വിവേചനമുക്തമാകണം സര്‍വ കാമ്പസുകളും
text_fieldsഈ ദശാബ്ദത്തിലെ ഇന്ത്യയുടെ ഏറ്റവും ദു$ഖകരവും ദുരന്തപൂര്‍ണവുമായ ചിത്രമാണ് രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയിലൂടെ നമ്മള്‍ കണ്ടത്. ബന്ദാരു ദത്താത്രേയ എന്ന സംഘ്പരിവാര്‍ മന്ത്രിയുടെ കാര്‍മികത്വത്തിലും സ്മൃതി ഇറാനി എന്ന മാനവശേഷി വിഭവ മന്ത്രിയുടെ പിന്തുണയിലും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലാ അധികൃതര്‍ നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നു അത്. നിരന്തരമായ അവഹേളനവും പ്രതികാരബുദ്ധിയോടെയുള്ള നടപടികളും ഒറ്റപ്പെടുത്തലുകളും നാളത്തെ ഇന്ത്യയുടെ പതാകവാഹകനാകേണ്ടിയിരുന്ന ഒരു ചെറുപ്പക്കാരനെ മരണത്തിന്‍െറ മരവിച്ച കരങ്ങളില്‍ ഏല്‍പിച്ചുകൊടുത്തപ്പോള്‍ ഗാന്ധിജിയും നെഹ്റുവും അംബേദ്കറും ടാഗോറുമെല്ലാം പകര്‍ന്നുനല്‍കിയ വെളിച്ചം കെട്ടുപോവുകയും നാട് ഇരുണ്ട ഭൂഖണ്ഡത്തെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയുടെ അടിസ്ഥാന ശിലകളായ സഹിഷ്ണുതയെയും വിയോജിക്കാനുള്ള അവകാശത്തെയും മതേതര മൂല്യങ്ങളെയും ചവിട്ടിയരക്കുന്ന കാഴ്ചയാണ് സംഘ്പരിവാറിന്‍െറ ആജ്ഞകള്‍ മാത്രം അനുസരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരമേറ്റെടുത്തപ്പോള്‍ തന്നെ കണ്ടു തുടങ്ങിയത്. ഉന്നതമായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി നമ്മള്‍ ആരംഭിച്ച കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ളവയെ കാവിവത്കരിക്കുകയും ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തിന്‍െറ പണിപ്പുരകളാക്കി അധ$പതിപ്പിക്കുകയും ചെയ്തു. എതിര്‍പ്പുയര്‍ത്തുന്നവര്‍ ആരായാലും അവര്‍ നിഷ്കരുണം ഞെരിച്ചമര്‍ത്തപ്പെട്ടു. അങ്ങനെ ഇല്ലാതാക്കപ്പെട്ടവരിലൊരാളാണ് രോഹിത് വെമുല. ആന്ധ്രയിലെ ഗുണ്ടൂരില്‍ ദലിത് കര്‍ഷക കുടുംബത്തില്‍ ജനിച്ച് സ്ഥിരോത്സാഹവും ബുദ്ധിയും കൊണ്ട് ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായി തീര്‍ന്നയാളാണ് ഈ ചെറുപ്പക്കാരന്‍. കാള്‍ സാഗനെപ്പോലെ ശാസ്ത്ര സാഹിത്യകാരന്‍ ആയിത്തീരാനും പ്രപഞ്ചത്തിന്‍െറ മഹാദ്ഭുതങ്ങളെക്കുറിച്ച് പഠിക്കാനും വെമ്പല്‍കൊണ്ട ആ മനസ്സില്‍ നിരാശയുടെ കൊടുമുടികള്‍ സൃഷ്ടിച്ച് ഈ ലോകത്തുനിന്നുതന്നെ ഇല്ലാതാക്കിയ ദുഷ്ടശക്തികള്‍ക്ക് കാലം നല്‍കുന്ന മറുപടി കനത്തതായിരിക്കും.
