ജെല്ലിക്കെട്ടില്‍ കൊമ്പുകോര്‍ത്ത് തമിഴക രാഷ്ട്രീയം
text_fieldsജെല്ലിക്കെട്ടിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനവും തുടര്‍ന്നുള്ള സുപ്രീംകോടതി ഇടപെടലും സൃഷ്ടിച്ച രാഷ്ട്രീയ കോലാഹലങ്ങള്‍ മുഖ്യമന്ത്രി ജയലളിതക്ക് ഗുണകരമാവുന്ന കാഴ്ചയാണ് തമിഴകത്തില്‍. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ വെള്ളപ്പൊക്ക ദുരിതാശ്വാസ കെടുതികള്‍ നേരിടുന്നതിലുണ്ടായ ജയലളിത സര്‍ക്കാറിന്‍െറ ഗുരുതരമായ വീഴ്ചകള്‍ എ.ഐ.എ.ഡി.എം.കെക്ക് രാഷ്ട്രീയമായി ഏറെ ക്ഷീണം വരുത്തിവെച്ചിരുന്നു. ഇതില്‍നിന്ന് കരകയറാന്‍ ജെല്ലിക്കെട്ട് വിവാദം ജയലളിതക്ക് സഹായകമാവുകയാണ്. ജെല്ലിക്കെട്ട് നടത്തുന്നതിന് തമിഴ്നാട് സര്‍ക്കാറിന് കഴിയുമെന്ന് പറഞ്ഞ് അവസാനനിമിഷം പന്ത് ജയലളിതയുടെ കോര്‍ട്ടിലേക്ക് തട്ടിയ ബി.ജെ.പിയുടെ കാപട്യവും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അറ്റോണി ജനറല്‍ തടസ്സവാദം ഉന്നയിച്ചിട്ടും കേന്ദ്ര വിജ്ഞാപനം ഇറക്കി മുഖം രക്ഷിക്കാന്‍ ശ്രമിച്ച നരേന്ദ്ര മോദി സര്‍ക്കാറിനും 2014 മേയ് മാസത്തില്‍ ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ മാത്രം നല്‍കി കൈയുംകെട്ടിനിന്ന ജയലളിതക്കും പുതിയ വിവാദങ്ങള്‍ കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് രണ്ട് തവണ പ്രധാനമന്ത്രിക്ക് കത്തെഴുതിയ ജയലളിതയോട് ഒടുവില്‍ തമിഴ്നാട് സര്‍ക്കാറിനോട് തന്നെ ഓര്‍ഡിനന്‍സ് ഇറക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. കേന്ദ്ര വിജ്ഞാപനം പ്രഖ്യാപിച്ചയുടന്‍ തമിഴ്നാട്ടില്‍നിന്നുള്ള ബി.ജെ.പി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഇത്തവണ തമിഴകത്തില്‍ ‘മോദി പൊങ്കല്‍’ ആയിരിക്കുമെന്നാണ് പ്രസ്താവിച്ചത്.
രാഷ്ട്രീയ മുതലെടുപ്പ്
തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ തമിഴക ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. ജെല്ലിക്കെട്ട് കളങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടങ്ങള്‍ പതിച്ചു. 48 മണിക്കൂര്‍ തികയുന്നതിന് മുമ്പ് സുപ്രീംകോടതി കേന്ദ്ര വിജ്ഞാപനം തടഞ്ഞു. ഇതോടെ ജെല്ലിക്കെട്ട് പ്രേമികളും പൊതുജനങ്ങളും രോഷാകുലരായി രംഗത്തിറങ്ങുകയും മോദിയുടെ വാള്‍പോസ്റ്റുകള്‍ വലിച്ചുകീറുകയും കട്ടൗട്ടുകള്‍ തകര്‍ക്കുകയും ചെയ്തു. ബി.ജെ.പി രാഷ്ട്രീയമായി പ്രതിരോധത്തിലായി. കേന്ദ്ര വിജ്ഞാപനത്തെ സ്വാഗതം ചെയ്ത തമിഴകത്തിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മൗനത്തിലായി. ജെല്ലിക്കെട്ടുകള്‍ കാണാന്‍ നിരവധി കേന്ദ്രമന്ത്രിമാരും എത്താനിരുന്നതാണ്. ജെല്ലിക്കെട്ടിനെച്ചൊല്ലി രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള പരസ്പര ആരോപണങ്ങളും പഴിചാരലുകളും മാത്രമാണ് തമിഴക രാഷ്ട്രീയ മണ്ഡലത്തില്‍ അലയടിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ജെല്ലിക്കെട്ട് നടക്കാതായത് തെക്കന്‍ തമിഴകത്തെ നിരാശയിലാഴ്ത്തി. കേന്ദ്ര വിജ്ഞാപനത്തെ തുടര്‍ന്ന് ജെല്ലിക്കെട്ടിനുള്ള തയാറെടുപ്പുകള്‍ അവസാനഘട്ടത്തിലായിരുന്നു.
