്ചെഴുതിയ നേതാവ് എന്നാകും  ഇദ്ദേഹത്തിന്‍െറ സംഭാവനകളെ മുന്‍നിര്‍ത്തി ചരിത്രം മുഫ്തിയെ അടയാളപ്പെടുത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mufti mohammad sayeedpdpjammu and kashmir
Next Story