എന്തായിരുന്നു ഈ ചെറുപ്പക്കാരന്‍ ചെയ്ത തെറ്റ്? സര്‍വകലാശാലയില്‍ ഭരണഘടനാ ശില്‍പി അംബേദ്കറുടെ പേരില്‍ ഒരു വിദ്യാര്‍ഥി യൂനിയന് രൂപം നല്‍കി. അപ്പോള്‍ തന്നെ രോഹിത് സര്‍വകലാശാല അധികൃതരുടെയും സംഘ്പരിവാറിന്‍െറ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെയും നോട്ടപ്പുള്ളിയായിക്കഴിഞ്ഞിരുന്നു. അംബേദ്കറിന്‍െറ പേരുപോലും സംഘ്പരിവാറിന് ചതുര്‍ഥിയാണ്. ഇന്ത്യന്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയെ ഉരുക്കുകോട്ടപോലെ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ദലിതരും പിന്നാക്ക വിഭാഗങ്ങളും ആ കോട്ടക്കകത്തെ തടവറകളില്‍ അടിമകളെപ്പോലെ ജീവിക്കണം എന്ന് നിഷ്കര്‍ഷിക്കുകയും ചെയ്യുന്ന സംഘ്പരിവാറിന് അംബേദ്കര്‍ എന്ന പേര് അരോചകമായിത്തീരുന്നതില്‍ വലിയ അദ്ഭുതമൊന്നുമില്ല. എ.ബി.വി.പി നേതാവായ സുശീല്‍കുമാറിനെ മര്‍ദിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന്, സര്‍വകലാശാല അധികൃതര്‍ ഒരു അന്വേഷണ കമീഷന്‍ തട്ടിക്കൂട്ടുകയും രോഹിത് ഉള്‍പ്പെടെയുള്ള അഞ്ച് വിദ്യാര്‍ഥികളെ സെപ്റ്റംബറില്‍ സര്‍വകലാശാലയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇവര്‍ക്കെതിരെയുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ദത്താത്രേയ, മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിക്ക് നാലുതവണ കത്തെഴുതിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈസ് ചാന്‍സലര്‍ അപ്പാറാവുവാകട്ടെ, സംഘ്പരിവാറിന്‍െറ ദാസനെപ്പോലെയാണ് പെരുമാറിയത്. ജനുവരിയില്‍ രോഹിതിനെയും മറ്റ് നാലു പേരെയും ഹോസ്റ്റലില്‍നിന്ന് പുറത്താക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈ മുതല്‍ ഈ ചെറുപ്പക്കാരന് അവകാശപ്പെട്ട ഹോസ്റ്റല്‍ റെന്‍റ് അലവന്‍സ് കൂടാതെയുള്ള 25,000 രൂപ സ്റ്റൈപന്‍ഡും നിഷേധിക്കപ്പെട്ടു. സ്റ്റൈപന്‍ഡ് തടഞ്ഞുവെച്ചിട്ടില്ലന്നും കടലാസ് വര്‍ക്കുകള്‍ തീരാത്തതുകൊണ്ടാണെന്നുമുള്ള വിചിത്ര വാദമാണ് സര്‍വകലാശാല അധികൃതര്‍ ഉയര്‍ത്തിയത്.
സ്വയം മരണം പുല്‍കുമ്പോള്‍ രോഹിതിന് അവകാശപ്പെട്ട സ്റ്റൈപന്‍ഡ് ഉള്‍പ്പെടെയുള്ള 1.75 ലക്ഷം രൂപ സര്‍വകലാശാല പിടിച്ചുവെച്ചിരിക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍ക്കുള്ള കത്തില്‍ ദലിത് വിദ്യാര്‍ഥികള്‍ക്ക് ദയാവധം അനുവദിക്കണമെന്ന് ആ വിദ്യാര്‍ഥി സൂചിപ്പിച്ചത് അവര്‍ നേരിട്ടിരുന്ന സങ്കീര്‍ണതകളുടെയും അപമാനത്തിന്‍െറയും സാക്ഷ്യപത്രമാണ്.
ദലിതരും ആദിവാസികളും നമ്മുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പാര്‍ശ്വവത്കരണത്തിന് വിധേയമാകുന്നുണ്ടെന്നത് ഒരു ദു$ഖസത്യമാണ്. സ്വാതന്ത്ര്യം നേടി 69 വര്‍ഷം പിന്നിട്ടിട്ടും ഇതിന് കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പലപ്പോഴും ദലിത് ആദിവാസി വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ അവഗണിക്കപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളും വരാറുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഹൈദരാബാദുള്‍പ്പെടെ കേന്ദ്ര സര്‍വകലാശാലകളില്‍ ഈ വിഭാഗത്തില്‍പ്പെട്ട ചില കുട്ടികള്‍ സ്വയം ജീവിതം അവസാനിപ്പിച്ചതായുള്ള വിവരങ്ങള്‍ ഈ സംഭവത്തത്തെുടര്‍ന്ന് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഫ്യൂഡലിസത്തിന്‍െറ അവസാന അവശിഷ്ടങ്ങളെപ്പോലും തൂത്തെറിഞ്ഞാലേ ഇതിന് ഒരറുതിയുണ്ടാവൂ. യു.പി.എ-1, യു.പി.എ -2 സര്‍ക്കാറുകളുടെ വിപ്ളവകരമായ പരിവര്‍ത്തനങ്ങള്‍ ഐ.ഐ.ടിയും ഐ.ഐ.എമ്മും ഉള്‍പ്പെടെ മികവിന്‍െറ കേന്ദ്രങ്ങളുടെ വാതിലുകള്‍ ഇന്നാട്ടിലെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് തുറന്നുകൊടുത്തു. എന്നാല്‍, 2014ല്‍ അധികാരത്തിലത്തെിയ എന്‍.ഡി.എ സര്‍ക്കാറാകട്ടെ, ഈ വിപ്ളവകരമായ പരിവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഘ്പരിവാറിന്‍െറ രാഷ്ട്രീയ അജണ്ട പൂര്‍ണമായും ദലിത് വിരുദ്ധമാണെന്നു മനസ്സിലാക്കാന്‍ അധികം ബൗദ്ധികവ്യായാമം ചെയ്യേണ്ടതില്ല. ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രത്തില്‍ ദലിതന്‍െറയും ആദിവാസികളുടെയും സ്ഥാനം എന്നും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വയുടെ കാല്‍ച്ചുവട്ടില്‍ തന്നെയായിരിക്കും. അവിടെ രോഹിതിനെപ്പോലുള്ളവരുടെ ജനനംപോലും ആ ചെറുപ്പക്കാരന്‍ തന്‍െറ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചപോലെ മാരകമായ ആകസ്മികത (fatal accident) ആയിരിക്കും. അവരുടെ ജീവിതങ്ങളെ ആത്മഹത്യാക്കുറിപ്പിലെ മറ്റൊരു വരി സൂചിപ്പിക്കുന്നതുപോലെ ഭീകരസത്വങ്ങളാക്കി മാറ്റുകയും ചെയ്യും.