പൈതൃകചിഹ്നം
തമിഴ് സാംസ്കാരിക പൈതൃക ചിഹ്നമായാണ് ജെല്ലിക്കെട്ടുകള്‍ അറിയപ്പെടുന്നത്. മാട്ടുപൊങ്കലിനോടനുബന്ധിച്ച് നടക്കുന്ന ജെല്ലിക്കെട്ടു മേളകളില്‍ ജാതിമത ഭേദമന്യേ ജനങ്ങള്‍ പങ്കെടുക്കുന്നു. തമിഴരുടെ വീര സാഹസിക വിനോദമായ ജെല്ലിക്കെട്ട് ‘എറുതഴുവല്‍’, ‘മഞ്ജുവിരട്ട്’ എന്നീ പേരുകളിലും അറിയപ്പെടുന്നു. പുരാതനകാലത്ത് സമ്മാനമായ ‘സല്ലിക്കാശ്’ നിറച്ച കിഴി കാളകളുടെ കൊമ്പുകളില്‍ കെട്ടിവെക്കുമായിരുന്നു. ഇതാണ് പില്‍ക്കാലത്ത് ജെല്ലിക്കെട്ട് എന്ന പേരില്‍ അറിയപ്പെട്ടത്. മധുര ജില്ലയിലെ അലങ്കാനല്ലൂര്‍, അവനിയാപുരം, പാലമേട് എന്നിവിടങ്ങളില്‍ നടക്കുന്ന ജെല്ലിക്കെട്ടുകള്‍ സാര്‍വദേശീയതലത്തില്‍ പ്രസിദ്ധമാണ്. തെക്കന്‍ തമിഴകത്തിന്‍െറ മറ്റിടങ്ങളിലും ജെല്ലിക്കെട്ടുകള്‍ നടക്കാറുണ്ട്. ജെല്ലിക്കെട്ടുകള്‍ കാണാന്‍ ഒട്ടേറെ വിദേശ വിനോദസഞ്ചാരികളത്തെുക പതിവാണ്. മധുര, തേനി, ദിണ്ഡുക്കല്‍, ശിവഗംഗ, തഞ്ചാവൂര്‍, തിരുച്ചി, പുതുക്കോട്ട, കരൂര്‍ തുടങ്ങിയ ജില്ലകളിലാണ് ജെല്ലിക്കെട്ടു കാളകളെ കൂടുതലായും വളര്‍ത്തുന്നത്. ജെല്ലിക്കെട്ട് കാണാന്‍ മൈതാനങ്ങളില്‍ പതിനായിരങ്ങളത്തെുന്നതിനാല്‍ കാണികളെ ബാരിക്കേഡുകള്‍ നിര്‍മിച്ച് സുരക്ഷിതമാക്കി നിര്‍ത്തും. ചിലയിടങ്ങളില്‍ ഗാലറികളും പണിയാറുണ്ട്.
മുരണ്ടുനില്‍ക്കുന്ന കാളകള്‍ പലപ്പോഴും പരിഭ്രമത്തോടെ ജനക്കൂട്ടത്തിലേക്ക് പായും. ഇതുമൂലം ജെല്ലിക്കെട്ട് കാണാനത്തെുന്നവരും ഏതുനിമിഷവും കാളകളുടെ ആക്രമണത്തിനിരയാവും. ആരെങ്കിലും കാളയെ പിടിക്കാന്‍ അടുത്തുവന്നാല്‍ തല ചരിച്ച് കൊമ്പുകൊണ്ട് ആഞ്ഞുകുത്തും. കാളയുടെ പരാക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കും. ചിലപ്പോള്‍ മരണവും സംഭവിക്കും. രണ്ടു ദശാബ്ദങ്ങള്‍ക്കിടെ തമിഴകത്തില്‍ ജെല്ലിക്കട്ടുകളില്‍ കൊല്ലപ്പെട്ടത് ഇരുനൂറിലേറെ പേരാണ്.
മല്‍സരത്തിലെ വിജയികള്‍ക്ക് സ്വര്‍ണനാണയം, ടി.വി, മിക്സി, കാഷ് അവാര്‍ഡ് തുടങ്ങിയവയാണ് സമ്മാനമായി നല്‍കുക. ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന കാളകളെ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. കോടതികളും മൃഗ സ്നേഹി സംഘടനകളും ഇടപെടുന്നതിനു മുമ്പ് കാളകളെ പ്രകോപിപ്പിക്കുന്നതിന് കണ്ണില്‍ മുളകുപൊടിയിടുക, മദ്യം കുടിപ്പിക്കുക, വാലില്‍ മുറിവുണ്ടാക്കി മുളകുപൊടി തേക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ ജെല്ലിക്കെട്ടുകളില്‍ വ്യാപകമായിരുന്നു. ജെല്ലിക്കെട്ട് നടന്നില്ളെങ്കില്‍ ഗ്രാമങ്ങളില്‍ ദാരിദ്ര്യവും രോഗബാധയും ഉണ്ടാവുമെന്ന വിശ്വാസം ജനങ്ങളിലുണ്ട്.
നൂറ്റാണ്ടുകളുടെ പാരമ്പര്യം
മനുഷ്യനും കാളക്കും ഇടയില്‍ നടക്കുന്ന പോരാട്ടമല്ല, മറിച്ച് മനുഷ്യന്‍ തന്‍െറ ശേഷിയും വൈഭവവും വെളിപ്പെടുത്തുന്നതിനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. തമിഴ് പുരാണങ്ങളില്‍ പ്രണയം, സാഹസം, വിവാഹം എന്നിവക്ക് ജെല്ലിക്കെട്ട് നടത്തിയാണ് തീരുമാനമെടുത്തിരുന്നതെന്നും പറയുന്നു. ജെല്ലിക്കെട്ടുകള്‍ക്ക് രണ്ടായിരം വര്‍ഷത്തോളം പഴക്കമുണ്ട്. മധുര ഭാഗത്തുനിന്ന് കണ്ടെടുത്ത 1,500ഓളം വര്‍ഷം പഴക്കമുള്ള ശിലാഫലകത്തില്‍ കാളയുമായി മല്ലുകെട്ടുന്ന യുവാവിന്‍െറ ചിത്രമാണ് കൊത്തിവെച്ചിരുന്നത്. ജെല്ലിക്കെട്ട് കാളകള്‍ വളര്‍ത്തുന്നത് ഗ്രാമമുഖ്യരുടെ കുടുംബ അന്തസ്സിന്‍െറ പ്രതീകമാണ്. ചിട്ടപ്പെടുത്തിയ ആഹാരരീതിയും പരിശീലനവുമാണ് കാളകള്‍ക്ക് നല്‍കുന്നത്. മറ്റു പണികള്‍ക്കൊന്നും ഈ കാളകളെ അയക്കാറില്ല. ജെല്ലിക്കെട്ടിന് മുമ്പ് കാളകളുടെ കൊമ്പുകള്‍ ചത്തെി മിനുക്കി ചായംപൂശും. കാളകള്‍ ഓരോ ഗ്രാമത്തെയും പ്രതിനിധാനം ചെയ്യുന്നതിനാല്‍ വീറും വാശിയും കൂടും. ഓരോ കാളയെയും അലങ്കരിച്ച് വാദ്യമേളത്തിന്‍െറ അകമ്പടിയോടെയാണ് മല്‍സരസ്ഥലങ്ങളിലേക്ക് ആനയിക്കുന്നത്. ജെല്ലിക്കെട്ട് കാളകളെ തങ്ങള്‍ ദൈവത്തിന് തുല്യമായാണ് കണക്കാക്കുന്നതെന്നും ലക്ഷങ്ങള്‍ ചെലവഴിച്ച് പരിപാലിക്കുന്ന കാളകളെ പീഡിപ്പിക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും അലങ്കാനല്ലൂരിലെ ജെല്ലിക്കെട്ട് സംഘാടക സമിതി ഭാരവാഹി സുന്ദര്‍രാജ് പറയുന്നു. ജെല്ലിക്കെട്ടുകള്‍ നടക്കാതായതോടെ കാളകളെ ഉടമസ്ഥര്‍ വിറ്റു തുടങ്ങി. രണ്ട് ലക്ഷം രൂപ വരെ വില ഉണ്ടായിരുന്ന കാളകള്‍ക്ക് ഇപ്പോള്‍ അര ലക്ഷം രൂപ നല്‍കിയാല്‍ മതിയാവും. കാളപ്പോരുകള്‍ ചരിത്രമാവുന്നതോടെ ജെല്ലിക്കെട്ട് കാളകളുടെ വംശനാശവും സംഭവിക്കുമെന്നാണ് തിരുച്ചി സൂരിയൂരിലെ ഭാഗ്യരാജിന്‍െറ അഭിപ്രായം. ഇക്കൊല്ലവും ജെല്ലിക്കെട്ട് നടക്കാതായാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും സംഘാടക സമിതികള്‍ തീരുമാനിച്ചിട്ടുണ്ട്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെല്ലിക്കെട്ട് മുഖ്യ വിഷയമാവുമെന്ന് ഉറപ്പായിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.