ജനനം നമ്മള്‍ തെരഞ്ഞെടുക്കുന്ന ഒന്നല്ല. ഒരു വ്യക്തി ഏതെങ്കിലും ജാതിയിലോ മതത്തിലോ ജനിക്കുന്നത് അയാളുടെ വീഴ്ചക്കോ ഉയര്‍ച്ചക്കോ കാരണമാകരുത്. അമേരിക്കയിലെ കറുത്ത വംശജരുടെ എക്കാലത്തെയും മഹാനായ നേതാവ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പ്രശസ്തമായ എനിക്കൊരു സ്വപ്നമുണ്ട് എന്നുതുടങ്ങുന്ന പ്രസംഗത്തില്‍ പറഞ്ഞത്, തന്‍െറ കുട്ടികളും അവരുടെ തലമുറയും തൊലിയുടെ നിറം കൊണ്ടല്ല, മറിച്ച് അവരുടെ ആന്തരിക സ്വത്വവും ഉള്‍ക്കരുത്തും കൊണ്ടായിരിക്കണം ലോകത്തിനു മുന്നില്‍ പരിഗണിക്കപ്പെടേണ്ടത് എന്നാണ്. ഇവിടെ രോഹിത് പരിഗണിക്കപ്പെടേണ്ടിയിരുന്നത് അയാളുടെ ജാതിക്ക് പകരം അയാള്‍ക്കുണ്ടായിരുന്ന ഉന്നതമായ ധിഷണാശേഷിയുടെ അടിസ്ഥാനത്തിലായിരിക്കണമായിരുന്നു. എന്നാല്‍, ഭക്ഷണവും വസ്ത്രവും ചിന്തകളുമെല്ലാം ജനങ്ങള്‍ക്കായി ഭരണ വര്‍ഗം തീരുമാനിക്കുന്ന സമകാലീന ഇന്ത്യയില്‍ രോഹിതിനെപ്പോലൊരു ചെറുപ്പക്കാരന് മുന്നില്‍ മരണമല്ലാതെ മറ്റുവഴികളുണ്ടായിരുന്നില്ലന്ന.
ഈ ചെറുപ്പക്കാരന്‍െറ രക്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കില്ളേ? മോദിയെയും സംഘത്തെയും ഊട്ടിവളര്‍ത്തിയ ആര്‍.എസ്.എസിനും അതിന്‍െറ പ്രത്യയശാസ്ത്രത്തിനും പങ്കില്ളേ? ഇന്ത്യ ഇക്കാലമത്രയും പുലര്‍ത്തിയ മഹത്തായ മൂല്യങ്ങളുടെ നിരാസമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യയില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ആദിവാസികളും ദലിതരും ന്യൂനപക്ഷങ്ങളും അനുദിനം പാര്‍ശ്വവത്കരിക്കപ്പെടുന്നു. കേരളംപോലെ സംഘ്പരിവാറിന് ഇനിയും കടന്നുചെല്ലാനാകാത്ത സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതിനൊരപവാദം.
ഇവിടെയും പരിവാര്‍ ശക്തികള്‍ ചില സമുദായ നേതാക്കളെ കൂട്ടുപിടിച്ച് അവരുടെ അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിനെതിരെ നാം കരുതലോടെയിരിക്കേണ്ടതുണ്ട്. രോഹിതിന്‍െറ ആത്മഹത്യ അവസാനത്തേതാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇനിയൊരു ചെറുപ്പക്കാരനും അവന്‍ ജനിച്ച ജാതിയുടെയും കുലത്തിന്‍െറയും പേരില്‍ അന്യവത്കരിക്കപ്പെടുകയോ ബഹിഷ്കൃതനാക്കപ്പെടുകയോ ജീവിതം വെടിയുകയോ ചെയ്യരുത്. ഒരു വിദ്യാര്‍ഥിയും തന്‍െറ സമുദായത്തിന്‍െറയും സാമൂഹിക ഘടനയുടെയും പേരില്‍ അക്ഷരമുറ്റങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടരുത്. രോഹിത് എഴുതിയ അവസാനത്തെ വരികള്‍ എല്ലാ സാമൂഹിക തിന്മകളുടെയും അസഹിഷ്ണുതയുടെയും ചരമക്കുറിപ്പ് കൂടിയാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.